ക്രിസ്റ്റഫർ നോളൻ
ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ From Wikipedia, the free encyclopedia
Remove ads
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ എഡ്വേഡ് നോളൻ (ജനനം: ജൂലൈ 30 1970[2]). നോളൻ സംവിധാനം ചെയ്ത, മികച്ച വാണിജ്യ വിജയങ്ങളായിരുന്ന എട്ടു ചലച്ചിത്രങ്ങളും കൂടി 350 കോടി യുഎസ് ഡോളർ നേടിയിട്ടുണ്ട്.[3] കലാചിത്രങ്ങളും വാണിജ്യ ചിത്രങ്ങളും തമ്മിലുള്ള അന്തരം കുറക്കുന്നതരം ചിത്രങ്ങളാണ് നോളന്റേത്. ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയാണ് ക്രിസ്റ്റഫർ നോളൻ.
1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ഫോളോയിംഗിലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ൽ പുറത്തിറങ്ങിയ നിയോ നോയർ ചലച്ചിത്രമായ മെമെന്റോ യിലൂടെ ലോക പ്രശസ്തി നേടി. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട ഈ ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും 74ആമത് അക്കാദമി അവാർഡിലേക്ക് മികച്ച തിരക്കഥക്കുള്ള നാമനിർദ്ദേശവും നേടി. 2002ൽ വലിയ മുതൽ മുടക്കിൽ നിർമ്മിച്ച് മികച്ച് വിജയം നേടിയ ഇൻസോംനിയ സംവിധാനം ചെയ്തു. തുടർന്ന് വാർണർ ബ്രോസിനു വേണ്ടി ബാറ്റ്മാൻ സിനിമാ ത്രയമായ ബാറ്റ്മാൻ ബിഗിൻസ്(2005), ദ ഡാർക്ക് നൈറ്റ്(2008), ദ ഡാർക്ക് നൈറ്റ് റൈസസ്(2012) എന്നിവ സംവിധാനം ചെയ്തു. ഇതിനു പുറമേ ജനപ്രീതിയും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടിയ ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്(2006), ഇൻസെപ്ഷൻ(2010), ഇന്റർസ്റ്റെല്ലാർ (2014) എന്നിവയും നോളൻ പുറത്തിറക്കി. രണ്ടാം ലോകമഹായുദ്ധത്തിലെ ഡൺകിർക്ക് ഒഴിപ്പിക്കലിനെ ആസ്പദമാക്കിയെടുത്ത, 2017 ജൂലൈയിൽ പുറത്തിങ്ങിയ ഡൺകിർക്ക്, അറ്റം ബോംബിൻ്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ജെ ഒപ്പെൺഹൈമറിൻ്റെ ജീവിതത്തെ ആസ്പദമാക്കിയ Oppenheimer അണ് പുതിയ ചിത്രം
സ്വതസ്സിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളൻ പ്രസിദ്ധനാണ്. തത്വശാസ്ത്രം, സാമൂഹികം, ആദർശം, മാനവിക സദാചാരം, കാലത്തിന്റെ നിർമ്മിതി, മനുഷ്യന്റെ വ്യക്തിത്വം, ഓർമ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും നോളന്റേത്. മെറ്റാഫിക്ഷൻ മൂലകങ്ങൾ, കാലവും സമയവും, അഹംമാത്രവാദം, അരേഖീയമായ കഥാകഥനം, ദൃശ്യഭാഷയും ആഖ്യാനവും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവ നോളൻ ചിത്രങ്ങളിൽ കാണാനാവും. സമീപകാല ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച ഗവേഷക കഥാകാരനെന്ന് പ്രശംസ നേടിയ നോളൻ[4] ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിന്റെ ഫെലോ കൂടിയാണ്. മൂന്നു തവണ ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം നേടിയ നോളന് സംവിധാനത്തിലെ കലാമികവിനുള്ള ബാഫ്ത ബ്രിട്ടാനിയ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ നോളന്റെ സഹരചയിതാവ് സഹോദരനായ ജൊനാതൻ നോളനാണ്. ക്രിസ്റ്റഫർ നോളനും ഭാര്യയായ എമ്മ തോമസും ചേർന്ന് ലണ്ടനിൽ നടത്തുന്ന ചലച്ചിത്ര നിർമ്മാണ് കമ്പനിയാണ് സിൻകോപി.
Remove ads
ആദ്യകാല ജീവിതം
1970 ജൂലൈ 30ന് ലണ്ടനിലാണ് ക്രിസ്റ്റഫർ നോളൻ ജനിച്ചത്. ബ്രിട്ടീഷുകാരനായിരുന്ന അച്ഛൻ ബ്രെൻഡൻ നോളന്റെ ജോലി പരസ്യത്തിന്റെ പകർപ്പെഴുത്തായിരുന്നു. അമേരിക്കക്കാരിയായ അമ്മ ക്രിസ്റ്റീന ഒരു എയർ ഹോസ്റ്റസായിരുന്നു.[6][7] ചിക്കാഗോയിലും ലണ്ടനിലുമായി ക്രിസ്റ്റഫറിന്റെ ബാല്യം വിഭജിക്കപ്പെട്ടു. അതുകൊണ്ട് തന്നെ നോളന് രണ്ട് രാജ്യങ്ങളിലേയും പൗരത്വമുണ്ട്.[8][9] ക്രിസ്റ്റഫറിന്റെ ജ്യേഷ്ഠ സഹോദരന്റെ പേര് മാത്യൂ എന്നായിരുന്നു. ഇളയ സഹോദരന്റേത് ജൊനാഥൻ എന്നും.[10] അച്ഛന്റെ സൂപ്പർ 8 ക്യാമറ ഉപയോഗിച്ച് ഏഴാം വയസ്സിൽ തന്നെ ക്രിസ്റ്റഫർ ചലച്ചിത്ര സംവിധാനം ആരംഭിച്ചു.[11][12] പതിനൊന്നാം വയസ്സിൽ ഒരു പ്രൊപഷണൽ ചലച്ചിത്രകാരനാകാൻ ക്രിസ്റ്റഫർ തീരുമാനിക്കുകയും ചെയ്തു.[10]
ഹെയ്ലീബെറി ആൻഡ് ഇംപീരിയൽ സെർവീസ് കോളേജിൽ നിന്നായിരുന്നു നോളന്റെ വിദ്യാഭ്യാസം. ഹെർട്ട്ഫോർഡ് ഷെയറിലുള്ള ഹെർട്ട്ഫോർഡ് ഹീത്തിലെ ഒരു സ്വതന്ത്ര വിദ്യാലയമായിരുന്നു ഹെയ്ലീബറി. പിന്നീട് ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിൽ (യുസിഎൽ) നോളൻ ബിഎ ഇംഗ്ലിഷിന് ചേർന്നു. സ്റ്റീൻബാക്ക് എഡിറ്റിംഗ് സ്വീറ്റും 16 എംഎം ക്യാമറകളുമടക്കം യുഎസിഎല്ലിലെ ചലച്ചിത്ര സൗകര്യങ്ങളായിരുന്നു നോളെനെ അവിടേക്ക് ആകർഷിച്ചത്.[13] കോളേജ് യൂണിയന്റെ ഫിലിം സൊസൈറ്റി പ്രസിഡന്റായിരുന്ന നോളൻ,[13] അക്കാലത്ത് കാമുകിയായിരുന്ന എമ്മ തോമസുമായി ചേർന്ന് 35 എംഎം ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും ലഭിച്ച പണമുപയോഗിച്ച് അവധിക്കാലത്ത് 16 എംഎം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു.[14]
ഇക്കാലത്ത് രണ്ട് ഹ്രസ്വചിത്രങ്ങളാണ് നോളൻ നിർമ്മിച്ചത്. 1989ൽ പുറത്തിറക്കിയ സർറിയലിസ്റ്റ് ചിത്രമായ ടറാന്റെല ആയിരുന്നു ഇതിൽ ആദ്യത്തേത്. 8എംഎം ചിത്രമായിരുന്ന ടറാന്റെല ബ്രിട്ടനിലെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവ്വീസിന്റെ സ്വതന്ത്ര ചിത്രപ്രദർശന പരിപാടിയായിരുന്ന ഇമേജ് യൂണിയനിലാണ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്.[15] 1995ൽ പുറത്തിറക്കിയ ലാർസെനി ആയിരുന്നു രണ്ടാമത്തേത്. കുറഞ്ഞ അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമോടൊപ്പം കറുപ്പിലും വെളുപ്പിലുമായാണ് ലാർസെനി ചിത്രീകരിച്ചത്.[16] നോളൻ പണം മുടക്കി, സൊസൈറ്റിയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കപ്പെട്ട ഈ ചിത്രം 1996ലെ കേംബ്രിജ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടു. യുസിഎല്ലിൽ നിന്നുള്ള മികച്ച ഹ്രസ്വചിത്രങ്ങളിലൊന്നായി ഈ ചിത്രം കരുതപ്പെടുന്നു.[17]
Remove ads
സ്വകാര്യ ജീവിതം

യുസിഎല്ലിൽ വെച്ച് പരിചയപ്പെട്ട എമ്മ തോമസിനെയാണ് നോളൻ വിവാഹം ചെയ്തിരിക്കുന്നത്.[10][14] നോളന്റെ എല്ലാ ചിത്രങ്ങളുടെയും നിർമ്മാതാവായ എമ്മ തോമസ്, നോളനുമായി ചേർന്ന് സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സിൻകോപി ഇൻക്.[18] നാലുകുട്ടികളുള്ള ഈ ദമ്പതികൾ ഇപ്പോൾ ലോസ് ആഞ്ചലസിലാണ് താമസിക്കുന്നത്.[19][20]
നോളന് സ്വന്തമായി സെൽഫോണോ ഇമെയിൽ അക്കൗണ്ടോ ഇല്ല. ഒരിക്കൽ വാർണർ ബ്രോസ്. നോളന് ഒരു ഇമെയിൽ വിലാസം നൽകിയെങ്കിലും കുറേ കാലത്തേക്ക് നോളൻ ഇതിനെ കുറിച്ച് ബോധവാനായിരുന്നില്ല. പിന്നീട് തനിക്ക് ധാരാളം മെയിലുകൾ, പ്രധാനപ്പെട്ട വ്യക്തികളിൽ നിന്നും അല്ലാത്തതുമായി കിട്ടാറുണ്ടെന്നും എന്നാൽ താനത് പരിഗണിക്കാറില്ലെന്നും നോളൻ പറയുകയുണ്ടായി. താനുമായി ബന്ധപ്പെട്ടാൻ മെയിലയച്ചിട്ട് കാര്യമില്ലെന്നും നോളൻ വ്യക്തമാക്കി. സെൽഫോൺ വിഷയത്തിൽ താൻ പിന്തിരിപ്പൻ വാദിയോ സാങ്കേതികവിദ്യാ വിരോധിയോ അല്ലെന്നും താൽപര്യമില്ലാത്തതു കൊണ്ടാണ് സെൽഫോൺ ഉപയോഗിക്കാത്തതെന്നും നോളൻ വ്യക്തമാക്കിയിട്ടുണ്ട്. 1997ൽ ലോസ് ആഞ്ചലസിൽ താമസം ആരംഭിക്കുമ്പോൾ ആരും മൊബൈൽ ഉപയോഗിച്ചിരുന്നില്ലെന്നും, പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമാണ് മൊബൈൽ ഉപയോഗിക്കാത്തതിനുള്ള കാരണമായി നോളൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.[21][22]
Remove ads
ബഹുമതികൾ
ശാസ്ത്രകൽപ്പിത, സംഘട്ടന ചലച്ചിത്രങ്ങളുടെ രചയിതാവും സംവിധായകനുമായ നോളനെ വേൾഡ് സയൻസ് ഫിക്ഷൻ സൊസൈറ്റി (ഹ്യൂഗോ പുരസ്കാരം), സയൻസ് ഫിക്ഷൻ ആൻഡ് ഫാന്റസി റൈറ്റേഴ്സ് ഓഫ് അമേരിക്ക (നെബുല പുരസ്കാരം), അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ, ഫാന്റസി & ഹൊറർ ഫിലിംസ് (സാറ്റേൺ പുരസ്കാരം) എന്നീ സംഘടനകൾ വിവിധ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
നോളന്റെ ഫോളോയിംഗ് 1999ലെ സ്ലാംഡാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുകയും ബ്ലാക്ക് & വൈറ്റ് പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. 2014ൽ ഈ ചലച്ചിത്രമേളയിൽ നിന്ന് ആദ്യത്തേയും എക്കാലത്തേയും സ്ഥാപകനുള്ള പുരസ്കാരം നോളന് ലഭിച്ചു. സ്ലാംഡാൻസ് അദ്ധ്യക്ഷനും സഹസ്ഥാപകനുമായ പീറ്റർ ബാക്സ്റ്ററാണ് ഈ പുരസ്കാരം നോളന് സമ്മാനിച്ചത്.[23] 2001ൽ സൺഡാൻസ് ചലച്ചിത്രമേളയിൽ മെമെന്റോ എന്ന ചിത്രത്തിന് നോളനും സഹോദരൻ ജൊനാഥനും മികച്ച തിരക്കഥക്കുള്ള വാൾഡോ സാൾട്ട് അവാഡ് ലഭിച്ചിട്ടുണ്ട്. 2003ൽ പാം സ്പ്രിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് നോളന് സോണി ബോണോ പുരസ്കാരം ലഭിച്ചു. നോളന് ചലച്ചിത്രമേഖലയിൽ സുദീർഘമായ ഭാവിയുണ്ടെന്ന് പ്രശംസിച്ചാണ് മേളയുടെ സംവിധായകനായ മിച്ച് ലെവൈൻ ഈ പുരസ്കാരം പ്രഖ്യാപിച്ചത്.[24] 2006ൽ യുസിഎല്ലിന്റെ ഹോണററി ഫെലോ ബഹുമതി നോളന് ലഭിച്ചു. കല, സാഹിത്യം, ശാസ്ത്രം, പൊതു ജീവിതം, ബിസിനസ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്ക് നൽകുന്ന ബഹുമതിയാണിത്.[25]
ചലച്ചിത്രങ്ങൾ
ലഘു ചിത്രങ്ങൾ
മുഴുനീള ചിത്രങ്ങൾ
Remove ads
നിരൂപണം
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads