ക്വാസാർ
From Wikipedia, the free encyclopedia
സജീവ താരാപഥകേന്ദ്രവും ഉയർന്ന ഊർജ്ജവും ശക്തമായ റേഡിയോ വികിരണ സ്രോതസ്സുമുള്ള വളരെ അകലത്തിലുള്ള താരാപഥങ്ങളെ ക്വാസാർ അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ് എന്നു വിളിക്കുന്നു.
വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഉയർന്ന അളവിൽ ചുവപ്പുനീക്കം പ്രകടമാക്കുന്ന ബഹിരാകാശ വസ്തുക്കളെന്ന നിലയിലാണ് ഇവ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഹബ്ബിൾ നിയമം അനുസരിച്ച് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ബഹിരാകാശ വസ്തുക്കൾ ക്വാസാറുകളാണ്. ഇത് പ്രപഞ്ചത്തിൽ നമ്മൾ ഉൾപ്പെടുന്ന ഭാഗവുമായി അകലുന്ന വേഗമെന്നു പറഞ്ഞാൽ പ്രകാശവേഗത്തിന്റെ ഏകദേശം 80% ത്തോളം വരും. നിലവിൽ ULAS J1120+0641 എന്ന ക്വാസാറാണ് ഏറ്റവും ഉയർന്ന ചുവപ്പുനീക്കമുള്ളത്. ഇതിന്റെ ചുവപ്പുനീക്കം 7.085 ആണ്. ഇതു ഏകദേശം 28.85 ബില്ല്യൺ പ്രകാശവർഷങ്ങൾക്കു തുല്യമാണ്.
1980-കൾ വരെ ക്വാസാറുകളെപ്പറ്റി ഒരു കൃത്യമായ വിശദീകരണം നൽകുവാൻ ജ്യോതിഃശാസ്ത്ര ലോകത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ നിലവിലെ ശാസ്ത്രീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ "താരാപഥകേന്ദ്രത്താൽ ചുറ്റപ്പെട്ട അതിസ്ഥൂല തമോദ്വാരത്തിൽ നിന്ന് അസാധാരണമായ അളവിൽ ഊർജ്ജം ഉൾക്കൊണ്ട് ഉന്നതോർജ്ജ സ്രോതസ്സായിത്തീർന്ന 'കേന്ദ്രമാണ് ' ക്വാസാർ എന്ന് വിശ്വസിക്കപ്പെടുന്നു ''. റേഡിയോ താരാപഥങ്ങളെക്കാൾ കൂടിയ ദൂരത്തിലും പ്രായം കുറഞ്ഞതുമായ താരാപഥങ്ങളിലാണ് ഇത്തരം ഉന്നതോർജ്ജ കേന്ദ്രങ്ങളുള്ളത്.
ക്വാസാറുകൾ വിദ്യുത്കാന്തിക വർണ്ണരാജിയിലെ ഏതാണ്ടെല്ലാം വികിരണങ്ങളും ഒരുപോലെ പ്രസരിപ്പിക്കുന്നു. എക്സ് കിരണം മുതൽ ഇൻഫ്രാറെഡിന്റെ അങ്ങേയറ്റം വരെ, അൾട്രാവയലറ്റ് - ഒപ്റ്റിക്കൽ ബാൻഡിൽ ഈ അളവ് കൂടുതലാണ്. റേഡിയോ വികിരണങ്ങളുടേയും, ഗാമാ കിരണങ്ങളുടേയും ശക്തമായ സ്രോതസ്സുകളാണ് ചില ക്വാസാറുകൾ.
1940-കൾ മുതൽ വളരെ ചെറിയ റേഡിയോ സ്രോതസ്സുകളെ തേടി ബഹിരാകാശത്തിൽ തുടർച്ചയായി നടത്തിയ തെരച്ചിലുകളാണ് ക്വാസാറുകളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഇതിന്റെ ഉറവിടം നമ്മുടെ താരാപഥത്തിലാണെന്നാണ് കരുതിയിരുന്നത്. പ്രത്യക്ഷ നിരീക്ഷണങ്ങളിൽ നക്ഷത്രങ്ങളെ പോലെ കാണപ്പെട്ടതു മൂലമാണ് ഇതു ക്വാസാർ എന്നു വിളിക്കപ്പെട്ടത് (ക്വാസി സ്റ്റെല്ലാർ റേഡിയോ സോഴ്സ്). പിന്നീട് കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങളിൽ നിന്ന് ഇവ ക്ഷീരപഥത്തിൽ നിന്നും കോടിക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണെന്ന് മനസ്സിലായി. അതുപോലെ ഇതിൽ 10% ക്വാസാറുകൾക്കു മാത്രമേ ശക്തമായ റേഡിയോ സ്രോതസ്സുകൾ ഉള്ളെന്നും കണ്ടെത്തി. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാ ബഹിരാകാശ വസ്തുക്കൾക്കും ക്വാസാർ എന്നപ്പേരു യോജിക്കില്ല. എങ്കിലും , ജ്യോതിശാസ്ത്രജ്ഞന്മാർ ഇത്തരം ജ്യോതിർവസ്തുക്കളെ ഇപ്പോഴും ക്വാസാർ എന്നു തന്നെയാണ് വിളിക്കുന്നത്. മിക്കവാറും ക്വാസാറുകൾ ശക്തമായ റേഡിയോ സ്രോതസ്സുകൾ അല്ലാത്തതു കൊണ്ട് അങ്ങനെയുള്ളവയെ '''ക്വാസാർസ്''' അഥവാ ക്വാസി സ്റ്റെല്ലാർ റേഡിയോ ഒബ്ജക്ട്സ് എന്നു വിളിക്കുന്നു. റേഡിയോ താരാപഥങ്ങൾ , സെയ്ഫർട്ട് ഗാലക്സി , BL Lac വസ്തുക്കൾ എന്നിവ ഇതിനു ഉദാഹരണമാണ്.
ഭൂരിഭാഗം ക്വാസാറുകളും ചെറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാവുന്നവയല്ല. എന്നാൽ 12.9 മാഗ്നിറ്റ്യൂടോടു കൂടിയ 3C 273 എന്ന ക്വാസാർ ഇതിനൊരപവാദമാണ്. 2.44 ബില്ല്യൺ പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഇത് സാധാരണ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ദൃശ്യമാകുന്ന പ്രപഞ്ചത്തിലെ ഏറ്റവും അകലെയുള്ള വസ്തുക്കളിലൊന്നാണ്.
ഇൻഫ്രാറെഡ് ടെലിസ്കോപ്പുകളുടെയും ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെയും സഹായത്താൽ ക്വാസാറുകളുടെ ചുറ്റിലുമായി സ്ഥിതിചെയ്യുന്ന ആതിഥേയ താരാപഥങ്ങളെ ചില അവസരങ്ങളിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം താരാപഥങ്ങൾ, ക്വാസാറുകളുടെ പ്രഭയ്ക്ക് മുന്നിൽ മങ്ങിയ നിലയിലാണ് സാധാരണ കാണപ്പെടുക.
ക്വാസാറുകളിൽ ഏറ്റവും പ്രഭ കൂടിയവയുടെ ഊർജ്ജ പ്രസരണം ശരാശരി താരാപഥങ്ങളുടെ ഊർജ്ജ പ്രസരണങ്ങളെ കടത്തിവെട്ടുന്നതാണ്. ഏകദേശം 1 ട്രില്ല്യൺ (1012) സൂര്യന് തുല്യം. സൂര്യൻ ആയിരം കോടി വർഷം കൊണ്ട് പുറപ്പെടുവിക്കുന്ന ഊർജ്ജത്തിന്റെ ആയിരം കോടി മടങ്ങ് ഊർജ്ജം ഒരു ക്വാസാർ വെറും പത്തുവർഷം കൊണ്ട് പുറത്തുവിടുന്നു. അനേകായിരം സാധാരണ താരാപഥങ്ങൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ ഊർജ്ജം ക്വാസാറുകൾ ഓരോന്നും പുറപ്പെടുവിക്കും. 2011 ൽ ചൈനയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ 1200 കോടി സൗരപിണ്ഡത്തിനു തുല്യം ദ്രവ്യമുള്ള SDSS J010013.02+280225.8 എന്ന അതിസ്ഥൂല തമോദ്വാരത്തെ കണ്ടെത്തുകയുണ്ടായി. ഈ അതിഭീമൻ തമോദ്വാരവുമായി ബന്ധപ്പെട്ട ക്വാസാറിന് 420 ലക്ഷം കോടി സൂര്യൻമാരുടെ പ്രഭയുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പ്രഭ കൂടിയ ക്വാസാർ ഇതാണ്.