ജെറമിയായുടെ പുസ്തകം
From Wikipedia, the free encyclopedia
Remove ads
എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളുടെ പരമ്പരാഗത ക്രമീകരണമനുസരിച്ച്, പതിനഞ്ചു പ്രവാചകഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും മൂന്നു വലിയ പ്രവചനഗ്രന്ഥങ്ങളിൽ നടുവിലത്തേതുമാണ് ജെറമിയായുടെ പുസ്തകം അല്ലെങ്കിൽ യിരെമ്യാവിന്റെ പുസ്തകം (ഇംഗ്ലീഷ്:Book of Jeremiah). ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യപാദവും ആറാം നൂറ്റാണ്ട് ആരംഭവും ചേർന്ന് ഇസ്രായേൽ ജനതയുടെ ചരിത്രത്തിലെ സംഘർഷഭരിതവും ദുരിതപൂർണ്ണവുമായ കാലഘട്ടമാണ് ജെറമിയായുടെ പുസ്തകത്തിലെ പ്രവചനങ്ങളുടെ പശ്ചാത്തലമായി കരുതപ്പെടുന്നത്. ഈ പ്രവചനങ്ങളെ ഗ്രസിച്ചുനിൽക്കുന്ന ദുരന്തച്ഛായ, ഗ്രന്ഥകർത്താവായി കരുതപ്പെടുന്ന ജെറമിയയ്ക്ക് "കരയുന്ന പ്രവാചകൻ" (weeping prophet) എന്ന അപരനാമം നേടിക്കൊടുത്തു.[1] ജെറമിയാദ് (Jeremiad) എന്ന വാക്കു തന്നെ വിലാപങ്ങളുടേയും ദുരന്തപ്രവചനങ്ങളുടേയും പര്യായമായിരിക്കുന്നു.[2]

Remove ads
ചരിത്രപശ്ചാത്തലം
അസീറിയൻ സാമ്രാജ്യത്തിന്റെ തകർച്ചയുടേയും ബാബിലോണിന്റെ ഉയർച്ചയുടേയും സമയമായിരുന്നു അത്. വടക്ക് അസീറിയൻ, ബാബിലോണിയൻ സാമ്രാജ്യങ്ങളുടേയും തെക്ക് ഫറവോന്മാരുടെ ഈജിപ്തിന്റേയും നടുവിലുള്ള ചെറിയ രാജ്യമായിരുന്ന യൂദയായെ ആ സാമ്രാജ്യങ്ങളുടെ ഭാഗധേയങ്ങൾ ബാധിച്ചു. ഏതാനും തലമുറകൾ മുൻപ് എബ്രായരുടെ ഉത്തരരാജ്യമായിരുന്ന ഇസ്രയേൽ, അസീറിയൻ ആക്രമണത്തിൽ തകർന്ന് ചരിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായിരുന്നു. യൂദയാ, അസീറിയയുടെ മേൽകോയ്മയെ അംഗീകരിച്ചെങ്കിലും ആ ചരിത്രസന്ധിയെ അതിജീവിച്ചു. അവിടത്തെ മതനേതൃത്വത്തിലെ യഹോവപക്ഷപാതികൾ ഇസ്രായേലിന്റെ പതനത്തേയും യൂദയായുടെ തന്നെ ഭാഗധേയങ്ങളേയും, തങ്ങളുടെ വിശ്വാസത്തിലെ ഏകദൈവമായ യഹോവയുടെ നേർക്കുള്ള ഭരണാധികാരികളുടേയും ജനങ്ങളുടേയും വിശ്വസ്തതയുമായി ബന്ധപ്പെടുത്തി വിലയിരുത്തി. രാഷ്ട്രീയമായ ദുരന്തങ്ങൾക്ക് കാരണമായി അവർ കണ്ടത്, ജനങ്ങളുടെ അവിശ്വസ്തത മൂലമുണ്ടായ യഹോവയുടെ അപ്രീതിയാണ്.[3]

ക്രിസ്തുവിനു മുൻപ് 639-ൽ എട്ടാമത്തെ വയസ്സിൽ യഹൂദായിലെ രാജാവായിത്തീർന്ന ജോസിയാ പ്രായപൂർത്തിയിൽ കടുത്ത യഹോവപക്ഷപാതിയായി. തന്റെ ഭരണത്തിന്റെ പതിനെട്ടാം വർഷം മുതൽ അദ്ദേഹം വിപുലമായ ഒരു മതപരിഷ്കരണത്തിനു തുടക്കമിട്ടു. യെരുശലേം ദേവാലയത്തിന്റെ പുനരുദ്ധാരണവേലകൾക്കിടയിൽ കണ്ടുകിട്ടിയതായി അവകാശപ്പെട്ട ബൈബിളിലെ നിയമാവർത്തനപുസ്തകത്തിലെ അരുളപ്പാടുകളെയാണ് ഈ പരിഷ്കരണങ്ങൾ പിന്തുടർന്നത്. യഹോവവിശ്വാസത്തിനു ചേരാത്ത മതവിശ്വാസങ്ങളുടേയും സ്ഥാപനങ്ങളുടേയും നിരോധനവും നശീകരണവും ഈ പരിഷ്കരണത്തിൽ ഉൾപ്പെട്ടു. എന്നാൽ ജോസിയായുടെ ഭരണം 31 വർഷത്തിനുശേഷം അകാലത്തിൽ അവസാനിച്ചു. ബലഹീനമായിക്കൊണ്ടിരുന്ന അസീറിയക്ക്, ബാബിലോണിനെതിരെ സഹായമെത്തിക്കാനാഗ്രഹിച്ച ഈജിപ്തിലെ ഫറവോ നെക്കോ രണ്ടാമന് യൂദയായിലൂടെ കടന്നുപോകാൻ ജോസിയ അനുമതി നൽകിയില്ല. തുടർന്ന് നോക്കോയുമായി യൂദയായിൽ മെഗിദ്ദോയിലെ ഒട്ടകച്ചുരത്തിൽ(Camel Pass) വച്ചു നടന്ന യുദ്ധത്തിൽ ജോസിയ ക്രി.മു. 609-ൽ കൊല്ലപ്പെട്ടു. [3]
ക്രി.മു. 605-ൽ കാർക്കെമിഷിലെ യുദ്ധത്തിൽ ഈജിപ്തിന്റെ പരാജയത്തെ തുടർന്ന്, മദ്ധ്യപൗരസ്ത്യദേശത്ത് നെബുകദ്നെസ്സറുടെ ബാബിലോണിന്റെ മേധാവിത്വം ഉറച്ചു.[4] ക്രി.മു. 597-ൽ, ജോസിയായുടെ പിൻഗാമികളിലൊരാളായിരുന്ന ജെഹോയിയാച്ചിന്റെ കാലത്ത് നെബുകദ്നെസ്സറുടെ സൈന്യത്തിന്റെ ആക്രമണത്തിൽ യെരുശലേമിന്റെ പതനത്തെ തുടർന്ന് യഹൂദ സമൂഹത്തിലെ വെണ്ണപ്പാളി ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടു. അതോടെ യഹൂദസ്മൃതിസഞ്ചയത്തിലെ വഴിത്തിരിവായ ബാബിലോൺ പ്രവാസത്തിന്റെ തുടക്കമായി.[5]ക്രി.മു. 586-87-ൽ യെരുശലേം പട്ടണവും യഹൂദരുടെ ഒന്നാം ദേവാലയവും നിലംപരിശാക്കപ്പെട്ടു. ഈ പരിസമാപ്തിയിലേക്ക് നയിച്ച നാലു പതിറ്റാണ്ടുകളും അതിനെ തുടർന്നുള്ള ഏതാനും വർഷങ്ങളുമാണ് ജെറമിയായുടെ പ്രവചനങ്ങളുടെ കാലമായി കരുതപ്പെടുന്നത്.[6].
Remove ads
ഉള്ളടക്കം

ജെറമിയായുടെ പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ ക്രമീകരണത്തിൽ ഏതെങ്കിലും വ്യവസ്ഥ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാലഘട്ടങ്ങളും വിഷയങ്ങളും അതിൽ കൂടിക്കലർന്നും ആവർത്തിച്ചും കാണപ്പെടുന്നു. അതിനാൽ അതിന്റെ ഖണ്ഡങ്ങളായി തിരിച്ചുള്ള പഠനം എളുപ്പമല്ല. എങ്കിലും 52 അദ്ധ്യായങ്ങൾ ചേർന്ന് ബൈബിളിലെ ഏറ്റവും വലിയ പുസ്തകങ്ങളിലൊന്നായ ഇതിനെ സൗകര്യത്തിനുവേണ്ടി പലവിധത്തിൽ ഖണ്ഡങ്ങളായി തിരിച്ച് പഠിക്കാറുണ്ട്. താഴെ പരാമർശിക്കപ്പെടുന്ന ഖണ്ഡങ്ങൾ അത്തരം വിഭജനങ്ങളിൽ ഒന്നിനെ ആശ്രയിക്കുന്നു.[7]
നിയുക്തിദർശനം
(അദ്ധ്യായം 1)
ബൈബിളിലെ പ്രവാചകഗ്രന്ഥങ്ങളിൽ മറ്റൊന്നിലും ഗ്രന്ഥകാരനെക്കുറിച്ചും അയാളുടെ പ്രവചനദൗത്യത്തെക്കുറിച്ചും ഇത്രയേറെ വിശദാംശങ്ങളില്ല. [8] യെരുശലെമിനു വടക്ക് ബെഞ്ചമിൻ ദേശത്തെ അനാത്തോത്തിലെ പുരോഹിതന്മാരിലൊരാളായിരുന്ന ഹിൽക്കിയായുടെ മകനെ ബാലപ്രായത്തിൽ തന്നെ ദൈവം പ്രവാചകദൗത്യത്തിന് നിയോഗിക്കുന്നതിന്റെ നാടകീയവിവരണത്തോടെയാണ് ഗ്രന്ഥം തുടങ്ങുന്നത്. തന്റെ ദൗത്യത്തിന്റെ അതുല്യസ്വഭാവത്തെക്കുറിച്ചുള്ള തീവ്രമായ ബോധം ഈ പ്രവാചകനുണ്ടായിരുന്നെന്ന് ഈ നിയുക്തിദർശനത്തിൽ നിന്ന് മനസ്സിലാക്കാം. ഈ വിവരണത്തിൽ തെളിയുന്ന പ്രവാചകന്റെ ആത്മബോധത്തെ വിശ്വസിക്കാമെങ്കിൽ, എബ്രായ പ്രവാചകന്മാരിൽ ഏറ്റവും വലിയ വ്യക്തിവാദി(individualist) ആയിരുന്നു ജെറമിയ. [9] "മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു; ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു" [10]എന്നാണ് കർത്താവിൽ നിന്ന് അദ്ദേഹം കേട്ട അരുളപ്പാട്. താൻ സംസാരിക്കാൻ പാടവമില്ലാത്ത കേവലം ബാലനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ പ്രവാചകനെ ദൈവം ധൈര്യപ്പെടുത്തി. കൈനീട്ടി പ്രവാചകന്റെ അധരത്തിൽ സ്പർശിച്ചുകൊണ്ടാണ് കർത്താവ് അരുളപ്പാട് തുടർന്നത്: [11]
“ | ഇതാ എന്റെ വചനങ്ങൾ നിന്റെ നാവിൽ ഞാൻ നിക്ഷേപിച്ചിരിക്കുന്നു; പിഴുതെറിയാനും ഇടിച്ചുതകർക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയർത്താനും നട്ടുവളർത്താനും വേണ്ടി ഇന്നിതാ ജനതകളുടേയും രാജ്യങ്ങളുടേയും മേൽ നിന്നെ ഞാൻ അവരോധിച്ചിരിക്കുന്നു. | ” |
അനീതിക്കെതിരെ
(2:1 - 25:38)

ജെറമിയായുടെ പുസ്തകത്തിന്റെ ആദ്യത്തെ പകുതിയോളം വരുന്ന ഈ ഭാഗം മുഖ്യമായും, യഹൂദായിലെ നാലു രാജാക്കന്മാരുടെ കാലത്ത് അവിടത്തെ മത-രാഷ്ട്രീയനേതൃത്വങ്ങളേയും ജനസാമാന്യത്തേയും ലക്‌ഷ്യമാക്കി നടത്തിയ പ്രവചനങ്ങളാണ്. ജോസിയാ, യഹോയാക്കീം, യഹോയാച്ചിൻ, സെദെക്കിയാ എന്നിവരായിരുന്നു ആ രാജാക്കന്മാർ.
കുശവനും കളിമണ്ണും
മ്ലേച്ഛതയെ അനുധാവനം ചെയ്ത് സ്വയം മ്ലേച്ഛന്മാരായ[12] ജനങ്ങളെയാണ് പ്രവാചകൻ കണ്ടത്. വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളെപ്പോലുള്ള വിഗ്രഹങ്ങൾ ജനങ്ങൾക്ക് ദൈവങ്ങളായി. വയറുനിറയെ ഭക്ഷണം കിട്ടിയപ്പോൾ അവർ വേശ്യാഗൃഹങ്ങളിലേക്ക് പടയണിയായി നീങ്ങി. തിന്നുകൊഴുത്തു കാമവെറിപൂണ്ട വിത്തുകുതിരകളെപ്പോലെ ഓരോരുത്തനും അയൽക്കാരന്റെ ഭാര്യയുടെ പുറകേ മോങ്ങി നടക്കുന്നു.[13] കിണർ പുതുവെള്ളം ശേഖരിച്ചുവയ്ക്കുന്നതുപോലെ, യെരുശലേം അതിന്റെ അകൃത്യങ്ങളുടെ പുതുമ നിലനിർത്തുന്നു.[14] പുരോഹിതരും പ്രവാചകന്മാരും പോലും ജനങ്ങളെ വഞ്ചിക്കുന്നു. ലജ്ജിക്കാൻ പോലും അവർ മറന്നുപോയിരിക്കുന്നു. വിശ്വസ്തത മരിച്ചുപോയി. അതിന്റെ പേരുപോലും ആരും പറയുന്നില്ല. ഇതിനൊക്കെ ശിക്ഷയായി ചിലർ രോഗത്തിനും, മറ്റു ചിലർ യുദ്ധത്തിനും, ചിലർ പട്ടണിക്കും ഇരകളാകും. അവശേഷിച്ചവർ ബന്ധിതരായി പ്രവാസത്തിലേക്ക് നീങ്ങും.[15] കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് തനിക്കു ജനങ്ങൾ എന്ന് കർത്താവ് ജെറമിയായെ അറിയിച്ചു. ധിക്കാരികളായ ജനതയെ നശിപ്പിക്കുന്നതിലെ തന്റെ ന്യായം ജെറമിയായെ ബോദ്ധ്യപ്പെടുത്താൻ കർത്താവ് അയാളെ കുശവന്റെ വീട്ടിലേക്കയച്ചു. കളിമണ്ണുകൊണ്ട് താൻ രൂപപ്പെടുത്തിയ പാത്രം തന്റെ തൃപ്തിക്കൊത്തതാകാഞ്ഞപ്പോൾ അതിനെ കുശവൻ ഉടച്ചുവാർക്കുന്നതാണ് ജെറമിയ അവിടെ കണ്ടത്.[16]
നാശത്തിന്റെ പ്രവചനം സാധാരണജനങ്ങൾക്കെന്നപോലെ രാജാക്കന്മാർക്കും ബാധകമായി. ജെഹോയാക്കീം രാജാവിനെതിരായുള്ള പ്രവചനം ഇങ്ങനെയായിരുന്നു: "അധർമ്മത്തിൽ ഭവനവും അനീതിയിൽ മാളികമുറികളും പണിയുന്നവനു ദുരിതം. അയാൾ മരിക്കുമ്പോൾ അയ്യോ തമ്പുരാനേ! എന്നോ, അയ്യോ തിരുമേനീ! എന്നോ പറഞ്ഞ് ആരും വിലപിക്കുകയില്ല. കഴുതയെപ്പോലെ അയാളെ സംസ്കരിക്കും. ജെറുസലേം കവാടത്തിനു പുറത്തേക്ക് വലിച്ചിഴച്ച് എറിയും".[17]
പ്രവാചകന്റെ വിലാപം
വിനാശത്തിന്റെ ഈ പ്രവചനം പ്രവാചകന് അധികാരികളുടേയും, ജനസാമാന്യത്തിന്റേയും, എതിർപ്രവാചകന്മാരുടേയും ശത്രുത നേടിക്കൊടുത്തു. വ്യക്തിപരമായ പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ ദൈവംപോലും തന്റെ എതിർപക്ഷത്തായെന്ന് ജെറമിയാക്ക് തോന്നി. അപ്പോൾ, തന്റെ ദൗത്യത്തിന്റേയും മനുഷ്യാവസ്ഥയുടെ തന്നെയും കഠോരതയെക്കുറിച്ച് പ്രവാചകൻ വിലപിക്കുന്നു. ഇയ്യോബിന്റെ പുസ്തകത്തെ ഓർമ്മപ്പെടുത്തുന്ന ഈ വിലാപത്തിൽ ജെറമിയാ ദൈവത്തെ പ്രതിക്കൂട്ടിലാക്കുകയും കടുത്ത ആത്മനിന്ദ പ്രകടിപ്പിക്കുകയും ചെയ്യുന്നു:
“ | കർത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാൻ വഞ്ചിതനായി; അങ്ങ് എന്നേക്കാൾ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവൻ ഞാൻ പരിഹാസപാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വാതുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണ് ഞാൻ വിളിച്ചുപറയുന്നത്. കർത്താവിന്റെ വചനം എനിക്ക് ഇടവിടാതെ നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അവിടുത്തെപ്പറ്റി ഞാൻ ചിന്തിക്കുകയില്ല, അവിടുത്തെ നാമത്തിൽ മേലിൽ സംസാരിക്കുകയില്ല എന്നു ഞാൻ പറഞ്ഞു. എന്നാൽ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാൻ ശ്രമിച്ചു ഞാൻ തളർന്നു. എനിക്കു സാധിക്കുന്നില്ല.[18]
|
” |
ദുരിതങ്ങൾ
(26:1 - 45:5)

യഹൂദാ ബാബിലോൺ രാജാവ് നെബുകദ്നെസ്സരുടെ ഭീഷണി നേരിട്ടപ്പോൾ, അയാൾക്ക് കീഴടങ്ങുകയാണ് വേണ്ടതെന്ന ഉപദേശമാണ് കർത്താവിന്റെ സന്ദേശമായി ജെറമിയ നൽകിയത്. തന്നെ ധിക്കരിച്ച യഹൂദായിലെ ജനങ്ങളേയും ഭരണാധികാരികളേയും ശിക്ഷിക്കാൻ തീരുമാനിച്ച കർത്താവിന്റെ ഉപകരണം മാത്രമാണ് നെബുകദ്നെസ്സറെന്നായിരുന്നു ജെറമിയായുടെ വാദം.
നെരിപ്പോടിലെരിഞ്ഞ ചുരുൾ
വിദേശാക്രമണ ഭീഷണിക്കു മുൻപിൽ ജനങ്ങളുടെ മനോവീര്യം കെടുത്തിയതിന് ജെറമിയയെ അധികാരികൾ പിടികൂടിയെങ്കിലും ദൈവത്തിന്റെ പേരിൽ പ്രവചിക്കുന്ന മനുഷ്യനെ കൊല്ലുന്നത് ശരിയല്ല എന്ന അഭിപ്രായം മാനിച്ച് വിട്ടയച്ചു. ജെറമിയ കർത്താവിന്റെ അരുളപ്പാടുകളൊക്കെ തന്റെ കേട്ടെഴുത്തുകാരൻ ബാറൂക്കിന് പറഞ്ഞുകൊടുത്തു. തോൽച്ചുരുളിൽ എഴുതിയെടുത്ത പ്രവചനങ്ങൾ ദേവാലയത്തിന്റെ അങ്കണത്തിൽ ജനങ്ങളുടെ മുൻപാകെ ബാറൂക്ക് വായിച്ചതു കേട്ട് ഉദ്യോഗസ്ഥരിൽ ചിലർ പരിഭ്രാന്തരായി. യഹോയാക്കീം രാജാവിനെ അറിയിക്കാൻ മാത്രം ഗൗരവമേറിയതാണ് ജെറമിയാക്ക് കിട്ടിയ അരുളപ്പാടെന്ന് കരുതിയ അവർ ചുരുൾ ബാറൂക്കിൽ നിന്ന് വാങ്ങി. ശൈത്യകാലത്ത് കൊട്ടാരത്തിൽ നെരിപ്പോടിനുമുൻപിൽ തീകാഞ്ഞിരുന്ന രാജാവിനെ അവർ ചുരുൾ വായിച്ചു കേൾപ്പിച്ചു. അദ്ദേഹം സന്ദേശം ഗൗരവമായെടുത്തില്ല. ചുരുളിലെ ഭാഗങ്ങൾ വായിച്ചുതീരുന്ന മുറയ്ക്ക് കത്തി കൊണ്ട് മുറിച്ച് നെരിപ്പോടിലിട്ടു കത്തിക്കുകയാണ് രാജാവ് ചെയ്തത്. ജെറമിയായേയും ബാറൂക്കിനേയും പിടികൂടാൻ യഹോയാക്കീം ശ്രമിച്ചെങ്കിലും അവർ നേരത്തേ ഒളിവിൽ പോയിരുന്നു.
ജെറമിയ ബന്ധനത്തിൽ
ഇടയ്ക്ക് ഈജിപ്തിനെ നേരിടാനായി ബാബിലോൺ സൈന്യം യെരുശലേമിൽ നിന്ന് താൽക്കാലികമായി പിന്മാറിയപ്പോൾ, സ്വന്തം നാടായ ബെഞ്ചമിൻ ദേശത്തുചെന്ന് കുടുംബവിഹിതം ഏറ്റെടുക്കാനായി യെരുശലേം വിട്ടുപോകാൻ ശ്രമിച്ച ജെറമിയയെ, കൂറുമാറാൻ ശ്രമിച്ചു എന്നാരോപിച്ച് അധികാരികൾ പിടികൂടി, കൊട്ടാരം കാര്യദർശിയുടെ വീട്ടിൽ തടവിലാക്കി. സെദക്കിയ രാജാവ് തടവിൽ കിടന്ന പ്രവാചകനെ വിളിച്ചുവരുത്തി, "കർത്താവിന്റെ സന്ദേശം വല്ലതുമുണ്ടോ" എന്നനേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: "ഉണ്ട്. നീ ബാബിലോൺ രാജാവിന്റെ കയ്യിൽ ഏല്പ്പിക്കപ്പെടും". ഏതായാലും കൊട്ടാരം കാര്യദർശിയുടെ വീട്ടിൽ കഠിനതടവിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന പ്രവാചകന്റെ അപേക്ഷ മാനിച്ച്, കൊട്ടാരം അങ്കണത്തിൽ തന്നെ അദ്ദേഹത്തെ കാവലിൽ വയ്ക്കാൻ രാജാവ് ഉത്തരവായി. പട്ടണത്തിലെ അപ്പത്തിന്റെ ശേഖരം തീരുന്നതുവരെ ദിവസേന ഓരോ അപ്പം ജെറമിയാക്ക് ഭക്ഷണമായി കിട്ടി. കൊട്ടാരം അങ്കണത്തിൽ തടവിൽ കിടന്നും വിനാശത്തിന്റെ പ്രവചനം തുടർന്ന പ്രവാചകനെ അധികാരികൾ ഒരു പൊട്ടക്കിണറ്റിൽ എറിഞ്ഞെങ്കിലും കൊട്ടാരത്തിലെ ഷണ്ഡന്മാരിലൊരാളുടെ അനുകമ്പ അദ്ദേഹത്തെ അങ്കണത്തിലെ പഴയ തടവിൽ തിരികെയെത്തിച്ചു. വീണ്ടും കർത്താവിന്റെ സന്ദേശം അന്വേഷിച്ച രാജാവിനോട് ജെറമിയ വിനാശത്തിന്റെ പ്രവചനം തന്നെ കൂടുതൽ ശക്തിയിലും വിസ്താരത്തിലും ആവർത്തിച്ചു.
യെരുശലേമിന്റെ പതനം

യെരുശലേമിന്റെ പതനം വരെ കൊട്ടാരം അങ്കണത്തിലെ തടവിൽ കഴിഞ്ഞ പ്രവാചകനെ അവിടന്ന് രക്ഷപെടുത്തിയത് ബാബിലോൺ സൈന്യമാണ്. ജെറമിയായെ രക്ഷപെടുത്താനും, ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കാനും നെബുകദ്നെസ്സർ കല്പിച്ചു. ബാബിലോണിലെ പ്രവാസത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ജെറമിയക്ക് ഇഷ്ടമുള്ളിടത്തു ജീവിക്കാനും അനുമതി കിട്ടി.
പട്ടണത്തിന്റെ പതനത്തെ തുടന്ന് അവിടന്ന് രക്ഷപെടാൻ ശ്രമിച്ച സെദക്കിയാ രാജാവിനേയും കുടുംബത്തേയും ബാബിലോൺ സൈന്യം പിടികൂടി. സെദക്കിയായുടെ മക്കളെ അയാൾ നോക്കി നിൽക്കെ കൊല്ലാനും, കണ്ണ് ചുഴന്നുമാറ്റി അന്ധനാക്കപ്പെട്ട സെദക്കിയായെ തടവുകാരനായി ബാബിലോണിലേക്ക് കൊണ്ടുപോകാനും നെബുകദ്നെസ്സർ ഉത്തരവിട്ടു.
നെബുകദ്നെസ്സർ, ഗദാലിയാ എന്നൊരാളെ, ബാബിലോണിൽ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെടാതെ യഹൂദായിൽ അവശേഷിച്ചിരുന്നവർക്കുമേൽ ഭരണാധികാരിയായി നിയമിച്ചു. ബെഞ്ചമിൽ ദേശത്തെ മിസ്പാ പട്ടണമായിരുന്നു ഗദാലിയായുടെ താവളം. നട്ടിൻ പുറത്ത് അവശേഷിച്ചിരുന്ന ചില പടത്തലവൻമാരും അവർക്കൊപ്പമുള്ളവരും ഗദാലിയയുടെ നിയമനവാർത്തയറിഞ്ഞ് മിസ്പായിലെത്തി. ഗദാലിയ അവർക്ക് സുരക്ഷ വാഗ്ദാനം ചെയ്തെങ്കിലും അവരിൽ ചിലർ ഇസ്മായേലിന്റെ നേതൃത്വത്തിൽ ഗദാലിയായെ വധിച്ചു.
ഈജിപ്തിൽ
താൻ നിയമിച്ച ഭരണാധികാരിയുടെ വധത്തോട് നെബുകദ്നെസ്സർ എങ്ങനെ പ്രതികരിക്കുമെന്ന് അവശേഷിച്ചിരുന്നവർക്ക് ഭയമായി. ഈജിപ്തിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിട്ട അവർ, അക്കാര്യത്തിലുള്ള ദൈവഹിതം അറിയാൻ ജെറമിയായോട് ആവശ്യപ്പെട്ടു. പ്രവാചകന് അരുളപ്പാട് കിട്ടിയത് പത്തു ദിവസം കഴിഞ്ഞാണ്. യഹൂദായിൽ തങ്ങുന്നവരെ കർത്താവ് സംരക്ഷിച്ച് അഭിവൃദ്ധിപ്പെടുത്തുമെന്നും, ഈജിപ്തിലേക്കു പോകുന്നവരെ, അവർ ഭയപ്പെട്ട ആപത്ത് പിന്തുടരുമെന്നുമായിരുന്നു സന്ദേശം. എന്നാൽ നേതാക്കന്മാർ അത് വിശ്വസിച്ചില്ല. ജെറമിയായുടെ സഹായിയും കേട്ടെഴുത്തുകാരനുമായ ബാറൂക്കിന്റെ തന്ത്രമാണ് ഈ സന്ദേശത്തിനു പിന്നിലെന്ന് കരുതിയ അവർ, ഈജിപ്തിലേക്ക് പോകാൻ നിശ്ചയിക്കുകയും ജെറമിയായും ബാറൂക്കും ഉൾപ്പെടെയുള്ളവരെ ബലമായി കൂടെ കൊണ്ടുപോവുകയും ചെയ്തു.
ഈജിപ്തിലെത്തിയ ജെറമിയ അവിടെയും പ്രവചനം തുടർന്നു. ഈജിപ്തിലെ നഗരങ്ങളിൽ പ്രവാസികളായിരുന്നവരെ യഹോവയോട് വിശ്വസ്തത പുലർത്താൻ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്നാൽ പ്രവാചകന്റെ സന്ദേശം പ്രവാസികൾ പൊതുവേ തള്ളിക്കളയുകയാണ് ചെയ്തത്.
അന്യജനതകൾക്കെതിരെ
(46:1 - 51:64)

ഈ വിഭാഗം തുടങ്ങുന്നത് ഈജിപ്തിന്റെ സാമ്രാജ്യമോഹത്തിന് അന്ത്യം കുറിച്ച് ബാബിലോണിയൻ മേധാവിത്വം ഉറപ്പിച്ച കാർക്കെമിഷിലെ യുദ്ധത്തിന്റെ വിവരണത്തോടെയാണ്. ഈജിപ്തിനെ വിമർശിച്ചുള്ള ഈ തുടക്കത്തിനു ശേഷം ഫിലിസ്തിയ, മൊവാബ്, അമ്മോൻ, ഏദോം, ദമാസ്കസ്, കേദാർ, ഹാസോർ ഏലാം എന്നീ ദേശങ്ങൾക്കെതിരായ പ്രവചനങ്ങളാണ്. അവസാന ഭാഗം ബാബിലോണിന്റെ പതനത്തെക്കുറിച്ചും അതു വഴി സാധ്യമാകുന്ന എബ്രായരുടെ മോചനത്തെക്കുറിച്ചുമാണ്.
ജെരുശലേമിന്റെ നാശം
(52:1 - 34)
ജെറമിയായുടെ പുസ്തകം 51-ആം അദ്ധ്യായം അവസാനിക്കുന്നത് ജെറമിയായുടെ വചനങ്ങൾ ഇവിടെ അവസാനിക്കുന്നു എന്ന വാക്യത്തോടെയാണ്. അതിനാൽ, ഗ്രന്ഥത്തിലെ അവസാനത്തേതായ അൻപത്തി രണ്ടാം അദ്ധ്യായം പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് അനുമാനിക്കാം. ബാബിലോണിയൻ സേന യെരുശലേം നഗരത്തിന്റെ മതിലുകൾ ഇടിച്ചുനിരത്തുന്നതിന്റെയും നഗരവാസികളെ പ്രവാസികളായി ബാബിലോണിലേക്ക് കൊണ്ടുപോകുന്നതിന്റേയും, ദേവാലയം കൊള്ളയടിച്ചശേഷം നിലംപരിശാക്കുന്നതിന്റെയും വിവരണമാണ് ഈ അദ്ധ്യായത്തിൽ. ബന്ധിതനായി നേരത്തേ ബാബിലോണിലെത്തിയിരുന്ന യെഹോയാക്കിൻ രാജാവിനോട് (സെദെക്കിയായുടെ മുൻഗാമി) ബാബിലോണിലെ അധികാരികൾ കരുണകാണിക്കുന്നതു വിവരിച്ചാണ് ഈ അദ്ധ്യായവും ഗ്രന്ഥവും സമാപിക്കുന്നത്.
പ്രത്യാശയുടെ വചനങ്ങൾ
തിന്മയും കഷ്ടതയും നിറഞ്ഞ നാളുകളിൽ ദൈവഹിതത്തെക്കുറിച്ചുള്ള സ്വന്തം ബോധ്യങ്ങളിൽ ഉറച്ചു നിന്ന് ദൈവകോപത്തിന്റേയും വിനാശത്തിന്റേയും പ്രവചനങ്ങൾ നടത്തിയ ജെറമിയ കരയുന്ന പ്രവാചകൻ എന്നറിയപ്പെടുന്നു. എന്നാൽ വിനാശത്തിന്റേയും ശാപത്തിന്റേയും വചനങ്ങൾ മാത്രമല്ല അദ്ദേഹം ഉരുവിട്ടത്. എബ്രായ പ്രവചനപാരമ്പര്യത്തിലെ ഏറ്റവും പ്രത്യാശാഭരിതമായ പ്രവചനങ്ങളിൽ ചിലതും അദ്ദേഹത്തിന്റേതാണ്. ശാപത്തിന്റെ പ്രവചനങ്ങളിക്കിടയില്പ്പോലും ആശയുടെ ഈ സന്ദേശം കാണാം. മുപ്പത്തി ഒന്നാം അദ്ധ്യായത്തിലെ ഈ ഭാഗം ഉദാഹരണമാണ്:
“ | ഇസ്രായേൽ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാൻ അവരെ കൈയ്ക്കു പിടിച്ച് ഈജ്പ്തിൽ നിന്നു കൊണ്ടുവന്ന നാളിൽ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും. കർത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയൽക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും എന്ന അറിയും. അവരുടെ അകൃത്യത്തിനു ഞാൻ മാപ്പു നൽകും; അവരുടെ പാപം മനസ്സിൽ വയ്ക്കുകയില്ല.[20] | ” |
യഹൂദരേയും ക്രിസ്ത്യാനികളേയും നൂറ്റാണ്ടുകളിലൂടെ എന്തെന്നില്ലാതെ സ്വാധീനിച്ചതാണ് ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ പ്രവചനഭാഗം.[9] പ്രവാസത്തിലേക്ക് പോയ എബ്രായ ജനതക്ക് ഈ പ്രവചനം പ്രത്യാശയുടെ കിരണമായി.
Remove ads
ചില പ്രത്യേകതകൾ

എതിർ പ്രവാചകന്മാർ
ഈ പ്രവചനഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത ജെറമിയാക്ക് ബദലായി പ്രവചനം നിർവഹിച്ചുകൊണ്ടിരുന്ന ഒരു പറ്റം പ്രവാചകന്മാരെപ്പറ്റി അതിലുള്ള പരാമർശങ്ങളാണ്. ജെറമിയാ ദൈവകോപത്തിന്റെയും വിനാശത്തിന്റേയും സന്ദേശം അവതരിപ്പിച്ചപ്പോൾ ഈ പ്രവാചകന്മാർ സുരക്ഷയുടേയും അഭിവൃദ്ധിയുടേയും പ്രവചനങ്ങളാണ് നടത്തിയത്. എതിർ പ്രവാചകന്മാരിലൊരാളായ ഹനനിയായുമായി ദേവാലയാങ്കണത്തിൽ ജെറമിയ നാടകീയമായി ഏറ്റുമുട്ടുന്നു. ഒരേ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ച രണ്ടു പ്രവാചകന്മാർ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ എബ്രായപ്രവാചകപാരമ്പര്യത്തിന്റെ ചരിത്രം പഠിക്കുന്നവർ കൗതുകപൂർവം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവാചകന്മാരുടെ കാലത്ത് അവരുടെ ശ്രോതാക്കാളായിരുന്നവർക്ക് അവരുടെ മൊഴികളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. "യെരുശലേമിന്റെ നാശം ജെറമിയാക്ക് പിൽക്കാലത്ത് ആധികാരികത നൽകിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് വായിക്കാൻ കിട്ടുന്നത് ജെറമിയായുടേതിന് പകരം "ഹനനിയായുടെ പുസ്തകം" ആകുമായിരുന്നു" എന്നാണ് ഒരു നിരീക്ഷണം.[6] കേൾക്കുന്നവരുടെ മനസ്സിൽ വെല്ലുവിളിയാകാത്ത പ്രവചനങ്ങൾ ദൈവപ്രേരിതമല്ലെന്നും, പ്രവചിക്കുന്നവരുടെ ഭാവനാവിലാസം മാത്രമാണെന്നുമായിരുന്നു ജെറമിയായുടെ നിലപാട്.[6] [21]
പ്രവൃത്തികളിലെ പ്രവചനം
വാക്കുകൾ ഉപയോഗിച്ചുള്ള പ്രവചനങ്ങൾ മാത്രമല്ല ജെറമിയ നടത്തിയത്. ഇസ്രായേലിന്റെ വർത്തമാന-ഭാവികളെക്കുറിച്ചുള്ള സന്ദേശങ്ങളിൽ പലതും പ്രതീകാത്മകത നിറഞ്ഞ ചെയ്തികളിലൂടെയായിരുന്നു. കർത്താവിന്റെ ഉത്തരവിൻ പ്രകാരം പ്രവാചകൻ അവിവാഹിതാവസ്ഥയിൽ തുടർന്നതുതന്നെ, സന്താനങ്ങളുടെ പിറവി അഭികാമ്യമാകാതിരിക്കാൻ മാത്രം നിർഭാഗ്യകരമായ ഭാവിയാണ് ജനത്തെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്.[22] ഹിന്നോൻ താഴ്വരയിൽ വിളിച്ചുചേർത്ത ജനനേതാക്കൾക്കുമുൻപിൽ താൻ വാങ്ങിയ കളിമൺഭരണി തച്ചുടച്ചത് യഹൂദായെ കാത്തിരിക്കുന്ന തകർച്ച സൂചിപ്പിക്കാനായിരുന്നു. [23] ഇസ്രായേലിന് സംഭവിക്കാനിരുന്ന അടിമത്തം സൂചിപ്പിക്കാൻ മറ്റൊരിക്കൽ ജെറമിയ കഴുത്തിൽ മരം കൊണ്ടുള്ള നുകം പേറി നടന്നു. [24]
വിനാശത്തിന്റെ സന്ദേശം നൽകാൻ മാത്രമല്ല പ്രവാചകൻ ഈ വഴി അവലംബിച്ചത്. യെരുശലേം ബാബിലോൺ സൈന്യത്തിന്റെ ഉപരോധത്തിലായിരിക്കെ, കൊട്ടാരം അങ്കണത്തിലെ തടവിൽ കിടന്നിരുന്ന ജെറമിയ സ്വന്തം പട്ടണമായ അനത്തോത്തിലെ ബന്ധുക്കളിലൊരാൾ വിൽക്കാൻ തീരുമാനിച്ച ഭൂമി, പതിനേഴു വെള്ളിക്കാശ് കൊടുത്തു വാങ്ങി. സർവനാശത്തിന്റെ നിഴലിലായ നാട്ടിൽ ഭൂമി വാങ്ങാൻ പ്രവാചകൻ ഒരുങ്ങിയത് ജനങ്ങൾ ദേശത്ത് വീടുകളും, വയലുകളും, മുന്തിരിത്തോട്ടങ്ങളും വാങ്ങാൻ തയ്യാറാകുന്ന കാലം തിരിച്ചുവരുമെന്ന് സൂചിപ്പിക്കാനായിരുന്നു.[25]
കേട്ടെഴുത്തുകാരൻ

ജെറമിയായുടെ പ്രവചനഗ്രന്ഥത്തിനുള്ള ഒരു പ്രത്യേകത പ്രവചനങ്ങളുടെ കേട്ടെഴുത്തുകാരനായി ഒരാൾ അതിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ്. കേട്ടെഴുത്തുകാരനും നേരിയായുടെ പുത്രനുമായ ബാറൂക് എന്നൊരാൾ ജെറമിയായുടെ കാലത്ത് ജീവിച്ചിരുന്നുവെന്നതിന് ബൈബിളിൾ നിന്നല്ലാതെയും സൂചന ലഭിച്ചിട്ടുണ്ട്. 1970-ൽ കണ്ടുകിട്ടി, പുരാവസ്തുവിജ്ഞാനി നഹ്‌മാൻ അവിഗാദ് തിരിച്ചറിഞ്ഞ്, ഇപ്പോൾ ഇസ്രായേൽ പുരാവസ്തുവിഭാഗത്തിന്റെ കൈവശമുള്ളതും മൂന്നിൽ-രണ്ടിഞ്ച് വ്യാസമുള്ളതുമായ കളിമൺ മുദ്രയിലാണ് ആ സൂചന. ക്രി.മു. ഏഴാം നൂറ്റാണ്ട് അവസാനത്തേതായി കരുതപ്പെടുന്ന ആ മുദ്രയിൽ, "നീരിയാഹുവിന്റെ മകൻ കേട്ടെഴുത്തുകാരൻ ബെറഖ്യാഹുവിന്റെ വക" എന്ന് മൂന്നുവരികളിലായി എഴുതിയിരിക്കുന്നു. ബാബിലോണിലെ പ്രവാസത്തിനുമുൻപ് ഉപയോഗത്തിലിരുന്ന പഴയ എബ്രായ ലിപിയിലാണ് എഴുത്ത്. ബൈബിളിലെ ഒരു വ്യക്തി പരാമർശിക്കപ്പെടുന്ന അപൂർവം സമകാലീന ബൈബിൾ-ബാഹ്യരേഖകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.[6][3]
Remove ads
രണ്ടു പാഠങ്ങൾ
ജെറമിയായുടെ പുസ്തകം പരമ്പരാഗതമായ രണ്ടു പാഠങ്ങളിൽ ലഭ്യമാണ്. എബ്രായബൈബിളിന്റെ പാഠങ്ങളിൽ ഏറ്റവും സ്വീകാര്യത കൈവരിച്ചിട്ടുള്ള മസോറട്ടിക് പാഠത്തിലുള്ള ജെറമിയായുടെ പുസ്തകം, പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലെ പാഠത്തിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സെപ്ത്വജിന്റിലെ പാഠം മസോറെട്ടിക്ക് പാഠത്തേക്കാൾ എട്ടിലൊന്ന് വലിപ്പം കുറഞ്ഞതാണ്. മസോറെട്ടിക്കിലെ 2700-ഓളം വാക്കുകൾ സെപ്ത്വജിന്റിൽ കുറവാണ് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. രണ്ട് പാഠങ്ങളിലും ഗ്രന്ഥഭാഗങ്ങളുടെ ക്രമീകരണവും വ്യത്യസ്തമാണ്. ചാവുകടൽ ചുരുളുകളുടെ കണ്ടെത്തൽ ഈ പാഠവ്യത്യാസത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്ക് വഴിതെളിച്ചു. ആ ഗ്രന്ഥശേഖരത്തിലുൾപ്പെട്ട് കണ്ടുകിട്ടിയ ജെറമിയായുടെ പുസ്തകത്തിന്റെ ശകലങ്ങൾ പലതും മസോറട്ടിക് പാഠം പിന്തുടരുന്നു. എന്നാൽ കുമ്രാനിലെ നാലാം ഗുഹയിൽ നിന്ന് കിട്ടിയ ഒരു എബ്രായ ഭാഷ്യത്തിലെ പാഠപാരമ്പര്യം സെപ്ത്വജിന്റിലേതാണ്.
ഈ രണ്ടു പാഠപാരമ്പര്യങ്ങളിൽ ഏതാണ് ജെറമിയായുടെ പുസ്തകത്തിന്റെ ആദിരൂപത്തോട് കൂടുതൽ അടുത്തിരിക്കുന്നതെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ഇന്ന് ഏറെപ്പേരും കൂടുതൽ പൗരാണികതയുള്ള ശുദ്ധപാഠം സെപ്ത്വജിന്റിനു പിന്നിലുള്ളതാണെന്ന് കരുതുന്നു. ഈ വിശ്വാസമനുസരിച്ച്, മസോറട്ടുകൾ ആശ്രയിച്ച പാഠം പിൽക്കാലത്ത് വികസിപ്പിച്ചെഴുതിയ പുനരാഖ്യാനമാണ്.[6] [26]
Remove ads
ജെറമിയ പിൽക്കാലങ്ങളിൽ
മൂന്നു വലിയ പ്രവാചകന്മാർ എന്നറിയപ്പെടുന്ന ഏശയ്യാ, ജെറമിയ, എസെക്കിയേൽ എന്നിവർ, യഹൂദപ്രവാചകപാരമ്പര്യത്തിന്റെ ഉന്മാദ-വിഷാദ-ഭ്രാന്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നെന്നും ജെറമിയാ വിഷാദഭാവത്തിന്റെ പ്രവാചകനാണെന്നും ജാക്ക് മൈൽസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[27] [ക] രാഷ്ട്രം വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ തന്റെ വിധിവാചകങ്ങളും ശിക്ഷാപ്രവചനങ്ങളും വഴി ജനങ്ങളുടെ മനോവീര്യം കെടുത്തുകയാണ് അദ്ദേഹമെന്ന് മത-രാഷ്ട്രീയനേതൃത്വങ്ങൾ കരുതി. അതിനാൽ അദ്ദേഹത്തിന് ഒളിവിലും ബന്ധനത്തിലും പ്രവാസത്തിലും കാലംപോക്കേണ്ടി വന്നു. വിദേശാക്രമണഭീഷണിയെ നേരിട്ട യെരുശലേമിൽ ജെറമിയായുടെ പെരുമാറ്റം, സാധാരണഗതിയിൽ ഒരു ഭരണകൂടത്തിനും പൊറുക്കാനാവാത്ത തരത്തിലായിരുന്നെന്ന് ആധുനികകാലത്തും വിലയിരുത്തപ്പെട്ടിട്ടുണ്ട്. നെബുക്കദ്നെസ്സറിനോട് സമ്പൂർണ്ണവിധേയത്വം കാട്ടാൻ ജെറമിയ ആവശ്യപ്പെടുന്നത് വായിക്കുന്ന ആധുനിക വായനക്കാരൻ അദ്ദേഹം ബാബിലോണിന്റെ ശമ്പളം പറ്റിയിരുന്ന ചാരനായിരുന്നോയെന്നു സംശയിക്കുമെന്ന് വിൽ ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. [28][ഖ]
എന്നാൽ ചെറിയ രാജ്യവും ജനതയുമായ യൂദയാ ബാബിലോണിനെ ചെറുക്കാൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ജെറമിയയുടെ നിലപാട് ശരിയായിരുന്നെന്ന് പിന്നീട് വ്യക്തമായി. ബാബിലോണിലെ പ്രവാസത്തിന് ജെറമിയ കല്പിച്ചത് എഴുപതുവർഷത്തെ ദൈർഘ്യമായിരുന്നു. [29] പ്രവാസത്തെക്കുറിച്ചുള്ള ഈ ദീർഘദർശനത്തിനൊപ്പം പ്രവാസികൾക്ക് പ്രത്യാശനൽകാൻ പോന്ന ഒട്ടേറെ സന്ദേശങ്ങളും ആ പ്രവചനങ്ങളിൽ ഉണ്ടായിരുന്നു. പ്രവാസികളോട് പരദേശത്തെ സാഹചര്യങ്ങളിൽ കഴിയുന്നത്ര സമാധാനത്തിലുള്ള സാധാരണജീവിതം നയിക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത്. വീടുപണിത് അവയിൽ വസിക്കുവാനും, തോട്ടങ്ങൾ നട്ടുപിടിപ്പിച്ച് ഫലം അനുഭവിക്കാനും, വിവാഹം കഴിച്ച് സന്താനങ്ങളെ ജനിപ്പിച്ച് പെരുകാനും, വസിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനുവേണ്ടി നിലകൊള്ളുവാനും, ആ നഗരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം പ്രവാസികളോട് ആവശ്യപ്പെട്ടു. പ്രവാസത്തിലായിരിക്കുന്ന നഗരങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചാണ് പ്രവാസികളുടെ ക്ഷേമം എന്ന പ്രായോഗികന്യായമാണ് ഇതിന് പ്രവാചകൻ ഉന്നയിച്ചത്.[30]
യൂദയായുടെ ചരിത്രത്തിലെ ആ നിർണ്ണായകസന്ധിയെ സംബന്ധിച്ച ജെറമിയായുടെ നിലപാടുകളെ കാലം ശരിവച്ചുവെന്നത് ജെറമിയാക്ക് പിൽക്കാലങ്ങളിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. ബാബിലോണിൽ, യഹൂദജനതയുടെ ദേശീയബോധത്തെ നവീകരിക്കുന്നതിൽ മുഴുകിയ പുതിയ നേതൃത്വം ആവേശത്തിന് ഉറ്റുനോക്കിയത് ജെറമിയയുടെ പ്രവചനങ്ങളിലേക്കാണ്. വ്യവസ്ഥാപിത നേതൃത്വത്തിന് അദ്ദേഹം 'ഔദ്യോഗിക' പ്രവാചകനായി [27] [ഗ]
1935-ൽ യൂദയായിലെ ലാച്ചിഷ് നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ കണ്ടുകിട്ടിയ ലാച്ചിഷ് കത്തുകളിൽ, ജെറമിയായുടെ പുസ്തകത്തിലെ മത-രാഷ്ട്രീയസാഹചര്യങ്ങൾ പ്രതിഭലിക്കുന്നു. ജോസിയായുടെ നയങ്ങളുടെ ഫലമായി യൂദയായിലെ ധാർമ്മികതയിൽ യഹോവപക്ഷത്തിനു ലഭിച്ച മേൽക്കോയ്മ, യെരുശലേമിലെ രാജനീതിയിൽ പ്രവാചകന്മാർ വഹിച്ചിരുന്ന പങ്ക്, ബാബിലോണിന്റെ ഭീഷണിയെ നേരിടാൻ ഈജിപ്തിന്റെ പിന്തുണ തേടാനുള്ള ശ്രമം മുതലായവ ജെറമിയായുടെ പുസ്തകത്തിലും ലാച്ചിഷ് കത്തുകളിലും തെളിഞ്ഞു കാണുന്ന കാര്യങ്ങളാണ്.[31]
Remove ads
കുറിപ്പുകൾ
ക. ^ Isaiah, Jeremiah and Ezekiel may be considered, respectively, the maniac, the depressive and the psychotic articulation of the prophetic message."
ഖ. ^ "...and advised such complete surrender to Nebuchadrezzar that the modern reader is tempted to wonder could Jeremiah have been a paid agent of Babylonia."
ഗ. ^ "Vilified during his lifetime, Jeremia became, after his death, something like the 'official' prophet of the sacerdotal establishment."
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads