അൽപക

From Wikipedia, the free encyclopedia

അൽപക
Remove ads

ടൈലോപോഡ ഉപഗോത്രത്തിൽപ്പെടുന്ന ഒരു സസ്തനിയാണ് അൽ‌പക. ഒട്ടകവും ഇതേ ഗോത്രത്തിൽപ്പെടുന്നു.

വസ്തുതകൾ അൽ‌പക, Conservation status ...
Remove ads

കാണപ്പെടുന്ന സ്ഥലങ്ങൾ

ബൊളീവിയ, പെറു, വടക്കൻ അർജന്റീന എന്നിവിടങ്ങളിലെ വിശാലമായ പർവ്വതപ്രദേശങ്ങളിൽ പറ്റംപറ്റമായി മേഞ്ഞുനടക്കുന്ന അൽപകകളെ കാണാം. ഈ അയവിറക്കുമൃഗം ഇവിടത്തെ ജന്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ശരീരഘടന

Thumb
അൽ‌പകയുടെ മുഖം

തോൾഭാഗത്ത് ഒരു മീറ്ററോളം ഉയരമുള്ള അൽപക, ലാമയെക്കാൾ ചെറുതാണ്. വാൽ എപ്പോഴും ശരീരത്തോടു ചേർത്തുവയ്ക്കുന്ന ശീലം ഇതിനുണ്ട്. നിറം കറുപ്പു മുതൽ വിളറിയ മഞ്ഞവരെ ഏതുമാകാം, എന്നാൽ മഞ്ഞുപോലെ വെളുത്തവയും അപൂർവമല്ല. പല നിറങ്ങളുള്ള അൽപക ഒരപൂർവദൃശ്യമാണ്. 4,250 മുതൽ 5,000 വരെ മീറ്റർ ഉയരമുള്ള ചതുപ്പു പ്രദേശങ്ങളിൽ കഴിയാൻ അൽപയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്.

രോമം

നീണ്ടു മിനുസമേറിയ രോമങ്ങൾക്കുവേണ്ടി മാത്രമാണ് മനുഷ്യൻ ഇവയെ ഇണക്കിവളർത്തുന്നത്. കാഴ്ചയിൽ ആടിനോട് വളരെയധികം സാദൃശ്യമുള്ള ഇവയിൽ രണ്ടിനങ്ങളുണ്ട്: സാധാരണ അൽപകയും സൂരിയും. സൂരിയുടെ രോമം വെട്ടിയെടുക്കാതെ വളരാനനുവദിച്ചാൽ അത് വളർന്നിറങ്ങി നിലത്തു മുട്ടും. അപ്പോൾ അത് കാഴ്ചയിൽ വലിപ്പംവച്ച ഒരു പൂഡിൽ നായയെപ്പോലെയിരിക്കും. ഒട്ടകത്തിന്റെ ബന്ധുക്കളായ നാല് ലാമോയ്ഡുകളിൽ വച്ച് കമ്പിളിനിർമ്മാണത്തിൽ പ്രഥമസ്ഥാനം അൽ‌പകയ്ക്കാണ്. മൂന്നു വയസ്സാകുന്നതോടെ അൽപകയുടെ ശരീരത്തിലെ ഏറ്റവും പഴക്കമുള്ള രോമങ്ങൾ പൊഴിയാനാരംഭിക്കുന്നു. രണ്ടാമത്തെ വയസ്സു മുതൽ രോമം വെട്ടിത്തുടങ്ങാം. സാധാരണ അൽപകയിൽ രണ്ടു വർഷംകൊണ്ട് 30 സെന്റിമീറ്റർ വരെ രോമം വളരുമ്പോൾ സൂരിയുടേത് 60 സെന്റിമീറ്റർ വളരുന്നു. 5-ാം വർഷമാണ് ഏറ്റവും കൂടുതൽ രോമം ലഭിക്കുന്നത്. അപ്പോൾ ഓരോ വെട്ടലിനും 3 കിലോഗ്രാം വരെ കമ്പിളി ലഭിക്കും. വർഷംതോറും 3,000 ടണ്ണോളം കമ്പിളി ഉത്പാദിപ്പിക്കുന്ന പെറു ആണ് ഈ വ്യവസായത്തിൽ മുൻപന്തിയിൽ നില്ക്കുന്ന രാജ്യം. ഏഴുവയസ്സാകുന്നതോടെ അൽപകയ്ക്ക് വാർധക്യം ബാധിക്കുന്നു. അപ്പോൾ ഇതിനെ ഇറച്ചിക്കായി കൊല്ലുക പതിവാണ്

വർഗ്ഗസങ്കരണം

അൽപകയും ലാമയുമായി ഇണചേർന്നു പുതിയൊരു തലമുറ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ കുട്ടികൾ പലപ്പോഴും ആദ്യതലമുറകളിലേതുപോലെയാവാറുണ്ട്. പട്ടുപോലെ മിനുത്ത രോമത്തിന് ഉടമയായ വിക്കുണയെയും ധാരാളം രോമമുള്ള അൽപകയെയും ഇണചേർത്ത് പാക്കോ-വിക്കുണ എന്ന പുതിയൊരിനത്തെ ഉത്പാദിപ്പിച്ചിട്ടുണ്ട്. വിക്കുണയുടെയും അൽപകയുടെയും നല്ല ഗുണങ്ങൾ ഒരുമിച്ച് ഒരു തലമുറയിൽ കാണുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ പരീക്ഷണവും പൂർണവിജയമായിട്ടില്ല. പാക്കോ-വിക്കുണയുടെ രോമത്തിന്റെ മിനുസം ഒരിക്കൽ വെട്ടിയെടുത്തുകഴിയുമ്പോൾ നഷ്ടപ്പെടുന്നു; അതോടൊപ്പം കട്ടിയുള്ള രോമത്തിൽ വർധനവ് ഉണ്ടാകുകയും ചെയ്യും. കൂടാതെ പലപ്പോഴും ഇവയുടെ കുഞ്ഞുങ്ങൾ ആദ്യതലമുറയിലെപ്പോലെ ആകാറുമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൽപക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads