അസീറിയ

From Wikipedia, the free encyclopedia

അസീറിയ
Remove ads

ബി.സി. മൂന്നും രണ്ടും സഹസ്രാബ്ദങ്ങളിൽ പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളിൽ വർത്തിച്ചിരുന്ന സംസ്കാരസമ്പന്നമായ ഒരു സെമിറ്റിക് ജനവർഗത്തിന്റെ അധിവാസഭൂമിയാണ് അസീറിയ. നിനവെ പട്ടണത്തെ കേന്ദ്രമാക്കിക്കൊണ്ടു പ്രസരിച്ച ഈ സാംസ്കാരിക പ്രവാഹത്തിന്റെ ചരിത്രം ബാബിലോണിയയുടേതുമായി വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അസീറിയയിൽനിന്നാണ് സിറിയ രൂപംകൊണ്ടത്.

വസ്തുതകൾ അസീറിയ, തലസ്ഥാനം ...
Remove ads

ആമുഖം

Thumb
അസിറിയൻ വേഷത്തിൽ ഒരു അസിറിയൻ ബാലൻ

മാനവസംസ്കാരം പിറന്നത് ഈജിപ്തിലോ ചൈനയിലോ ടൈഗ്രീസ്-യൂഫ്രട്ടീസ് നദീതടങ്ങളിലോ സിന്ധുഗംഗാസമതലങ്ങളിലോ എന്ന പ്രശ്നത്തിനു ഉത്തരം എന്തുതന്നെ ആയിരുന്നാലും ബി.സി. 3000-600 കാലഘട്ടത്തിൽ സാംസ്കാരികവും രാഷ്ട്രീയവുമായ വികാസം ബാബിലോണിയയുമൊത്ത് അസീറിയയിൽ ആകെപ്പാടെ വ്യാപിച്ചിരുന്നുവെന്നതിൽ തർക്കമില്ല. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ നബൊ പൊലസ്സർ രാജാവ് അസീറിയയുടെ ആധിപത്യം നിശ്ശേഷം തകർത്തതോടുകൂടിയാണ് ഈ പ്രാചീനജനപദം ബാബിലോണിയൻ സംസ്കാരപ്രവാഹത്തിൽ ആമൂലാഗ്രം ലയിക്കുന്നത്. പതിനഞ്ചോളം നൂറ്റാണ്ടുകൾ നീണ്ടുനിന്ന അസീറിയൻ കാലഘട്ടത്തിൽ അക്ഷരവിദ്യ, ഇനാമൽ വേല, ചിത്രരചന, പ്രതിമാശില്പം, വേഷവിധാനം, വൈദ്യശാസ്ത്രം, സംഗീതം, സൈന്യഘടന തുടങ്ങിയ മനുഷ്യപ്രവർത്തനമേഖലകളുടെ എല്ലാ ശാഖകളിലും ഈ പ്രദേശം അത്യുന്നതമായ നിലവാരം പുലർത്തിയിരുന്നു.

Remove ads

രാജാക്കന്മാരുടെ കർഷകരും പട്ടണങ്ങളും

Thumb
അസിറിയൻ ഫ്ലാഗ്

അസീറിയയുടെ തലസ്ഥാനനഗരിയായിരുന്ന അസൂർ[1] (അശ്ശൂർ, അഷൂർ, അസ്ഹൂർ, ആധുനിക ഖലാത്ത് ഷർക്കത്ത്) ടൈഗ്രീസ് നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിനു 96 കി.മീ. വടക്കാണ് നിനവെ[2] (ആധുനിക കുയൂൻജിക്) എന്ന പ്രാചീന നഗരത്തിന്റെ ആസ്ഥാനം. ഈ നഗരങ്ങൾക്കിടയിൽ കലാക്ക് (നിമ്റുദ്) സ്ഥിതിചെയ്യുന്നു. നിനവെയ്ക്കു വടക്കു കിഴക്കായി അസീറിയൻ രാജാവായിരുന്ന സാർഗണിന്റെ ആസ്ഥാനമായ ദുർഷാറുക്കിൻ (ആധുനിക ഖൊർസാബാദ്)[3] സ്ഥിതിചെയ്തിരുന്നു. പ്രാചീനനഗരങ്ങളായ അർബേല, ഹറാൻ[4] എന്നിവയും ഈ പ്രദേശത്തുൾപ്പെട്ടിരുന്നു.

പ്രാകൃതഗോത്രങ്ങളുടെയും അലഞ്ഞുതിരിഞ്ഞു കഴിഞ്ഞുവന്ന ജനവിഭാഗങ്ങളുടെയും ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിന് അസീറിയയിലെ ജനങ്ങൾ പ്രാചീനകാലം മുതൽ പല പ്രതിരോധമാർഗങ്ങളും സ്വീകരിച്ചിരുന്നു. കാലാവസ്ഥയും ഇവിടത്തെ ജനങ്ങളുടെ സ്വഭാവരൂപവത്കരണത്തിൽ ഗണ്യമായ പങ്കുവഹിച്ചു. നിരന്തരം യുദ്ധങ്ങളിലേർപ്പെട്ടിരുന്ന അസീറിയൻ ജനത സാംസ്കാരിക വളർച്ചയിൽ സമീപസ്ഥിതരായിരുന്ന ബാബിലോണിയരെക്കാൾ പിന്നിലായിരുന്നു. അസീറിയക്കാരുടെ പ്രാചീനശിലാലിഖിതങ്ങളിൽ സൈനികപ്രവർത്തനങ്ങളെയാണ് അധികവും പരാമർശിച്ചിട്ടുള്ളത്.

Remove ads

ചരിത്രം

Thumb
അസിറിയൻ ശില്പം

പുരാവസ്തുഗവേഷകരുടെ ഉത്ഖനനങ്ങളുടെ ഫലമായി ഈ പ്രദേശത്തിന്റെ പ്രാചീനചരിത്രം-ഗ്രാമങ്ങളായിരുന്ന കാലം മുതൽ ബി.സി. 3000-ൽ എഴുത്തുവിദ്യ നിലവിൽ വരുന്ന കാലം വരെ-മനസ്സിലാക്കുവാൻ കഴിയുന്നു. ബി.സി. 4750-ൽ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള കാലഘട്ടങ്ങളിലെ സംസ്കാരസമ്പന്നരായ ജനവിഭാഗങ്ങളുടെ ജീവിതരീതി പ്രതിഫലിപ്പിക്കുന്ന പുരാവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഈ പ്രദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്.

സുമേറിയൻ-ബാബിലോണിയൻ സംസ്കാരങ്ങളുമായി അസീറിയയ്ക്കു ബന്ധങ്ങളുണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. അസീറിയ, അക്കാദിലെ സാർഗണിന്റെയും അനന്തരാവകാശികളുടെയും സാമ്രാജ്യത്തിന്റെ (ബി.സി. 2300-2200) ഭാഗമായിരുന്നുവെന്നതിനും തെളിവുകളുണ്ട്. ബാബിലോണിയയുടെ കീഴിൽ അസീറിയ ഏതാണ്ട് ഒരു നൂറ്റാണ്ടു കാലത്തോളം കഴിഞ്ഞു (ബി.സി. 2050-1950)

പ്രാചീന അസീറിയൻ സാമ്രാജ്യം

Thumb
അസിറിയൻ ക്രിസ്ത്യൻസ്
Thumb
സെയിന്റ് മാർക്ദേവാലയം ജറൂസലം

ബി.സി. 1950-നോടടുത്ത കാലഘട്ടത്തിൽ അസീറിയ ഭരിച്ചിരുന്ന പുസൂർ-ആശ്ശൂർ കന്റെയും അനന്തരഗാമികളുടെയും കാലത്ത് അസീറിയ വിപുലമായ ഒരു സാമ്രാജ്യമായി വളർന്ന്, വിദേശവാണിജ്യംകൊണ്ട് സാമ്പത്തികമായി വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു. ബാബിലോണിയ ഈ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. അസീറിയയും വിദേശരാജ്യങ്ങളും തമ്മിൽ വാണിജ്യാധിഷ്ഠിതമായ സുദൃഢബന്ധങ്ങൾ അക്കാലത്തു നിലനിന്നു. ബി.സി. 1950-നും 1750-നും ഇടയ്ക്കുള്ള രണ്ടു ശതകങ്ങളിൽ ജനവാസമുണ്ടായിരുന്ന തെക്കുപടിഞ്ഞാറൻ ഏഷ്യ പടിഞ്ഞാറൻ സെമൈറ്റുകളുടെ ആക്രമണത്തിനു വിധേയമായി. പിൽക്കാലത്ത് ഇവർ അമോറൈറ്റുകൾ എന്നറിയപ്പെട്ടു. 1748-ൽ ഒരു അമോറൈറ്റ് തലവൻ ഷംഷി അദാദ് എന്ന പേരിൽ അസീറിയൻ രാജാവായി.[5] ഈ വംശത്തിന്റെ ഭരണകാലത്ത് അസീറിയ ഒരു പ്രബലരാഷ്ട്രമായി. തെക്കു പടിഞ്ഞാറൻ ഇറാൻ മുതൽ മെഡിറ്ററേനിയൻ കടൽവരെ അന്ന് അസീറിയൻ സാമ്രാജ്യം വ്യാപിച്ചു. ഷംഷി അദാദിന്റെ പുത്രനായ ഇഷ്മെ ദഗാൻ കന്റെ മരണത്തോടുകൂടി അസീറിയയുടെ പ്രശസ്തിയും വളർച്ചയും കുറഞ്ഞുതുടങ്ങി; സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രങ്ങളായി. പിന്നീട് അസീറിയ ബാബിലോണിയയിലെ ഹമ്മുറാബിയുടെ അധീശാധികാരത്തിൻകീഴിലായി (ബി.സി. 1696). ഹമ്മുറാബി നിര്യാതനായതോടുകൂടി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഉത്തരഭാഗത്ത് പ്രാകൃതവർഗങ്ങളുടെ ആക്രമണമുണ്ടായി. അവർ മെസപ്പൊട്ടേമിയയിൽ എത്തി. ബി.സി. 1700-1500 കാലത്ത് അസീറിയ ബലഹീനമായ ഒരു രാഷ്ട്രമായി കഴിഞ്ഞിരുന്നിരിക്കണം. ഹൂറിയൻമാരും ഇന്തോ-ആര്യൻമാരും വടക്കും കിഴക്കും പ്രദേശങ്ങളിൽനിന്ന് അസീറിയയിലും പലസ്തീനിലും വാസമുറപ്പിച്ചു. അസീറിയ കുറേക്കാലം ഈ വർഗക്കാരുടെ അധികാരത്തിൻ കീഴിലായിരുന്നു. ബി.സി. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ബൽബാനി എന്ന രാജാവ് അസീറിയ ഭരിച്ചിരുന്നതായി രേഖകളുണ്ട്.

മധ്യ അസീറിയൻ സാമ്രാജ്യം

Thumb
അസിറിയൻ ക്രിസ്ത്യൻ സ്ത്രീകൾ
Thumb
അസീറിയൻസ് ഇറാനിൽ
Thumb
അസീറിയൻ ഹെൽമെറ്റ്

ബി.സി. 1500-നോടടുത്ത് അഷൂർമിരാരി ക അസീറിയ ഭരിച്ചു. അടുത്ത നൂറ്റാണ്ടിൽ അസീറിയയുടെ പ്രതാപം വീണ്ടും നഷ്ടപ്പെട്ടു. അന്നു പല വിദേശരാജ്യങ്ങളുമായി യുദ്ധങ്ങളും പല സമാധാനസന്ധികളും ഉണ്ടായി. ഇന്തോ-ആര്യൻ രാജ്യമായ മിതാന്നിയുടെ അധീശാധികാരവും അസീറിയയ്ക്ക് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തുത്മോസ് III[6] (ഈജിപ്തിലെ രാജാവ്) അസീറിയ ആക്രമിച്ച് മിതാന്നിയൻ സേനയെ തോല്പിച്ചപ്പോൾ (1450), അസീറിയൻ രാജാവ് തുത്മോസിനു സമ്മാനങ്ങൾ അയച്ചുകൊടുത്തു. ഹിറ്റൈറ്റുകൾ മിതാന്നിയെ പരാജയപ്പെടുത്തിയതോടുകൂടി അസീറിയയിലെ എറിബാ-അദാദിന് (ബി.സി. 1383-57) അസീറിയൻ സാമ്രാജ്യം പുനരുദ്ധരിക്കുവാൻ സന്ദർഭം ലഭിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ആഷൂർ ഉബാല്ലിത് I[7] (ബി.സി. 1356-21) അസീറിയയെ ഒരു സൈനികശക്തിയായി വളർത്തി. അന്നു സാമ്രാജ്യത്തിന്റെ അതിരുകൾ വിപുലമാക്കുകയും ബാബിലോണിയയുടെമേൽ അധീശാധികാരം ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹം ഈജിപ്തിലെ അഖ്നതെനു(ഇഖ്നാത്തൻ)മായി നടത്തിയ കത്തിടപാടുകൾ ചരിത്രവസ്തുതാണ്. അടുത്ത രണ്ടു രാജവംശങ്ങളുടെ ഭരണകാലത്ത് (ബി.സി. 1320-1299) അസീറിയ ശക്തമായ ഒരു രാഷ്ട്രമായി; അവർക്കു പല സൈനികവിജയങ്ങളും നേടാൻ കഴിഞ്ഞു. ഈ കാലഘട്ടത്തിലെ മുഖ്യ രാജാക്കന്മാർ അദാദ്നിരാരി I[8] (ബി.സി. 1298-1266), ശൽമനേസർ I[9] (ബി.സി. 1265-1236), തുകുൽതി നിനൂർത I (ബി.സി. 1235-1199) തുടങ്ങിയവരായിരുന്നു. അക്കാലത്തു മിതാന്നിയെ ആക്രമിച്ച് യൂഫ്രട്ടീസ് നദിക്കു മറുകര വരെ അസീറിയയുടെ അതിർത്തി വ്യാപിപ്പിച്ചു. ബി.സി. 1270-ൽ ഈജിപ്തുകാരും ഹിറ്റൈറ്റുകളും സന്ധി ഉണ്ടാക്കിയതോടുകൂടി അവർ തമ്മിലുള്ള ശത്രുത അവസാനിച്ചു. അസീറിയയുടെ വളർച്ചയെ വിഘാതപ്പെടുത്താൻ ഈ സൗഹൃദം അവർ ഉപയോഗിച്ചു. എങ്കിലും അസീറിയൻ രാജാവായ തുകുൽതി നിനുർത I ബാബിലോണിയ കീഴടക്കി തന്റെ സാമ്രാജ്യം അർമീനിയ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ വ്യാപിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പുത്രന്റെ ഭരണകാലത്ത് അസീറിയ ബാബിലോണിയയുടെ സാമന്ത രാജ്യമായിത്തീർന്നു. തിഗ്ലത്ത് പിലീസർ I (ബി.സി. 1116-1078)-ന്റെ കാലത്ത് അസീറിയ വീണ്ടും ശക്തമായ രാഷ്ട്രമായി. അദ്ദേഹം ബാബിലോണിയയെ ആക്രമിച്ചു കീഴ്പ്പെടുത്തി.

ഭരണസംവിധാനം

മധ്യകാല അസീറിയൻ സാമ്രാജ്യത്തിന്റെ ഭരണസംവിധാനത്തെപ്പറ്റിയും മറ്റുമുള്ള വിവരങ്ങൾ ലഭ്യമാണ്. അന്നത്തെ നിയമസംവിധാനവും ശിക്ഷാസമ്പ്രദായങ്ങളും കർശനമായിരുന്നു. തിഗ്ലത്ത് പിലീസർ I-ന്റെ അനന്തരഗാമികളുടെ കാലത്ത് അസീറിയയുടെ പ്രതാപം നഷ്ടപ്പെട്ടു. ആഷൂർദാൻ II[10] (ബി.സി. 934-912)-ന്റെ ശിലാശാസനങ്ങളിൽ നിന്ന് അന്നത്തെ അസീറിയൻ ജനതയുടെ ദാരിദ്ര്യത്തെപ്പറ്റിയുള്ള വിവരങ്ങൾ മനസ്സിലാക്കാം.

ആക്രമണങ്ങൾ

ആഷുർദാൻ IIഉം, പുത്രനായ അദാദ്നിരാരി IIഉം[11] (ബി.സി. 911-891) അസീറിയയെ വീണ്ടും ശക്തമായ രാഷ്ട്രമാക്കാൻ യത്നിച്ചു. അടുത്ത രാജാവായ തുകുൽതി നിനുർത II-ഉം (ബി.സി. 890-884) പുത്രനായ ആഷുർ നാസിർ പാൾ IIഉം[12] (ബി.സി. 884-859) അർമീനിയരെ ആക്രമിച്ചു; അവിടത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. അസീറിയർ നടത്തിയ മർദനങ്ങളുടെ വിവരങ്ങൾ ശിലാലിഖിതങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ട്. അടുത്ത അസീറിയൻ രാജാവായ ശൽമനേസർ III[13] (ബി.സി. 858-824) അർമീനിയൻ-ഫിനീഷ്യൻ-പലസ്തീനിയൻ സഖ്യസേനയെ കർകർ യുദ്ധത്തിൽ (ബി.സി. 853) നേരിട്ടു. സഖ്യകക്ഷികളുടെ ഐക്യം നഷ്ടപ്പെട്ടെങ്കിലും അസീറിയയ്ക്കു വിജയിക്കാൻ സാധിച്ചില്ല; സഖ്യസേനകളുടെ ആസ്ഥാനമായ ദമാസ്കസ് പിടിച്ചെടുക്കുവാൻ ശൽമനേസർ IIIനു കഴിഞ്ഞുമില്ല. ബാബിലോണിയ കീഴടക്കാൻ സാധിച്ചെങ്കിലും പിന്നീട് ആഭ്യന്തരയുദ്ധത്തിന് അസീറിയ സാക്ഷ്യം വഹിക്കേണ്ടിവന്നു. ഷംഷി അദാദ് V[14] (ബി.സി. 823-811) രാജാവായതോടുകൂടി രാജ്യത്ത് സമാധാനം പുനഃസ്ഥാപിതമായെങ്കിലും സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രമായി. ഷംഷി അദാദിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പുത്രൻ രാജാവായി. അതോടുകൂടി, അസീറിയ സാമ്രാജ്യശക്തിയായി വീണ്ടും വളർന്നു. തെക്കു പടിഞ്ഞാറെ ഏഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി അസീറിയ കരുതപ്പെട്ടിരുന്നെങ്കിലും യഥാർഥത്തിൽ ഇക്കാലത്ത് അതിന്റെ ശക്തി ക്ഷയോൻമുഖമായി.

ബി.സി. 745-ൽ തിഗ്ലത്ത് പിലീസർ III രാജാവായി; അദ്ദേഹം അസീറിയൻ പ്രതാപം വീണ്ടെടുക്കുകയും ബാബിലോണിയയിലെ കാൽദിയരെ അമർച്ചവരുത്തുകയും ചെയ്തു. കിഴക്കും പടിഞ്ഞാറും അതിർത്തികളിലും സമാധാനം സ്ഥാപിച്ചു; ബി.സി. 740-ൽ അർപഡ് കീഴടക്കി; ബി.സി. 734-ൽ ഗാസ പിടിച്ചെടുത്തു. ഇസ്രയേലും ദമാസ്കസും തിഗ്ലത്ത് പിലീസർ III-ന് അധീനമായി. ബാബിലോൺ കീഴടക്കി അവിടത്തെയും രാജാവായി. രാഷ്ട്രത്തിനെതിരായി കലാപം നയിക്കുന്നവരെ കൂട്ടക്കൊല ചെയ്യുകയോ അടിമകളാക്കുകയോ ചെയ്യാതെ, അവരുടെ നേതാക്കന്മാരെ മാത്രം വധിച്ചശേഷം മറ്റുള്ളവരെ ഇതര പ്രദേശങ്ങളിലേക്കു മാറ്റി പാർപ്പിച്ചു. തിഗ്ലത്ത് പിലീസറിന്റെ പുത്രനായ ശൽമനേസർ V (ബി.സി. 726-722)നുശേഷം സാർഗൺ II (ബി.സി. 721-705) രാജാവായി. അദ്ദേഹം ഉറാർത്തു (അർമീനിയ) ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി. ബാബിലോണിയയിലെ കാൽദിയൻ തലവനായ മൊർദേക്കയെ (ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള) കീഴടക്കുന്നതിൽ സാർഗൺ വീജയിച്ചില്ല.

ആഭ്യന്തര കലാപം

സാർഗണിന്റെ പുത്രനായ സെനക്കെരിബ് (ബി.സി. 704-681) ഭരണാധികാരിയായപ്പോൾ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവ അമർച്ച ചെയ്യുവാനും സമീപരാജ്യങ്ങളെ ആക്രമിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തെ രണ്ടു പുത്രന്മാർ ചേർന്നു വധിച്ചു. മറ്റൊരു പുത്രനായ എസാർഹഡൻ (ബി.സി. 680-669) പിതാവിനെ വധിച്ച സഹോദരന്മാരെ രാജ്യത്തുനിന്നു നിഷ്കാസനം ചെയ്തു ഭരണം ഏറ്റെടുത്തു. അദ്ദേഹം ബാബിലോണിയയെ തന്റെ തലസ്ഥാനങ്ങളിലൊന്നാക്കുകയും മീഡിയ, അറേബ്യ എന്നീ പ്രദേശങ്ങൾ തന്റെ സാമ്രാജ്യത്തിലുൾപ്പെടുത്തുകയും ചെയ്തു. ഈജിപ്തിന്റെ ചില പ്രദേശങ്ങളും ഇദ്ദേഹം കൈവശപ്പെടുത്തി. ബാർബേറിയൻ ആക്രമണങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. എസാർഹഡൻ തന്റെ സാമ്രാജ്യം രണ്ടു പുത്രന്മാർക്കായി വിഭജിച്ചുകൊടുത്തു.

അസീറിയൻ സാ‌മ്രാജ്യത്തിന്റെ അവസാനകാലം

എസാർഹഡന്റെ പുത്രനായ ആഷൂർബാനിപാൾ (ബി.സി. 668-663) അസീറിയൻ സാമ്രാജ്യത്തിന്റെ അവസാനകാലത്തെ ഏറ്റവും പ്രമുഖനായ രാജാവായിരുന്നു. ഗ്രീക്കുചരിത്രത്തിൽ സർദാനപാലസ് എന്ന പേരിലാണ് ഈ ചക്രവർത്തി അറിയപ്പെടുന്നത്. ഈജിപ്ത്, നുബിയ, തീബ്സ് എന്നീ പ്രദേശങ്ങൾ അദ്ദേഹം കീഴടക്കി. ബാബിലോണിലെ രാജാവും ആഷൂർബാനിപാളിന്റെ സഹോദരനുമായ ഷംഷ്ഷുമുകിനും ആഷൂർബാനിപാളും തമ്മിൽ നടന്ന യുദ്ധത്തിൽ നിരവധി ബാബിലോണിയർ വധിക്കപ്പെട്ടു. നീണ്ട ഒരു യുദ്ധത്തിനുശേഷം ആഷൂർബാനിപാൾ അറേബ്യയും കീഴടക്കി. ലിഡിയയെയും അർമീനിയയെയും തന്റെ ആധിപത്യത്തിൻകീഴിലാക്കാനും ആഷൂർബാനിപാളിനു കഴിഞ്ഞു.

ആഷൂർബാനിപാളിന്റെ ഭരണകാലത്ത് അസീറിയൻ സംസ്കാരം വളരെ അഭിവൃദ്ധിപ്പെട്ടു. ക്യൂനിഫോം രീതിയിലുള്ള ലേഖനവിദ്യയുടെ വികാസവും തൻമൂലമുണ്ടായ വിജ്ഞാനവർധനവും ആഷൂർബാനിപാളിന്റെ കാലത്തെ പ്രത്യേകതകളാണ്. സുമേരിയൻ-അക്കേദിയൻ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള ശാസനങ്ങൾ ശേഖരിക്കാൻ അദ്ദേഹം പണ്ഡിതൻമാരെ ബാബിലോണിയ ഉൾപ്പെടെയുള്ള പല പ്രാചീന നഗരങ്ങളിലേക്കും അയച്ചു. നിനവെയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥശാലയിൽ ആയിരക്കണക്കിന് ലിഖിതഫലകങ്ങൾ ഉണ്ടായിരുന്നു (അവയിൽ പലതും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). ബി.സി. 633-ൽ അദ്ദേഹം നിര്യാതനായതോടുകൂടി അസീറിയൻ സാമ്രാജ്യം നാശോൻമുഖമായി; ആഷൂർബാനിപാളിന്റെ അനന്തരഗാമികൾ തമ്മിലുള്ള അധികാരമത്സരംമൂലം സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും സ്വതന്ത്രങ്ങളായി. ബി.സി. 614-ൽ മീഡുകൾ തലസ്ഥാനമായ ആഷൂർ ആക്രമിച്ചു നശിപ്പിച്ചു; രണ്ടു കൊല്ലത്തിനുശേഷം നിനവെയും ആക്രമണവിധേയമായി. ആഷൂർ ഉബാലിത് കക, ഹറാൻ തലസ്ഥാനമാക്കിക്കൊണ്ടു ഭരണം തുടർന്നു. ബി.സി. 608-നും 606-നും മധ്യേ ഹറാനും മീഡുകൾ നശിപ്പിച്ചു. അതോടുകൂടി അസീറിയൻ സാമ്രാജ്യം നാമാവശേഷമായി.

അസീറിയൻ സംസ്കാരം

പ്രാചീന വൈദ്യശാസ്ത്രകൃതി

Thumb
ഷംഷി അദാദ് V ന്റെ ശില്പം
Thumb
ഷംഷി അദാദ് V ന്റെമറ്റൊരു ശില്പം

അസീറിയൻ രാജാവായ ആഷൂർബാനിപാളിന്റെ ഗ്രന്ഥശേഖരത്തിൽനിന്ന് ഒരു പ്രാചീനവൈദ്യശാസ്ത്രകൃതി കണ്ടുകിട്ടിയിട്ടുണ്ട്. കളിമൺ ഫലകങ്ങളിൽ കൊത്തിവച്ച അക്ഷരങ്ങളോടുകൂടിയതും സുമേറിയനും അസീറിയനും ഭാഷകളിൽ എഴുതപ്പെട്ടതുമായ ഈ ഇഷ്ടിക ഗ്രന്ഥത്തിൽ പല പച്ചമരുന്നുകളെയും അവയുടെ പ്രയോഗവിധങ്ങളെയുംപറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഇനാമൽ പ്രയോഗം

ഇനാമൽ പ്രയോഗത്തിലും അസീറിയർ അദ്വിതീയരായിരുന്നു. വിവിധ ലോഹങ്ങളിൽ നിർമിതമായ ആഭരണങ്ങളിൽ മാത്രമല്ല, കെട്ടിടങ്ങൾക്കുള്ള ചുടുകട്ടകളിൽപ്പോലും നല്ലപോലെ തിളങ്ങുന്ന ഇനാമൽ പ്രയോഗം നടത്തുന്നതിൽ ഇവർ വൈദഗ്ദ്ധ്യം നേടി. ഇങ്ങനെ തിളക്കംവരുത്തിയ ചുടുകട്ടകൾകൊണ്ടു കെട്ടിയ കൊട്ടാരങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് ഇവർ അലങ്കരിച്ചിരുന്നു. അവർക്കു പരിചിതമായ ജീവിതവ്യവഹാരരംഗങ്ങളാണ് ഈ ചിത്രരചനകൾക്കു വിഷയമായത്. ഇവരുടെ ലേഖനവിദ്യയെ ഉദാഹരിക്കുന്ന പല പ്രതിമാശില്പങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഒരു ലേഖകൻ തന്റെ നാരായമോ തൂവലോ കൊണ്ടു കളിമൺകട്ടകളിൽ അക്ഷരങ്ങൾ കൊത്തിവയ്ക്കുന്നതും പാപ്പിറസ് ചുരുളുകളിലുള്ള എഴുത്തു വായിക്കുന്നതുമായ പ്രതിമകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കൃഷിജോലികൾ, നായാട്ട്, ഗാർഹികരംഗങ്ങൾ, യുദ്ധം, വീട്ടുമൃഗങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്ന ബാസ്-റിലീഫ് (Bas-Relief) ശില്പങ്ങളും ഒട്ടും കുറവല്ല.

അയഞ്ഞു നീണ്ടുകിടക്കുന്ന വസ്ത്രങ്ങളും കഞ്ചുകങ്ങളുമായിരുന്നു ഇവരുടെ സാധാരണ വേഷവിധാനം. ഞൊറിവുകളും മടക്കുകളും ധാരാളമായുള്ള കമ്പിളിവസ്ത്രങ്ങളായിരുന്നു ഇവർ ഉപയോഗിച്ചുവന്നത്.

ഇവർ സംഗീതകലയിൽ സാരമായ നൈപുണ്യം നേടിയിരുന്നുവെന്നതിന് ഈ പ്രദേശത്തുനിന്നു കിട്ടിയ പലവിധവാദ്യോപകരണങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവനദ്ധതന്ത്രി-സുഷിരവാദ്യങ്ങൾ പലതും ഇവയിൽ ഉൾപ്പെടുന്നു.

പ്രാചീന സൈനികസംഘാടനം

പ്രാചീനകാലത്തെ സൈനികസംഘാടനത്തിൽ ഏറ്റവും മാതൃകായോഗ്യമായിരുന്ന ഒന്നാണ് അസീറിയർക്കുണ്ടായിരുന്നത്. വാളുകളും പരിചകളും കുന്തങ്ങളും ലോഹപ്പടച്ചട്ടകളും ആയിരുന്നു മുഖ്യയുദ്ധായുധങ്ങൾ. കുതിരകളെ പൂട്ടിയ രഥങ്ങളിൽ ഇരുന്നുകൊണ്ട് അമ്പും വില്ലും ഉപയോഗിക്കുന്ന കാര്യത്തിൽ, ഭാരതീയ പുരാണ നായകന്മാരെപ്പോലെ, അസീറിയരും അസാമാന്യസാമർഥ്യം പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തടവുകാരെ അടിമകളാക്കി, പിന്നീട് ദേശീയ യുദ്ധമുറകളിൽ പരിശീലനം നൽകി സ്വന്തം സൈനികശക്തി വർധിപ്പിക്കുന്നതിൽ അസീറിയർ ശ്രദ്ധിച്ചിരുന്നു.

Remove ads

പുരാവസ്തു ഗവേഷണങ്ങൾ

Thumb
അസീറിയൻ മാർച്ചിംങ് പുരാതന ശില്പം

ഒരു കാലഘട്ടത്തിൽ മെസപ്പൊട്ടേമിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അസീറിയ-ബാബിലോണിയാ പ്രദേശങ്ങളെപ്പറ്റി ബൈബിൾ പഴയനിയമ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. ഈ പ്രദേശം ആദ്യകാല യൂറോപ്യൻ സഞ്ചാരികളെ പ്രധാനമായും ആകർഷിച്ചിരുന്നത് ബൈബിൾ കഥകളുടെ പൂർവരംഗം എന്ന നിലയ്ക്കായിരുന്നു. എന്നാൽ 16-ആം നൂറ്റാണ്ടിനു ശേഷം ഇവിടത്തെ പ്രാചീന സംസ്കാരാവശിഷ്ടങ്ങൾ കണ്ടുപിടിക്കാനുള്ള ഉദ്യമങ്ങൾ പലതും നടക്കുന്നു. പണ്ഡിതന്മാരും പുരോഹിതൻമാരും പുരാവസ്തു ഗവേഷകരും വ്യാപാരികളും നയതന്ത്രപ്രതിനിധികളും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരും ഈ പ്രദേശങ്ങളുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കാനും കൂടുതൽ അറിവ് നേടാനും ഇവിടം സന്ദർശിച്ചുകൊണ്ടിരുന്നെങ്കിലും മൊസൂളിലെ ഫ്രഞ്ചു പ്രതിനിധിയായ പാൾ എമിൽ ബോത്ത (Paul Emile Botta) ആണ് നിനവെയിൽ ആദ്യത്തെ (എ.ഡി. 1842) ശാസ്ത്രീയോത്ഖനനങ്ങൾ ആരംഭിച്ചത്. അദ്ദേഹം അനാവരണം ചെയ്ത പാത വിസ്തൃതമാക്കാൻ പുരാവസ്തു ശാസ്ത്രജ്ഞന്മാരുടെ ഒരു പരമ്പരതന്നെ ഇവിടം തങ്ങളുടെ പ്രധാന പ്രവർത്തനരംഗമാക്കി. ഭാഷയുടെ വ്യാപനവും രാഷ്ട്രീയ സാമ്പത്തിക വ്യതിയാനങ്ങളും സാംസ്കാരിക മൂല്യാന്തരങ്ങളുംകൊണ്ട് വിദലിതമായ രണ്ടുമൂന്നുസഹസ്രാബ്ദകാലത്തെ സംസ്കാരചരിത്രമാണ് മെസപ്പൊട്ടേമിയൻ പുരാവസ്തു വിജ്ഞാനീയത്തിന്റെ വിഷയമായിരിക്കുന്നത്.

Remove ads

ഇതുകൂടികാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads