അക്കെ
From Wikipedia, the free encyclopedia
Remove ads
ഇന്തോനേഷ്യയിലെ ഒരു പ്രത്യേക പ്രവിശ്യയാണ് അക്കെ (/ˈɑːtʃeɪ/; [ʔaˈtɕɛh]); അറ്റ്ജെ (Dutch); അക്കെഹ്. സുമാത്രയുടെ വടക്കേ അറ്റത്താണ് ഈ പ്രവിശ്യ. ബന്ദ അക്കെ എന്ന തലസ്ഥാനത്ത് ഉദ്ദേശം 5,046,000 ജനങ്ങൾ താമസിക്കുന്നുണ്ട്. ഇന്ത്യയുടെ ആന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് അടുത്താണ് ഇതിന്റെ സ്ഥാനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളെയും അക്കെ പ്രവിശ്യയെയും തമ്മിൽ വേർതിരിക്കുന്നത് ആൻഡമാൻ കടലാണ്.
ഇന്തോനേഷ്യയിൽ ഇസ്ലാമിന്റെ വ്യാപനം ആരംഭിച്ചത് അക്കെയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ദക്ഷിണപൂർവ്വേഷ്യയിൽ ഇസ്ലാം വ്യാപിച്ചതിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇവിടമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് മലാക്കൻ കടലിടുക്കിനടുത്തുള്ള പ്രദേശത്തെ ഏറ്റവും സമ്പന്നവും ശക്തിമത്തും സാംസ്കാരിക ഉന്നതി നേടിയതുമായ പ്രദേശമായിരുന്നു അക്കെ സുൽത്താനേറ്റ്. വിദേശികളുടെ നിയന്ത്രണം ചെറുക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം പാലിക്കുകയും ചെയ്യുന്നതിന്റെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. ഡച്ച് കോളനിഭരണക്കാരെയും ഇന്തോനേഷ്യൻ ഭരണകൂടത്തെയും ഇവർ ചെറുക്കുന്നുണ്ട്.
അക്കെ പ്രവിശ്യയിൽ കാര്യമായ അളവിൽ പ്രകൃതി വിഭവങ്ങളുണ്ട്. പെട്രോളിയം, പ്രകൃതിവാതകം എന്നിവ ഇതിൽ പെടുന്നു. ചില കണക്കുകൂട്ടലുകളനുസരിച്ച് അക്കെ പ്രവിശ്യയിലെ പ്രകൃതിവാതകശേഖരം ലോകത്തിൽ ഏറ്റവും വലുതാണ്. ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇത് മതപരമായി കൂടുതൽ യാഥാസ്ഥിതികമായ പ്രദേശമാണ്.[5] ആനുപാതികമായി ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ളത് ഇവിടെയാണ്. പ്രധാനമായും ശരി അത്ത് നിയമങ്ങളും പാരമ്പര്യവുമനുസരിച്ചാണ് ഇവർ ജീവിക്കുന്നത്.[6]
2004-ലെ ഇന്ത്യാമഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമിയുടെയും പ്രഭവകേന്ദ്രം അക്കെയ്ക്ക് അടുത്തായിരുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ തീരത്ത് സുനാമി വലിയ നാശമാണുണ്ടാക്കിയത്. ഉദ്ദേശം 170,000 ഇന്തോനേഷ്യക്കാർ ഈ ദുരന്തത്തിൽ കൊല്ലപ്പെടുകയോ കാണാതെ പോവുകയോ ചെയ്തിരുന്നു.[7] ഈ ദുരന്തത്തിന്റെ പരിണതഫലമായി ഇന്തോനേഷ്യൻ ഭരണകൂടാവും അക്കെ സ്വാതന്ത്ര്യപ്രസ്ഥാനവും തമ്മിൽ സമാധാന കരാർ രൂപീകരിക്കുകയുണ്ടായി.
അക്കെ ദാരുസ്സലാം (1511–1959) എന്നായിരുന്നു ഈ പ്രവിശ്യയുടെ ആദ്യ പേര്. പിന്നീട് ഇത് ദൈറ ഇസ്ടിമേവ അക്കെ (1959–2001), എന്നും നാൻഗ്രോ അക്കെ ദാരുസ്സലാം (2001–2009) എന്നും അക്കെ (2009–ഇപ്പോൾ വരെ) എന്നും മാറ്റുകയുണ്ടായി.
Remove ads
കുറിപ്പുകൾ
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads