കുറ്റ്യാടി തേങ്ങ
From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഉള്ള തേങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ് എന്ന് കരുതപ്പെടുന്നു. ഇങ്ങനെ പ്രത്യേകതയുള്ളതായതിനാൽ ഈ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന തേങ്ങകൾ കുറ്റ്യാടിതേങ്ങ എന്ന പേരിൽ പ്രശസ്തമായി. ഇപ്പൊഴും കേരള കാർഷിക വകുപ്പ് വിത്തുതേങ്ങ സംഭരിക്കുന്നത് പ്രധാനമായും ഈ പ്രദേശത്തുനിന്നാണ്. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കുറ്റ്യാടി തെങ്ങിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി, കേരളത്തിന്റെ നാളികേര തലസ്ഥാനം എന്നറിയപ്പെടുന്നു. കർഷകർ പലതരം തെങ്ങുകൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും അവയിൽ കുറ്റിയാടി തെങ്ങ് എന്നറിയപ്പെടുന്ന ഇനത്തിന് മറ്റുള്ളവയേക്കാൾ മൂല്യമുണ്ട്. വെള്ളത്തിന്റെ രുചി, തേങ്ങാപ്പീര, എണ്ണ, കായ്ക്കുന്ന തേങ്ങയുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ ഇവ മറ്റ് നാളികേര ഇനങ്ങളെക്കാൾ മികച്ചതാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന തെങ്ങാണ് കുറ്റ്യാടി തെങ്ങിനം. കുറ്റ്യാടി തെങ്ങിന്റെ ശരാശരി മൂപ്പ് 4-5 വർഷമാണ്. വെള്ളം, സൂര്യപ്രകാശം, പരിചരണം, നട്ടുപിടിപ്പിച്ച ഓരോ മരത്തിന്റെയും ദൂരം, തുടങ്ങി പല ഘടകങ്ങളും നേരത്തെ കായ്ക്കുന്നതിന് കാരണമാകുന്നു. കുറ്റിയാടി തെങ്ങിനത്തിന്റെ ശരാശരി ആയുസ്സ് ഏകദേശം 100-150 വർഷമാണ്. മറ്റ് പല ഹൈബ്രിഡ് ഇനങ്ങളും ഈ കാലയളവിന് അടുത്ത് പോലുമെത്താറില്ല.