ഹൈദർ അലി
From Wikipedia, the free encyclopedia
Remove ads
മൈസൂറിലെ ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധങ്ങളിൽ സുപ്രധാന പങ്കുവഹിച്ച ഒരു സൈന്യാധിപനുമായിരുന്നു ഹൈദർ അലി (ജീവിതകാലം: 1722–1782)[4]. പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം പുനഃസംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെത്തന്നെ പുറത്താക്കുകയും ചെയ്തു. 1761-ൽ അദ്ദേഹം മൈസൂരിലെ ഭരണാധികാരിയായി[4][1]. ഒന്നും രണ്ടും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിച്ചു. മൈസൂറിന്റെ സമ്പദ്‌വ്യവസ്ഥയെ അദ്ദേഹം ഗണ്യമായി വികസിപ്പിച്ചു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാനസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ ടിപ്പു സുൽത്താനെ പ്രേരിപ്പിക്കുകയുണ്ടായി.
നിരക്ഷരനായിരുന്നെങ്കിലും, ഹൈദർ അലി തന്റെ ഭരണപരമായ മിടുക്കിനും സൈനിക വൈദഗ്ദ്ധ്യത്തിനും ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സ്ഥാനം നേടി. മകനായ ടിപ്പു സുൽത്താന്, വിപുലമായ അതിർത്തിയോടെയുള്ള രാജ്യം കൈമാറിക്കൊണ്ടാണ് ഹൈദരാലി മരണപ്പെടുന്നത്[5].
Remove ads
രാഷ്ട്രീയപശ്ചാത്തലവും അധികാരലബ്ധിയും
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള മുഗളരുടെ പ്രവർത്തനങ്ങൾ ചക്രവർത്തിയായ ഔറംഗസേബിനോടു കൂടെ അസ്തമിച്ചിരുന്നു. ഔറംഗസേബിന്റെ കാലശേഷം താരതമ്യേന സ്വതന്ത്രരായ മുഗൾ പ്രതിനിധിഭരണാധികാരികൾ തങ്ങളുടെ അധീനപ്രദേശങ്ങൾ സ്വന്തമായി ഭരിക്കുകയും ഡൽഹി സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു.
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് പ്രവിശ്യ, മുഗൾ സുബേദാറായിരുന്ന ആസഫ് ജാ നസാം ഉൽ മുൽകിന്റെ കീഴിൽ സ്വാത്രന്ത്ര്യം പ്രാപിക്കുകയും 1724-ൽ ഹൈദരാബാദ് രാജ്യമായി മാറുകയും ചെയ്തു. 1748-ൽ ആസഫ് ജായുടെ മരണശേഷം മുഗൾ ഡക്കാനിന്റെ സുബകളില് ഒന്നായ കർണ്ണാടിക് സ്വതന്ത്രമായി. ഹൈദരാബാദിന്റെ ഭാഗമായിരുന്നു കർണ്ണാടിക് അതുവരെ. നവാബ് സാദത്തുള്ളാ ഖാന് നൈസാമിന്റെ അനുവാദമില്ലാതെ തന്റെ മരുമകനായ ദോസ്ത അലിയെ പിന്തുടർച്ചാവകാശിയാക്കി. പിൽക്കാലത്ത് നവാബ് സ്ഥാനത്തിനുവേണ്ടിയുള്ള തർക്കങ്ങളുടെ രംഗഭൂമിയായി കർണ്ണാടിക്. ഇതേ സമയം നാശോന്മുഖമായ മുഗൾ ശക്തിക്കെതിരെ ശിവജിയുടെ പിൻതലമുറക്കാർ മറാത്താ രാജ്യം കെട്ടിപ്പടുത്തു. അവിടേയും അധികം താമസിയാതെ പേഷ്വയാകാനുള്ള കളികൾ പ്രഭുക്കന്മാരിൽ നിന്നും ഉയർന്നു വന്നു. എന്നാൽ മറ്റൊരു ഭാഗത്ത് രാജ്യങ്ങൾ കീഴടക്കാനുള്ള രജപുത്രന്മാരുടെ ശ്രമങ്ങളും നിർബാധം നടന്നു.[6]
1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിനുശേഷം മറാഠാസൈന്യം ശിഥിലമാകുകയും സാമ്രാജ്യം അധഃപതിക്കാൻ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു. വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം മുതൽ മൈസൂർ രാജ്യം വൊഡയാർ രാജവംശത്തിനു കീഴിൽ തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വൊഡയാർ രാജവംശം ദളവയുടേയും സർവാധികാരിയുടേയും ഉപജാപങ്ങളിൽപ്പെട്ട് ശിഥിലമായി രാഷ്ട്രീയാധികാരം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് സൈന്യത്തിന്റെ അധിപനും അടുത്തിടെ ദിണ്ടിക്കലില് വച്ച് തിരുച്ചി പിടിക്കാനുള്ള ശ്രമത്തിൽ അജയ്യനെന്നു പേരു ലഭിച്ചയാളുമായ ഹൈദരാലി ഭരണം പിടിച്ചെടുത്തത്. സ്വന്തം പ്രയത്നം കൊണ്ട് മൈസൂരിന്റെ ഭരണാധികാരിയായ ആളാണ് ഹൈദരലി. ഹൈദരലി രാജ്ഞിയുടെ പേരില് ഭരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മൈസൂർ ഒരു വൻ രാഷ്ട്രീയ ശക്തിയായിത്തീർന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ രാഷ്ട്രീയ വികസന നയത്തിനെതിരെ അവർ യുദ്ധം ചെയ്തു. മറാത്തർ, കർണ്ണാടിക് നൈസാം എന്നീ പ്രാന്തപ്രദേശങ്ങളുമായും മൈസൂരിനു യുദ്ധം ചെയ്യേണ്ടി വന്നു.[7] 1766 -നു ശേഷം ഹൈദർ പാലക്കാട്ടുശ്ശേരി, കോഴിക്കോട്, കൊച്ചിയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവ തൻ്റെ കീഴിൽ കൊണ്ടുവരികയുണ്ടായി.[8]
സുൽത്താനത്ത് -എ-ഖുദാദാദ് എന്നാണ് ഹൈദരലി തന്റെ സാമ്രജ്യത്തെ വിശേഷിപ്പിച്ചത്. ഹൈദരലിയുടെ പൂർവികരെപ്പറ്റിയും കുടുംബപശ്ചാത്തലവും കൂടുതൽ അറിയാന് കഴിഞ്ഞിട്ടില്ല. കർണ്ണാടകത്തിലെ തുംകൂര് ജില്ലയിലെ സീരാകോട്ടയുടെ കമാണ്ടറായ മുഗൾ ഫോജ്ദാർ ദർഗാഹ് ഖുലീഖാന്റെ ഉദ്യോഗത്തിലായിരുന്നു പിതാവായ ഫത്തേഹ് മുഹമ്മദ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads