ഗുരുവായൂർ
കേരളത്തിലെ ഒരു നഗരം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു നഗരസഭയും തീർത്ഥാടനത്തിനു പേരുകേട്ട പട്ടണവുമാണ് ഗുരുവായൂർ. ഇത് തൃശ്ശൂർ നഗരത്തിനു 26 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെയാണ്. ഇതുകൂടാതെ മമ്മിയൂർ മഹാദേവക്ഷേത്രം ഉൾപ്പെടെ വേറെയും ധാരാളം ക്ഷേത്രങ്ങളുണ്ട്.
Remove ads
പേരിനു പിന്നിൽ
ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയാണ് 'ഗുരുവായൂർ' എന്ന സ്ഥലനാമവുമായും ബന്ധപ്പെട്ട് സാധാരണയായി പറഞ്ഞുകേൾക്കാറുള്ളത്. ഹിന്ദുവിശ്വാസപ്രകാരം സൃഷ്ടികർത്താവായ ബ്രഹ്മാവിന് നിത്യപൂജ നടത്താൻ മഹാവിഷ്ണു കൊടുത്ത വിഗ്രഹം, പിന്നീട് സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ കൈവശം എത്തിച്ചേരുകയും, ഭഗവാൻ അത് ദ്വാരകയിൽ നിത്യപൂജ നടത്തുകയും, ഒടുവിൽ ഭഗവാന്റെ വൈകുണ്ഠാരോഹണത്തിനുശേഷം ദ്വാരക പ്രളയത്തിലാണ്ടുപോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് ഇവിടെ കൊണ്ടുവരികയും, ശിവഭഗവാന്റെ ആജ്ഞാനുസരണം ഇവിടെ പ്രതിഷ്ഠിയ്ക്കുകയും തന്മൂലം സ്ഥലം 'ഗുരുവായൂർ' എന്നറിയപ്പെടുകയും ചെയ്തു എന്നതാണ് പ്രസിദ്ധമായ ആ ഐതിഹ്യകഥ.
എന്നാൽ ചരിത്രപരമായി ഈ കഥയ്ക്ക് പ്രസക്തിയില്ല. ചരിത്രരേഖകൾ പ്രകാരം കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം[അവലംബം ആവശ്യമാണ്].14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാണ് പരാമർശിച്ചിരിക്കുന്നത്. കുരവക്കൂത്ത് എന്ന പുരാതന കലാരൂപം ഇവിടെ അരങ്ങേറിയിരുന്നതായി [1]വി.വി.കെ വാലത്ത് ഊഹിക്കുന്നു. കുരവയൂർ എന്ന പേര് ഇങ്ങനെ വന്നതായിരിക്കാം. ഇത് ലോപിച്ച് ഗുരുവായൂർ എന്നായി മാറി. എന്നാൽ ഈ വാദത്തിനും അത്ര കാമ്പില്ല. കാരണം പതിനാലാം നൂറ്റാണ്ടിലെ കോകസന്ദേശം പോലെയുള്ള ഗ്രന്ഥങ്ങളിൽ തമിഴ് സ്വാധീനം വളരെ വ്യക്തമാണ്. തമിഴ് ഭാഷയിൽ 'ഗ', 'ക' എന്നിവയ്ക്ക് ക (க) എന്ന അക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാൽ കുരവയൂർ, ഗുരുവായൂർ ആയി മാറിയതാണെന്ന വാദം നിലനിൽക്കില്ലെന്നും വാദഗതികൾ ഉണ്ട്. മാത്രമല്ല, കേരളത്തിലെ മറ്റു കലാരൂപങ്ങൾക്ക് വ്യക്തമായ ചരിത്രം ലഭ്യമാണെന്നിരിക്കെ, കുരവക്കൂത്ത് എങ്ങനെ വിസ്മരിക്കപ്പെട്ടു എന്നും ചോദ്യമുയരുന്നുണ്ട്. ഈ കലാരൂപത്തെക്കുറിച്ച് മറ്റു പരാമർശങ്ങൾ ലഭ്യമല്ല. കുരവപുല്ല് ധാരാളമായി ഈ പ്രദേശത്ത് കണ്ടുവന്നിരുന്നതിനാൽ ആ പുല്ലിന്റെ പേരിൽ നിന്നാണ് ഈ സ്ഥലപ്പേര് വന്നതെന്ന് ഒരു വാദവുമുണ്ട്. [2] പ്രമുഖ ചരിത്രകാരനായിരുന്ന പുത്തേഴത്ത് രാമൻ മേനോന്റെ അഭിപ്രായത്തിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയാണ് 'ഗുരുവായൂർ' എന്ന പേരിന്റെ ഉപജ്ഞാതാവ്. നാരായണീയം എന്ന ബൃഹത്തായ സംസ്കൃതസ്തോത്രകാവ്യം രചിച്ച മേൽപ്പത്തൂർ, അതിൽ കൃതി ഉപയോഗിയ്ക്കാൻ വേണ്ടി പേര് സംസ്കൃതീകരിച്ചതാണെന്ന് പറയപ്പെടുന്നു.
Remove ads
ഗുരുവായൂർ ക്ഷേത്രം
ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം ഈ ക്ഷേത്രത്തിൽ ത്രിമൂർത്തികളിൽ പ്രധാനിയും സർവേശ്വരനുമായ മഹാവിഷ്ണു ഗുരുവായൂരപ്പൻ എന്ന പേരിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാണ് ഗുരുവായൂരിലെ സങ്കല്പം. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് പ്രതിഷ്ഠ നിർമ്മിച്ചിരിയ്ക്കുന്നത്. തന്മൂലം ഏറെ പവിത്രമായി ഇത് കണക്കാക്കപ്പെടുന്നു. സാധാരണ വിഗ്രഹങ്ങളിലേതുപോലെ ഭഗവാൻ നാലു കൈകളിൽ പാഞ്ചജന്യം ശംഖ്, സുദർശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുപ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. കൂടാതെ ക്ഷേത്രം വക ചെറിയൊരു ഗണപതിക്ഷേത്രവും സർപ്പക്കാവുമുണ്ട്. മഹാക്ഷേത്രമായതിനാൽ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ഉദയാസ്തമനപൂജ, കളഭച്ചാർത്ത്, കൃഷ്ണനാട്ടം, പാൽപ്പായസം, അപ്പം, അട, വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. തന്ത്രം പുഴക്കര ചേന്നാസ്സ് മനയ്ക്ക്. അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനമില്ല. കുംഭമാസത്തിൽ പൂയം നക്ഷത്രം രാത്രിവരുന്ന ദിവസം കൊടികയറി പത്തുദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി (ഗുരുവായൂർ ഏകാദശി), ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇന്ത്യയിൽ ബദരി, പുരി, തിരുപ്പതി എന്നിവ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ഹൈന്ദവദേവാലയം ഗുരുവായൂരാണ്. ലക്ഷക്കണക്കിന് ആരാധകരാണ് നിത്യേന ഇവിടെ ദർശനം നടത്തുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം. കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും ഗുരുവായൂരിലേയ്ക്ക് ബസ്സുകളുണ്ട്.
ഗുരുവായൂരിലെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് നഗരത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, പാർവ്വതീദേവിയെ ഇടത്തേ തുടയിലിരുത്തിയ സങ്കല്പത്തിലുള്ള പരമശിവനാണ്. ഗുരുവായൂരിലെ പ്രതിഷ്ഠാസമയത്ത് ശിവപാർവതിമാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നാണ് സങ്കല്പം. പ്രതിഷ്ഠയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച പാർവതിപരമേശ്വരൻമാർ, പിന്നീട് മമ്മിയൂരിൽ അവതരിയ്ക്കുകയായിരുന്നത്രേ. തന്മൂലം, ഇന്ന് ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തരും ഇവിടെയും ദർശനം നടത്തണമെന്നും എന്നാലേ ദർശനം പൂർത്തിയാകൂ എന്നുമാണ് വിശ്വാസം. അതിന് സാധിയ്ക്കാത്തവർക്ക്, ഗുരുവായൂരിലെ ഭഗവതിയെ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും നിയമമുണ്ട്. പ്രധാനപ്രതിഷ്ഠയായ ശിവൻ, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടാതെ തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ഇവിടെയുണ്ട്. ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ചെറുരക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ഭദ്രകാളി (ഭഗവതി) പ്രതിഷ്ഠ പ്രസിദ്ധമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രവും പുഴക്കര ചേന്നാസ്സ് മനയ്ക്കാണ്. കുംഭമാസത്തിലെ മഹാശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഗുരുവായൂരിൽ നിന്ന് കുന്നംകുളത്തേയ്ക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇതുകൂടാതെ, പാർത്ഥസാരഥിക്ഷേത്രം, തിരുവെങ്കടാചലപതിക്ഷേത്രം, ചാമുണ്ഡേശ്വരി ക്ഷേത്രം തുടങ്ങി വേറെയും നിരവധി ക്ഷേത്രങ്ങൾ ഗുരുവായൂരിലുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി ഭക്തർ വരാറുണ്ട്.
Remove ads
ഗതാഗതം

കന്യാകുമാരിയെയും പൻവേലിനെയും ബന്ധിപ്പിയ്ക്കുന്ന എൻ.എച്ച്. 66 വഴി ഗുരുവായൂരിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടെയാണ് ഈ ദേശീയപാത കടന്നുപോകുന്നത്. കൂടാതെ, കേരളത്തിലെ ഏറ്റവും ചെറിയ സംസ്ഥാനപാതയായ എസ്.എച്ച്. 49 തുടങ്ങുന്നത് ഗുരുവായൂരിൽ നിന്നാണ്. എട്ടുകിലോമീറ്റർ മാത്രം നീളമുള്ള ഈ സംസ്ഥാനപാത ചൂണ്ടൽ എന്ന സ്ഥലത്ത് അവസാനിയ്ക്കുന്നു. ബസ്സുകളാണ് ഗുരുവായൂരിൽ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഗുരുവായൂരിലേയ്ക്ക് ബസ്സുകളുണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും ഇവയിൽ പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മഞ്ജുളാൽ ജങ്ഷന്നടുത്താണ് സ്വകാര്യ ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പടിഞ്ഞാറേ നടയിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കായി നിരവധി പാർക്കിങ് ഗ്രൗണ്ടുകളും ഗുരുവായൂരിലുണ്ട്. 2021-ൽ ഇവിടെ രണ്ട് ബഹുനില പാർക്കിങ് കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി.
നഗരത്തിന്റെ കിഴക്കുഭാഗത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ട്. എന്നാൽ, അവിടെ തീവണ്ടികൾ കുറവാണ്. ചെന്നൈ എഗ്മൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കുള്ള എക്സ്പ്രസ് തീവണ്ടികളും ഏതാനും പാസഞ്ചറുകളും മാത്രമാണ് ഗുരുവായൂരിൽ നിന്നുള്ള തീവണ്ടികൾ. തൃശ്ശൂരാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 1995-ലാണ് തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് റെയിൽവേ ലൈൻ പണിതതും തീവണ്ടി സർവ്വീസ് തുടങ്ങിയതും. ഈ റെയിൽവേ ലൈൻ തിരൂർ വരെ നീട്ടണമെന്നൊരു ആവശ്യം ദീർഘകാലമായി നിലവിലുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഗുരുവായൂർ-തിരൂർ ലൈൻ വരുന്നത് ഗുരുവായൂരിന്റെ വികസനത്തിന് ഉപകരിയ്ക്കും എന്ന് കണക്കുകൂട്ടപ്പെടുന്നു. 2023-ൽ ഗുരുവായൂരിലെ ചില പൗരപ്രമുഖർ, മെട്രോമാൻ ഇ. ശ്രീധരനെ കാണുകയും അദ്ദേഹത്തോട് പാത നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇ. ശ്രീധരന്റെ മറ്റൊരു പദ്ധതിയായ കൊങ്കൺ റെയിൽവേയുടെ മാതൃകയിൽ റെയിൽപാത നിർമ്മിയ്ക്കാനാണ് പദ്ധതി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഗുരുവായൂരിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഗുരുവായൂരിൽ നിന്ന് അങ്ങോട്ട് 87 കിലോമീറ്റർ ദൂരം വരും. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളമാണ് അടുത്തത്. അങ്ങോട്ട് 100 കിലോമീറ്റർ ദൂരമുണ്ട്. ഗുരുവായൂർ കേന്ദ്രീകരിച്ച് ചെറുവിമാനങ്ങൾക്കായി ഒരു വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി ആലോചനയിലുണ്ട്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി അനുസരിച്ചാണ് ഈ വിമാനത്താവളത്തിന്റെ ആലോചന.
Remove ads
ചിത്രശാല
- ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാൾ
- ഗുരുവായൂർ തീവണ്ടിയാപ്പീസ്
- ഗുരുവായൂർ തപാലാഫീസ്
- ഗുരുവായൂർ വായനശാല
- ഗുരുവായൂർ കെഎസ് ആർടിസി ബസ് സ്റ്റേഷൻ
- ഗുരുവായൂർ ഗവൺമെന്റ് അതിഥി മന്ദിരം
- ഗുരുവായൂർ ഗവൺമെന്റ് അപ്പർ പ്രൈമറി സ്ക്കൂൾ
- ഗുരുവായൂർ എകെജി സ്മാരക കവാടം
- ഗുരുവായൂർ അഗ്നിശമന കാര്യാലയം
- ഗുരുവായൂർ ജിഎൽആർ വാട്ടർ ടാങ്ക്
- ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്ക്കൂൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads