മഹാനായ സൈറസ്
From Wikipedia, the free encyclopedia
Remove ads
ആദ്യത്തെ സൊറോസ്ട്രിയൻ ഷഹൻഷാ (ചക്രവർത്തി) ആയിരുന്നു മഹാനായ സൈറസ് (Old Persian: Τνρ[3], IPA: [kʰuːrʰuʃ], Kūruš[4], Persian: کوروش كبير, Kūrošé Bozorg) (c. 600 BC or 576– December[5][6] 530 BC). പേർഷ്യയിലെ സൈറസ് രണ്ടാമൻ, സൈറസ് ദി എൽഡർ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു[7]. അക്കീമെനിഡ് രാജകുടുംബത്തിന്റെ കീഴിലായി ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള അക്കീമെനിഡ് സാമ്രാജ്യം സ്ഥാപിച്ചത് അദ്ദേഹമാണ്[8].
സൈറസിന്റെ കീഴിൽ സാമ്രാജ്യം കിഴക്കൻ പ്രദേശങ്ങൾ പിടിച്ചടക്കുകയും വിസ്തൃതമാവുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിക്ക ഭാഗങ്ങളും സാമ്രാജ്യത്തിന്റെ അധീനതയിലായി. പടിഞ്ഞാറ് ഈജിപ്ത്, ഹെല്ലസ്പോണ്ട് മുതൽ കിഴക്ക് സിന്ധു നദി വരെ സൈറസിന്റെ അക്കീമെനിദ് സാമ്രാജ്യം വ്യാപിച്ചിരുന്നു. ലോകം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഇത്[9].
സൈറസിന്റെ ഭരണം ഇരുപത്തിഒമ്പതോ മുപ്പതോ വർഷം നീണ്ടുനിന്നു. മീഡിയൻ സാമ്രാജ്യം, ലിഡിയൻ സാമ്രാജ്യം, നിയോ-ബാബിലോണിയൻ സാമ്രാജ്യം എന്നിവ യുദ്ധം ചെയ്ത് പിടിച്ചടക്കിക്കൊണ്ടാണ് സൈറസ് സാമ്രാജ്യവികസനമാരംഭിച്ചത്. ബാബിലോൺ കീഴടക്കുന്നതിന് മുമ്പോ ശേഷമോ മധ്യേഷ്യയിലേക്ക് പട നയിച്ച അദ്ദേഹം ഒന്നൊഴിയാതെ എല്ലാ രാജ്യങ്ങളെയും തന്റെ കീഴിലാക്കി[10]. മസാഗെറ്റേയുമായി സിർ ദരിയയിൽ വച്ച് ഡിസംബർ 530 ബി.സി.യിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതിനാൽ ഈജിപ്ത് കീഴടക്കാൻ അദ്ദേഹത്തിനായില്ല[11][12]. സൈറസിനു ശേഷം മകനായ കാംബൈസസ് രണ്ടാമനാണ് രാജാവായത്. ഈജിപ്ത്, നൂബിയ, സിറനൈസ ഈനിവ സാമ്രാജ്യത്തോടു ചേർക്കാൻ തന്റെ ചുരുങ്ങിയ ഭരണകാലം കൊണ്ടുതന്നെ അദ്ദേഹത്തിന് സാധിച്ചു.
സൈനികനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയത്തിന് കാരണം പര്യാലോചനയിൽ വൈവിധ്യം, ശാസനത്തിൽ ഐകമത്യം എന്നതായിരുന്നു[13]. കീഴടക്കിയ നാടുകളിലെ രീതികളെയും മതങ്ങളെയും അദ്ദേഹം മാനിച്ചു[14] . കേന്ദ്രീകൃതമായ ഭരണസംവിധാനത്തിലും പ്രജകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഭരണത്തിലും നേടിയ വിജയം സൈറസിന്റെ കീഴിലെ അക്കീമെനിഡ് സാമ്രാജ്യത്തിന് ചരിത്രത്തിലുള്ള പ്രധാന പ്രസക്തിയായി കണക്കാക്കുന്നു[8]. സത്രപുകൾ വഴിയുള്ള ഭരണം, പസാർഗടേയിലെ തലസ്ഥാനസ്ഥാപനം എന്നീ പ്രധാന നീക്കങ്ങൾ നടത്തിയത് സൈറസായിരുന്നു[15] . മാതൃരാജ്യമായ ഇറാനിനു പുറത്ത് ജൂതമതം, മനുഷ്യാവകാശം, രാഷ്ട്രീയം, യുദ്ധതന്ത്രം എന്നിവയിലും പാശ്ചാത്യ, പൗരസ്ത്യ സംസ്കാരങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.
Remove ads
പാരമ്പര്യം
ഇറാനിയൻ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള അൻഷാനിൽ മെഡിയൻ സാമ്രാജ്യത്തിന്റെ സാമന്തരായി ഭരണം നടത്തിയിരുന്ന ഹഖാമനി കുടുംബത്തിൽപ്പെട്ടയാളായിരുന്നു മഹാനായ സൈറസ് എന്ന സൈറസ് രണ്ടാമൻ. ബാബിലോണിയയിൽ നിന്നും ലഭിച്ച ചരിത്രാവശിഷ്ടങ്ങളിലെ വിവരങ്ങളനുസരിച്ച്, സൈറസ്, കാംബൂസിയയുടെ (കാംബൈസസ്) പുത്രനും കുറാഷിന്റെ (സൈറസ് ഒന്നാമൻ) പൗത്രനുമാണ്. കുറാഷ് ഒന്നാമനാകട്ടെ, ശീഷ്പീഷിന്റെ (Shishpish) (ടെയ്സ്പെസ്/Teispes) പുത്രനുമായിരുന്നു. ഏവരും അൻഷാനിലെ രാജാക്കന്മാരായിരുന്നു.[16] കാംബൈസസ് ഒന്നാമന്റെ പിൻഗാമിയായി ബി.സി.ഇ. 559-ൽ രാജാവായി സൈറസ് അൻഷാനിൽ അധികാരത്തിലേറി.
Remove ads
മെഡിയൻ സാമ്രാജ്യത്തിന്റെ മേലുള്ള ആധിപത്യം
ബി.സി.ഇ. 550-ലാണ് സൈറസ് തങ്ങളുടെ മേലാളന്മാരായിരുന്ന മെഡിയൻ സാമ്രാജ്യത്തിലെ ചക്രവർത്തി അസ്റ്റെയേജെസിനെ[൧] പരാജയപ്പെടുത്തിയത്. ഇതോടെ വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരിയായി അദ്ദേഹം മാറി[17][18]
സാമ്രാജ്യവികസനം

മെഡിയൻ സാമ്രാജ്യത്തിനു മേലുള്ള വിജയത്തോടെ, ഹഖാമനി സാമ്രാജ്യം വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരികളായി[17].
പടിഞ്ഞാറൻ തുർക്കിയിലെ ലിഡീയ മുതൽ കിഴക്കൻ ഇറാൻ വരെയും വടക്ക് അർമേനിയൻ മലകൾ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വലിയ ഭൂപ്രദേശമാണ് സൈറസിന്റെ അധീനതയിലായത്. കിഴക്ക് ഇന്നത്തെ അഫ്ഗാനിസ്താനും സമീപപ്രദേശങ്ങളുമടക്കം ഇന്ത്യയുടെ അതിർത്തിവരെയുള്ള പ്രദേശങ്ങൾ അദ്ദേഹം പിടിച്ചടക്കി. സൈറസ് ആക്രമിച്ചു കീഴടക്കിയതാണോ അതോ മെഡിയരിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണോ എന്ന് നിശ്ചയമില്ലെങ്കിലും ബി.സി.ഇ. 530-ൽ സൈറസിന്റെ മരണസമയത്ത്, ഈ ഭൂവിഭാഗങ്ങൾ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു.[18].
ഇറാനിയൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗങ്ങളിലെ സൈറസിന്റെ പടയോട്ടങ്ങളെപ്പറ്റി നിരവധി കഥകളുണ്ട്. കാബൂളീന് വടക്കുള്ള കപിസയിലെ കോട്ട സൈറസ് തകർത്തു എന്നും ഇന്നത്തെ ഖോഡ്സെന്റിനടുത്ത് (പഴയ ലെനിനാബാദ്) സിർ ദാര്യയുടെ തീരത്ത് സൈറസ് ഒരു കോട്ട പണിതിട്ടുണ്ട് എന്നതും ഇവയിൽ ചിലതാണ്. സൈറസിന്റെ മരണവും ഈ കിഴക്കൻ ഭാഗങ്ങളിൽ വച്ചായിരുന്നു. ഇന്നത്തെ ഇറാന്റെ വടക്കുകിഴക്കുഭാഗത്തുള്ള കാരാകും മരുഭൂമിയിലെവിടെയോ വച്ചുള്ള ഏറ്റുമുട്ടലിലാണ് സൈറസിന്റെ മരണം സംഭവിച്ചത് എന്നു കരുതുന്നു.
പെർസെപോളിസിന് വടക്കുള്ള പാസർഗഡേയിലെ തന്റെ കൊട്ടരവളപ്പിലാണ് സൈറസിന്റെ മൃതദേഹം അടക്കം ചെയ്തത്. ഇവിടെ ഇദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[18]
സൈറസിന്റെ മരണശേഷം കാംബൈസസ് രണ്ടാമൻ അധികാരത്തിലേറി.
വിലയിരുത്തൽ
സൈറസ് തന്റെ സാമ്രാജ്യം സ്ഥാപിച്ചത് നീതിയുടേയും നെറിവിന്റേയും (fairplay) അടിസ്ഥാനത്തിലാണ്. കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങൾക്കും സമൂഹങ്ങൾക്കും അദ്ദേഹത്തിന്റെ ചെങ്കോലിൻ കീഴിൽ സമത്വവും മതസ്വാതന്ത്ര്യവും ലഭിച്ചു. ലോകസംസ്കാരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ധർമ്മനിരപേക്ഷ ഭരണാധികാരിയെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [19] 2500 വർഷത്തിലേറെ പഴക്കമുള്ള സൈറസ് ഗോളസ്തംഭം(Cyrus cylinder) മൻഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രേഖകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. [19]ക്യൂനിഫോം ലിപിയിൽ എഴുതിയ ഈ രേഖ ദേശീയവിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ഒരു പ്രഖ്യാപനവും, ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശപ്രഖ്യാപനവും ഉൾക്കൊള്ളുന്നു.
അസീറിയൻ-ബാബിലോണിയൻ സാമ്രാജ്യങ്ങളുടെ അടിമത്തത്തിൽ കീഴിൽ കഴിഞ്ഞിരുന്ന പശ്ചിമേഷ്യയിലെ പല ജനവിഭാഗങ്ങൾക്കും സൈറസിന്റെ ഉയർച്ച ദൈവകൃപയുടെ ലക്ഷണവും തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയും ആയി അനുഭവപ്പെട്ടു. നെബുക്കദ്നെസ്സറുടെ ആക്രമണത്തെ തുടർന്ന് ബാബിലോണിൽ അടിമകളാക്കപ്പെട്ട യഹൂദരെ സംബന്ധിച്ചടുത്തോളം ഇത് ഏറെ ശരിയായിരുന്നു. യഹൂദർ അദ്ദേഹത്തെ അവരുടെ പ്രവാചകൻ ഏശയ്യാ [20] പ്രവചിച്ചിരുന്ന രക്ഷകനായി കരുതി. ഏശയ്യായുടെ പ്രവചനത്തിന്റെ ഉത്തരഭാഗത്ത്, സൈറസിനെ പേരെടുത്ത് കർത്താവിന്റെ അഭിഷിക്തൻ എന്നു വിളിക്കുന്നുണ്ട്.[21].
ഖുർആനിൽ പതിനെട്ടാം സൂറയിൽ[22] സൈറസ് പരാമർശിക്കപ്പെട്ടിരിക്കുന്നതായി കരുതുന്ന ഇസ്ലാമിക പണ്ഡിതന്മാരുണ്ട്.[19]
ബാബിലോണിൽ തന്റെ സൈന്യം പ്രവേശിച്ചതിനെക്കുറിച്ച് സൈറസ്, ഗോളസ്തംഭത്തിൽ ഇങ്ങനെ[19] രേഖപ്പെടുത്തിയിരിക്കുന്നു:
“ | എന്റെ യോദ്ധാക്കൾ സമാധാനപൂർവം ബാബിലോണിൽ കടന്നപ്പോൾ...ജനങ്ങളുടെ മേൽ ഭീകരവാഴ്ച നടത്താൻ ഞാൻ ആരേയും അനുവദിച്ചില്ല. ജനങ്ങളുടേയും അവരുടെ അരാധനാലയങ്ങളുടേയും ആവശ്യങ്ങളിൽ ഞാൻ മനസ്സുവച്ചു. എല്ലാ അടിമകൾക്കും ഞാൻ മോചനം നൽകി. | ” |
ഇറാനിൽ ഷിറാസ് നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള പസാർഗഡെയിലെ സൈറസിന്റെ ശവകുടീരത്തിലെ ലിഖിതം അദ്ദേഹത്തിന്റെ ലാളിത്യവും വിനീതഭാവവും പ്രകടമാക്കുന്നു:
“ | പേർഷ്യാക്കാരുടെ സാമ്രാജ്യം സ്ഥാപിച്ച സൈറാസാണ് ഞാൻ. അതുകൊണ്ട്, എന്റെ ശരീരം മൂടാൻ ഈ ഇത്തിരി ഭൂമി ഞാൻ എടുത്തുകൊള്ളട്ടെ. | ” |
Remove ads
കുറിപ്പുകൾ
- ൧ ^ ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ സൈറസ്, അസ്റ്റയേജസിന്റെ പൗത്രനാണ്.[18]
അവലംബം
ഗ്രന്ഥസൂചിക
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads