ക്വാമേ എൻക്രുമ
From Wikipedia, the free encyclopedia
Remove ads
ഘാനയുടെ ആദ്യത്തെ പ്രസിഡണ്ടും പ്രധാനമന്ത്രിയും ആയിരുന്നു ക്വാമേ എൻക്രുമ (Kwame Nkrumah സെപ്റ്റംബർ 21 1909 - ഏപ്രിൽ 27 1972)[1] ഓർഗനൈസേഷൻ ഒഫ് ആഫ്രിക്കൻ യൂണിറ്റിയുടെ സ്ഥാപകാംഗങ്ങളിലൊരാളായ അദ്ദേഹത്തിന് 1963 -ൽ ലെനിൻ സമാധാനപുരസ്കാരം ലഭിട്ടിട്ടുണ്ട്. നെഹ്രു, ജോസിപ് ടിറ്റോ, ഗമാൽ അബ്ദൽ നാസർ, സുകർണോ എന്നിവരോടൊപ്പം ചേരിചേരാ നയം ഒരു രാഷ്ട്രാന്തര പ്രസ്ഥാനമായി രൂപവത്കരിക്കുന്നതിനു മുൻകയ്യെടുത്ത നേതാവാണ് ക്വാമേ എൻക്രുമ.
Remove ads
ആദ്യകാല ജീവിതം
ബ്രിട്ടീഷ് കോളനിയായിരുന്ന ഗോൾഡ് കോസ്റ്റിൽ (ഇപ്പോൾ ഘാന)മാഡം നിയാനിബയുടെ പുത്രനായി 1909 സെപ്റ്റംബർ 21 -ന് ജനിച്ച [2][3] [4] 1930-ൽ എൻക്രുമ ആക്രയിലെ അചിമോട സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ,[1] ആക്സിമിലെ കാത്തലിക് സ്കൂളിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. 1935-ൽഅമേരിക്കൻ ഐക്യനാടുകളിൽ പെൻസിൽവേനിയയിലെ ലിങ്കൺ യൂണിവേർസിറ്റിയിൽ ചേർന്ന് 1939-ൽ ബി.എ ബിരുദവും കരസ്ഥമാക്കി 1942-ൽ ബാചിലർ ഒഫ് സേക്രഡ് തിയോളജി ബിരുദവും കരസ്ഥമാക്കി. 1945-ൽ ലണ്ടനിലെത്തിയ അദ്ദേഹം മാഞ്ചസ്റ്ററിൽ അഞ്ചാം പാൻ ആഫ്രിക്കൻ കോൺഗ്രസ് സംഘടിപ്പിക്കുന്നതിന് സഹായിച്ചു.പിന്നീട് ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കാനായി വെസ്റ്റ് ആഫ്രിക്കൻ നാഷനൽ സെക്രട്ടറിയേറ്റ് രൂപീകരിച്ചു.
1947-ൽ ജോസഫ് ബി. ഡാൻക്വയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഗോൾഡ് കോസ്റ്റ് കൺവെൻഷന്റെ(UGCC) ജനറൽ സെക്രട്ടറിയാകാൻ ക്ഷണം ലഭിച്ച അദ്ദേഹം ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെട്ടു. 1948 ഫിബ്രുവരിയിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ആഫ്രിക്കൻ വിമുക്തഭടന്മാരുടെ നേരെ പോലീസ് വെടിവെയ്‌പ് നടന്നു, ഇത് ആക്ര, കുമസ്ജ് എന്നിവിടങ്ങളിൽ കലാപങ്ങൾക്കിടയാക്കി.ഇതിൻ പിന്നിൽ ഗോൾഡ് കോസ്റ്റ് കൺവെൻഷനാണെന്നു കരുതിയ ബ്രിട്ടീഷ് ഗവണ്മെന്റ്, എൻക്രുമയെയും മറ്റു നേതാക്കളേയും തടവിലാക്കി. പിന്നീട് തെറ്റ് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തടവുകാരെ വിട്ടയച്ചു, കൊളോണിയൽ ഗവണ്മെന്റിന്റെ തടവുകാരനായിക്കഴിഞ്ഞ എൻക്രുമ1948-ൽ യുവജനപ്രസ്ഥാനത്തിന്റെ നേതാവായി. പിന്നീട് രാജ്യം ചുറ്റിക്കണ്ട അദ്ദേഹം ഗോൾഡ് കോസ്റ്റിന് സ്വയംഭരണാവകാശം വേണമെന്ന് പ്രഖ്യാപിച്ചു. കൊക്കോ ചെടികളെ ബാധിച്ചിരുന്ന രോഗത്തിനെ തടഞ്ഞുനിർത്താനെടുത്ത ബ്രിട്ടീഷ് നയത്തിനെതിരെ പ്രതിഷേധിച്ച കർഷകർ എൻക്രുമയുടെ പിന്നിൽ അണിനിരന്നു. ആഫ്രിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം വ്യാപകമായിരുന്നില്ലെങ്കിലും സ്ത്രീകളെ രാഷ്ട്രീയ പ്രവർത്തനം നടാത്താൻ എൻക്രുമ മുൻകൈയെടുത്തു. ട്രേഡ് യൂണിയനുകളുടെയും പിൻതുണ ലഭിച്ച അദ്ദേഹം ഈ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് 1949-ൽ ദ് കൺവെൻഷനൽ പീപ്പ്‌ൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
ഘാനക്ക് സ്വയംഭരണം നൽകാനുള്ള ആദ്യപടിയായി ഒരു പുതിയ ഭരണഘടന രൂപീകരിക്കാനായി, ബ്രിട്ടീഷുകാരാൽ തിരഞ്ഞെടുപ്പെട്ട മദ്ധ്യവർഗ്ഗആഫ്രിക്കക്കാരുടെ ഒരു കമ്മീഷൻ രൂപീകരിച്ചു. ഈ ഭരണഘടനയിൽ മതിയായ ശമ്പളം ലഭിക്കുന്നവരും സ്വത്തുള്ളവരുമായ ആഫ്രിക്കക്കാർക്കുമാത്രമേ വോട്ടവകാശം നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എൻക്രുമ, കൺവെൻഷനൽ പീപ്പ്‌ൾസ് പാർട്ടി അംഗങ്ങൾ, യുവജനങ്ങൾ, വിമുക്തഭടന്മാർ, കർഷകർ എന്നിവരുടെ പീപ്പിൾസ് അസംബ്ലി എന്ന കൂട്ടായ്മ രൂപീകരിച്ച് എല്ലാവർക്കും വോട്ടവകാശം, 1931 വെസ്റ്റ് മിനിസ്റ്റർ സ്റ്റാറ്റ്യൂട്ട് അനുസരിച്ചുള്ള സ്വയംഭരണാവകാശം എന്നിവ ഈ പുതിയ ഭരണഘടനയിൽ ചേർക്കാനായി വാദിച്ചെങ്കിലും കൊളോണിയൽ ഭരണകൂടം ഈ നിർദ്ദേശങ്ങൾ നിരാകരിച്ചു. തുടർന്ന് 1950 ജനുവരിയിൽ നിസ്സഹകരണം, ബഹിഷ്കരണം, സമരങ്ങൾ തുടങ്ങിയ മാർഗ്ഗങ്ങൾ ഉൾക്കൊണ്ട പോസിറ്റീവ് ആക്ഷൻ എന്ന സമരം സംഘടിപ്പിച്ചു, എൻക്രുമയെയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിന് മൂന്നു വർഷത്തെ തടവുശിക്ഷ നൽകി. അന്താരാഷ്ട്ര പ്രതിഷേധങ്ങളും ആന്തരികസമരങ്ങളും നേരിടേണ്ടിവന്ന ബ്രിട്ടൻ, ഗോൾഡ് കോസ്റ്റ് വിടാൻ തീരുമാനിച്ചു. ബ്രിട്ടൻ നടത്തിയതും 1951 ഫിബ്രവരി അഞ്ചിനും പത്തിനും ഇടയിൽ നടന്നതും എല്ലാവർക്കും വോട്ടവകാശമുണ്ടായിരുന്നതുമായ തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുകയായിരുന്ന എൻക്രുമയെടെ കൺവെൻഷനൽ പീപ്പ്‌ൾസ് പാർട്ടി 38-ൽ 34 സീറ്റ് നേടി വൻവിജയം കരസ്ഥമാക്കി. ഫിബ്രുവരി 12-ന് ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട അദ്ദേഹത്തിനോട് ഗവണ്മെന്റ് രൂപീകരിക്കന്നയി ബ്രിട്ടീഷ് ഗവർണ്ണറായിരുന്ന ചാൾസ് ആർഡൻ ക്ലാർക്ക് ആവശ്യപ്പെട്ടു. എൻക്രുമ ഗവണ്മെന്റ് കാര്യങ്ങളുടെ നേതാവായും ഇമ്മനുവേൽ ചാൾസ് ക്വിസ്റ്റ് അസംബ്ലിയുടെ പ്രസിഡാണ്ടായും ഫിബ്രവരി 20-ന് പുതിയ അസംബ്ലി ചേരുകയുണ്ടായി. ഒരു വർഷത്തിനു ശേഷം 1952 മാർച്ച് 10-ന് പ്രധാനമന്ത്രിപദം ഉണ്ടാക്കാനായി ഭരണഘടന ഭേദഗതി വരുത്തി. തുടർന്ന് മാർച്ച് 21-ന് അസംബ്ലിയിൽ നടന്ന രഹസ്യ ബാലറ്റിൽ എൻക്രുമയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ആവശ്യമായ ഭരണസംവിധാനങ്ങൾ ഏർപ്പെടുത്തിയാലുടൻ സ്വാതന്ത്ര്യം ലഭിക്കണമെന്ന അദ്ദേഹത്തിന്റെ പ്രമേയം ജൂലായ് 10-ന് അംഗീകരിക്കപ്പെട്ടു.
Remove ads
സ്വാതന്ത്ര്യം
ഗവണ്മെന്റ് തലവനെന്ന നിലയിൽ എൻക്രുമക്ക് പല വെല്ലുവിളികളേയും നേരിടേണ്ടിവന്നു. ഭരിക്കാൻ പഠിക്കുക, ഗോൾഡ് കോസ്റ്റിലെ നാല് പ്രദേശങ്ങളുടെ ഏകീകരണം, ബ്രിട്ടനിൽനിന്നുമുള്ള പരിപൂർണ്ണസ്വാതന്ത്ര്യപ്രാപ്തി എന്നീ വെല്ലുവിളികളെ അതിജീവിച്ച അദ്ദേഹം ജയിൽ വിമോചിതനായി ആറ് വർഷത്തിനകം ഒരു സ്വതന്ത്രരാജ്യത്തിന്റെ തലവനായി, 1957 മാർച്ച് 6-ന് 12:01ന് ഘാന സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ചു.[5] എൻക്രുമയെ റ്റ്വി ഭാഷയിൽ മോക്താവ് എന്നർഥമുള്ള ഒസാഗെയ്‌ഫോ എന്ന് വിളിക്കപ്പെട്ടുവരുന്നു. 1960 മാർച്ച് ആറിന് ഘാന ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിർമ്മിക്കാനുള്ള തീരുമാനം അറിയിച്ചു. [6] ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കനായി 1960 ഏപ്രിലിൽ നടന്ന വോട്ടെടുപ്പിൽ എതിർസ്ഥാനാർഥിയായ ജെ. ബി. ഡാൻഗുയയെ 1,24,623-ന് എതിരെ 10,16,076 വോട്ടുകൾ കരസ്ഥമാക്കി എൻക്രുമ പരാജയപ്പെടുത്തി. 1963-ൽ സോവിയറ്റ് യൂണിയൻ അദ്ദേഹത്തിന് ലെനിൻ സമാധാന പുരസ്കാരം നൽകി. ആ വർഷം തന്നെ ഘാന ഓർഗനൈസേഷൻ ഒഫ് ആഫ്രിക്കൻ യൂണിറ്റിയുടെ ചാർട്ടർ അംഗമായി.
Remove ads
രാഷ്ട്രീയം
മുതലാളിത്തത്തിന്റെ തിക്തഫലങ്ങൾ ആഫ്രിക്കയിൽ വളരെക്കാലം അവശേഷിക്കുമെന്ന് വിശ്വസിച്ച അദ്ദേഹം ചേരിചേരാ പ്രസ്ഥാനത്തിലും മാർക്സിസ്റ്റ് തത്ത്വങ്ങളിലും വിശ്വസിച്ചിരുന്നു. തന്റെ സമകാലീനർ പലരും ആഫ്രിക്കൻ സോഷ്യലിസ്റ്റുകൾ ആയിരുന്നെങ്കിലും അദ്ദേഹം ഈ ചിന്താഗതിയിൽനിന്നും വിട്ടുനിന്നു. ആഫ്രിക്കൻ മൂല്യങ്ങളിൽ മാറ്റം വരുത്താതെ മുതലാളിത്തം വരുത്തിവച്ച മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ സോഷ്യലിസം ആണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു.
സാമ്പത്തികം
ഘാനയിൽ വ്യവസായവൽക്കരണം നടപ്പിലാക്കി സാമ്പത്തികപുരോഗതി കൈവരിക്കാൻ എൻക്രുമ ശ്രമിച്ചു. വിദേശത്തുനിന്നുമുള്ള മൂലധനം, സാങ്കേതികവിദ്യ എന്നിവയെ ആശ്രയിക്കുന്നത് കുറച്ചാൽ കൊളോണിയൻ വാണിജ്യവ്യവസ്ഥയിൽനിന്നും ഘാനക്ക് രക്ഷപ്പെടാമെന്ന് അദ്ദേഹം കരുതി. എന്നാൽ പദ്ധതികൾക്കായി അമിതമായി പണം ചെലവഴിച്ചത് ഘാനയെ കടത്തിലാക്കി, 1966-ൽ എൻക്രുമയെ പുറത്താക്കിയപ്പോഴേക്കും ഘാനയുടെ കടം നൂറു കോടി ഡോളറോളമായെന്ന് കണക്കാക്കപ്പെട്ടിരുന്നു.
Remove ads
അധഃപതനം
1954-ൽ കൊക്കോയുടെ വില മൂന്നിരട്ടിയായെങ്കിലും കർഷകർക്ക് നേട്ടമുണ്ടാക്കാൻ പറ്റാത്ത വിധത്തിൽ ഗവണ്മെന്റ് അധികനികുതി ചുമത്തുകയും അധിക വരുമാനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, ഇത് അദ്ദേഹത്തിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ച മുഖ്യശക്തികളിലൊന്നായ കർഷകരെ അകറ്റിനിർത്തി.
1958-ൽ എൻക്രുമ അവതരിപ്പിച്ച ട്രേഡ് യൂണിയൻ ആക്റ്റ് സമരങ്ങൾ നിയമവിരുദ്ധമാക്കി. പാർലമെന്റിൽ അദ്ദേഹത്തിന്റെ എതിരാളികൾ തനിക്കെതിരേ അണിനിരക്കുന്നുണ്ടെന്ന് തോന്നിയ എൻക്രുമ, രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ വയ്ക്കാനുമുള്ള വ്യവസ്ഥകളോടുകൂടിയ പ്രിവന്റീവ് ഡിറ്റെൻഷൻ ആക്റ്റ് കൊണ്ടുവന്നു.
1961-ൽ റെയിൽവേ ജീവനക്കാർ പണിമുടക്കിയപ്പോൾ, 1958-ലെ ട്രേഡ് യൂണിയൻ ആക്റ്റ് പ്രകാരം നേതാക്കളേയും പ്രതിപക്ഷക്കാരേയും അറസ്റ്റ് ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പേ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എൻക്രുമ, വ്യാവസായികവളർച്ച ത്വരിതപ്പെടുന്നതിനെ തടയുമെന്ന കാരണം പറഞ്ഞ് തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചു.
ഡിറ്റെൻഷൻ ആക്റ്റ് എൻക്രുമ ഗവണ്മെന്റിനെതിരെ വ്യാപകമായ എതിർപ്പിന് കാരണമായി. അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ സ്വന്തം താൽപര്യം മുൻനിർത്തി നിരപരാധികളെ അറസ്റ്റ് ചെയ്തു. എൻക്രുമയുടെ ഉപദേഷ്ടാക്കൾ പോലും തടവിലാക്കപ്പെടുമെന്ന ഭയം കാരണം അദ്ദേഹത്തിന്റെ പ്രവൃത്തികൾ ചോദ്യം ചെയ്യാൻ മുതിർന്നില്ല. ആശുപത്രികളിൽ മരുന്നുകളുടെ ദൗർബല്യം അനുഭവപ്പെട്ടപ്പോൾ അക്കാര്യം എൻക്രുമയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആരും തയ്യാറായില്ല. പോലീസിനെ അവിശ്വസിച്ച എൻക്രുമ നാഷനൽ സെക്യൂരിറ്റി സർവീസിനും പ്രസിഡൻഷ്യൽ ഗാർഡുകൾക്കും പോലീസിന്റെ മിക്ക ചുമതലകളും കൈമാറി. പലപ്പോളായി നടന്ന വധശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെയായി. 1964-ൽ ഘാനയെ ഒരു പാർട്ടി മാത്രമുള്ള ഭരണത്തിനായി ഭരണഘടനാഭേദഗതി വരുത്താൻ നടത്തിയ തിരഞ്ഞെടുപ്പിൽ 99% വോട്ടുകൾ ലഭിച്ചു, എൻക്രുമ നിയമപരമായ ഏകാധിപതിയായി.
അന്ന് റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന സിംബാബ്‌വേയിലെ ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലെ ഗവൺമെന്റിനെതിരായി യുദ്ധം ചെയ്യാൻ സൈന്യത്തെ അയച്ചു. 1966 ഫിബ്രവരിയിൽ വിയറ്റ്‌നാമിലും ചൈനയിലും ഔദ്യോഗികസന്ദർശനം നടത്തുമ്പോൾ നാഷനൽ ലിബറേഷൻ കൗൺസിൽ നേതാവായ ഇമ്മാനുവേൽ ക്വാസി കൊടോകയുടെ നേതൃത്വത്തിൻ എൻക്രുമയുടെ ഗവണ്മെന്റിനെതിരെ പട്ടാള അട്ടിമറിനടന്നു.ഈ അട്ടിമറി സി.ഐ.എയുടെ സഹായത്തോടെയാണ് നടന്നതെന്ന് പലരും കരുതിയിരുന്നു..[7][8][9]
Remove ads
അവസാനകാലം
ഘാനയിലേക്ക് ഒരിക്കലും തിരിച്ചുവരാൻ സാധിക്കാതിരുന്ന എൻക്രുമ ഗിനിയയിലെ പ്രസിഡന്റായിരുന്ന അഹ്‌മദ് സികൊ ടൗരെയുടെ അതിഥിയായി കഴിഞ്ഞുകൊണ്ട് ആഫ്രിക്കൻ ഐക്യത്തിനുവേണ്ടി പരിശ്രമിച്ചു. 1971 ഓഗസ്റ്റിൽ ചികിൽക്കായി റൊമേനിയയിലെ ബുക്കാറസ്റ്റിലേക്ക് പോയി. 1972 ഏപ്രിലിൽ കാൻസർ നിമിത്തം അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ ജൻമസ്ഥലമായ എൻക്രോഫുലിൽ ശവസംസ്കാരം നടത്തി. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ആക്രയിലെ സ്മാരകത്തിലേക്ക് കൊണ്ടുവന്നു
അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽ പെൻസിൽവാനിയ ലിങ്കൺ യൂണിവേർസിറ്റി, മോസ്കോ സ്റ്റേറ്റ് യൂണിവേർസിറ്റി, കയ്റോ യൂണിവേർസിറ്റി, പോളണ്ടിലെ ജാഗിയെല്ലോനിയാൻ യൂണിവേർസിറ്റി, കിഴക്കൻ ബെർലിനിലെ ഹംബോൾഡ് യൂണിവേർസിറ്റി എന്നിവ ഹോണററി ഡോക്റ്ററേറ്റ് ബിരുദം നൽകി ആദരിച്ചു.
2000-ത്തിൽ സഹസ്രാബ്ദത്തിലെ ആഫ്രിക്കക്കാരനായി ബി.ബി.സിയുടെ ശ്രോതാക്കൾ തിരഞ്ഞെടുക്കുകയുണ്ടായി.[10]
Remove ads
കൃതികൾ
- നീഗ്രോ ഹിസ്റ്ററി യൂറോപ്പിയൻ ഗവണ്മെന്റ് ഇൻ ആഫ്രിക്ക "Negro History: European Government in Africa," The Lincolnian, 12 April 1938, p. 2 (Lincoln University, Pennsylvania) - see Special Collections and Archives, Lincoln University Archived 2009-08-17 at the Wayback Machine
- ഘാന: ദ് ഓട്ടോബയോഗ്രാഫി ഒഫ് ക്വാമേ എൻക്രുമ Ghana: The Autobiography of Kwame Nkrumah (1957) ISBN 0-901787-60-4
- ആഫ്രിക്ക മസ്റ്റ് യുണൈറ്റ് Africa Must Unite (1963) ISBN 0-901787-13-2
- ആഫ്രിക്കൻ പേഴണാലിറ്റി African Personality (1963)
- Neo-Colonialism: the Last Stage of Imperialism (1965) ISBN 0-901787-23-X
- ആക്സിയംസ് ഒഫ് ക്വാമേ എൻക്രുമ Axioms of Kwame Nkrumah (1967) ISBN 0-901787-54-X
- African Socialism Revisited (1967)
- വോയ്സ് ഫ്രം കോണക്രി Voice From Conakry (1967) ISBN 90-17-87027-3
- ഡാർക് ഡേയ്സ് ഒഫ് ഘാന Dark Days in Ghana (1968) ISBN 0-7178-0046-6
- ഹാന്ഡ്ബുക് ഒഫ് റെവലൂഷണറി വാർഫെയർ Handbook of Revolutionary Warfare (1968) - first introduction of Pan-African pellet compass ISBN 0-7178-0226-4
- കൺഷ്യെൻസിസം ഫിലോസഫി ആന്ഡ് അൻഡിയോളജി ഫോർ ഡീ-കോളനൈസേഷൻ Consciencism: Philosophy and Ideology for De-Colonisation (1970) ISBN 0-901787-11-6
- ക്ലാസ് സ്റ്റഗ്ഗ്‌ൾ ഇൻ ആഫ്രിക്ക Class Struggle in Africa (1970) ISBN 0-901787-12-4
- ദ് സ്റ്റഗ്ഗ്‌ൾ കണ്ടിന്യൂസ് The Struggle Continues (1973) ISBN 0-901787-41-8
- ഐ സ്പീക്ക് ഒഫ് ഫ്രീഡം I Speak of Freedom (1973) ISBN 0-901787-14-0
- റവലൂഷണറി പാത്ത് Revolutionary Path (1973) ISBN 0-901787-22-1
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads