വെണ്ണപ്പഴം
From Wikipedia, the free encyclopedia
Remove ads
ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന് പേരുണ്ട്. (ശാസ്ത്രീയനാമം: Persea americana). കരീബിയൻ ദ്വീപുകൾ, മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവയാണ് ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ് പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക. കേരളത്തിൽ അവ്‌ക്കാഡോയ്ക്ക് മികച്ച രീതിയിൽ വളർത്താൻ സാധിക്കും. അതിന്റെ കാരണം ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ കേരളത്തിലെ ഏതെങ്കിലും പ്രദേശങ്ങളിൽ സദാ നിലനിൽക്കുന്നു എന്നതാണ്.
ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏറെ അനുയോജ്യമാണ് വെണ്ണപ്പഴം. അതീവ പോഷക സമൃദ്ധമായ ഫലം കൂടിയാണ് വെണ്ണപ്പഴം. അതിനാൽ രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് കഴിക്കാവുന്ന ഉത്തമ ആഹാരമാണ്. വിദേശ രാജ്യങ്ങളിൽ പ്രാതൽ, ഉച്ച ഭക്ഷണം, സാലഡ് എന്നിവയിൽ ഇത് ഉൾപ്പെടുത്താറുണ്ട്.

വാണിജ്യ പ്രാധാന്യമുള്ള ഒരു വിളയാണ് അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു.
ലോകമാകെയെടുത്താൽ അവ്‌ക്കാഡോയിൽ വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ എന്നീ മൂന്ന് പ്രധാന വംശങ്ങൾ ഉണ്ട്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളും ഉണ്ട്.
ഇന്ന് കേരളത്തിൽ ധാരാളം ആളുകൾ അവോക്കാഡോ വീടുകളിൽ നട്ടു വളർത്താറുണ്ട്. പൊതുവേ ഗ്രാഫ്റ്റ് തൈകളിൽ കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ കായ്ഫലം കാണാറുണ്ട്. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു.
സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ്, മുകുളനം ചെയ്താണ് നടുന്നത്. മരത്തിൽ നിൽക്കുമ്പോൾ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. പ്ലാവ്, നിലകടല, കണ്ടൽ വിത്തുകൾ, ശീതകാല പച്ചക്കറിയായ ചൌ ചൌ തുടങ്ങിയവ വിവിപ്പാരി പ്രതിഭാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.
Remove ads
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിലെ വിവിധ ജില്ലകളിൽ നിലവിലുളള കാലാവസ്ഥാ പ്രത്യേകതകൾ മുമ്പിൽ കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങളാണ് നട്ടു വളർത്തേണ്ടത്. ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ, ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടൻ താഴ്വാര പ്രദേശങ്ങളിൽ വെസ്റ്റ് ഇന്ത്യൻ ഇനം നന്നായി വളരും. എന്നാൽ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളിൽ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലൻ, മെക്സിക്കൻ വംശത്തിൽപ്പെട്ട ഇനങ്ങളാണ്. അതുകൊണ്ട് തന്നെ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കൻ മേഖലകൾ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്തു കാണാറുണ്ട്.
അവക്കാഡോ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കാനുളളത് കാലാവസ്ഥയ്ക്കും ഭൂമിയുടെ ഉയരത്തിനും ചേർന്ന ഇനങ്ങൾ തിരഞ്ഞെടുക്കണമെന്നതാണ്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരം കൂടിയ ഇടുക്കി, വയനാട് ജില്ലകളിലെ ഹൈറേഞ്ച് മേഖലകൾക്ക് ഹാസ് പോലുളള സബ്ട്രോപ്പിക്കൽ ഇനങ്ങളും, ഇടത്തരം ഉയരമുളള സ്ഥലങ്ങൾക്കും താഴ്വാരമേഖലകൾക്കും, അതത് പ്രദേശങ്ങൾക്ക് ചേർന്ന ഇനങ്ങളും വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. നല്ല സൂര്യപ്രകാരം കിട്ടുന്നതും, നീർ വാർച്ചയുള്ളതുമായ സ്ഥലം നടീലിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. വെളളക്കെട്ട് ഉണ്ടാകരുത്, മണ്ണ് തറഞ്ഞുപോകുക എന്നിവ ഉണ്ടാകാൻ പാടില്ല എന്നിവ പ്രത്യേകം ഉറപ്പ് വരുത്തണം.
Remove ads
പോഷകമൂല്യം

അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്(fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത്[1]. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട്[2].
ചിത്രശാല
- വെണ്ണപ്പഴത്തിനള്ളിലെ കുരു
- വെണ്ണപ്പഴം
- വെണ്ണപ്പഴത്തിനള്ളിലെ കുരു
- വെണ്ണപ്പഴത്തിന്റെ മാംസളഭാഗവും കുരുവും
- വെണ്ണപ്പഴം
- വെണ്ണപ്പഴവും കുരുവും
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads