അനുകൂലനം

From Wikipedia, the free encyclopedia

അനുകൂലനം
Remove ads

ജീവികളുടെ പരിസരവുമായുള്ള സമഞ്ജസമായ ഒത്തിണങ്ങലാണ് അനുകൂലനം. ജീവശാസ്ത്രത്തിൽ, അനുകൂലനത്തിനു മൂന്ന് അർത്ഥതലങ്ങളാണ് ഉള്ളത്. ഒന്നാമതായി, അനുകൂലനം എന്നത് പരിണാമക്ഷമത വർധിപ്പിക്കുന്നതിലൂടെ ജീവജാലങ്ങളെ അവ ജീവിക്കുന്ന പരിതസ്ഥിതിയുമായി ഇണങ്ങുന്ന രീതിയിൽ പ്രാപ്തമാക്കുന്ന സ്വാഭാവികനിർദ്ധാരണത്തിന്റെ (natural selection) ഭാഗമായ ഒരു പരിണാമപ്രക്രിയയാണ്. രണ്ടാമതായി, അനുകൂലനം എന്നത് മേൽപ്പറഞ്ഞ പ്രക്രിയയുടെ ഭാഗമായി ഒരു സമഷ്ടി (population) എത്തിച്ചേരുന്ന ഒരു അവസ്ഥയാണ്. മൂന്നാമതായി, ഇത് സ്വാഭാവിക നിർദ്ധാരണത്തിലൂടെ ഓരോ ജീവിവർഗ്ഗത്തിലുമായി നിലനിർത്തപ്പെടുകയും പരിണമിക്കപ്പെടുകയും ചെയ്യുന്ന പ്രവർത്തനപരമായ പങ്കുള്ള (functional role) ഒരു ഫീനോടൈപ്പിക്കോ പരിണാമപരമോ ആയ ഒരു സ്വഭാവമാണ്.

Thumb
അനുകൂലനം

പ്രാചീനകാലം മുതലേ ഇമ്പെഡിക്ലീസ്, അരിസ്റ്റോട്ടിൽ തുടങ്ങിയ ഗ്രീക്ക് തത്ത്വജ്ഞർ അനുകൂലനത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. 18, 19 നൂറ്റാണ്ടുകളിൽ അനുകൂലനത്തെ ദൈവസാന്നിധ്യത്തിന്റെ തെളിവായാണ് കണ്ടിരുന്നത്. ചാൾസ് ഡാർവിനാണ് അനുകൂലനങ്ങളെ സ്വാഭാവിക പ്രകൃതി നിർദ്ധാരണത്തിന്റെ വെളിച്ചത്തിൽ വിശദികരിക്കാം എന്ന ആശയം മുന്നോട്ടു വെച്ചത്.

എല്ലാ ചുറ്റുപാടിലും അവിടത്തെ ജീവികൾ ശാരീരികഘടനയിലും പ്രവർത്തനത്തിലും അത്യന്തം പൊരുത്തപ്പെട്ടുപോകുന്നു. ജീവികളെന്ന നിലയ്ക്കുള്ള അവിടത്തെ വിജയത്തിന് ഈ അനുകൂലനം അനിവാര്യമാണ്. ഒരു ജീവിയെ സംബന്ധിക്കുന്ന എല്ലാ മണ്ഡലങ്ങളിലും അനുകൂലനം എന്ന പ്രതിഭാസം സ്പർശിക്കുന്നതുകൊണ്ട് ഈ പ്രശ്നം അതിസങ്കീർണമാണ്. ജീവിയും പരിസരഘടകങ്ങളുമായുള്ള പൊരുത്തവും അതിന്റെ ആന്തരികഘടകാവയവങ്ങളിൽ അന്യോന്യമുള്ള പൊരുത്തങ്ങളും ഈ അനുകൂലനത്തിൽപെടുന്നു.

Remove ads

ആന്തരിക അനുകൂലനം

ശരീരഘടകങ്ങളായ അവയവങ്ങൾ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ് ആന്തരികമായ അനുകൂലനത്തിന്റെ അടിസ്ഥാനം. ഉദാഹരണമായി, ചലനമെന്ന പ്രക്രിയ പരിശോധിക്കാം. അസ്ഥിഭാഗങ്ങളും മാംസപേശികളും ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോഴാണ് വിരലുകൾ ചലിക്കുന്നതും കാലുകൾ നീങ്ങുന്നതും. കേൾവി, കാഴ്ച എന്നീ അനുഭൂതികൾക്ക്, ഇന്ദ്രിയഘടകങ്ങളും നാഡീഘടകങ്ങളും ചേർന്നുള്ള പ്രവർത്തനം അനിവാര്യമാണ്. സൂക്ഷ്മപരിശോധനയിൽ ഒരു ജീവിയുടെ ഓരോ പ്രത്യേക പ്രവർത്തനത്തിലും അനവധി അവയവങ്ങളും അവയുടെ ഘടകങ്ങളും പൊരുത്തത്തോടെ ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം. ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ സമഞ്ജസമായി കൊണ്ടുപോകുന്നതിൽ നാഡീവ്യൂഹത്തിന് പ്രധാനമായ പങ്കുണ്ട്. പരിസരഘടകങ്ങൾക്ക് വിധേയമായ ഇന്ദ്രിയങ്ങളിലൂടെ പ്രേരണകളുൾക്കൊണ്ട് ആന്തരികാവയവങ്ങൾ പ്രവർത്തിക്കുമ്പോൾ ജീവിക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാൻ കഴിയുന്നു. ഒരു പ്രത്യേക പ്രവർത്തനത്തെ ലാക്കാക്കിയുള്ള ശരീരഘടന പരിശോധിച്ചാൽ അതിസൂക്ഷ്മങ്ങളായ അംശങ്ങളിൽപോലും ദൃശ്യമാകുന്ന യാന്ത്രികരൂപത്തിലുള്ള അനുയോജ്യത അത്ഭുതം ഉളവാക്കുന്നതാണ്. കൊതുകിന്റെ അതിലോലവും സങ്കീർണവുമായ വായ്ഘടകങ്ങൾ രക്തം വലിച്ചെടുക്കുന്നതിന് അനുയോജ്യമായിരിക്കുന്നു. അതിന്റെ ഭാഗങ്ങൾ പരസ്പരപൂരകങ്ങളായ അനേകം ഉപഭാഗങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നു. പരസ്പരബന്ധത്തോടും ആശ്രയത്തോടുമുള്ള അവയവങ്ങളുടെ ഇത്തരം പ്രവർത്തനങ്ങളാണ് ആന്തരികമായ അനുകൂലനം ഉണ്ടാക്കുന്നത്.

Remove ads

ബാഹ്യ അനുകൂലനം

Thumb
വിട്ടിൽ(Gryllotalpa)
പ്രമാണം:Talpa europaea MHNT Tete.jpgg
മോൾ (Mole)

ബാഹ്യലോകവുമായുണ്ടാകുന്ന അനുകൂലനം എല്ലാ ജീവജാലങ്ങളിലും ദൃശ്യമാണ്. വൈവിധ്യമാർന്ന പരിസരങ്ങൾ അവയ്ക്കു പൂർണമായി ഇണങ്ങിയതരം ജീവികളെ ഉൾക്കൊള്ളുന്നു. ജലത്തിലും കരയിലും വൃക്ഷത്തിലും ഭൂമിക്കടിയിലും പരശരീരത്തിലും മരുഭൂമിയിലും കഴിയുന്ന ജീവികൾ അതതു പരിസരങ്ങളോട് അങ്ങേയറ്റം അനുയോജ്യമായ ശരീരഘടനയും പ്രവർത്തനരീതികളും ഉള്ളവയാണ്. ഈ വസ്തുത നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയിട്ടാണ്, പ്രസിദ്ധ പുരാജീവിഗവേഷകനായ ഓസ്ബോൺ ഒരു ജീവശാസ്ത്രനിയമമായി അനുകൂലക വികിരണം (adaptive radiation)[1] എന്ന തത്ത്വം ആവിഷ്കരിച്ചത്. ബഹുമുഖങ്ങളായ പരിതഃസ്ഥിതികളുള്ള ഒരു വിസ്തൃത ഭൂഖണ്ഡത്തിൽ, ജീവികളെ നാനാഭാഗത്തേക്കുമുള്ള യോജ്യതാപരമായ ഒരു വികിരണത്തിന്, അതായത് അവയ്ക്കു സഹജമായ അനുയോജ്യതയ്ക്ക് വിധേയമാക്കുന്നു. ഒരു സാമാന്യ പ്രകൃതിയിൽനിന്നും കാലക്രമേണ പലതായി തിരിഞ്ഞ് ആ ഭൂഖണ്ഡം പ്രദാനം ചെയ്യുന്ന ഏതൊരു വ്യത്യസ്തപരിസരത്തിലും ഒത്തിണങ്ങിക്കഴിയാനുള്ള വിധം അവ രൂപം പ്രാപിക്കുന്നു. ഇതേ കാരണംകൊണ്ടു തന്നെയാണ് അഭികേന്ദ്രസരണപരിണാമം (conver-gent evolution)[2] എന്ന മറ്റൊരു പ്രതിഭാസവും ജീവികളിൽ കാണുന്നത്. വിഭിന്ന വർഗങ്ങളിൽപെട്ട ജീവികൾ ഒരേ പരിതഃസ്ഥിതിയിൽ ഒരേ ജീവിതസമ്പ്രദായം കൈക്കൊള്ളുകയാണെങ്കിൽ സമാനമായ ശരീരഘടനയും പ്രവൃത്തിവിശേഷങ്ങളും കാണിക്കുന്നു. മത്സ്യവും തിമിംഗിലവും അനേക ലക്ഷം വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന ഇക്തിയോസോറും (Ichthyosaur)[3] ആകൃതിയിലും പ്രകൃതിയിലും സാദൃശ്യങ്ങൾ കാണിക്കുന്നവയാണ്. ഇവയ്ക്കു പൊതുവായുള്ള ജലജീവിതമാണ് ഇതിന് കാരണം. നിലം തുരക്കുന്ന വിട്ടിലിനെയും (Gryllotalpa),[4] സസ്തനിയായ മോളിനെയും (Mole) ശ്രദ്ധിക്കുക. കൂർത്ത ശിരോഭാഗവും പ്രവർത്തനശേഷി കുറഞ്ഞ ശുഷ്കിച്ച കണ്ണുകളും മണ്ണിളക്കാൻ പര്യാപ്തമായ മുൻകാലുകളും അവയിൽ പൊതുവായി കാണുന്നു.

Remove ads

അനുകരണം

Thumb
സംരക്ഷണനിറങ്ങൾ
Thumb
c/മയിലിന്റെ സംരക്ഷണനിറങ്ങൾ

അനുകൂലനത്തെക്കുറിച്ചുള്ള പരിഗണനയിൽ അനുകരണം (mimicry),[5] സംരക്ഷണനിറങ്ങൾ (protective colouration),[6] പരോപജീവികളുടെ സവിശേഷതകൾ, പ്രാണികളിലെ സാമൂഹ്യജീവിതം എന്നിവ പ്രത്യേക പരാമർശം അർഹിക്കുന്നു. ഉറുമ്പിനത്തിൽപ്പെടുന്ന നീറിന്റെ (Oecophylla)[7] കോളനികൾക്ക് സമീപം കഴിയുന്ന ഒരിനം എട്ടുകാലി (Myrmarachna)[8] നിറത്തിലും വലിപ്പത്തിലും നീറിനോടു വളരെ സാമ്യമുള്ളവയാണ്. വിഷമില്ലാത്ത ഹെറ്റരോഡോൺ (Heterodon)[9] എന്നയിനം പാമ്പ് മൂർഖനെപ്പോലെ പത്തി വിടർത്തുകയും ചീറ്റുകയും ചെയ്യുന്നു. പക്ഷികൾ ഭക്ഷിക്കാത്ത മോണാർക്ക് (Monarch)[10] ശലഭങ്ങളോട് വർണസംവിധാനത്തിൽ (colour pattern) ഏതാണ്ട് തുല്യത പൂലർത്തിക്കൊണ്ട് അതേ പരിസരത്തിൽ വൈസ്റോയി (viceroy)[11] ശലഭങ്ങളും കഴിയുന്നു. പല വണ്ടുകളും സ്പർശനമാത്രയിൽ കമ്പിച്ചു നിലം പതിച്ച് ചത്തതുപോലെ കിടക്കുന്നു. ശത്രുക്കളിൽനിന്നു രക്ഷനേടുന്നതിന് പ്രകൃതിയിൽ കാണുന്ന അനുകരണമാർഗങ്ങളാണ് ഇവയെല്ലാം.

പരിവർത്തനം

Thumb
പരോപജീവിയായ ഫാഷ്യോള ഹെപ്പാറ്റിക്ക

അനുകൂലനം ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് പരോപജീവിയായ ഫാഷ്യോള ഹെപ്പാറ്റിക്ക(Fasciola hepatica)[12]യുടെ ശരീരഘടനയും ജീവിതചക്രവും പരിശോധിച്ചാൽ മനസ്സിലാവുന്നതാണ്. ഇവയുടെ വാസം ചെമ്മരിയാടിന്റെ പിത്തവാഹിനിയിലാണ്. ഇലപോലെ പരന്ന ശരീരം, അള്ളിപ്പിടിക്കാൻ പുറംതൊലിയിൽ കൊച്ചു മുള്ളുകൾ, രണ്ടു ചൂഷകാംഗങ്ങൾ (suckers), ആഹാരം വലിച്ചെടുക്കാൻ പറ്റിയ ആമാശയഘടന എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ആവശ്യമില്ലാത്ത അവയവങ്ങൾക്കെല്ലാം ക്ഷയിക്കൽ സംഭവിച്ചിരിക്കുന്നു. പ്രത്യുത്പാദനാവയവങ്ങൾ മാത്രം വൈപുല്യമാർന്നതാണ്. നിത്യജീവിതത്തിലെ പ്രശ്നങ്ങളായ ആഹാരസമ്പാദനം, താമസസൌകര്യം, ശത്രുക്കളിൽനിന്നുമുള്ള സംരക്ഷണം എന്നിവ ഒരു പരോപജീവിക്ക് നിസ്സാരങ്ങളാണെങ്കിലും പിൻതലമുറയെ വിജയകരമായി മറ്റൊരു പരപോഷിയിൽ എത്തിക്കുകയെന്നത് കടുത്ത പ്രശ്നം തന്നെയാണ്. ദുർഘടമായ ഈ പാത തരണം ചെയ്യാൻ പര്യാപ്തമായ വിധത്തിൽ സങ്കീർണമാണ് പ്രത്യുത്പാദനാവയവങ്ങൾ. അത്യധികം അണ്ഡങ്ങൾ ഉത്പാദിപ്പിച്ച് സംഭരണം ചെയ്തശേഷം ജീവിതദശകൾ ആരംഭിക്കുകയും മധ്യസ്ഥനായ മറ്റൊരു പരപോഷിയിൽ ഇതിന്റെ കുറെ ഭാഗം നിർവഹിക്കുകയും ചെയ്തിട്ട് വീണ്ടും നിശ്ചിത പരപോഷിയിൽ എത്താനുതകുന്നവിധം ജീവിതചക്രത്തിന്റെ അന്ത്യഭാഗം രൂപവത്കൃതമാകുകയും ചെയ്യുന്ന ഇവയുടേത് സവിശേഷമായ അനുകൂലനംതന്നെ. ഒട്ടകത്തിന്റെ ശരീരഘടന മരുഭൂമിയുടെ സാഹചര്യങ്ങൾക്ക് ഇണങ്ങിയതാണ്. ജലം അസുലഭമായിരിക്കേ അത് കിട്ടുമ്പോൾ സംഭരിക്കാനും അല്പാല്പമായി ഉപയോഗിച്ച് കുറെ ദിവസങ്ങൾ ജലപാനമില്ലാതെതന്നെ കഴിയാനും അതിനു സാധിക്കുന്നു. മാത്രമല്ല, താഴുന്ന മണലിൽ പുതഞ്ഞുപോകാത്ത പാദങ്ങളും അത്യുഷ്ണത്തിൽ നിന്നും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളെ രക്ഷിക്കാൻ പാകത്തിൽ ഉയർത്തിപ്പിടിച്ച തലയും ഒട്ടകം മരുഭൂമിയോട് എത്ര വളരെ ഇണങ്ങിയതാണ് എന്നു കാണിക്കുന്നു.

Thumb
നിശാശലഭങ്ങൾ

വ്യവസായമേഖലകളിലുള്ള ചില നിശാശലഭങ്ങൾ (moths)[13] ഇരുണ്ടതും മങ്ങിയതുമായ നിറങ്ങളിൽ കാണപ്പെടുന്നു. പ്രസ്തുത പ്രദേശങ്ങൾ വ്യവസായമേഖലകളാകുന്നതിനുമുമ്പേ നിറംമങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, വ്യവസായശാലകളിലെ നിരന്തരമായ പുകപടലം കൊണ്ട് പരിസരം ഇരുണ്ടുപോയപ്പോൾ ഇരുണ്ട നിറമുള്ളവ ക്രമേണ കൂടിവരികയും ഏതാണ്ട് 80 ശ.മാ. വരെ ആകുകയും ചെയ്തിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇതു പ്രകൃതിയുടെ തിരഞ്ഞെടുപ്പിന്റെ ഫലമായുണ്ടാകുന്ന വ്യതിയാനമാണെന്ന് ഡോ. കെറ്റിൽവെല്ലിന്റെയും മറ്റും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അനുകൂലനം എങ്ങനെ വന്നുചേരുന്നുവെന്നതിന് ഈ പഠനം നല്ലൊരുദാഹരണമാണ്. ഒരു സ്പീഷീസുതന്നെ രണ്ടോ അതിൽ കൂടുതലോ രൂപഭേദങ്ങളോടുകൂടി ഒരു നിശ്ചിതാനുപാതത്തിൽ ഒരേ സ്ഥലത്ത് തന്നെ കഴിഞ്ഞുകൂടുന്നതിന് ചില ശലഭങ്ങളും (Papilio) ഒച്ചുകളും (Snails) മറ്റും ഉദാഹരണങ്ങളാണ്. സന്തുലിത ബഹുരൂപത (balanced polymorphism) എന്നാണിതിനു പേര്. സ്പീഷീസിന്റെ വിജയത്തിന് ഈ പ്രതിഭാസം പ്രയോജനകരമാണ്.

Remove ads

വർഗീകരണം

അനുകൂലനത്തെ പൊതുവിലുള്ളതെന്നും സവിശേഷമായതെന്നും രണ്ടായി തിരിക്കാം. ജലജീവികൾക്ക് നീന്താനും ശ്വാസോച്ഛ്വാസം ചെയ്യാനും മുങ്ങാനും പൊങ്ങാനും സഹായകമായ ഒരു പൊതു ഘടനയുണ്ട്. അതുപോലെ ധാരാളമായ രോമപ്രകൃതി, വെള്ളനിറം എന്നിവ ഹിമാവൃതമായ ധ്രുവം|ധ്രുവ]] (polar) പ്രദേശങ്ങളിലെ ജീവികളുടെ പൊതുസ്വഭാവമാണ്.

ഒരു പ്രത്യേക ജീവിതരീതിക്കുവേണ്ടിയുള്ള സവിശേഷമായ അനുയോജ്യത ചില ജീവികളിൽ പ്രകടമാണ്. മാംസഭുക്കുകളുടെ ദന്തഘടന, തേനീച്ചകളുടെ സാമൂഹിക ജീവിതത്തിനനുസരണമായ പ്രത്യേക ഘടനകൾ എന്നിവ സവിശേഷമായ അനുകൂലനത്തിന് ഉദാഹരണങ്ങളാണ്. ഇത്രമാത്രം സങ്കുചിതമായ അനുകൂലനം പലപ്പോഴും സ്പീഷീസിന്റെ വർഗനാശത്തിന് ഇടയാക്കിയിട്ടുള്ളതിന് തെളിവുകളുണ്ട്.

Remove ads

അനുകൂലനം എങ്ങനെ ഉണ്ടാകുന്നു

അനുകൂലനം എങ്ങനെ വന്നുചേരുന്നു എന്നത് ശരിയായി അറിയപ്പെട്ടിട്ടില്ലെങ്കിലും, സഹജമായ പരിണാമപ്രക്രിയയുടെ കാതലായ ഭാഗമാണ് അതെന്നത് സ്പഷ്ടമാണ്. ജീവി-അതിന്റെ പ്രവർത്തനം - പരിസരം എന്നിവ ഒരു കോംപ്ളക്സാണ്. ജീവി സ്വപ്രവർത്തനത്തിലൂടെ പരിസരവുമായി യോജിക്കുന്നുവെന്നും അതല്ല പരിസരഘടകങ്ങൾ ജീവിയെ തദനുയോജ്യമായ തരത്തിൽ രൂപപ്പെടുത്തിയെടുക്കുന്നുവെന്നും രണ്ടു വീക്ഷണങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ അനുകൂലനം കൈവരുത്തുന്നതിൽ രണ്ടും തുല്യമായ ഘടകങ്ങളാണെന്നാണ് ഇന്നത്തെ ചിന്താഗതി. പാരമ്പര്യത്തിന് അടിസ്ഥാനമായ ജീനുകൾ ഒരളവുവരെ പരിസരഘടകങ്ങളാൽ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന് വാഡിങ്ടൺ (Waddington) പ്രഭൃതികളുടെ പരീക്ഷണങ്ങൾ തെളിയിക്കുന്നു. പരിണാമവാദികളായ സിംപ്സൺ തുടങ്ങിയവരും ഈ അഭിപ്രായത്തോടു യോജിക്കുന്നു. ജീനുകൾ ഉത്പരിവർത്തന(mutation)[14] വിധേയമാണ്. അനിശ്ചിതവും യാദൃച്ഛികവുമായ ഉത്പരിവർത്തനങ്ങളാണ് പാരമ്പര്യ പ്രക്രിയയിൽ വ്യതിയാനങ്ങളുണ്ടാക്കുന്നതിന്റെ മുഖ്യ കാരണം. ഈ വ്യതിയാനങ്ങളെ പരിസരവുമായി ഇണക്കിയെടുക്കുന്നത് പ്രകൃതിനിർധാരണത്തിലൂടെയാണ്. അനുസ്യൂതമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ അനുക്രമമായി അനുകൂലനത്തെ പുഷ്ടിപ്പെടുത്തുന്നു. പരിസരഘടകങ്ങൾ നിലവിലുള്ള ജീവികൾക്ക് എപ്പോഴെങ്കിലും ദോഷമായി വരുമ്പോൾ (കൊതുകിനെ നശിപ്പിക്കുവാൻ ഡി.ഡി.റ്റി. ഉപയോഗിക്കുന്നത് ഈ ജീവിയെ സംബന്ധിച്ചിടത്തോളം പരിസരത്തിലെ വലിയ ഒരു പൊരുത്തക്കേടാണ്.) അവയ്ക്ക് വൻതോതിൽ നാശം സംഭവിക്കുമെങ്കിലും ക്രമേണ അവ വീണ്ടും പ്രകൃതിയോടിണങ്ങിവരുന്നതായി കാണുന്നുണ്ട്. ഡി.ഡി.റ്റിയെ അതിജീവിച്ചുകൊണ്ട് വീണ്ടും കൊതുകുകൾ സമൃദ്ധമാകാൻ തുടങ്ങിയിട്ടുള്ളത് പ്രകൃതി അനുകൂലമായ ഉത്പരിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ്.

Remove ads

ഇതുംകൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads