മയ്യനാട്
കൊല്ലം ജില്ലയിലെ ഒരു ഗ്രാമംകൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടർട്ട് നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്.