ഡ്രിപ്പ്

From Wikipedia, the free encyclopedia

ഡ്രിപ്പ്
Remove ads

ചികിത്സാവശ്യങ്ങൾക്കുള്ള ദ്രാവകങ്ങൾ സിരകളിലൂടെ ശര്രീരത്തിൽ കടത്തിവിടുന്ന പ്രക്രീയയാണ് ഡ്രിപ്പ്. ശരീര ധർമങ്ങൾ ക്രമീകരിക്കുന്നതിന് ആവശ്യമായ ജലം, എലെക്ട്രോലയിറ്റ് , മരുന്നുകൾ , രക്തം, രക്ത ഉത്പന്നങ്ങൾ തുടങ്ങിയവ ക്രമമായ രീതിയിൽ ശരീരത്തിലേക്ക് നേരിട്ട് കടത്തി വിടുന്നതിനുള്ള വൈദ്യശാസ്ത്രപരമായ ഒരു സജ്ജീകരണമാണ് ഇത്. നിർജലീകരണം (Dehydration)പരിഹരിക്കാനും ,രക്തസ്രാവം, അപകടം, ശസ്ത്രക്രിയ എന്നിവയിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം നികത്തുന്നതിനുമാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഏറ്റവും പെട്ടെന്ന് മരുന്നും ദ്രാവകങ്ങളും ശരീരത്തിൽ കടത്തിവിടുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണിത്.ഈ പ്രക്രീയയിൽ കടത്തിവിടുന്ന വസ്തുക്കൾക്കൊപ്പം വായു കൂടി കടന്നു (air embolism) ഉണ്ടാകാതെ സൂക്ഷിക്കും. മറ്റ് അണുബാധ കൂടി ഉണ്ടാകാതെ നോക്കണം .

Thumb
ഡ്രിപ്പിങ്ങിനുള്ള സജ്ജീകരണം
Remove ads

പ്രവർത്തനരീതി

Thumb
ഡ്രിപ്പിങ് നിയന്ത്രിക്കുന്നതിനുള്ള വാൽവ്

സിരയിലേക്ക് കയറ്റിയ സൂചിയിലൂടെ, പ്ളാസ്റ്റിക് ബാഗിലോ കുപ്പിയിലോ ഉള്ള ദ്രാവകം റബ്ബറോ പ്ളാസ്റ്റിക്കോ കൊണ്ടുള്ള ട്യൂബിലൂടെ തുള്ളികളായി ഒഴുക്കിവിടുകയാണ് ഇതിന്റെ പ്രവർത്തനരീതി. ഒരു ചട്ടത്തിന്റെ മുകൾഭാഗത്തായി ദ്രാവകം ഉൾക്കൊള്ളുന്ന പാത്രം തൂക്കിയിടുകവഴി ഗുരുത്വാകർഷണ വിധേയമായി ദ്രാവകം ട്യൂബിലൂടെ താഴേക്കൊഴുകുന്നു. അന്തരീക്ഷവായു ഈ പാത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുവാനായി പാത്രത്തിന്റെ മുകളിലായി ഒരു ചെറു ദ്വാരം സൂചി ഉപയോഗിച്ച് സൃഷ്ടിക്കുന്നു. ചില സന്ദർഭങ്ങളിൽ അനുതരംഗ പമ്പുകളുപയോഗിച്ച് (peristaltic pumps) ദ്രാവകം ട്യൂബിലേക്ക് കടത്തി വിടാറുണ്ട്. ഇതിൽ ദ്രാവകം രക്തത്തിലേക്കു പ്രവേശിക്കുന്നതിന്റെ നിരക്ക് ഒരു വാൽവ് മുഖേന നിയന്ത്രിക്കുവാൻ സാധിക്കും.

Remove ads

ഉപയോഗം

വ്യക്തമായി കാണാവുന്നതും അഭിഗമ്യവുമായ ഇടത്തരം വലിപ്പത്തിലുള്ള സിരകളാണ് ഡ്രിപ്പു കടത്തുന്നതിനായി പ്രയോജനപ്പെടുത്തുന്നത്. കൈമുട്ടു സന്ധി, കൈപ്പത്തിയുടെ മുകൾ ഭാഗം, കണങ്കാൽ എന്നിവിടങ്ങളിലെ സിരകളാണ് ഏറ്റവും അനു യോജ്യം. പൊണ്ണത്തടിയുള്ള രോഗികളിൽ അനുയോജ്യമായ സിര ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ശിശുക്കളിൽ കൈകാലുകളിലെ സിരകളേക്കാൾ തലയോട്ടിയുടെ മുകൾ ഭാഗത്തെ സിര ആയിരിക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. സിരയിലൂടെ കടത്തുകവഴി ദ്രാവകം വളരെ വേഗം രക്തചംക്രമണ വ്യവസ്ഥയിലെത്തിച്ചേരും. എന്നാൽ ഒരു പ്രത്യേക ശരീരഭാഗത്തിലേക്കു മാത്രമായി ദ്രാവകങ്ങൾ കടത്തിവിടേണ്ടതായിവരുന്ന ചില പ്രത്യേക സന്ദർഭങ്ങളിൽ ധമനികളിലേക്കും ഡ്രിപ്പ് കടത്തിവിടാറുണ്ട്. ഉദാഹരണമായി അർബുദ ട്യൂമറുകളുടെ ചികിത്സയ്ക്കായി അർബുദ കോശങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുന്ന ചില രാസപദാർഥങ്ങൾ അടങ്ങുന്ന ഡ്രിപ്പ് ധമനിയിലൂടെയാണു കടത്തുന്നത്. ഔഷധം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാതിരിക്കാൻ ഇത് സഹായിക്കും.

രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കിൽ താത്കാലികമായി രക്തപ്ളാസ്മയുടേയോ പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാർഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിൻ) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേൽക്കുമ്പോൾ ശരീരത്തിൽനിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാൽ രക്തകോശങ്ങൾ ഗണ്യമായ തോതിൽ നഷ്ടമാവുന്നില്ല. ഈ അവസ്ഥയിൽ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കൾ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളിൽ (ഉദാ. രക്താർബുദം) ചുവന്ന രക്താണുക്കൾ കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയിൽ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികൾക്കും വയറിളക്കമോ ഛർദിയോ മൂലം നിർജലീകരണം സംഭവിക്കുന്നവർക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദർഭങ്ങളിൽ നല്കാറുള്ളത്. പോഷകരസം, ഔഷധങ്ങൾ എന്നിവ ഡ്രിപ്പിലൂടെ നല്കാറുണ്ട്.

Remove ads

വധ ശിക്ഷയ്ക്കും

ഡ്രിപ്പ് രീതിയിലൂടെ വിഷവസ്തുക്കൾ സിരകളിലൂടെ കടത്തിവിട്ടു വേദനരഹിതമായ വധ ശിക്ഷ നടപ്പാക്കുന്നത് യു എസ്സിൽ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ നിയമവിധേയമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രിപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads