എപ്പോഡിഫോർമീസ്

From Wikipedia, the free encyclopedia

എപ്പോഡിഫോർമീസ്
Remove ads

ആകാരത്തിലും ജീവിതരീതിയിലും തികച്ചും വിഭിന്ന സ്വഭാവം പുലർത്തുന്ന രണ്ടു വിഭാഗം പക്ഷികൾ ഉൾപ്പെടുന്ന ഒരു പക്ഷിഗോത്രം. ഈ ഗോത്രത്തിന് എപ്പോഡി (Apodi), ട്രോക്കിലി (Trochili) എന്നീ രണ്ട് ഉപഗോത്രങ്ങളുണ്ട്.[1][2] എപ്പോഡിയിൽ സിഫ്റ്റുകളെയും (ദ്രുതചലന ശേഷിയുള്ള ഒരിനം കുരുവി) ട്രോക്കിലിയിൽ ഹമ്മിങ് ബേഡുകളെയും (സൂചിമുഖി വർഗത്തിൽപ്പെട്ട പക്ഷി) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ വേഗത്തിൽ പറക്കാൻ ഈ പക്ഷികൾക്കുള്ള കഴിവ് എടുത്തു പറയത്തക്കതാണ്. ചിറകുകൾ തദനുസരണം സവിശേഷ വളർച്ച പ്രാപിച്ചിരിക്കുന്നു. അതോടൊപ്പം കാലുകൾ വളരെ ചെറിയവയുമാണ്. ഈ കാരണം മൂലമാണ്, തീർത്തും ശരിയല്ലെങ്കിൽ കൂടിയും കാലുകൾ ഇല്ലാത്തവ എന്നർഥം വരുന്ന എപ്പോഡിഫോർമീസ് എന്ന് ഈ പക്ഷിഗോത്രത്തെ നാമകരണം ചെയ്തിരിക്കുന്നത്. രണ്ടു വിഭാഗം പക്ഷികൾക്കും സാമാന്യമായി ഈ പ്രത്യേകത ഉള്ളതിനാൽ രണ്ടിനേയും ചേർത്ത് കണക്കാക്കുന്നു. ചിറകുകളുടെ ഘടനാസാദൃശ്യം ഈ രണ്ടിനം പക്ഷികളുടെയും ശ്രദ്ധേയ സവിശേഷതയായി കണക്കാക്കപ്പെടുന്നു. ഒരേ സ്വഭാവത്തിലുള്ള പ്രകൃതി നിർധാരണം വ്യത്യസ്തജീവിവിഭാഗത്തിൽ നടന്നതിന്റെ പരിണതഫലം മാത്രമാണ് ചിറകുകളുടെ ഈ ഘടനാസാദൃശ്യത്തിൽ പ്രകടമാകുന്നതെന്നാണ് പക്ഷിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഈ രണ്ടു വിഭാഗവും തമ്മിലുള്ള അന്യോന്യ സാദൃശ്യത്തെക്കാൾ ഇവയ്ക്ക് പക്ഷിവർഗളോടുള്ള സാദൃശ്യമാണ് അധികമായുള്ളത്. എങ്കിലും വളരെ പഴയ ഒരു പൊതുപൂർ‌‌വികനിൽ നിന്നാണ് ഈ രണ്ടീനങ്ങളും ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.[3]

Thumb
ഹമ്മിങ്ബേഡ്

വസ്തുതകൾ എപ്പോഡിഫോർമീസ്, Scientific classification ...

ഹമ്മിങ്ബേഡിന്റെ 320-ഓളം സ്പീഷീസുകളെ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക സ്പീഷീസുകളും അമേരിക്കയിലാണ് കാണപ്പെടുന്നത്. ജിവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറിയ പക്ഷികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. മെല്ലിസുഗാ ഹെലീനേ (Mellisuga helenae) എന്നു ശസ്ത്രനാമമുള്ള ഒരിനമാണ് ഏറ്റവും ചെറിയ പക്ഷി. ഇവയുടെ ചുണ്ടുമുതൽ വാലറ്റം‌‌വരെയുള്ള നീളം 62 മി. മീ. മാത്രമാണ്. ക്യൂബയിലാണ് ഇവ കാണപ്പെടുന്നത്.[4]

ഹമ്മിങ്ബേഡുകളുടെ നാക്കിന് ഒരു നാളിയുടെ രൂപമാണുള്ളത്. പുഷ്പങ്ങളിൽ നിന്നും തേൻ കുടിക്കാൻ നാക്കിന്റെ ഈ ഘടന ഇവയെ സഹായിക്കുന്നു. ചുണ്ടിന് (beak) കനം കുറവാണ്. ഇവ പല ആകൃതിയിലും വലിപ്പത്തിലും കാണപ്പെടുന്നു. ഏതിനം പുഷ്പങ്ങളിലാണോ സാധാരണയായി തേൻ‌‌കുടിക്കുന്നത് ആ പുഷ്പത്തിന്റെ ഘടനയുമായി ആ പ്രത്യേകവിഭാഗം പക്ഷികളുടെ ചുണ്ടിന്റെ ഘടനയ്ക്ക് ബന്ധം കാണാറുണ്ട്. തേൻ ശേഖരിക്കുന്ന കൂട്ടത്തിൽ അൽപദൂരം പുറകോട്ടു പറക്കാനും ഈ ഇനം പക്ഷികൾക്കു കഴിയും.

Thumb
ഹമ്മിങ്ബേഡ്

സ്വിഫ്റ്റുകൾക്ക് മീവൽ‌‌പക്ഷി (swallow) കളോട് സാദൃശ്യമുണ്ട്. പറന്നുനടക്കുന്ന കീടങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. പറന്നുപോകുന്നതിനിടയിൽ തന്നെ കൂടുകെട്ടാൻ വേണ്ട സാമഗ്രികൾ ശേഖരിക്കാനും ഇവയ്ക്ക് കഴിയും. ഇന്തോ-ആസ്‌‌ട്രേലിയൻ ജീനസ് ആയ കൊളോകാലിയ (collocalia) എന്നയിനം സ്വിഫ്റ്റുകൾ ഇരുളടഞ്ഞ ഗുഹകളിലാണ് ജീവിക്കുന്നത്. ഇവയ്ക്ക് പ്രധിധ്വനിയിൽനിന്നു ദിശ കണ്ടുപിടിക്കനുള്ള കഴിവുണ്ട്. ഈ ജീനസിലെ ചില സ്പീഷീസുകളുടെ കട്ടിപിടിച്ച ഉമിനീരു കൊണ്ടാണ് നിർമ്മിക്കുന്നത്. സിഫ്റ്റുകളുടെ മുട്ടയ്ക്കു വെള്ളനിറമാണ്. ഒരു പ്രജനന ഘട്ടത്തിൽ ഒരു മുട്ട മുതൽ ആറ് മുട്ടകൾ വരെ ഇടുന്നവ ഇക്കൂട്ടത്തിലുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും അടയിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകൾ കാണാറില്ല; കാഴ്ച്ചശക്തിയും കുറവായിരിക്കും. പറക്കാൻ പ്രപ്തരല്ലാത്ത കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുവാൻ സ്വിഫ്റ്റ്കൾ ശ്രദ്ധിക്കാറില്ല.

ഹമ്മിങ്ബേഡുകൾ രണ്ടു മുട്ട ഇടാറുണ്ട്. തൂവെള്ളനിറമുള്ള ഈ മുട്ട വിരിച്ചിറക്കുന്നത് പെൺപക്ഷിയാണ്. പറക്കാനാകും വരെ കുഞ്ഞിനെ പരിരക്ഷിക്കുന്നതും പെൺപക്ഷിതന്നെ.

ഹമ്മിങ്ബേഡുകളുടെ ഫോസിലശിഷ്ടങ്ങൾ ലഭ്യമല്ല. ഇന്നു ജീവിച്ചിരിക്കുന്ന രണ്ടിനങ്ങളുടെ ഫോസിലുകൾ പ്ലിസ്റ്റോസീൻ (20,00,000 വർഷങ്ങൾക്കു താഴെ) ഘട്ടത്തിൽ നിന്നും ലഭ്യമായിട്ടുണ്ട്. അഞ്ച് ഇനം സിഫ്റ്റ് ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ മയോസീൻ ഘട്ടത്തിൽ നിന്നു ലഭ്യമായ രണ്ടിനങ്ങളുടെ പിൻ‌‌ഗാമികൾ ഇന്നും നിലനിന്നുവരുന്നു.

എപ്പോഡിഫോർമീസ് ഗോത്രത്തെ എപ്പോഡി, ട്രോക്കിലി എന്നീ രണ്ട് ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. എപ്പോഡി ഉപഗോത്രത്തിൽ ഹെമിപ്രോസ്റ്റിഡേ, എപ്പോഡിഡേ എന്നീ കുടുബങ്ങളും ട്രോക്കിലിയിൽ ട്രോക്കിലിഡേ എന്ന കുടുംബവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.[5]

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads