സ്റ്റീഫൻ ഹോക്കിങ്
ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018). നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം.[1] കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം[2] എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം വഹിച്ചിരുന്നു.
സ്റ്റീഫൻ ഹോക്കിങ്ങ് | |
---|---|
ജനനം | (1942-01-08)ജനുവരി 8, 1942 |
മരണം | 14 മാർച്ച് 2018(2018-03-14) (പ്രായം 76) കേംബ്രിഡ്ജ്, ഇംഗ്ലണ്ട് |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | University of Oxford കേംബ്രിഡ്ജ് സർവകലാശാല |
അറിയപ്പെടുന്നത് | തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനം ക്വാണ്ടം ഭൂഗുരുത്വം |
പുരസ്കാരങ്ങൾ | Prince of Asturias Award (1989) Copley Medal (2006) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രം ഭൗതികശാസ്ത്രം ജ്യോതിശാസ്ത്രം |
സ്ഥാപനങ്ങൾ | കേംബ്രിഡ്ജ് സർവകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | Dennis Sciama |
ഡോക്ടറൽ വിദ്യാർത്ഥികൾ | Bruce Allen Fay Dowker Malcolm Perry Bernard Carr Gary Gibbons |
ഒപ്പ് | |
നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു.[1] 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അദ്ദേഹം അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.[3][4]