കാല്പനിക സാഹിത്യം
From Wikipedia, the free encyclopedia
Remove ads
കാല്പനിക സാഹിത്യം അല്ലെങ്കിൽ കാല്പനികത അല്ലെങ്കിൽ റൊമാൻസ് എന്നത് ഉന്നത സംസ്കാരങ്ങൾക്കിടയിലെ ഒരു സാഹിത്യ വിഭാഗമെന്ന നിലയിൽ, മേൽ മധ്യകാലം തൊട്ട് ആദ്യാധുനിക യൂറോപ്യൻ വരേണ്യ കച്ചേരികളിൽ പ്രചാരത്തിലുണ്ടായിരുന്നതും വീരോദാത്ത കാല്പനികത അല്ലെങ്കിൽ ധീരോദാത്ത കാല്പനികത എന്നും കുറിക്കപ്പെടുന്ന അതിശയകരവും വിസ്മയങ്ങൾ നിറഞ്ഞതുമായ സാഹസിക കഥകളുടെ ഗദ്യപദ്യ ആഖ്യാനരീതിയാണ്. കഥകൾ മിക്കവയിലും വീരഗുണങ്ങളോടെ ചിത്രീകരിക്കപ്പെടുന്ന അനവഹിത ധീരയോദ്ധാവ് ഒരു അന്വേഷണത്തിന് പോകുന്നതായി അവതരിപ്പിക്കുന്നു. ആഖ്യാനരീതി, കാലക്രമേണ ഇതിഹാസങ്ങളിൽ നിന്ന് കൂടുതൽ വികസിപ്പിച്ചെടുത്തെങ്കിലും, പൗരുഷമായ സൈനിക വീരത്വം മുന്തിനിൽക്കുന്ന ചാൻസൊൺ ഡി ജെസ്റ്റെ[A] പിന്നെ അത്തരത്തിലുള്ള മറ്റിതിഹാസങ്ങളിൽ നിന്നും വ്യതിരിക്തമായി പ്രണയത്തിനും സഭ്യമര്യാദകൾക്കും ഊന്നൽ നൽകി.[1]
കാല്പനിക പ്രമേയങ്ങൾ, വ്യംഗ്യാർത്ഥത്തിലും, ആക്ഷേപഹാസ്യരൂപത്തിലും ഹാസ്യാനുകരണമായും പ്രചുരസാഹിത്യത്തിൽ പ്രയോഗിക്കപ്പെടുകയുണ്ടായി. അദ്ധ്യേതാക്കളുടെയും ശ്രോതാക്കളുടെയും അഭിരുചികൾക്കനുസരിച്ച് ഐതിഹ്യങ്ങൾ, മായക്കഥകൾ, ചരിത്രം എന്നിവ പുനരുദ്ദരിച്ച് കാല്പനിക സൃഷ്ടികളിൽ ആഖ്യാനം ചെയ്തെങ്കിലും, 1600-ആം കാലഘട്ടത്തോടെ ഈ ആഖ്യാനരീതികൾ അപരിഷ്കൃതമായി കണക്കാക്കപ്പെടുകയും, മിഗ്വൽ ദെ സെർവാന്റസ്[B] തന്റെ ദോൺ കിഹോതെ ദെ ല മൻച[C] എന്ന നോവലിൽ ഈ രീതികളെ പരിഹാസപൂർവ്വം അനുകരിച്ചത് വിഖ്യാതവുമായി. എന്നിരുന്നാലും, മറ്റേതൊരു മധ്യകാല വിഭാഗത്തേക്കാളും ആധുനിക മധ്യകാലപ്രമേയങ്ങൾ കാല്പനികതയാൽ സ്വാധീനിക്കപ്പെട്ടിരിക്കവെ, മധ്യകാലമെന്ന പ്രയോഗം ധീരയോദ്ധാക്കൾ, ദുരവസ്ഥയിലുള്ള തരുണികൾ, വ്യാളികൾ, പിന്നെ മറ്റു കാല്പനിക രൂപകങ്ങൾ എന്നിവയെയും ഉണർത്തുന്നു.[2]
പ്രാഥമികമായി, കാല്പനിക സാഹിത്യം പഴയ ഫ്രഞ്ച് , ആംഗ്ലോ-നോർമൻ, ഒസിറ്റാൻ, പ്രൊവെൻസൽ എന്നിവയിലും പിന്നീട് പോർച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ (സിസിലിയൻ കവിത), ജർമ്മൻ എന്നിവയിലും എഴുതപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കാല്പനിക കഥകൾ ഗദ്യമായി എഴുതപ്പെടുകയും, പിൽകാല സൃഷ്ടികളിൽ, പ്രത്യേകിച്ച് ഫ്രഞ്ച് മൂലങ്ങളായവയിൽ, പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസ്യത എന്ന തരത്തിലുള്ള പൂജ്യപ്രണയ പ്രമേയങ്ങൾക്ക് ഊന്നൽ നൽകുന്ന പ്രവണത പ്രകടവുമാണ്.
കാല്പനികത അല്ലെങ്കിൽ റൊമാൻസ് പ്രധാനമായും പരിഗണിക്കപ്പെടുന്നത് നോവലിസ്റ്റ് സർ വാൾട്ടർ സ്കോട്ട് നിർവചിച്ച നോവലിന്റെ ഇനം എന്ന ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ഒരു സാങ്കൽപ്പിക ആഖ്യായികയായാണ്; ഇത്തരത്തിലുള്ള ആഖ്യാനത്തിന്റെ താൽപ്പര്യം, മുഖ്യധാരാ നോവലുകൾ എന്നു കരുതപ്പെടുന്ന നോവലുകളിൽ സമുദായ അവസ്ഥകൾ യഥാതഥമായി വർണ്ണിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അതിശയകരവും അസാധാരണവുമായ സംഭവങ്ങളുടെ അവതരണത്തിലാണ്.[3] ഇത്തരം കൃതികൾ പ്രത്യേകമായല്ലെങ്കിലും പലപ്പോഴും ചരിത്രാത്മക നോവലിന്റെ രൂപമെടുക്കുന്നു. നോർത്ത്റോപ്പ് ഫ്രൈ പൊതുതത്ത്വം എന്നോണം "മിക്ക ചരിത്രാത്മക നോവലുകളും കാല്പനിക സാഹിത്യങ്ങളാണ്"[D] എന്നു നിർദ്ദേശിച്ചതിന് അനുകഥനമായി സ്കോട്ടിന്റെ നോവലുകളെ പലപ്പോഴും ചരിത്രാത്മക കാല്പനിക സാഹിത്യങ്ങൾ[E] എന്നും വിശേഷിപ്പിക്കാറുണ്ട്.[4][5] കാല്പനികതയെ നോവൽ സംബന്ധമായ പ്രയോഗമായി സർ വാൾട്ടർ സ്കോട്ട് വിശേഷിപ്പിക്കുമ്പോൾ, പല യൂറോപ്യൻ ഭാഷകളും റൊമാൻസിനെയും നോവലിനെയും തമ്മിൽ വേർതിരിക്കുന്നില്ല: ഒരു നോവൽ, ലെ റോമൻ,[F] ദെർ റോമൻ,[G] ഇൽ റൊമാൻസോ[H] എന്നിവയുമാണ്.[6][7]
വളരെ വ്യത്യസ്തമായ ഒരു സാഹിത്യ ഇനമായ പ്രണയകഥാ സൃഷ്ടികളായ വതറിംഗ് ഹൈറ്റ്‌സ്, ജെയ്ൻ ഐർ നോവലുകളിലും സ്കോട്ടിന്റെ കാല്പനികത എന്ന ഇന നിർവചനത്തോട് കൂടുതൽ യോജിക്കുന്ന ശക്തമായ പ്രണയ താൽപ്പര്യം കാണപ്പെടുന്നു.[8][9][10] കഥാസാഹിത്യ പുസ്തക മേഖലയിൽ ഏറ്റവും യോഗ്യതയുള്ളതായി കണക്കാക്കപ്പെടുന്നത് പ്രണയ നോവൽ, ചരിത്രാത്മക നോവൽ, സാഹസിക നോവൽ, ശാസ്ത്രീയ കാല്പനികത എന്നിവയുൾപ്പെടെ വിവിധ ഉപവിഭാഗങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന നോവലുകളെയാണ്. നൗകാകഥാസാഹിത്യ സൃഷ്ടികൾ, പലപ്പോഴും ചരിത്രാത്മക കാല്പനിക സാഹിത്യം, സാഹസിക കഥ, ഭ്രമാത്മകത കഥകൾ എന്നിവയുമായി മേൽകലർന്ന് കിടക്കുന്നതിനാൽ നൗകാവിഷയകഥകളും കാല്പനിക സാഹിത്യമായി കണക്കാക്കപ്പെടുന്നു. കാല്പനികത എന്നത് ലൗകികതയിൽ നിന്ന് വേറിട്ട് നിൽകുന്ന, ഒരു വായു, ഒരു വികാരം, അല്ലെങ്കിൽ അത്ഭുതം, നിഗൂഢത, ദൈനംദിന ജീവിതത്തിൽ നിന്നുള്ള വിദൂരത, സഹവാസം, സാഹസികത, വീരത്വം, ധീരത മുതലായവ നിർവചനാതീത പ്രതിഭാശക്തിയോടെയും പകിട്ടോടെയും പ്രകീർത്തിപ്പിക്കുവാൻ ഭാവനകൾക്ക് ശക്തിയേകുന്ന സർഗ്ഗസ്വഭാവ വൈശിഷ്ടതയാണ്.[11] ഇത്തരത്തിലുള്ള നിർവചനം കാല്പനിക പ്രസ്ഥാനം, മധ്യകാല കാല്പനികത എന്നിവയുമായി ബന്ധപ്പെടുത്തുന്നു.[12]
ഗോതിക് നോവലുകളും കാല്പനികത്വവും ആധുനിക കാല്പനിക സാഹിത്യ വികാസത്തെ സ്വാധീനിച്ചു. ഹ്യൂ വാൾപോൾ അദ്ദേഹത്തിന്റെ ഗോതിക് നോവലുകളിൽ സമന്വയിപ്പിച്ചിരിക്കുന്ന മധ്യകാല കാല്പനിക ഘടകങ്ങളെ, അദ്ദേഹം അതീവസാങ്കൽപ്പികമാണെന്ന് കല്പിക്കുമ്പോൾ, ആധുനിക നോവൽ കർശന യഥാതഥയിൽ പരിമിതമായി കിടക്കുന്നവെന്ന് കണക്കാക്കപ്പെടുന്നു.[12] വികാരത്തിനും വ്യക്തിവാദത്തിനും ഊന്നൽ നൽകുന്നതിലൂടെയും ഭൂതകാലത്തെയും പ്രകൃതിയെയും മഹത്വവൽക്കരിക്കുകയും, ക്ലാസിക്കൽ ഘടകങ്ങളേക്കാളും മധ്യകാലഘട്ടത്തിലേക്കുള്ള മുൻഗണന എന്നിവയിലൂടെയും കാല്പനിക സാഹിത്യത്തെ കാല്പനികത്വം സ്വാധീനിച്ചു; വികാരങ്ങളുടെ തീവ്രഭാവങ്ങൾക്കു ഊന്നൽ നൽകിയതും, ജ്ഞാനോദയം അടിച്ചേൽപ്പിക്കുന്ന യുക്തിവാദത്തിന്റെ പരിമിതികളോടുള്ള പ്രതികരണവും, അതുമായി ബന്ധപ്പെട്ട ക്ലാസിക്കൽ സൗന്ദര്യാത്മക മൂല്യങ്ങളും കാര്യമായ സ്വാധീനം ചെലുത്തി.[13]
വാൾപോൾ, സ്കോട്ട്, ബ്രോണ്ടി സഹോദരിമാർ എന്നിവരെ കൂടാതെ, സ്കോട്ട് നിർവചിച്ചിച്ചതുപോലെയുള്ള സൃഷ്ടികൾ ചെയ്ത മറ്റു കാല്പനികസാഹിത്യ കർത്താക്കളിൽ ഇ.ടി.എ. ഹോഫ്മാൻ, വിക്ടർ യൂഗോ, നഥാനിയേൽ ഹാത്തോൺ, റോബർട്ട് ലൂയി സ്റ്റീവൻസൺ, തോമസ് ഹാർഡി എന്നിവരും ഉൾപ്പെടുമ്പോൾ, ഇരുപതാം നൂറ്റാണ്ടിൽ ജോസഫ് കോൺറാഡ്, ജോൺ കൗപ്പർ പൗവസ്, കൂടാതെ ജെ.ആർ.ആർ. റ്റോൾകീൻ, പിന്നെ മികച്ച വിൽപനയും 1990-ൽ ബുക്കർ സമ്മാനം നേടിയതുമായ പൊസെഷൻ: എ റൊമാൻസ് എന്ന നോവൽ രചിച്ച എ.എസ്. ബ്യാറ്റ് അടക്കം ഉദാഹരണങ്ങളാണ്. ആധുനിക കാല്പനിക സാഹിത്യ സൃഷ്ടികൾ പതിനെട്ടാം നൂറ്റാണ്ടിൽ തുടക്കമിട്ടെങ്കിലും, പുരാതന ഗ്രീക്ക് നോവലുകളും മധ്യകാല കാല്പനികതയും ഉൾപ്പെടുന്ന ഒരു നീണ്ട ചരിത്രമുണ്ട് ഈ സാഹിത്യ ഇനത്തിന്.[14]
Remove ads
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads