മത്സ്യം

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ From Wikipedia, the free encyclopedia

മത്സ്യം
Remove ads

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌ മത്സ്യങ്ങൾ അഥവാ മീനുകൾ . ഇംഗ്ലീഷിൽ ഫിഷ് (Fish) എന്നറിയപ്പെടുന്നു. മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട്. എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം.

വസ്തുതകൾ Scientific classification, Groups included ...

ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്. ഇതൊരു പോഷകാഹാരം കൂടിയാണെന്ന് പറയാം. കേരളീയരുടെ ഭക്ഷണത്തിൽ മത്സ്യം സുപ്രധാന പങ്കു വഹിക്കുന്നു.

മത്സ്യം പോഷകങ്ങളാൽ സമൃദ്ധവും ആരോഗ്യകരവുമായ ഒരു ആഹാരമായി കണക്കാക്കപ്പെടുന്നു. പ്രോടീൻ അഥവാ മാംസ്യം, ഓമേഗാ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ എന്നിവയുടെ നല്ല ശ്രോതസാണ് മത്സ്യം എന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് മത്തി അല്ലെങ്കിൽ ചാള, അയല, കൊഴുവ, കിളിമീൻ, ആവോലി തുടങ്ങിയ കടലിൽ നിന്ന് ലഭിക്കുന്ന താരതമ്യേനെ ചെറുതോ ഇടത്തരമോ ആയ മത്സ്യങ്ങൾ ഏറെ ഗുണകരമാണ്.

മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിടുകൾ ആരോഗ്യത്തിന് അത്യുത്തമമാണ് എന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവ ഉത്തമമാണ്. മെർക്കുറിയുടെ അളവ് കുറഞ്ഞതും ഒമേഗാ 3 ഫാറ്റി ആസിടുകളാൽ സമൃദ്ധവുമായ ചെറുതോ ഇടത്തരമോ വലിപ്പമുള്ള കടൽ മത്സ്യങ്ങളാണ് ആരോഗ്യത്തിന് ഏറെ ഉത്തമം എന്ന്‌ ശാസ്ത്രം തെളിയിക്കുന്നു.

മത്സ്യങ്ങൾ എണ്ണയിൽ വറുത്തോ പൊരിച്ചോ ഉപയോഗിക്കുബോൾ ഇവയിലെ ആരോഗ്യകരമായ പോഷകങ്ങൾ നഷ്ടമാകുന്നു. അതിനാൽ കറിവച്ച മത്സ്യം ആണ് പൊരിക്കുന്നതിനേക്കാൾ ആരോഗ്യത്തിന് ഉത്തമം. എന്നാൽ ഇതേപറ്റി ശാസ്ത്രീയമായ അറിവ് പലർക്കുമില്ല എന്നതാണ് വാസ്തവം.

വലിയ ഇനങ്ങളെക്കാൾ ചെറുതോ ഇടത്തരമോ ആയ മത്സ്യങ്ങൾ ആണ് ആരോഗ്യകരം. ചൂര, നെയ്മീൻ തുടങ്ങിയ വലിയ മത്സ്യങ്ങളിൽ ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം ഉള്ളതിനാൽ അവ അമിതമായോ ദിവസേനയോ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ് എന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വലിയ മത്സ്യങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ടതുണ്ട്.

കരിമീൻ, വാകവരാൽ, വരാൽ, പരൽ, കരിപ്പിടി അഥവാ അനാബസ് തുടങ്ങിയ പല തദ്ദേശീയ ഇനങ്ങളും കേരളത്തിൽ കാണപ്പെടുന്നു.

തിലാപ്പിയ, കാളാഞ്ചി, തിരുത, കാർപ്പ് ഇനത്തിപ്പെട്ട റോഹു, കട്ട്ല, മൃഗാൽ തുടങ്ങിയ പല മത്സ്യങ്ങളും മനുഷ്യരിലെ പോഷക കുറവുകൾ പരിഹരിക്കാനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ പലതും കേരളത്തിൽ സുലഭമാണ്. ഗ്രാസ് കാർപ്പ് എന്ന മത്സ്യം പായൽ, കള സസ്യങ്ങൾ എന്നിവ ആഹാരമാക്കുന്നതിനാൽ ജലാശയങ്ങളിലെ പായലും കളയും ഒഴിവാക്കാൻ വേണ്ടിയും വളർത്താറുണ്ട്.

Remove ads

മത്സ്യശാസ്ത്രം

പ്രധാന ലേഖനം: മത്സ്യശാസ്ത്രം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി.

ശരീരഘടന

Thumb
The anatomy of Lampanyctodes hectoris
(1) - operculum (gill cover), (2) - lateral line, (3) - dorsal fin, (4) - fat fin, (5) - caudal peduncle, (6) - caudal fin, (7) - anal fin, (8) - photophores, (9) - pelvic fins (paired), (10) - pectoral fins (paired)


വിവിധ ഇനം ഭക്ഷ്യയോഗ്യമായ മൽസ്യങ്ങൾ

കടൽ (ഉപ്പ് ജല) മൽസ്യങ്ങൾ

  • അയല, അയില, Mackerel (Rastrelliger Kanagurta)
  • ആവോലി, Pomfret, Genus Pampus
  • ഏട്ട (കൂരി), Blacktip Sea Catfish, Marine Cat Fish
  • കിളിമീൻ, പുതിയാപ്ല ചെമ്പൻ, Threadfin breams (Genus Nemipterus)
  • ഉണ്ണിമേരി, ചുവന്നവരയൻ, Threadfin Bigeye, Purple-spotted Bigeye (Priacanthus tayenus)
  • ഏരി, പുള്ളി വെളമീൻ, ചക്രവർത്തിമത്സ്യം (Genus Lethrinus)
  • ചെമ്പല്ലി, Snappers, Genus Lutjanus
  • കൊയല (കോലാൻ), നിലക്കോക്കാൻ അരച്ചുണ്ടൻ, Garfish, Rhynchorhamphus Georgii
  • കൊഴുവ, നെത്തോലി, നത്തൽ, ചൂട, ചൂടപ്പൊടി, Smelt, Indian Anchovy, Stolephorus Indicus
  • പ്രാഞ്ഞീൽ, Silver-Biddy (Genus Gerres)
  • കട്‌ല, മുറുമുറുകി, Croaker (Genus Johnius)
  • തിരുത, കണമ്പ്, Mullets (Family Mugilidae)
  • വെള്ളി പുഴാൻ, Silver whiting, Lady Fish, Sillago sihama
  • തളയൻ, പാമ്പാട, Ribbonfish, Assurger Anzac, Largehead Hairtail
    • വാള, Trichiurus lepturus.[1]
  • തിരണ്ടി, Ray fish
  • നങ്ക്, Common Sole
  • കോര, നാരുമത്സ്യം, Fourfinger Threadfin, Rawas, White Salmon (Eleutheronema tetradactylum)
  • ചൂര, കേര (Yellow Fin Tuna), കുടുക്ക, Tunas from Family Scombridae[2]
  • നെന്മീൻ, Indo-Pacific King Mackerel (Scomberomorus guttatus)
    • അയക്കൂറ, ചെറുവരയൻ നെന്മീൻ, ചുംബും, Seer fish, Scomberomorus commerson
    • കൊറിയൻ നെന്മീൻ, Korean Seerfish (Scomberomorus koreanus)
  • ഒറിയ മിൻ, Wahoo (Acanthocybium solandri)
  • പുന്നാരമീൻ, Greater amberjack (Seriola dumerili)
  • ഓലപുടവൻ, പായമിൻ, ഓലമീൻ, Indo-Pacific Sailfish, Billfish (Istiophorus platypterus)
  • കാളാഞ്ചി, Barramundi (Lates calcarifer)
  • മോദ, Indian Cobia, Bitter Black Lemonfish (Rachycentron canadum)
  • മാഹിമാഹി, Pompano Dolphinfish, (Coryphaena equiselis)
  • പുള്ളിമോത, Common Dolphinfish (Coryphaena hippurus)
  • വറ്റ, ഭീമൻ പാര, Giant Trevally (Caranx ignobilis)
    • കല്ലൻ വറ്റ, നിലച്ചിറക്കൻ പാര, Bluefin Trevally (Caranx melampygus)
    • കണ്ണൻ വറ്റ, പെരുംകണ്ണൻ പാര, Great trevally, Bigeye trevally (Caranx sexfasciatus)
  • അമ്പട്ടൻ പാര, Moonfish (Mene maculata)
  • മുള്ളൻകാര, Ponyfish (Family Leiognathidae)
  • പരവ, False Trevally (Lactarius lactarius)
  • താലിപാര, Snubnose Pompano, Indian Butterfish (Trachinotus mookalee)
  • കോഴിയാള, മങ്കട (മത്സ്യം), Indian Scad (Decapterus russelli)
  • വങ്കട, Finny scad, Torpedo scad (Megalaspis cordyla)
  • അയല പരവ, മഞ്ഞവാലൻ മങ്കട, Shrimp scad (Alepes djedaba)
  • മത്തി, ചാള, Sardine
  • ഹിൽസ, Hilsa Shad (Tenualosa ilisha)
  • പൂമീൻ, Milk Fish (Chanos chanos)
  • തത്തമത്സ്യം, Parrotfish, Scarus psittacus (Family Scaridae)
  • കലവ (ഹമൂർ), Grouper (Genus Epinephelus: Epinephelus areolatus, Epinephelus bleekeri, Epinephelus coioides, etc.)[3]
  • തള, കുതിരമിൻ, Swordfish, Broadbill (Xiphias gladius)
  • ശീലാവ്, Pickhandle Barracuda
  • സ്രാവ്, Shark

ശുദ്ധജല മൽസ്യങ്ങൾ

കേരളത്തിലെ നദികൾ വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളാൽ സമ്പന്നമാണ്. ഉൾനാടൻ ജലസ്രോതസ്സുകൾ ധാരാളമുള്ള ഇവിടെ വിദേശ ഇനങ്ങളുൾപ്പെടെ പലതരം മീനുകളെ വ്യാവസായികമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്നുമുണ്ട്.

  • കേരളത്തിൽ കണ്ടുവന്നിരുന്ന മീനുകളുടെ നാടൻ പേരുകൾ.
  1. കരിമീൻ
  2. പള്ളത്തി
  3. മണൽ ആരോൻ (തീരെ ചെറുത്, 5 സെ.മി )
  4. ആരോൻ (വെള്ള)
  5. ആരോൻ (കറുത്തത് )
  6. കൂരി (ചില്ലാൻ, ചില്ലാൻ കൂരി)
  7. മഞ്ഞക്കൂരി
  8. മടഞ്ഞിൽ (ബ്രാൻഞ്ഞിൽ, ബ്ലാഞ്ഞിൽ)
  9. വരാൽ
  10. വാള
  11. തലേക്കല്ലി
  12. വാക
  13. മുഷി
  14. കാരി
  15. വട്ടോൻ
  16. നെറ്റിയേപൊന്നൻ (മാനത്തുകണ്ണി)
  17. ആറ്റുപരൽ
  18. തോട്ട് പരൽ
  19. കണഞ്ഞോൻ
  20. വെളിഞ്ഞൂൽ
  21. പൂവൻപരലോടി (അച്ഛൻ വെളിഞ്ഞൂൽ)
  22. കുറുവ
  23. കല്ലേമുട്ടി
  24. പകലുറങ്ങി
  25. കോല
  26. വാഴയ്ക്കാ വരയൻ
  27. അറിഞ്ഞിൽ
  28. ആറ്റ് ചെമ്പല്ലി
  29. തിലാപ്പിയ (സിലോപ്പി)
  30. ചെമ്മീൻ
  31. കൊഞ്ച്

നദികളിലെ മത്സ്യങ്ങൾ

  • ആരകൻ, Malabar Spinyeel : ചെളി നിറഞ്ഞ സാഹചര്യത്തിൽ വസിക്കുന്ന ഇവ പൊത്തുകളിലും മറ്റും കയറി ഇരിക്കാറുണ്ട്. പാമ്പിന്റെ രൂപം, മുഖം കൂർത്ത് ചെതുമ്പലില്ലാത്ത ഇവയ്ക്ക് മഞ്ഞ നിറമാണ്. തെങ്ങോല പുളി കളഞ്ഞ് മെടച്ചിലിനു തയ്യാറാക്കുന്നതിനുവേണ്ടി വെള്ളത്തിലിടുന്ന ഓലെക്കെട്ടുകളിലിൽ നിന്നുമിവയെ ലഭിക്കാറുണ്ട്.
    • ബ്ലാഞ്ഞിൽ, a freshwater moray eel : തല മീൻ പോലെ, ഉടൽ പാമ്പു പോലെ. രണ്ടു മൂന്നടി നീളം വയ്ക്കാറുള്ള ഇവ പിടിക്കപ്പെട്ടാൽ പാമ്പ് ചീറ്റുന്നതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.
  • കരിമീൻ, Pearl spot, Green chromide : കരിമീനുകൾ ആറുകളിൽ കാണപ്പെടുന്നുണ്ടെങ്കിലും കായലുകളാണിവയുടെ തട്ടകം
  • കല്ലുനക്കി : പാറയും കല്ലും നിറഞ്ഞ കാട്ടാറുകളിൽ കാണപ്പെടുന്ന ഒരിനം.
  • കരിപ്പിടി, കല്ലേമുട്ടി, കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, കൈതക്കോര, അനാബസ്. Climbing Perch : പച്ച നിറമുള്ള കല്ലേമുട്ടി കരയിലിട്ടാലും പെട്ടെന്ന് ചാവുകയില്ല. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നതിന് താല്പര്യം. തോടുകളിലും കുളങ്ങളിലും ചൂണ്ടയിടുന്ന കുട്ടികളുടെ പ്രിയ ഇനം. ശരീരം പരുപരുത്തത്.
  • കോലാ : നീണ്ട മൂക്കുള്ള വെള്ളത്തിനുപരി ഭാഗം ചേർന്ന് നിലകൊള്ളുന്ന മീൻ. ചെതുമ്പലുണ്ട്.
  • കോലാൻ, Freshwater Garfish
  • ചേറ്മീൻ : പേരുസൂചിപ്പിക്കുന്നപോലെ തന്നെ ചേറിൽ വസിക്കുന്നതിനിഷ്ടമുള്ള മീനാണിത്.വലിയ കുളങ്ങളിലും, പാറനിറഞ്ഞ നദികളിലുമാണിവ കൂടുതൽ കാണപ്പെടുക. ഓറഞ്ച് നിറംകലർന്ന കറുപ്പാണിവയുടെ നിറം. വലിയ ചെതുമ്പലും തലയുമുള്ള ഇവ കുഞ്ഞുങ്ങളെ വായ്ക്കുള്ളിൽ സംരക്ഷിക്കും. വെള്ളത്തിന് മുകളിൽ വന്ന് ശ്വാസം എടുക്കുന്ന അവസരത്തിൽ ഇവയെ തോക്കുപയോഗിച്ച് വെടിവക്കാറുണ്ട്.
  • തൂളി, Rohita Dussumieri : ചെറിയ ചെതുമ്പലും വെള്ളി നിറവുമുള്ള ഒരടിവരെ നീളം വക്കുന്ന ശുദ്ധജലമത്സ്യം.ധാരാളം ചെറിയ മുള്ളുകളുണ്ടിവക്ക്
  • നെറ്റിയിൽ പൊട്ടൻ,മാനത്ത് കണ്ണി, ചുട്ടിക്കണ്ണി, പൂഞ്ഞാൻ, Whitespot : തലയുടെ മുകളിൽ മിന്നാമിനുങ്ങിന്റെ തിളക്കത്തിനു സമാനമായ തിളങ്ങുന്ന പൊട്ടുള്ള (ചുട്ടി) ചെറിയ മീൻ, കടവുകളിൽ സാധാരണ കാണപ്പെടുന്നു.
  • പരൽ കുടുംബം
    • കുയിൽ മത്സ്യം (Tor khudree, Tor malabaricus, Tor remadeviae) : വലിയചെതുമ്പലുള്ള വലിപ്പമുള്ള കാർപ്പ് ഇനം. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രത്തിലെ ഈ മത്സ്യങ്ങൾ 'തിരുമക്കൾ' എന്നാണ് അറിയപ്പെടുന്നത്.[4]
    • കുറുവ, മുണ്ടത്തി, കുറുക, പരൽ, Olive Barb,Puntius Sarana : എന്നെല്ലാം പല പേരിൽ അറിയപ്പെടുന്ന കുറുവ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു ശുദ്ധജലമത്സ്യമാണു്. കറുപ്പ് കലർന്ന വെള്ളി നിറവും ചെതുമ്പലുമുള്ള ഈ മത്സ്യത്തിനു് പൂർണ്ണവളർച്ചയെത്തിയാൽ അരയടിവരെ നീളവും അര കിലോഗ്രാമിനോടടുത്തു് ഭാരവും സാധാരണമാണു്.
    • കൂരൽ : കഴുത്തും ചുണ്ടും പ്രത്യേക രീതിയിൽ നീണ്ടിരിക്കുന്നതുകൊണ്ടാവണം ഈ പേർ ലഭിച്ചത്. ചെതുമ്പലുള്ള ഈ മീനുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്
    • ചെങ്കണിയാൻ, മിസ് കേരള മത്സ്യം, Denison's barb
    • ചെമ്പാലൻ കൂരൽ, Curmuca Barb
    • വയമ്പ് മീൻ, Attentive carplet
    • വാഴക്കാവരയൻ, Striped barb
  • പള്ളത്തി, Orange chromide : കരിമീനിന്റെ ചെറിയപതിപ്പ്. രണ്ടിഞ്ച് ചുറ്റളവ് വലിപ്പം. കൂട്ടമായി കാണപ്പെടുന്നു.
  • മുതുക്കിലാ : തോടുകളിലും മറ്റും കാണപ്പെടുന്ന ചെറിയ ഇനം. കറുത്തപുള്ളികളുള്ള വിരൂപൻ.
  • മുള്ളി
  • മുഷി (മുഴി) കുടുംബം, Cat fish
    • ആറ്റുവാള
    • ഏരിവാള, Walking catfish
    • കാരി, Asian stinging catfish :കറുത്തനിറം,കഴുത്തിനിരുവശവും കൊമ്പുകൾ, ചെതുമ്പലില്ല, അഴുക്ക് സാഹചര്യങ്ങളിൽ വസിക്കാനിഷ്ടം, കുളങ്ങളിലും മറ്റും കാണപ്പെടുന്നു.
    • കൂരി (ഏട്ട) : രണ്ടു കൊമ്പും മീശയുമുള്ള മത്സ്യം, രൂപത്തിൽ വാളയുടെ ചെറിയപതിപ്പായി തോന്നും. ചെതുമ്പലുകളില്ല. കുളിക്കടവുകളിൽ സാധാരണ കാണപ്പെടുന്നു.
    • ചൊട്ടാവാള : വാളയുടെ രൂപമെങ്കിലും മഞ്ഞനിറം, ചില നാടുകളിൽ ധർമ്മൻ എന്നും വിളിക്കപ്പെടുന്നു. മീശയുണ്ട് ചെതുമ്പലില്ല.
    • മഞ്ഞക്കൂരി, Asian sun catfish
    • മുഷി മുഴി, മുഴു, മുശി : കറുത്ത നിറമുള്ള മത്സ്യം, ചെതുമ്പലില്ലെങ്കിലും മീശയുണ്ട്. വായു ശ്വസിക്കുന്ന ഇവ മണിക്കൂറുകൾ ജലത്തിന് പുറത്ത് ജീവിച്ചിരിക്കും. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വസിക്കുന്നു.
    • വാള : ആറ്റുമീനുകളിലെ രാജാവാണ് വാള. വെളുത്തനിറവും രണ്ട് മീശയും വലിയ വായുമുള്ള വാളക്ക് ചെതുമ്പൽ ഇല്ല. മൂന്ന് നാലടി നീളവും 10 മുതൽ 15 കിലോ ഗ്രാം തൂക്കവും ഉണ്ടാവാൻ കഴിവുള്ള മീനാണിവ. എന്നാൽ ഇക്കാലത്ത് ഇത്രയും വലിപ്പമെത്തുംവരെ വളരാനുള്ള സാഹചര്യങ്ങൾ ഇവക്ക് ലഭിക്കാറില്ല. വേനൽക്കാലത്തെ നദികളുടെ ശോഷണവും, അനിയന്ത്രിതമായ മത്സ്യബന്ധനവുമാണ് കാരണം.ശുദ്ധജലത്തിലെ വാസമാണിവക്ക് പ്രിയം നെടുനീളത്തിലുള്ള ഒരു പ്രധാന മുള്ള് മാത്രമെ ഇവക്കുള്ളു.
  • വരട്ട
  • വരാൽ കുടുംബം
    • വരാൽ, ബ്രാൽ, കൈച്ചൽ‌, Snakehead Murrel, Channa striata : രൂപത്തിൽ ചേറ്മീന് കുറെയൊക്കെ സമാനമായ കറുത്ത നിറമുള്ള ഇവയുടെ വയർ വെളുത്ത പുള്ളികൾ നിറഞ്ഞതാണ്. വലിപ്പത്തിൽ ചെറിയ വരാലുകൾക്ക് മഞ്ഞകലർന്ന നിറമായിരിക്കും. വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.
    • പുള്ളിവരാൽ, Bullseye snakehead
    • വാകവരാൽ, Giant snakehead
  • പാമ്പുതലയന്മാർ

കൃഷി ഇനങ്ങൾ

  • കരിമീൻ
  • പരൽ കുടുംബം
  • രോഹു
  • കട്‌ല
  • മൃഗാൽ
  • വരാൽ (തായ്‌ലൻഡ് വരാൽ)
  • കാർപ്പ് (ഗ്രാസ് കാർപ്പ്- ജലാശയങ്ങളിലെ കള സസ്യങ്ങൾ, പായൽ എന്നിവ തിന്ന് തീർക്കുവാനും വളർത്തുന്നു)
  • തിലാപ്പിയ (സിലോപ്പി- ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ, നൈൽ തിലാപ്പിയ തുടങ്ങിയ ഇനങ്ങൾ)
  • ആഫ്രിക്കൻ വാള
  • കരിപ്പിടി (അനാബസ്): സാധാരണയായി ചേറുള്ള കുളങ്ങളിൽ കാണപ്പെടുന്നു. ചെതുമ്പലുണ്ട്. ചെമ്പു നിറം.
  • വട്ടവൻ: സാധാരണയായി ചേറുള്ള കുളങ്ങളിൽ കാണപ്പെടുന്നു.
  • കടൽമുരിങ്ങാ (Crassostreamadrasensis)

അധിനിവേശ മത്സ്യങ്ങൾ

തനതായ മത്സ്യ സമ്പത്തിനും ആവാസ വ്യവസ്ഥിതിക്കും ഭീഷണിയായ മത്സ്യങ്ങളെ അധിനിവേശ മത്സ്യങ്ങൾ എന്ന്‌ പറയാം. ഇവ വേഗം പെറ്റുപെരുകി രുചികരമായ മത്സ്യങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും മറ്റും ആഹാരമാക്കി തനതായ മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു. ജലാശയങ്ങളിൽ ഇവ എത്തുന്നത് ഏറെ അപകടകരമാണ്. അതിനാൽ ഇത്തരം മത്സ്യങ്ങൾ സ്വാഭാവിക ജലാശയങ്ങളിൽ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

  • ആഫ്രിക്കൻ മുഷി (പൊതുവെ രുചികരമല്ലാത്ത മത്സ്യം എന്നും ആരോപണമുണ്ട്.)
  • സക്കർ മത്സ്യം.
Remove ads

ചിത്രങ്ങൾ

മീൻ വിഭവങ്ങൾ

വിവിധ രീതിയിൽ മീൻ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു.

  • മീൻ കറി
  • മീൻ മുളകിട്ടത്
  • മീൻ വറുത്തരച്ചത്
  • മീൻ തേങ്ങാ അരച്ചത്
  • മീൻ പൊരിച്ചത്‌/വറുത്തത്
  • മീൻ പൊള്ളിച്ചത്
  • മീൻ മപ്പാസ്
  • മീൻ പീര
  • മീൻ അച്ചാർ
  • ഫിഷ് മോളി
  • സൂഷി
  • ഉണക്ക മീൻ

പോഷകങ്ങൾ

മത്സ്യങ്ങൾ പോഷക സമൃദ്ധമാണ്. ഇവയിൽ ധാരാളം പ്രോടീൻ അഥവാ മാംസ്യം, വിറ്റാമിൻ, ധാതുക്കൾ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ഇവയിൽ ഊർജം, പൂരിത കൊഴുപ്പ് എന്നിവ കുറവാണ്.

1. USDA കണക്കുപ്രകാരം 100 ഗ്രാം മത്തിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.

കാലറി- 172

പ്രോടീൻ/ മാംസ്യം- 24.6–25.4 grams

കൊഴുപ്പ്- 7.8–11.4 grams

അന്നജം (Carbohydrate)- 0–1.5 grams

സോഡിയം- 307 milligrams

പൊട്ടാസ്യം- 496–630 milligrams

കാൽസ്യം- 63–382 milligrams

അയൺ (ഇരുമ്പ്)- 1.8–2.9 milligrams

വിറ്റാമിൻ ഡി- 4.8–5 micrograms

നിയാസിൻ - 12 milligrams

വിറ്റാമിൻ ബി 12 - 10.6 micrograms

സെലിനിയം- 65–26.54 micrograms

അയഡിൻ- 101 micrograms.

2. 100 ഗ്രാം അയലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.

പ്രോടീൻ/മാംസ്യം - 23 grams

കൊഴുപ്പ്/ഫാറ്റ് - 9 grams

പൂരിത കൊഴുപ്പ് - 3 grams

സോഡിയം - 95 mg

കാൽസ്യം - 26 mg

അയൺ (ഇരുമ്പ്)- 1 mg

മഗ്‌നീഷ്യം - 76 mg

പൊട്ടാസ്യം - 459 mg

സെലിനിയം - 44.1µg

വിറ്റാമിൻ ഡി - 10 micrograms

വിറ്റാമിൻ ബി 12 - 8.71 micrograms.


3. 100 ഗ്രാം കിളിമീനിൽ അടങ്ങിയ പോഷകങ്ങൾ താഴെ കൊടുക്കുന്നു. ഇതിൽ ഊർജവും കൊഴുപ്പും കുറവാണ്. എന്നാൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.

കാലറി/ഊർജം - 93

പ്രോടീൻ/മാംസ്യം - 18.1g

കൊഴുപ്പ് - 1.7g

വിറ്റാമിൻ എ/ റെറ്റിനോൾ - 28μg

വിറ്റാമിൻ ഡി - 11μg

വിറ്റാമിൻ ഇ - 0.6 mg

വിറ്റാമിൻ B1 - 0.04mg

വിറ്റാമിൻ B2 - 0.08mg

നിയസിൻ - 2.3mg

വിറ്റാമിൻ B6 - 0.27mg

വിറ്റാമിൻ B12 - 3μg

ഫോലേറ്റ് - 5μg

പന്റോതെനിക് ആസിഡ് - 0.5mg

വിറ്റാമിൻ സി - 2mg

സോഡിയം - 85mg

പൊട്ടാസ്യം - 390mg

കാൽസ്യം - 46mg

മഗ്‌നേഷ്യം - 26mg

ഫോസ്ഫോറസ് - 200mg

അയൺ - 0.5mg

സിങ്ക് - 0.4mg

കോപ്പർ - 0.05mg.


4. USDA കണക്കുകൾ പ്രകാരം 100 ഗ്രാം വേവിച്ച തിലാപ്പിയയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു. ദിവസേന ആവശ്യമുള്ളതിന്റെ ശതമാനക്കണക്ക് (% Daily value) കൂടി കൊടുത്തിരിക്കുന്നു.

കാലറി/ഊർജം - 129

മൊത്തം കൊഴുപ്പ് - 2.7 g (4%)

പൂരിത കൊഴുപ്പ് - 0.9 g (4%)

സോഡിയം - 56 mg (2%)

പൊട്ടാസ്യം - 380 mg (10%)

പ്രോടീൻ/ മാംസ്യം - 26 g (52%)

അയൺ/ ഇരുമ്പ് - 3%

വിറ്റാമിൻ ബി6 - 5%

മഗ്‌നീഷ്യം - 8%

കാൽസ്യം - 1%

വിറ്റാമിൻ ഡി - 37%

കൊബലമിൻ - 31%.

Remove ads

മീൻ വിഭവങ്ങളുടെ ചിത്രങ്ങൾ

അലങ്കാര മൽസ്യങ്ങൾ

കാഴ്ചക്ക് മനോഹരമായതും കൃത്രിമ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വളരുന്നതുമായ മത്സ്യങ്ങളെ മനുഷ്യർ‍ അലങ്കാരത്തിനായി വളർത്തുന്നതിനാൽ ഇത്തരം മീനുകൾ അലങ്കാര മത്സ്യങ്ങൾ എന്നറിയപ്പെടുന്നു.

വീടുകളിൽ പ്രത്യേകം തയ്യാറാക്കിയ ചില്ലുകൂട്ടിൽ വളർത്തുന്ന അലങ്കാര മത്സ്യങ്ങൾ മിക്കവയും ശുദ്ധജല മത്സ്യങ്ങളായിരിക്കും. എന്നാൽ മത്സ്യ പ്രദർശന ശാല മത്സ്യങ്ങൾകളിൽ (അക്വേറിയം) ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ഇനങ്ങളേയും വളർത്താറുണ്ട്. അലങ്കാരമത്സ്യകൃഷി,വിപണനം തുടങ്ങിയവ വാണിജ്യ പ്രാധാന്യമർഹിക്കുന്നു.

ഇനങ്ങൾ

Remove ads

മത്സ്യകൃഷി

കേരളത്തിൽ കരിമീൻ, രോഹു, കട്‌ല,മൃഗാൽ, വരാൽ, വാക വരാൽ, കാർപ്പ് (ഗ്രാസ് കാർപ്പ്), തിലാപ്പിയ (സിലോപ്പി- ഗിഫ്റ്റ്, ചിത്രലാഡ, നൈൽ തിലാപ്പിയ തുടങ്ങിയ ഇനങ്ങൾ), കരിപ്പിടി (അനാബസ്), വട്ടവൻ, ഗൗരാമി, നട്ടർ, കടൽമുരിങ്ങാ (Crassostreamadrasensis), ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ കൃഷി ചെയ്യാറുണ്ട്.

കരിമീൻ

കേരളത്തിൽ ഏറ്റവുമധികം ആവശ്യക്കാർ ഉള്ള ഒരു മത്സ്യമാണ് കരിമീൻ. പോഷക സമൃദ്ധവും രുചികരവുമായ ഒരു മത്സ്യമാണിത്. അതുകൊണ്ട് തന്നെ പലരും വ്യാവസായിക അടിസ്ഥാനത്തിൽ ഇവയെ വളർത്താറുണ്ട്. മറ്റുള്ള മത്സ്യ കൃഷികളെ അപേക്ഷിച്ചു ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണ് കരിമീൻ കൃഷി.

കാരണം മറ്റ് മത്സ്യങ്ങൾ വളർത്തി വിപണിയിൽ എത്തിക്കുമ്പോൾ വളർത്ത് മത്സ്യം എന്ന ലേബലിൽ വില അല്പം കുറവായിരിക്കും, എന്നാൽ കരിമീന് മിക്കപ്പോഴും വിപണിയിൽ നല്ല വില ലഭിക്കാറുണ്ട്. ഉൽസവ സീസണുകളിൽ കൂടുതൽ ഉയർന്ന വില ലഭിക്കുന്നു.

രുചിയും ഗുണമേന്മയും കുറഞ്ഞ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കരിമീനിനെക്കാൾ നല്ലത് കേരളത്തിലെ ഓരു ജലാശയങ്ങളിൽ വളരുന്ന കരിമീനിന് ആണ് എന്നതും ശ്രദ്ധേയം. അതുകൊണ്ട് തന്നെ കേരളത്തിലെ സ്വാഭാവിക കുളങ്ങളിൽ കരിമീൻ വളർത്തുന്നവരും ധാരാളം. കുളങ്ങളിലൊ വീടുകളിൽ നിർദിഷ്ട വലുപ്പത്തിലുള്ള ടാങ്ക് സ്ഥാപിച്ചോ ജലാശയങ്ങളിൽ കൂട് സ്ഥാപിച്ചോ ശാസ്ത്രീയമായി കരിമീൻ വളർത്താവുന്നതാണ്. കേരളത്തിൽ പലയിടത്തും കരിമീൻ വിത്തുത്പാദന കേന്ദ്രങ്ങൾ കാണാം. ഇവിടെ നിന്നും കരിമീൻ കുഞ്ഞുങ്ങളെ ലഭിക്കുന്നു.

സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് പുതിയതായി വിത്തിറക്കേണ്ടതായി വരുന്നില്ല.

കരിപ്പിടി (അനാബസ്)

കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി അഥവാ അനാബസ്. അതീവ രുചികരവും പോഷക സമൃദ്ധവുമായ ഒരു മത്സ്യമായി ഇതിനെ കണക്കാക്കാറുണ്ട്. (ശാസ്ത്രനാമം: Anabas testudineus). കല്ലട, കല്ലത്തി, കറൂപ്പ്, കല്ലടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, കൈതക്കോര, കല്ലേരീ, കല്ലുരുട്ടി, എരിക്ക്, കരികണ്ണി തുടങ്ങിയ പ്രാദേശികമായ പല പേരുകളിൽ ഇവ അറിയപ്പെടുന്നു. ക്ലൈബിങ് പെർച്ച് (Climbing Perch), ക്ലൈബിങ് ഗൗരാമി (Climbing Gourami) തുടങ്ങിയ പല ഇംഗ്ലീഷ് പേരുകളും പ്രാദേശികമായി ഉപയോഗിക്കപ്പെടാറുണ്ട്.

ധാരാളം പ്രത്യേകതകൾ ഉള്ള ഒരു മത്സ്യമാണിത്. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. ലാബ്രിന്ത് എന്ന പ്രത്യേകതരം ശ്വസനാവയവം ഉള്ളതു കൊണ്ട് വെള്ളത്തിലെ പ്രാണവായു കുറഞ്ഞാലും ജീവിക്കാനുള്ള അസാമാന്യ കഴിവാണ് ഇതിന്റെ പ്രത്യേകത. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും. ആറ് മാസം കൊണ്ടുതന്നെ ശരാശരി 400 ഗ്രാം തൂക്കമെത്തും. അമ്ലക്ഷാരനിലയിൽ 4–10 വരെയുള്ള വ്യതിയാനം സഹിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.

രുചികരവും, പോഷക സമൃദ്ധവുമായ മത്സ്യമായതിനാലും, എളുപ്പത്തിൽ ഇവയെ വളർത്താം എന്നതിനാലും കരിപ്പിടി അഥവാ അനാബസ് മത്സ്യത്തിന്റെ കൃഷി ഇന്ന് പലയിടത്തും വ്യാപകമാണ്. ചെറിയ കുളങ്ങളിലും പാടത്ത് വെള്ളമിറക്കിയും ടാങ്കുകളിലും മറ്റും ഇവയെ വളർത്താം. ഓരു ജലാശയത്തിലും വലവളപ്പിലും അനാബസിനെ വളർത്താം. ആറു മാസം കൊണ്ടുതന്നെ ഇവ പൂർണ വളർച്ചയെത്തും.

കാർപ്പ് മത്സ്യങ്ങൾ

റോഹു, കട്ല, മൃഗാൽ, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങൾ ഈ ഗണത്തിൽ വരുന്നു. നല്ല വളർച്ചയെത്തുന്ന ഈ മത്സ്യങ്ങൾ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്.

തിലാപ്പിയ

പോഷക സമൃദ്ധവും രുചികരവുമായ ഒരു വളർത്തുമത്സ്യമാണ് തിലാപ്പിയ (Tilapia). കേരളത്തിൽ പിലോപ്പി, സിലോപ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. ഈ മത്സ്യത്തെ ലോകമെമ്പാടുമുള്ള അനേകം രാജ്യങ്ങളിൽ കാണാൻ കഴിയും.

മൊസാമ്പിക് തിലാപ്പിയ, നൈൽ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ, എം എസ് ടി (MST), ചുവന്ന തിലാപ്പിയ, ബ്ലൂ തിലാപ്പിയ തുടങ്ങിയ പലതരം തിലാപ്പിയ മത്സ്യങ്ങൾ കാണപ്പെടുന്നു. നിറവും വലിപ്പവും കൊണ്ട് ഇവയെ തിരിച്ചറിയാറുണ്ട്. ചുവന്ന തിലാപ്പിയ താരതമ്യേനെ കൂടുതൽ രുചികരമായ ഇനങ്ങളാണെന്ന് പറയപ്പെടുന്നു.

ലോകത്തിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന മീനുകളിൽ ഒന്നാണ് ഇവ. ചൈന, ഇൻഡോനേഷ്യ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങൾ ഇവയുടെ ഉത്പാദനം, കയറ്റുമതി എന്നിവയിൽ മുൻപിലാണ്. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും കുളങ്ങളിലും തിലാപ്പിയകളെ വളർത്തുന്നുണ്ട്.

ഇന്ത്യയിൽ 1952-ഇൽ ആണ് ആദ്യമായി മൊസാമ്പിക് തിലാപിയ എത്തിച്ചേർന്നത്. കുളങ്ങൾ, ഡാമുകൾ തുടങ്ങിയ ജലാശയങ്ങളിൽ ഒരു വളർത്തു മത്സ്യമായി ആണ് ഇവയെ എത്തിച്ചത്. പിന്നീട് 1970-തിൽ നൈൽ തിലാപ്പിയ എത്തിച്ചേർന്നു.

തിലാപ്പിയ കേരളത്തിലെ പുഴകളിലും ഡാമുകളിലും തടാകങ്ങളിലും കുളങ്ങളിലും മറ്റും കാണാവുന്നതാണ്. ഉദാഹരണത്തിന് പാലക്കാട്‌‌ ജില്ലയിലെ മലമ്പുഴ ഡാമിൽ തിലാപ്പിയ മത്സ്യങ്ങൾ കാണാം. മൊസാമ്പിക് തിലാപ്പിയ, നൈൽ തിലാപ്പിയ (നൈലോട്ടിക്ക) തുടങ്ങിയ ഇനങ്ങൾ ആണ് ഇവ. പൊതുവെ നാടൻ തിലാപ്പിയ എന്നറിയപ്പെടുന്ന മൊസാമ്പിക് തിലാപ്പിയ മറ്റ് ഇനങ്ങളെ അപേക്ഷിച്ചു വലിപ്പം കുറഞ്ഞവയും കേരളത്തിലെ പല ജലാശയങ്ങളിലും കാണപ്പെടുന്നവയുമാണ്. ലവണ ജലത്തിൽ വളരാനും ഇവയ്ക്ക് കഴിക്കുണ്ട്. അതിനാൽ ഉപ്പിന്റെ അംശമുള്ള കായലുകളിലും മറ്റും മൊസാമ്പിക് തിലാപ്പിയ കാണാം.

നൈൽ തിലാപ്പിയ ഏകദേശം രണ്ട് കിലോ വരെ വലിപ്പം വയ്ക്കുന്നവയും, അനുകൂല സാഹചര്യത്തിൽ അഞ്ച് കിലോ വരെ ഭാരം ഉണ്ടാവുകയും, ശുദ്ധ ജലത്തിൽ വളരുന്നവയുമാണ്. ഇവയും ഒരു പരിധിവരെ ലവണ ജലത്തിൽ ജീവിക്കാറുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ‘അക്വാ ചിക്കൻ’ എന്നറിയപ്പെടുന്ന ഗിഫ്റ്റ് തിലാപ്പിയ, ചിത്രലാഡ തുടങ്ങിയവ സങ്കരയിനങ്ങളാണ്. നൈൽ തിലാപ്പിയ, ചുവന്ന തിലാപ്പിയ തുടങ്ങിയ ഇനങ്ങൾ വേറെയുമുണ്ട്.

ജലത്തിലെ ശൈവാലങ്ങൾ, ചെറുസസ്യങ്ങൾ, പായൽ എന്നിവയാണ് ഇവയുടെ മുഖ്യമായ ആഹാരം. പായൽ നിയന്ത്രണത്തിന് വേണ്ടി ജലാശയങ്ങളിൽ തിലാപ്പിയ വളർത്താറുണ്ട്. പൊതുവേ ഇവ മറ്റു മത്സ്യങ്ങളെ ആഹാരമാക്കാറില്ല. എന്നാൽ വാകവരാൽ, വരാൽ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ ഇവയെ ഭക്ഷണമാക്കാറുണ്ട്.

മനുഷ്യരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് ഇവയെ വികസിപ്പിച്ചെടുത്തത്. പെട്ടന്ന് പ്രജജനം നടത്താനും വളരാനും കഴിവുള്ള ഈ മത്സ്യത്തെ വർദ്ധിച്ച് വരുന്ന ജനസംഖ്യയുടെ എളുപ്പം ലഭ്യമായ പ്രോട്ടീ‍ൻ, വിറ്റാമിൻ സ്രോതസ്സായി കണക്കാക്കപ്പെടുന്നു. ചുവന്ന തിലാപ്പിയ അലങ്കാര മത്സ്യമായും വളർത്താറുണ്ട്.

വരാൽ

കേരളത്തിലെ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ, ബിലാൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം.

മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ജലത്തിനു പുറത്ത് ചെറിയ പാലായനങ്ങൾ നടത്താറുണ്ട്.

ഒരു വളർത്തു മത്സ്യത്തിനു വേണ്ട ഗുണങ്ങൾ ഉള്ളതുകൊണ്ടും പ്രത്യേക ശ്വസനാവയവങ്ങൾ ഉള്ളതിനാലും വളരെ ഉയർന്ന നിക്ഷേപ നിരക്കിലുള്ള കൃഷിരീതികൾക്കടക്കം ഇവയെ ഉപയോഗിക്കുന്നു. വിയറ്റ്നാം വരാൽ പോലെയുള്ള വിദേശ ഇനങ്ങൾ കേരളത്തിൽ സുലഭമാണ്. തിലാപ്പിയ, ഗപ്പി പോലെയുള്ള മത്സ്യങ്ങളെ ഇവയുടെ തീറ്റയ്ക്ക് വേണ്ടി വളർത്താറുണ്ട്.

Remove ads

മത്സ്യങ്ങളിലെ അപകടകരമായ രാസ വസ്തുക്കൾ

കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ സോഡിയം ബെൻസോയേറ്റ് മീനിൽ കലർത്താറുണ്ട്, ഇത് മത്സ്യം കേടാകാതെയിരിക്കൻ വേണ്ടി ആണ്. എന്നാൽ സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, ന്യൂറോ സംബന്ധമായ അസുഖങ്ങളും കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു. അടുത്ത് എങ്ങും കടൽ ഇല്ലെങ്കിലും, ഉച്ച തിരിഞ്ഞു വിൽക്കുന്ന മത്സ്യങ്ങളിൽ ഉടയാതെ നിൽക്കുന്ന ശരീര ഖനവും പൊതുവെ മത്സ്യങ്ങൾക്കുള്ള ഉപ്പു കലര്ന്ന വെള്ളരികയുടെ മണം ഇല്ല എന്നുള്ളത് ആണ് ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു മാർഗം. ഇപ്രകാരമുള്ള മത്സ്യങ്ങൾ പാകം ചെയുവാൻ 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇട്ട്‌ തിളപ്പിച്ചാൽ പോലും രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല, കാരണം സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്.[6]

ഫോർമാലിൻ, അമോണിയ ഒക്കെയും ആണ് ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കൾ, ഫോർമാലിൻ ജീവഹാനിക്ക് കാരണമാകുന്നത് ആണ്, ഇത് ചെറു വീര്യത്തിൽ ഉപയോഗിച്ചിട്ടുള്ള മത്സ്യങ്ങൾ പഴയതെങ്കിൽ വെട്ടി വൃത്തിയാക്കുമ്പോൾ മാത്രമേ മത്സ്യത്തിന്റെ ചീഞ്ഞ മണം പ്രകടമാവു, ഇപ്രകാരമുള്ള മത്സ്യങ്ങൾ ഭക്ഷണയോഗ്യമല്ല, ഇവയുടെ ഉപയോഗം സ്കോമ്പരൊടോക്സിക് ഫുഡ് പോയ്സണിങ് (Scombroid food poisoning) പോലുള്ള അവസ്ഥകൾക്കു സാധ്യത വളരെയാണ്. തീരദേശങ്ങളോട് ചേർന്നുള്ളതും മത്സ്യഉപയോഗം അധികമായ പ്രദേശങ്ങളിലും കാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിക്കുന്നതിന് ഈ രാസവസ്തുക്കൾ കാരണമാണ് എന്ന് പഠനങ്ങൽ കണ്ടെത്തിയിടുണ്ട്.[7]

Remove ads

കേരളത്തിൽ ലഭ്യമായ ചില പ്രധാനപ്പെട്ട മത്സ്യങ്ങൾ

മത്തി, ചാള, അയല, കൊഴുവ, കിളിമീൻ, മാന്തൾ, നെയ് മീൻ, ചൂര, ആവോലി തുടങ്ങിയവ.

വിദേശ രാജ്യങ്ങളിൽ കാണപ്പെടുന്ന ചില പ്രധാനപ്പെട്ട മത്സ്യങ്ങൾ

സാമൺ (Salmon), ട്രൗട്ട്, മാക്കറൽ, സാർഡൈൻ, വൈറ്റ് ഫിഷ്, സീ ബാസ്, സീ ബ്രീം തുടങ്ങിയവ.

ഊത്ത പിടുത്തം മത്സ്യ സമ്പത്തിന് ഭീഷണി

കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ, ജൂലൈ മാസങ്ങൾ. മഴക്കാലം ആരംഭിക്കുമ്പോൾ കായലുകളിലെയും, പുഴകളിലെയും, തോടുകളിലെയും ജലനിരപ്പ് ഉയരുകയും പ്രജനനത്തിനായി തയ്യാറെടുക്കുന്ന പെൺ മത്സ്യങ്ങൾ മുട്ടയിട്ട് പ്രജനനം നടത്താൻ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് കൂട്ടമായി നീങ്ങുകയും ചെയ്യും.

ഈ സമയത്ത്, മത്സ്യങ്ങൾ കൂട്ടമായി സഞ്ചരിക്കുന്ന വഴികളിൽ വലകളോ, കെണികളോ, മറ്റു തടസ്സങ്ങളോ ഉപയോഗിച്ച് അവയെ വ്യാപകമായി പിടികൂടുന്ന രീതിയാണ് ഊത്തപ്പിടുത്തം. പുഴകളുടെയും തോടുകളുടെയും സ്വാഭാവിക സഞ്ചാരപാതകളിൽ തടസ്സങ്ങൾ സൃഷ്ടിച്ച് മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് അവയുടെ പ്രജനനത്തെ പൂർണ്ണമായി തടസ്സപ്പെടുത്തുന്നു. 'ഊത്തപ്പിടുത്തം' തികച്ചും നിയമവിരുദ്ധവും ജലാശയങ്ങളുടെ മത്സ്യസമ്പത്തിന് വലിയ ഭീഷണിയുമാണ്.

പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പോട്ട, ചീക്, പുല്ലൻ, കുറുവ, മഞ്ഞക്കൂരി, കോലാൻ, പള്ളത്തി, മനഞ്ഞിൽ, ആറ്റുവാള, തൂളി തുടങ്ങിയ നിരവധി മത്സ്യങ്ങൾ ഊത്തക്കൂട്ടമായി സഞ്ചരിക്കുന്നവയാണ്. ഈ കൂട്ടങ്ങളെ വ്യാപകമായി പിടികൂടുന്നത് അവയുടെ വംശനാശത്തിന് കാരണമാകും.

കേരളത്തിൽ പലയിടങ്ങളിലും ഊത്തപ്പിടുത്തം വ്യാപകമായതിനെ തുടർന്ന് മത്സ്യസമ്പത്തിന് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പുഴയിൽ മുമ്പ് ധാരാളമായി കണ്ടിരുന്ന വരാൽ, കൂരി, ആരൽ തുടങ്ങിയ മത്സ്യങ്ങളുടെ എണ്ണം ഊത്തപ്പിടുത്തം കാരണം ഗണ്യമായി കുറഞ്ഞു.

ഇതുപോലെ, കായലുകളോട് ചേർന്നുള്ള വയലുകളിലും തോടുകളിലും പുല്ലൻ, കുറുവ, പള്ളത്തി തുടങ്ങിയ മീനുകൾ പ്രജനനത്തിനായി വരുമ്പോൾ പലരും അവയെ പിടിക്കാൻ ഇറങ്ങാറുണ്ട്. ഈ പ്രവൃത്തികൾ ഒരു മത്സ്യങ്ങളുടെ വംശനാശത്തിലേക്ക് നയിക്കുകയാണ്. അതിനാൽ ജനങ്ങൾ അതേപറ്റി ബോധവാന്മാരാകേണ്ടതുണ്ട്.

ഊത്തപിടുത്തം നിയമവിരുദ്ധം

ഊത്തപ്പിടുത്തം നിയമവിരുദ്ധമായ ഒരു പ്രവൃത്തിയാണ്. കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം ഇത് നിരോധിച്ചിട്ടുള്ളതാണ്. ഊത്തപ്പിടുത്തത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് 15,000 രൂപ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം വരെ തടവും ലഭിക്കാം.

ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കാലത്ത് മത്സ്യങ്ങൾ മുട്ടായിടാൻ തയ്യാറെടുക്കുന്നു. പ്രജനന കാലത്ത് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് അടുത്ത തലമുറയുടെ വളർച്ചയെ ഇല്ലാതാക്കുകയും, ക്രമേണ ആ പ്രത്യേക മത്സ്യത്തിന്റെ വംശനാശത്തിലേക്ക് നയിക്കുകയും ചെയ്യും. മത്സ്യങ്ങൾ ജലാശയങ്ങളുടെ ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണികളാണ്. അവയുടെ എണ്ണം കുറയുന്നത് ജലാശയത്തിലെ ജൈവവൈവിധ്യത്തിന്റെ താളം തെറ്റിക്കും.

ഊത്തപ്പിടുത്തം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, ഫിഷറീസ് വകുപ്പ്, റെവന്യൂ വകുപ്പുകൾ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ അറിയിക്കുക. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ സജീവമായ പങ്കാളിത്തം അനിവാര്യമാണ്.

നമ്മുടെ ജലാശയങ്ങളെയും മത്സ്യസമ്പത്തിനെയും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയാണ്.

വിദേശ രാജ്യങ്ങളിൽ പ്രജജന കാലത്ത് മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അവിടെ മത്സ്യങ്ങളെ പിടിക്കാൻ പണമടച്ചു പ്രത്യേക ലൈസൻസ് എടുക്കേണ്ടതുണ്ട്. യുകെ പോലെയുള്ള പല രാജ്യങ്ങളിലും ഈ ലൈസൻസ് ഓരോ വർഷവും പുതുക്കേണ്ടതുണ്ട്. ഇതുപ്രകാരം ചൂണ്ട ഒഴികെയുള്ള വലയും മറ്റും ഉപയോഗിച്ച് ശുദ്ധജല മത്സ്യം പിടിക്കാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ കടലിൽ നിന്നും മത്സ്യം പിടിക്കാൻ ഇത്ര നിയന്ത്രണം കാണപ്പെടുന്നില്ല. പുഴകളിലും കായലുകളിലും തൊടുകളിലും മറ്റും സർക്കാർ അനുവദിച്ചിരിക്കുന്ന പ്രത്യേക ഇടങ്ങളിൽ മാത്രമേ ചൂണ്ട ഇടാൻ സാധിക്കുകയുള്ളു. അതിനാൽ പുഴയിലും മറ്റും എല്ലായിടത്തും മത്സ്യബന്ധനം നടത്താൻ അനുവാദമില്ല. ഇത് മത്സ്യങ്ങളുടെ പ്രജജന കാലത്ത് അവയെ പിടിക്കുന്നത് നിയന്ത്രിക്കുകയും അമിതമായ വേട്ടയാടലിൽ നിന്നും, വംശ നാശത്തിൽ നിന്നും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads