ആക്റ്റിനോമൈസീറ്റ്

From Wikipedia, the free encyclopedia

ആക്റ്റിനോമൈസീറ്റ്
Remove ads

ശാഖകളോടുകൂടിയ ഏകകോശജീവികളുടെ ഒരു സമൂഹമാണു് ആക്റ്റിനോമൈസീറ്റ്. ബാക്ടീരിയയുമായി അടുത്ത ബന്ധമുളള ഇവയെ ഉയർന്ന ഇനം ശാഖിത (branched) ബാക്ടീരിയയായി തെറ്റിദ്ധരിക്കാറുണ്ടു്. ഫംഗസു(fungus)കൾക്കും ബാക്ടീരിയയ്ക്കും മധ്യവർത്തിയായ ഒരു പ്രത്യേക വിഭാഗമായും വ്യവഹരിക്കപ്പെട്ടിരുന്നു. ഫംഗസുകളുടെയും ബാക്ടീരിയയുടെയും ആദിപ്രരൂപ(prototype)ത്തിന്റെ സ്ഥാനവും ഇവയ്ക്കു നല്കപ്പെട്ടിരുന്നു. കൈറ്റോകോക്കസ് സെഡൻറ്റേറിയസ് ഏറ്റവും ചെറിയ ആക്ടിനോമൈസെറ്റ് ആണ്.

വസ്തുതകൾ ആക്റ്റിനോമൈസീറ്റ്, Scientific classification ...

ആക്ററിനോമൈസീറ്റുകൾ വിവിധ ജീനസ്സുകളിലായി അനവധി സ്പീഷീസുണ്ടു്. ബാഹ്യഘടനയിലും, ശരീരക്രിയാപരമായും, ജീവരസതന്ത്രപരമായും, പ്രകൃതിയിൽ ഇവയ്ക്കുള്ള പങ്കിന്റെ അടിസ്ഥാനത്തിലും, ഉപയോഗത്തിന്റെ വൈവിധ്യത്തിലും ഒക്കെ വിവിധയിനങ്ങൾ തമ്മിൽ വ്യത്യസ്തസ്വഭാവം പ്രദർശിപ്പിക്കുന്നുണ്ടു്. പ്രകൃതിയിലെ ജൈവവിഘടനപ്രക്രിയയിൽ ഇവ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടു്. സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതങ്ങളായ കാർബൺ, നൈട്രജൻ എന്നിവയെ സ്വതന്ത്രമാക്കുന്ന പ്രക്രിയയിലും ഇവയുടെ പങ്കു സുപ്രധാനമാണു്. ചില ആക്റ്റിനോമൈസീറ്റുകൾ ജന്തുക്കളിലും മറ്റു ചിലത് സസ്യങ്ങളിലും രോഗമുണ്ടാക്കുന്നവയുമാണു്. ആന്റിബയോട്ടിക്കുകൾ, ജീവകം, പ്രോട്ടീൻ, എൻസൈമുകൾ എന്നിവയുടെ വൻതോതിലുള്ള ഉത്പാദനത്തിൽ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ രാസയൌഗികങ്ങൾ ഒക്കെത്തന്നെ രോഗപ്രതിരോധത്തിനും ചികിത്സാവിധികൾക്കുമായി ഉപയോഗപ്പെടുത്തിവരുന്നു.

1875ൽ ഫെർഡിനാൻഡ് കോഹൻ എന്ന ശാസ്ത്രകാരനാണ് അശ്രുവാഹിനി(lacrimal duct)യുടെ സംഗ്രഥന(concretion) ത്തിൽ ആക്റ്റിനോമൈസീറ്റുകളെ ആദ്യമായി കണ്ടെത്തിയതു്. ഇദ്ദേഹം ഇതിനെ സ്ട്രെപ്റ്റോത്രിക്സ് ഫോർസ്റ്റെറി (Streptothrix foersteri) എന്നു പേരിട്ടു. രണ്ടു വർഷത്തിനുശേഷം ഹാർഷ് എന്ന ശാസ്ത്രകാരൻ 'ലംപി ജോ'(lumpy jaw) എന്ന കന്നുകാലിരോഗത്തിന്റെ നിദാനമായി കരുതപ്പെട്ട ഒരു ജീവിയെപ്പറ്റി പഠിക്കുകയുണ്ടായി. ആക്റ്റിനോമൈസെസ് ബോവിസ് (Actinomyces bovis) എന്ന് ഇതിന് അദ്ദേഹം പേരു നല്കി. അങ്ങനെ രണ്ടു വർഷങ്ങൾക്കുള്ളിൽ രണ്ടു പേരുകൾ ഈ സൂക്ഷ്മ ജീവികളുടെ സമൂഹത്തിനു ലഭിച്ചു. രണ്ടു പഠനങ്ങളിലും യഥാർഥ സംവർധം(culture) ലഭ്യമായില്ലതാനും. അതിനുശേഷം നൊക്കാർഡിയ (Nocardia), പ്രോ ആക്റ്റിനോമൈസെസ് (Proactinomyces) തുടങ്ങി അനവധിപേരുകൾ കൂടി ഇവയ്ക്കു നല്കപ്പെട്ടു. 1891ൽ താക്സ്റ്റെർ എന്ന ശാസ്ത്രകാരനും ഉരുളക്കിഴങ്ങുരോഗത്തിന്റെ നിദാനജീവികളായി ചില ആക്റ്റിനോമൈസീറ്റുകളെ കണ്ടെത്തി.

ആക്റ്റിനോമൈസീറ്റുകളെ വിവിധ ജീനസ്സുകളിലായി വർഗീകരിക്കുവാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. 1943ൽ വാക്ക്സ്മാനും ഹെൽറിക്കിയും ആക്റ്റിനോമൈസെസ്, നൊക്കാർഡിയ, സ്ട്രെപ്റ്റോമൈസിസ്, മൈക്രോമോണോസ്പോറ എന്നീ നാലു ജീനസ്സുകളെ തരംതിരിച്ചു. ആക്റ്റിനോമൈസെസ് പരജീവനസ്വഭാവമുളള സൂക്ഷ്മജീവികളാണ്. ഇവയ്ക്ക് ഒരു അധസ്തരകവകജാലം (mycelium) ഉണ്ട്. നൊക്കാർഡിയയ്ക്ക് ഖണ്ഡമയ അധസ്തര കവകജാലമാണുള്ളതു്. ഇവയിൽ ചിലതു് രോഗജനകങ്ങളും മറ്റു ചിലതു് മൃതോപജീവി(saprophyte)കളുമാണ്. സ്ട്രെപ്റ്റോമൈസിസിന് ഖണ്ഡമയമല്ലാത്ത ഒരു അധസ്തരകവകജാലവും സ്പോറുകളെ ഉത്പാദിപ്പിക്കുന്ന ഒരു വായുകവകജാലവുമുണ്ട്. മൈക്രോമോണോസ്പോറയ്ക്കു ഖണ്ഡമയമല്ലാത്ത ഒരു അധസ്തരകവകജാലമാണുള്ളത്. ഇവയെ കൂടാതെ അനവധി ജീനസ്സുകളുംകൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. ആക്റ്റിനോമൈസീറ്റുകൾ വായുവിലും ജലത്തിലും ആഹാരപദാർഥങ്ങളിലും മണ്ണിലും, മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ശരീരത്തിലും ധാരാളം കാണപ്പെടുന്നു. ബാക്ടീരിയയെ വേർപെടുത്തിയെടുക്കുന്ന അതേ സംവിധാനം ഇവയ്ക്കും ഉപയോഗിക്കാവുന്നതാണു്.

ഭൂരിഭാഗം ആക്റ്റിനോമൈസീറ്റുകളും വായുജീവി(aerobic) കളാണ്. 25° - 30°C താപനില ഇവയ്ക്കു പറ്റിയതാണു്. രോഗജനക ഇനങ്ങൾ 37°C വരെ പിടിച്ചു നില്ക്കാറുണ്ട്. താപപ്രിയ (thermophils) ഇനങ്ങൾ 50° - 60°C. വരെയുള്ള താപനിലയിൽ കാണപ്പെടുന്നുണ്ടു്.

ആക്റ്റിനോമൈസീറ്റുകൾക്ക് വിവിധയിനം പഞ്ചസാരകൾ, ജൈവാമ്ളങ്ങൾ, സ്റ്റാർച്ചുകൾ, പ്രോട്ടീനുകൾ, പോളിപെപ്റ്റൈഡുകൾ, അമിനോ ആസിഡുകൾ തുടങ്ങി വിവിധ ജൈവസംയുക്തങ്ങളെ ആഹാരപദാർഥങ്ങളായി ഉപയോഗപ്പെടുത്താൻ കഴിയും. സെല്ലുലോസിനെയും കൊഴുപ്പിനെയും ആക്രമിക്കാനും ചിലയിനങ്ങൾക്കു കഴിവുണ്ടു്. വിരളമായി ടാനിനും റബ്ബറും ഇവ ഉപയോഗപ്പെടുത്തുന്നു. നൈട്രജനെ ഇവയ്ക്കു നേരിട്ടുപയോഗപ്പെടുത്തുവാൻ കഴിവില്ലാത്തതിനാൽ കവകങ്ങളെയും ബാക്ടീരിയയെയും പോലെ നൈട്രജന്റെ സംയുക്തങ്ങളെ കോശസംശ്ളേഷണത്തിനായി ആശ്രയിക്കേണ്ടിവരുന്നു. ഇവയുടെ പ്രത്യുത്പാദനം വിഘടനം (fission) വഴിയോ സ്പോറുകളുടെ ഉത്പാദനംവഴിയോ നടക്കുന്നു.

ആക്റ്റിനോമൈസീറ്റുകൾ ഉത്പാദിപ്പിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടവ ആക്റ്റിനോമൈക്കോസിസും നൊക്കാർഡിയോസിസുമാണ്. ഇവയുടെ ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുവരുന്നു.

Remove ads

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആക്റ്റിനോമൈസീറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads