എൻസിലാഡസ്
From Wikipedia, the free encyclopedia
Remove ads
ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമാണ് എൻസിലാഡസ്. 1789ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തിയത്.[13][14] പിന്നീട് 1980കളിൽ വോയേജർ പേടകങ്ങൾ ഇതിനു സമീപത്തു കൂടി കടന്നുപോകുന്നതു വരെ കാര്യമായ വിവരങ്ങളൊന്നും എൻസിലാഡസിനെ കുറിച്ച് അറിയുമായിരുന്നില്ല. ഇതിനെ വ്യാസം 500 കി.മീറ്റർ ആണെന്നും ഇത് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ പത്തിലൊന്നാണെന്നും ഇതിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു എന്നും ഉള്ള വിവരങ്ങളെല്ലാം വോയെജർ ദൗത്യങ്ങളാണ് നൽകിയത്.
2005ൽ കാസ്സിനി എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.[15][16][17] ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് ശനിയുടെ ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. വാതകഭീമന്മാരുടെ ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം ശനിയുടെ വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ ഡിയോണിന്റെയും ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ നാസ എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.[18][19][20]
എൻസിലാഡസിന്റെ സമുദ്രത്തിൽ ഊർജ്ജസ്രോതസ്, പോഷകാംശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഉള്ളതിന് ശക്തമായ തെളിവുകൾ കാസ്സിനി നൽകിയിട്ടുണ്ട്. ഈ അനുകൂലനങ്ങൾ കാരണം എൻസിലാഡസിനെ ഭൂമിക്കു പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു.[21][22] വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ദ്രാവകാവസ്ഥയിലുള്ള ജലം കട്ടികൂടിയ മഞ്ഞുകട്ടകളാൽ കൂടുതൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ പഠനങ്ങൾ കാണിക്കുന്നത് യൂറോപ്പയും ചെറിയ തോതിൽ ജലശീകരങ്ങൾ പുറംതള്ളുന്നുണ്ട് എന്നു തന്നെയാണ്.[23] എൻസിലാഡസിൽ നിന്ന് പുറത്തു വരുന്ന ജലത്തിന്റെയും മറ്റുവസ്തുക്കളുടെയും രാസപരിശോധനയിൽ നിന്നും മനസ്സികുന്നത് ഇതിന്റെ അന്തർഭാഗത്ത് ശിലാസാന്നിദ്ധ്യമുണ്ട് എന്നാണ്.[19] ഇതിലെ ഊർജ്ജസ്രോതസ്സുകളെ കുറിച്ചും ജൈവസാന്നിദ്ധ്യത്തെ കുറിച്ചും കുറിച്ച് അറിയുന്നതിന് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്.[24]
Remove ads
കണ്ടെത്തലും നാമകരണവും

1789 ആഗസ്റ്റ് 28ന് ആണ് ഫ്രെഡറിക് വില്യം ഹെർഷൽ എൻസിലാഡസിനെ ആദ്യമായി തിരിച്ചറിയുന്നത്. ആദ്ദേഹം ആദ്യമായി നിർമ്മിച്ച 47ഇഞ്ച്(1.2മീ) ദൂരദർശിനി ഉപയോഗിച്ചായിരുന്നു ഇതിനെ കണ്ടെത്തിയത്. അന്നത്തെ ഏറ്റവും വലിയ ദൂരദർശിനിയായ ഈ ദൂരദർശിനി ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ച ബഹിരാകാശവസ്തുവും എൻസിലാഡസ് ആയിരുന്നു.[25][26] ഹെർഷൽ യഥാർത്ഥത്തിൽ 11787 തന്നെ എൻസിലാഡസിനെ കണ്ടിരുന്നു. 6.5 ഇഞ്ച് (16.5സെ.മീ) ദൂരദർശിനി ഉപയോഗിച്ച് ഇതിനെ ഒരു ഉപഗ്രഹമായി തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.[27] ഇതിന്റെ കുറഞ്ഞ കാന്തിമാനം (+11.7), ശനിയുമായുള്ള അടുപ്പം, ശനിയുടെ വലയം എന്നിവ ഇതിനെ ചെറിയ ദൂരദർശിനി ഉപയോഗിച്ച് ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്നത് വളരെ പ്രയാസകരമാക്കുന്നു. ശനിയുടെ വലയത്തിന്റെ തലത്തിന്റെ അതേ തലത്തിൽ തന്നെ എൻസിലാഡസും വന്നപ്പോഴാണ് ഇതിനെ ആദ്യം വ്യക്തമായി നിരീക്ഷിക്കാൻ കഴിഞ്ഞത്. ഈ സമയത്ത് വലയത്തിന്റെ പ്രഭ കാര്യമായി ബാധിക്കുകയുണ്ടായില്ല. എന്നാൽ ബഹിരാകാശയുഗം ആരംഭിച്ചതിനു ശേഷമാണ് ഇത്തരം ഉഹഗ്രഹങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞത്. ഹെർഷൽ എൻസിലാഡസിനെ കണ്ടെത്തിയെങ്കിലും പിണ്ഡം, സാന്ദ്രത, പ്രകാശപ്രതിഫലനശേഷി തുടങ്ങി കൂടുതൽ വിവരങ്ങൾ വോയേജർ ദൗത്യങ്ങളിലൂടെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഗ്രീക്ക് മിഥോളജിയിലെ ഒരു കഥാപാത്രമായ എൻസിലാഡസിന്റെ പേരാണ് ഇതിനു നൽകിയത്.[13] വില്യം ഹെർഷലിന്റെ മകനായ ജോൺ ഹെർഷൽ ആണ് ഈ പേര് നിർദ്ദേശിച്ചത്.[28] എൻസിലാഡസിന്റെ മറ്റു ഭാഗങ്ങൾക്ക് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയാണ് പേരുകൾ നൽകിയത്. റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൺ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ആയിരത്തൊന്നു രാവുകൾ എന്ന കൃതിയിൽ നിന്നാണ് ഇതിനു വേണ്ട പേരുകൾ കണ്ടെത്തിയത്.[29] 1982ൽ എൻസിലാഡസിനടുത്തു കൂടി വോയേജർ കടന്നുപോയപ്പോൾ ലഭ്യമായ വിവരങ്ങളിൽ നിന്നാണ് 22 ഭാഗങ്ങൾക്കു പേരു നൽകിയത്. 2005ൽ കാസ്സിനി അടുത്തുകൂടി പറന്നപ്പോൾ കിട്ടിയ വിശദാംശങ്ങൾ ഉപയോഗിച്ച് 35 ഭാഗങ്ങൾക്കു പേരു നൽകി.[30]
Remove ads
ഭ്രമണപഥം

ശനിയുടെ ആന്തരിക ഉപഗ്രഹങ്ങളിൽ ഒന്നാണ് എൻസിലാഡസ്. ശനിയിൽ നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ പതിനാലാമത്തേതാണ് ഇത്. ശനിയുടെ ഏറ്റവും പുറത്തെ വലയമായ ഇ റിങിന്റെ ഏറ്റവും സാന്ദ്രത കൂടിയ ഭാഗത്തുകൂടിയാണ് ഇത് ഗ്രഹത്തെ ചുറ്റുന്നത്. ശനിയുടെ ഒരുപഗ്രഹമായ മിമാസ് ഈ വലയത്തിന്റെ തുടക്കത്തിലും മറ്റൊരു ഉപഗ്രഹമായ റീ ഇതിന്റെ അവസാനത്തിലുമാണ് സ്ഥിതിചെയ്യുന്നത്.
ശനിയുടെ കേന്ദ്രത്തിൽ നിന്ന് എൻസിലാഡസിലേക്കുള്ള ദൂരം 2,38,000കി.മീറ്റർ ആണ്. മിമാസ്, തെത്തീസ് എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. 32.9 മണിക്കൂർ കൊണ്ടാണ് ശനിയെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നത്. ഡിയോണിന്റെ സ്വാധീനഫലമായി ഇതിന്റെ ഭ്രമണപഥത്തിൽ ചെറിയ വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ഈ വ്യതിചലനങ്ങൾ ഇതിന്റെ ഓർബിറ്റൽ എക്സൻട്രിറ്റി പരിപാലിക്കുന്നതിനും താപോൽപാദനത്തിനും സഹായിക്കുന്നു.[3]
എൻസിലാഡസിന്റെ ഒരു ഭാഗം മാത്രമാണ് ശനിക്ക് അഭിമുഖമായി വരുന്നത്.
Remove ads
ഇ വലയത്തിന്റെ സ്രോതസ്സ്
ശനിയുടെ ഏറ്റവും വലുതും പുറത്തു കിടക്കുന്നതുമായ വലയമാണ് ഇ വലയം. ഈ വലയം വളരെ നേർത്ത മഞ്ഞുകണങ്ങളാലും പൊടിപടലങ്ങളാലും നിർമ്മിക്കപ്പെട്ടതാണ്. മിമാസിന്റെ ഭ്രമണപഥത്തിൽ നിന്നും തുടങ്ങി റീയുടെ ഭ്രമണപഥം വരെ വ്യാപിച്ചു കിടക്കുന്നു. ചില നിരീക്ഷണങ്ങൾ ഇതിന്റെ വിസ്താരം ടൈറ്റന്റെ ഭ്രമണപഥത്തിനുമപ്പുറത്തേക്ക്, ഏകദേശം പത്തു ലക്ഷം കി.മീറ്റർ വരെ, വ്യാപിക്കുന്നുണ്ട് എന്ന അഭിപ്രായവും മുന്നോട്ടു വെയ്ക്കുന്നുണ്ട്. പതിനായിരം മുതൽ പത്തു ലക്ഷം വർഷങ്ങൾ വരെയാണ് ഇതിന്റെ ജീവിതകാലം എന്ന് മിക്ക ഗണിതമാതൃകകളും വ്യക്തമാക്കുന്നുണ്ട്. ഇതിലെ പദാർത്ഥങ്ങൾ വളരെയേറെ തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ സാന്ദ്രത വളരെ ഉയർന്നതാണ്. എൻസിലാഡസിന്റെ ഭ്രമണപഥം ഈ വലയത്തിന്റെ ഉള്ളിലൂടെയാണ്. ഇതിലെ പദാർത്ഥങ്ങളുടെ ഉറവിടം എൻസിലാഡസ് ആണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു. കാസ്സിനിയിൽ നിന്നും കിട്ടിയ വിവരങ്ങളും ഈ പരികൽപനയെ പിൻതാങ്ങുന്നു.
- എൻസിലാഡസിന്റെ ഭ്രമണപഥത്തിന്റെ ദൃശ്യം. ഇത് എൻസിലാഡസും ഇ വലയവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു.
- എൻസിലാഡസ് ഇ വലയത്തിനുള്ളിൽ.
രണ്ടു രീതിയിലാണ് ഈ പദാർത്ഥങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെടുന്നത്.[31] ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ രീതി ക്രയോവൊൾക്കാനിക് പ്രവർത്തനത്തിന്റെ ഫലമായി എൻസിലാഡസിന്റെ ദക്ഷിണധ്രുവപ്രദേശത്തു നിന്നും പുറത്തു വരുന്ന പദാർത്ഥങ്ങൾ ഇ വലയത്തിൽ നിക്ഷേപിക്കപ്പെടുന്നതാണ്. ഇങ്ങനെ പുറത്തു വരുന്ന പദാർത്ഥങ്ങളിൽ ഭൂരിഭാഗവും തിരിച്ച് എൻസിലാഡസിന്റെ പ്രതലത്തിൽ തന്നെ പതിക്കുന്നുണ്ടെങ്കിലും കുറെ പദാർത്ഥങ്ങൾ ഇതിന്റെ ഗുരുത്വശക്തിയെ ഭേദിച്ച് പുറത്തു പോകുകയും ചെയ്യുന്നുണ്ട്. എൻസിലഡസിന്റെ പലായനപ്രവേഗം മണിക്കൂറിൽ 866കി.മീറ്റർ മാത്രമാണ്. രണ്ടാമത്തെ രീതി ഉൽക്കകളും മറ്റും എൻസിലാഡസിന്റെ പ്രതലത്തിൽ വന്നു പതിക്കുമ്പോൾ തെറിച്ചു പോകുന്ന പദാർത്ഥങ്ങൾ ഈ വലയത്തിന്റെ ഭാഗമാകുന്നതാണ്. ഇത് എൻസിലാഡസിനു മാത്രമല്ല; വലയത്തിനകത്തുള്ള എല്ലാ ഉപഗ്രഹങ്ങൾക്കും ബാധകമാണ്.
ആകൃതിയും വലിപ്പവും
എൻസിലാഡസ് താരതമ്യേന ഒരു ചെറിയ ഉപഗ്രഹമാണ്. 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. ശനിയുടെ കൂടുതൽ പിണ്ഡമുള്ള ഉപഗ്രഹങ്ങളിൽ ആറാം സ്ഥാനമാണ് എൻസിലാഡസിനുള്ളത്. ടൈറ്റൻ, റീ, ലാപെറ്റസ്, ഡിയോൺ, തെതിസ് എന്നിവയാണ് എൻസിലാഡസിനെക്കാൾ വലിയവ. ശനിയുടെ ഗോളാകൃതിയിലുള്ള ഏറ്റവും ചെറിയ ഉപഗ്രഹവും എൻസിലാഡസ് തന്നെയാണ്. ഇതിന്റെ യഥാർത്ഥ രൂപം എലിപ്സോയ്ഡ് ആണെന്ന് കാസ്സിനി ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.[3]
- ഭൂമിയും എൻസിലാഡസും ഒരു പിക്സൽ = 29കി.മീറ്റർ എന്ന സ്കെയിലിൽ.
- എൻസിലാഡസിന്റെ വലിപ്പവും ഇംഗ്ലണ്ടിന്റെ വലിപ്പവുമായി ഒരു താരതമ്യം.
Remove ads
അന്തരീക്ഷം
കാസ്സിനിയുടെ ആദ്യസമീപപ്പറക്കലിൽ തന്നെ എൻസിലാഡസിന്റെ അന്തരീക്ഷത്തെ പറ്റി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിന്റെ സ്രോതസ്സ് അഗ്നിപർവ്വതം, ജലപ്രവാഹം, വാതകങ്ങളുടെ പുറംതള്ളൽ എന്നിവയാകാം എന്നു കരുതുന്നു.[32][33] എൻസിലാഡസിന്റെ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ളത് 91% നീരാവി, 4% നൈട്രജൻ, 3.2% കാർബ്ബൺ ഡൈയോക്സൈഡ് എന്നിവയാണ്.[10][11]
ആന്തരികഘടന

കാസ്സിനി ദൗത്യം തുടങ്ങിയതിനു ശേഷം എൻസിലാഡസിനെ പറ്റി വളരെയേറെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പിണ്ഡം, ആകൃതി, ഉപരിതലം, അന്തർഭാഗം എന്നിവയെ കുറിച്ചെല്ലാം ഇങ്ങനെ പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്.[35][36][37]
വോയേജർ ദൗത്യം എൻസിലാഡസ് ഏതാണ്ട് മുഴുവനായും മഞ്ഞുകട്ടകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് നിരീക്ഷിച്ചത്.[38] എന്നാൽ കാസ്സിനി മുൻധാരണകളെ എല്ലാം ഏതാണ്ട് തിരുത്തിയെഴുതി. പിണ്ഡം മുൻപ് വിചാരിച്ചിരുന്നതിനേക്കാൾ വളരെയേറെ കൂടുതലാണെന്ന് മനസ്സിലായി. സാന്ദ്രത 1.61ഗ്രാം/സെ.മീ3 ആണെന്നും തിരിച്ചറിഞ്ഞു.[3] ഈ സാന്ദ്രത ശനിയുടെ മറ്റു ഇടത്തരം ഉപഗ്രഹങ്ങളുടെ സാന്ദ്രതയെക്കാൾ വളരെ കൂടുതലായിരുന്നു. ഇത് എൻസിലാഡസിൽ ഉയർന്ന തോതിൽ സിലിക്കേറ്റും ഇരുമ്പും അടങ്ങിയിട്ടുണ്ട് എന്നതിനു തെളിവായി.
ശനിയുടെ പല ഉപഗ്രഹങ്ങളും ഗ്രഹരൂപീകരണത്തിനു ശേഷം ബാക്കിവന്ന അവശിഷ്ടപദാർത്ഥങ്ങൾ കൊണ്ടു നിർമ്മിച്ചവയാണ്. ഇവയിൽ ആയുസ്സു കുറഞ്ഞ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളായിരുന്നു അന്തർഭാഗത്തുണ്ടായിരുന്നത്.[39] ഇവയിൽ അലൂമിനിയം-26, അയേൺ-60 തുടങ്ങിയ അർദ്ധായുസ്സ് വളരെ കുറഞ്ഞവ വേഗത്തിൽ ഈ ഉപഗ്രഹങ്ങളുടെ ആന്തർഭാഗത്തെ ചൂടുപിടിപ്പിച്ചു കൊണ്ട് അവസാനിച്ചു. എന്നാൽ എൻസിലാഡസ്സിൽ അർദ്ധായുസ്സ് കൂടിയ ഇനം റേഡിയോ ആക്റ്റീവ്പദാർത്ഥങ്ങളാണ് ഉള്ളത്. ഇത് അതിനെ വളരെ പെട്ടെന്ന് ചൂടാറി തണുക്കുന്നതിൽ നിന്നും രക്ഷിച്ചു. ഇപ്പോഴും താപം ഉൽസർജ്ജിക്കുവാനുള്ള കഴിവ് എൻസിലാഡസിന് കിട്ടുന്നത് ഇതുകൊണ്ടാണ്.[40] റേഡിയേഷന്റെയും വേലിയേറ്റപ്രവർത്തനങ്ങളുടെയും ഫലമായി എൻസിലാഡസിന്റെ ആന്തരിക താപനില 1000K വരെ ഉയർന്നു. ഇത് മാന്റിൽ ഉരുകുന്നതിന് കാരണമാകുന്നു. എൻസിലാഡസ് സജീവമായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.[41].
Remove ads
കുറിപ്പുകളും അവലംബങ്ങളും
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads