![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6a/Www.wikipedia_screenshot_%25282021%2529.png/640px-Www.wikipedia_screenshot_%25282021%2529.png&w=640&q=50)
വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം / From Wikipedia, the free encyclopedia
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ (ഇംഗ്ലീഷ്: Wikipedia). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയുടെ ഉള്ളടക്കം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്ദമാണ്.
![]() | |
യു.ആർ.എൽ. | www.wikipedia.org |
---|---|
മുദ്രാവാക്യം | ആർക്കും തിരുത്തിയെഴുതാവുന്ന സ്വതന്ത്ര വിജ്ഞാനകോശം. (ഇംഗ്ലീഷ്: The free encyclopedia that anyone can edit). |
വാണിജ്യപരം? | അല്ല |
സൈറ്റുതരം | ഓൺലൈൻ വിജ്ഞാനകോശം |
രജിസ്ട്രേഷൻ | ഐച്ഛികം |
ലഭ്യമായ ഭാഷകൾ | 292 സജീവ പതിപ്പുകൾ (മൊത്തം:253)[1] |
ഉടമസ്ഥത | വിക്കിമീഡിയ ഫൗണ്ടേഷൻ |
നിർമ്മിച്ചത് | ജിമ്മി വെയിൽസ്, ലാറി സാങർ[2] |
തുടങ്ങിയ തീയതി | ജനുവരി 15, 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-01-15) |
അലക്സ റാങ്ക് | 6 (July 2012[update])[3] |
നിജസ്ഥിതി | നിത്യവും പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു[4] |
ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധ സേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത്. ലേഖനം എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്.
ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദഗ്ദന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു.വിക്കിസോഫ്റ്റ്വെയർ എന്ന സംവിധാനമാണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.
321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. 2022 ഡിസംബർ മാസത്തെ കണക്കനുസരിച്ച് 65 ലക്ഷത്തിൽ അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് പതിപ്പാണ് (http://en.wikipedia.org) ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു.