ജടായു നേച്ചർ പാർക്ക്
From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. [3] ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
Remove ads
ഉദ്യാനം
നൂറുകോടി ചിലവിൽ പണിതുയർത്തുന്ന പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം,ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങൾ പദ്ധതിയിലുണ്ട്. അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമാണ്.
ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാർഷികമാതൃകയ്ക്കും രൂപം നൽകുന്നുണ്ട്. [4]
Remove ads
ശില്പം
കൂറ്റൻ ശില്പത്തിനുള്ളിലേക്ക് സഞ്ചാരികൾക്ക് കടന്നുചെല്ലാം. രാമായണകഥയാണിവിടെ വിവരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച പക്ഷിയുടെ ഉൾവശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടർന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം. രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിേയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. .
ശിലാഫലകങ്ങൾ
മ്യൂസിയത്തിനു മുൻവശത്ത് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം നിർവഹിച്ച ഒരു ശിലാഫലകമുണ്ട് . ചിറകറ്റുവീണ ജടായുവിനെ പ്രകീർത്തീക്കുന്ന ഒ.എൻ.വി-യുടെ കവിത മൂന്ന് ഭാഷകളിൽ ( മലയാളം , ഹിന്ദി , ഇംഗ്ലീഷ് ) ഈ ഫലകത്തിൽ കാണാം . ഹിന്ദി പരിഭാഷ നടത്തിയത് തങ്കമണി അമ്മയും ഇംഗ്ലീഷ് പരിഭാഷ നടത്തിയത് കെ.ജയകുമാറും ആണ് .

"ഇക്കുന്നിൻ നിറുകയിലിത്തിരി നേരം ധ്യാന മഗ്നരായ് നിൽക്കു , പ്രിയപ്പെട്ട നമ്മുടെ കർമ്മ ക്ഷേത്രത്തിന്നുഴവുചാൽ പെറ്റൊരു പെൺമുത്തിനെ , തീർത്ഥനൈർമ്മല്യം പേറുമാപ്പൊന്നുംകുടത്തിനെ ചതിയിൽ കവർന്നാഴികടന്നീടുവാൻ വായുരഥത്തിൽ പായും പരദേശിയാം രക്ഷസ്സിനെ, കണ്ടുമോഹിച്ചാലേതൊരപ്സരസ്സിനെപ്പോലും തന്റേതാക്കുക സ്വന്തം ധർമ്മമെന്നോരുന്നോനെ , കൊത്തിയും നഖമുനയാഴ്ത്തിയും തടയുവാനെത്തിയ ജടായു വീണടിഞ്ഞതാണിന്നിലം ശത്രുവിൻ കൈവാളരിഞ്ഞിട്ടൊരു ചിറകുമാ രക്തധാരയുമേറ്റുവാങ്ങിയതാണിന്നിലം! ഇന്നാടിൻ അഭിമാനപ്പൊൻ കൊടിമരത്തിന്മേൽ നിന്നതിൽ പാറും കൊടി താണുതാണിറങ്ങും പോൽ, പിന്നെയും ഒറ്റച്ചിറകിന്മേൽ വായുവിൽ തത്തി നിന്നടരാടി തളർന്നടിഞ്ഞൊരാ പക്ഷിയെ , രക്തസാക്ഷിയാം മകൻ തൻ ജഡം ഒരമ്മ പോൽ ഗദ്ഗദത്തോടെയേറ്റുവാങ്ങിയതാണിന്നിലം ഇവിടെ വീശും കാറ്റും അക്കഥ പാടുന്നീലേ? ഇവിടെ ഓരോ തരിമണ്ണുമതോർക്കുന്നില്ലേ? മൃത്യുവിൻ മുന്നിൽ നാടിന്റെ മാനം കാക്കുവാൻ ബലി പുഷ്പമായ് പതിച്ചൊരാ പക്ഷിതൻ ഓർമ്മയ്ക്കായി ഇക്കുന്നിൻ നിറുകയിൽ നമ്രശീർഷരായ് നിൽക്കേ മൃത്യുവിൽ നിന്നും നമ്മളമൃതം കടയുന്നു...."
ചിത്രശാല
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads