ഉസ്‌ബെക്കിസ്ഥാന്റെ ദേശീയപതാക
From Wikipedia, the free encyclopedia
Remove ads
കുറുകേയുള്ള മൂന്ന് നീലയും വെള്ളയും പച്ചയും വരകളും രണ്ട് ചുവന്ന വരകളും ഒരു ചന്ദ്രക്കലയും പന്ത്രണ്ട് നക്ഷത്രങ്ങളുമുള്ള പതാകയാണ് ഉസ്ബെക്കിസ്ഥാന്റെ ദേശീയപതാക (ഉസ്ബെക്: Oʻzbekiston davlat bayrogʻi). 1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പതാകയുടെ പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിൽ ദേശീയ പതാകയായി തിരഞ്ഞെടുക്കപ്പെട്ടു.
മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായിരുന്നു ഉസ്ബെക്കിസ്ഥാൻ. പുതിയ പതാക ഭാഗികമായി പഴയ പതാകയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടിട്ടുണ്ട്.
Remove ads
ചരിത്രം

സോവിയറ്റ് ഭരണത്തിന്റെ ഭാഗമായി ഇന്നുള്ള ഉസ്ബെക്കിസ്ഥാൻ പ്രദേശത്ത് നിലനിന്നിരുന്ന റിപ്പബ്ലിക്ക് കമ്യൂണിസ്റ്റ് ബിംബങ്ങളോട് കൂടിയ ഒരു പതാകയാണ് ദേശീയ പതാക എന്ന നിലയിൽ ഉപയോഗിച്ചിരുന്നത്. സോവ്യറ്റ് യൂണിയന്റെ പതാകയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. 1952-ൽ ഈ പതാക സ്വീകരിക്കപ്പെട്ടു.[1] ഈ പതാക സോവിയറ്റ് യൂണിയന്റെ പതാകയുമായി സാമ്യമുള്ളതാണെങ്കിലും ഒരു നീല ഭാഗവും വെള്ള അരികുകളും ഉണ്ടായിരുന്നു.
1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.[2] ഒരു പുതിയ ഉസ്ബെക്കിസ്ഥാൻ പതാകയ്ക്കായുള്ള അന്വേഷണം ഉടൻ തന്നെ ആരംഭിച്ചു. പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി.[1] ഇരുനൂറിലധികം ആൾക്കാർ തങ്ങളുടെ ഡിസൈനുകൾ മത്സരത്തിൽ സമർപ്പിച്ചു. വിജയിയായ ഡിസൈൻ കണ്ടെത്തുവാനായി ഒരു കമ്മീഷൻ രൂപവൽക്കരിച്ചു. കമ്മീഷൻ എല്ലാ രൂപകൽപ്പനകളും പരിശോധിക്കുകയും പ്രധാനപ്പെട്ട അധികാരകേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.[3] വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്കിസ്ഥാന്റെ പതാകയായി സ്വീകരിച്ചു.[1] ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിലാണ് പുതിയ പതാക സ്വീകരിക്കപ്പെട്ടത്.[4][5] ഇതോടെ മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായി ഉസ്ബെക്കിസ്ഥാൻ മാറി.[6]
Remove ads
രൂപകൽപ്പന
ബിംബങ്ങൾ
പതാകയിലെ നിറങ്ങൾക്കും രൂപങ്ങൾക്കും സാംസ്കാരികവും രാഷ്ട്രീയവും പ്രാദേശികവുമായ അർത്ഥങ്ങളുണ്ട്. വെള്ളനിറം സമാധാനവും പരിശുദ്ധിയും സൂചിപ്പിക്കുന്നു. നീലനിറം ജലത്തെയും ആകാശത്തെയുമാണ് സൂചിപ്പിക്കുന്നത്. നീലനിറം തിമൂറിന്റെ പതാകയെയും സൂചിപ്പിക്കുന്നു. തിമൂർ ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ പ്രദേശം പതിനാലാം നൂറ്റാണ്ടിൽ ഭരിച്ചിരുന്നു.[1][6] പച്ചനിറം ഔദ്യോഗികമായി "പരിസ്ഥിതിയെയും ഉത്പാദനശേഷിയെയും" ആണ് സൂചിപ്പിക്കുന്നത്. ഇസ്ലാം മതത്തെയും ഈ നിറം സൂചിപ്പിക്കുന്നു.[1] വണ്ണം കുറഞ്ഞ ചുവന്ന വരകൾ എല്ലാവർക്കും ഉള്ളിലുള്ള "ജീവശക്തിയെ" പ്രതിനിധീകരിക്കുന്നു.[1][6] ചന്ദ്രക്കല ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഉസ്ബെക്കിസ്ഥാന്റെ പുനർജന്മത്തെ സൂചിപ്പിക്കുന്നു.[1][7] ഉസ്ബെക്കിസ്ഥാനിലെ 88% പേരും പിന്തുടരുന്ന ഇസ്ലാം മതത്തെയും ചന്ദ്രക്കല ബിംബവത്കരിക്കുന്നുണ്ട്.[2] ചന്ദ്രക്കലയുടെ വലതുവശത്തായി പന്ത്രണ്ട് നക്ഷത്രങ്ങളുണ്ട്. ഇവ ഇസ്ലാമിക കലണ്ടറിലെ മാസങ്ങളെ സൂചിപ്പിക്കുന്നു.[6] പന്ത്രണ്ട് രാശികളെയും ഇവ സൂചിപ്പിക്കുന്നുണ്ട്..[1]
നിയമപരമായ സംരക്ഷണം
2010 ഡിസംബർ 27-ന് പ്രസിഡന്റ് ഇസ്ലാം കരിമോവ് നിലവിലുള്ള നിയമത്തിൽ ഒരു ഭേദഗതി അംഗീകരിച്ചു. കൊടിയും മുദ്രയും പോലുള്ളവയുടെ സംരക്ഷണം ഈ ഭേദഗതി ഉറപ്പുവരുത്തുന്നു. ഉസ്ബെക്കിസ്ഥാന്റെ പതാക പരസ്യങ്ങളിലും രേഖകളിലും ഉപയോഗിക്കുന്നതും വാണിജ്യപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും ഈ നിയമം നിരോധിക്കുന്നു. ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റുമായി ബന്ധമില്ലാത്ത സംഘടനകൾ ദേശീയ സിംബലുകളുമായി സാമ്യമുള്ള ലോഗോകൾ ഉപയോഗിക്കുന്നത് ഈ നിയമം നിരോധിക്കുന്നു.[8]
Remove ads
പണ്ടുണ്ടായിരുന്ന പതാകകൾ
- 1925 ജൂലൈ 22 മുതൽ 1926 ജനുവരി 9 വരെ
- 1926 ജനുവരി 9 മുതൽ 1931 വരെ
- 1931 മുതൽ 1935 ജനുവരി വരെ
- 1935 ജനുവരി മുതൽ 1937 വരെ
- 1937 മുതൽ 1941 ജനുവരി 16 വരെ
- 1941 ജനുവരി 16 മുതൽ 1952 ഓഗസ്റ്റ് 29 വരെ
- 1952 ഓഗസ്റ്റ് 29 മുതൽ 1991 നവംബർ 18 വരെ
- 1991 നവംബർ 18 മുതൽ ഇന്നുവരെ
സാമ്യമുള്ള പതാകകൾ
- ലെസോതോയുടെ പതാക
- സിയറ ലെയോണിന്റെ പതാക
- കൊളംബിയയിലെ സാന്റിയാഗോ ഡെ കാലിയുടെ പതാക
- പണ്ട്ലാന്റിന്റെ പതാക
- റിപ്പബ്ലിക് ഓഫ് മൊളോസിയയുടെ പതാക
ഇവയും കാണുക
- ഉസ്ബെക്ക് എസ്.എസ്.ആറിന്റെ പതാക
അവലംബം
ബാഹ്യ കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads