അടോലുകൾ

From Wikipedia, the free encyclopedia

അടോലുകൾ
Remove ads

ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളിൽ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകളെ (coral islands) അടോലുകൾ അല്ലെങ്കിൽ അറ്റോൾ (atoll (pronounced /ˈætɒl/[1]) എന്നു വിളിക്കുന്നു. ഇവയുടെ ഉത്തമമാതൃകകൾ മാലദ്വീപ്, ലക്ഷദ്വീപ് നിരയാണ്. അണ, ചിറ എന്നെല്ലാം അർഥമുള്ള മലയാളഭാഷയിലെ അടയൽ എന്ന പദം അടൽ എന്നും പിന്നെ അടോൽ എന്നും ആയിതീർന്നെന്നാണ് ഡഡ്ലി സ്റ്റാമ്പ് എന്ന ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.

Thumb
പെസഫിക് മഹാസമുദ്രത്തിലെ അടോലുകൾ (ഉപഗ്രഹ ചിത്രം)
Remove ads

ആകൃതി

Thumb
മാലദ്വീപിലെ അടോലുകൾ ഒരു സാറ്റ്ലൈറ്റ് ചിത്രം

സാധാരണ അടോലുകൾ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്; പക്ഷേ, ക്രമരഹിതമായ ആകൃതിയിലും ഇവ കാണാറുണ്ട്. വേലിയേറ്റനിരപ്പിനെക്കാൾ ഉയർന്ന അനേകം ദ്വീപുകളുടെ ഒരു വലയമാണ് ഒരു മാതൃകാ-അടോലിൽ ഉണ്ടാവുക. ഈ ദ്വീപുകൾ ഉൾക്കൊള്ളുന്ന,കടൽച്ചേറ് നിറഞ്ഞ് ആഴം കുറഞ്ഞ ജലാശയത്തെ ലാഗൂണുകൾ (lagoons) എന്നു വിളിക്കുന്നു. അടോലുകളുടെ പവനപ്രതിമുഖവശത്തായി ലാഗൂണിലേക്ക് പ്രവേശനം അനുവദിക്കുന്ന അനേകം ഇടുക്കുകളും കാണാറുണ്ട്.

Remove ads

ഉദ്ഭവം

കോറലുകളുടെ (പവിഴ പുറ്റുകളുടെ) വളർച്ചയോടനുബന്ധിച്ചുണ്ടാകുന്ന ശൈലസേതുക്കളാണ് അടോലുകളുടെ ഉദ്ഭവത്തിന് നിദാനമായിത്തീരുന്നത്. സമൂഹമായി ജീവിക്കുന്ന കോറലുകൾ, അനുകൂലസാഹചര്യങ്ങളിൽ വളരെവേഗം വളർന്ന് വലിയ പുറ്റുകളായിത്തീരുന്നു. എന്നാൽ തിരകളിലൂടെ അടിഞ്ഞുകയറുന്ന മണ്ണും ചരലും സജീവ-കോറലുകളുടെ നാശത്തിന് ഇടയാക്കുന്നു. ഇങ്ങനെ, കൊല്ലപ്പെട്ടു വളർച്ച സ്തംഭിച്ച കോറൽപ്പുറ്റുകൾ ചിതറിയടിക്കുന്ന തിരമാലകളിൽപ്പെട്ട് അടരുകയും ശിഥിലീഭവിക്കുകയും ചെയ്യുന്നു. കടൽച്ചേറുമായി കലർന്നാണ് ഇവ ഉറച്ച ശൈലസേതുക്കളായ ദ്വീപുകളായി പരിണമിക്കുന്നത്. അടോൽദ്വീപുകളിൽ സാധാരണ കണ്ടുവരുന്ന പായൽപൊതിഞ്ഞ കൂനകളുടെ അധികഭാഗങ്ങളിലും ഫൊറാമിനിഫെറാ വിഭാഗത്തിലെ ആദിമ ജന്തുക്കൾ, കോറലുകൾ എന്നിവയുടെ അവശിഷ്ടങ്ങളും ആൽഗകളും ബ്രയോസോവ, മൊളസ്ക തുടങ്ങിയവയുമാണുള്ളത്. ഈ ദ്വീപുകളുടെ വളർച്ച വാതാനുകൂലവശങ്ങളിലാണ് പരിപുഷ്ടമായി കാണുന്നത്.

Remove ads

ഘടന

Thumb
നൂക്കുഒറോ ഒരു നാസാ ചിത്രം

അടോലുകളുടെ ബാഹ്യരേഖ കോറലും കക്കയും നിറഞ്ഞ ചൊരിമണലിന്റെയും തരിമണലിന്റെയും തടം കടന്ന് ആഴം കുറഞ്ഞ ശൈലസേതുതലമായിട്ടാണ് അവസാനിക്കുക. അതിർവരമ്പിൽ ലിതോതാംനിയൺ (Lithothamnion) എന്നു വിളിക്കുന്ന ചുവന്ന ആൽഗകൾ നിബിഡമായി വളരുന്നു. അവ സാധാരണയായി ജലനിരപ്പിനു മുകളിലേക്കും വ്യാപിക്കുന്നു. നുരഞ്ഞുപതയുന്ന തിരമാലകൾ ഇവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനേകം ചാലുകളോടുകൂടിയ ചരിവുതലങ്ങളാണ് അടോലുകൾക്കുള്ളത്. കാറ്റിനഭിമുഖമായുള്ള വശങ്ങളിൽ ഈ ചാലുകൾ കൂടുതൽ സ്പഷ്ടമായികാണുന്നു. ചരിവുതലങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടുവരെ ഒരേരീതിയിൽ തുടർന്നുപോകുന്നു. കുത്തനെ നിലകൊള്ളുവാൻ കോറൽ അവശിഷ്ടങ്ങൾക്കു കഴിയുന്നില്ല. ചിലപ്പോൾ ഈ ചരിവുതലങ്ങളിൽ അസ്പഷ്ടമായ തട്ടുകൾ ഉണ്ടാകാറുണ്ട്. അവശിഷ്ടങ്ങൾ ക്രമീകരിക്കപ്പെട്ടരീതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കൂടുതൽ സൂക്ഷ്മമായ അംശങ്ങളുടെ അടിയലുകൾ ഏറ്റവും ആഴത്തിൽ കാണുന്നു. ലാഗൂണിന്റെ വശത്തെ കോറൽതലം എതിർവശത്തേതിനേക്കാൾ വീതികുറഞ്ഞതാകും. ലാഗൂണിന്റെ അടിത്തട്ടിലേക്കു ചാഞ്ഞിറങ്ങുന്ന ചരിവുതലവും ഉണ്ടായിരിക്കും. ഈ നിതലതലങ്ങൾ ഏകസമാനമാകണമെന്നു നിർബന്ധമില്ല. ഉടവുകളും, കുണ്ടുകളും, കോറൽകൂനകളും, ഇടയ്ക്കിടെയുള്ള സമനിലങ്ങളും ചേർന്ന് തികച്ചും വൈവിധ്യമുള്ള തലങ്ങളാണ് ലാഗൂണുകളുടേത്.

ഉദ്ഭവത്തിന്റെ കാരണം

Thumb
വേക്ക് ദ്വിപ് അടോലുകൾ പെസഫിക്ക്

അടോലുകൾ എങ്ങനെയുണ്ടാകുന്നു എന്നതിനെ സംബന്ധിച്ചു സർവസമ്മതമായ ഒരഭിപ്രായം ഇനിയും ഉണ്ടാകേണ്ടതുണ്ട്. സമുദ്രത്തിലെ അഗാധഭാഗങ്ങളിൽ കോറലുകൾ വളരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അടോലുകളുടെ ഉദ്ഭവത്തിന് അടിസ്ഥാനപരമായ ആവശ്യം സമുദ്രനിരപ്പിൽനിന്നും അധികം ആഴത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ജലമഗ്നദ്വീപുകളും പീഠഭൂമികളുമാണെന്നുവരുന്നു. ഇവയുടെ പാർശ്വങ്ങളിൽ നിന്നാണ് അടോലുകളുടെ ഉദ്ഭവത്തിനു നിദാനമായ കോറലുകൾ വളർന്നുപൊങ്ങുന്നത്. ഡാർവിന്റെ സിദ്ധാന്തമനുസരിച്ച് ഇങ്ങനെയുള്ള ദ്വീപുകൾ അധികം ജലനിമഗ്നമാകുന്തോറും കൂടുതൽ കൂടുതൽ കോറലുകൾ വളർന്നുപൊങ്ങുകയും, അവയുടെ നാശം ശൈലസേതുക്കളുടെ ഉത്പത്തിക്കു വഴിതെളിക്കുകയും ചെയ്യുന്നു. നിമഗ്നമാകുന്ന ദ്വീപിന്റെ ഉപരിതലം ലാഗൂണായി മാറുന്നു. കോറലുകളുടെ വളർച്ച പുഷ്ടമല്ലാത്ത ഭാഗങ്ങളെല്ലാം അഴികളും പൊഴികളുമായിത്തീരുന്നു. ഓരോ അറ്റോളും രൂപപ്പെട്ടിട്ടൂള്ളത് അനേകായിരം വർഷങ്ങൾകൊണ്ടാണ്.

ഹിമയുഗവുമായി ബന്ധപ്പെടുത്തി യു.എസ്.ഭൂവിജ്ഞാനിയായ റെജിനാൾഡ് ഡാലിയും (1871-1952) ജർമൻ ശാസ്ത്രജ്ഞനായ ആൽബ്രഷ്ട് പെങ്കും (1858-1945) അടോലുകളുടെ ഉദ്ഭവത്തെക്കുറിച്ച് താഴെ കാണുംവിധം സിദ്ധാന്തിക്കുന്നു. ഹിമയുഗത്തിനുശേഷമുള്ള കാലഘട്ടത്തിൽ, സമുദ്രജലത്തിന്റെ ഊഷ്മാവും നിരപ്പും വർധിക്കുന്നതോടെ കോറലുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു; എന്നാൽ ഹിമയുഗത്തിന്റെ ആരംഭത്തിൽ അതിശൈത്യം കാരണവും, ജലനിരപ്പു താഴ്ന്നുപോകുന്നതിനാലും കോറലുകൾ നശിക്കുന്നു. അവയുടെ പുറ്റുകൾ ഛിദ്രിച്ച് കോറൽതിട്ടകളുണ്ടാകുന്നു. ഹിമയുഗങ്ങൾ ആവർത്തിക്കുകയും പിൻവാങ്ങുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന അടോലുകൾ ഉണ്ടായത്. എന്നാൽ മേൽവിവരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വാദഗതിയും അടോലുകളുടെ ഉദ്ഭവത്തിന്റെ ഏകമാത്ര കാരണമാകുന്നില്ല. ഉദാഹരണമായി, തിരകൾക്ക് കോറൽഭിത്തികളുടെ നിർമ്മാണത്തിലുള്ള പങ്ക് തർക്കമറ്റതാണ്. കോറൽ അവശിഷ്ടങ്ങളെ ജലനിരപ്പിൽനിന്നു പത്തടി ഉയരത്തിലോളം നിക്ഷേപിക്കുവാൻ തിരകൾക്ക് ശക്തിയുണ്ട്. അതേസമയം ദ്വീപുകളുടെ നിമജ്ജനം അടോലുകളുടെ വളർച്ചയെ ഭാഗികമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ജലനിരപ്പു താഴുന്നതും വളരെയധികം സഹായകമാണ്.

അടോലുകൾ അധികമായി കണ്ടുവരുന്നത് പസിഫിക്, ഇന്ത്യൻ സമുദ്രങ്ങളിലെ ഉഷ്ണപ്രദേശങ്ങളിലാണ്. ഇവ മധ്യരേഖയുടെ ഇരുവശങ്ങളിലുമായി 25o അക്ഷാംശം വരെ വ്യാപിച്ചുകിടക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രസീലിയൻ തീരത്തിനടുത്തായും ചില അടോലുകൾ സ്ഥിതി ചെയ്യുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടോലുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads