അയ്യങ്കാളി
കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് / From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവും വിപ്ലവകാരിയുമായ മഹാത്മാ അയ്യൻകാളി (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941) കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ്. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.
ജനനം | 28 August 1863 വെങ്ങനൂർ, തിരുവനന്തപുരം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ |
---|---|
മരണം | 18 ജൂൺ 1941(1941-06-18) (പ്രായം 77) മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 1980 നവംബറിൽ ഇന്ദിരാഗാന്ധി കവടിയാറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
പ്രജാസഭാ മെമ്പർ
1911 ഡിസംബർ 5 ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു.
1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യൻകാളി പങ്കെടുത്തു സംസാരിച്ചു.