പണ്ഡിറ്റ് ജസ്‌രാജ്
മേവതി ഘരാനയിലെ വിശ്രുതനായ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ From Wikipedia, the free encyclopedia
Remove ads
മേവതി ഘരാനയിലെ വിശ്രുതനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ജസ്രാജ് (ജീവിതകാലം : 28 ജനുവരി 1930 – 17 ആഗസ്ത് 2020).[3] 80 വർഷത്തിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീതജീവിതത്തിൽ നിരവധി പ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നു. അദ്ദേഹത്തിന്റെ ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ ആലാപനങ്ങൾ ആൽബങ്ങളും ഫിലിം സൗണ്ട് ട്രാക്കുകളുമായി മാറി. ഇന്ത്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ അദ്ദേഹം സംഗീതം പഠിപ്പിക്കുകയും അദ്ദേഹത്തിന്റെ വയലിനിസ്റ്റ് കലാ രാംനാഥിനെപ്പോലുള്ള ചില ശിഷ്യർ പലരും പ്രശസ്തരായ സംഗീതജ്ഞരായി മാറുകയും ചെയ്തു. 2020 ആഗസ്റ്റ് 17 ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ജഴ്സിയിലെ ഭവനത്തിൽവച്ച് 90 ആമത്തെ വയസിൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.[4]

Remove ads
ജീവിതരേഖ
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.[5] മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി, ജസ്രാജിന് നാലു വയസ്സുള്ളപ്പോൾ അന്തരിച്ചു. അന്നേ ദിവസം അദ്ദേഹം അവസാനത്തെ നൈസാമിന്റെ ദർബാറിലെ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായിരുന്നു.[6][7]:xli ജസ്‌രാജിന്റെ ജ്യേഷ്ഠനായ പണ്ഡിറ്റ് പ്രതാപ് നാരായണൻ സമർത്ഥനായ സംഗീതജ്ഞനും സംഗീതസംവിധായക ദ്വയം ജതിൻ-ലളിത്, ഗായിക-നടി സുലക്ഷണ പണ്ഡിറ്റ്, നടി വിജേത പണ്ഡിറ്റ് എന്നിവരുടെ പിതാവുമായിരുന്നു.[8] അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗായകനായ പണ്ഡിറ്റ് മണിറാം ആയിരുന്നു.
അച്ഛന്റെ കീഴിൽ സംഗീതപഠനം ആരംഭിച്ച ജസ്‌രാജ്, പിന്നീട് ജ്യേഷ്ഠൻ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായിത്തീർന്നു. യൗവ്വനകാലം ഹൈദരാബാദിൽ ചെലവഴിച്ച ജസ് രാജ് ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതപരിശീല ഗോത്രമായ മേവതി ഘരാനയിലെ സംഗീതജ്ഞരോടൊപ്പം സംഗീതം പഠിക്കാൻ പലപ്പോഴും ഗുജറാത്തിലെ സാനന്ദിലേക്ക് യാത്ര ചെയ്തിരുന്നു.[9] ശാസ്ത്രീയ സംഗീതത്തോട് വളരെയധികം അർപ്പണബോധമുള്ള സാനന്ദിലെ താക്കൂറായിരുന്ന സാഹിബ് മഹാരാജാ ജയവന്ത് സിംഗ് വാഗേലയ്ക്ക്[10] വേണ്ടി ജസ് രാജ് ഗാനാലാപനം നടത്തുകയും അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടുകയും ചെയ്തു.[11][12] 1946 ൽ ജസ്‌രാജ് കൊൽക്കത്തയിലേക്ക് മാറുകയയും, അവിടെ റേഡിയോയ്ക്കായി ശാസ്ത്രീയ സംഗീതാലാപനം ആരംഭിക്കുകയും ചെയ്തു.[13] 1960 ൽ ബഡേ ഗുലാം അലി ഖാന്റെ ശിഷ്യനാകാനുള്ള സ്നേഹപൂർവ്വമായ ക്ഷണം അദ്ദേഹം നിരസിച്ചു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തിൽ ശ്രദ്ധയൂന്നി.
Remove ads
സ്വകാര്യജീവിതം
1962 ൽ ജസ്‍രാജ് 1960 ൽ ബോംബെയിൽ വച്ച് കണ്ടുമുട്ടിയ ചലച്ചിത്ര സംവിധായകൻ വി. ശാന്താറാമിന്റെ മകളായ മധുര ശാന്താറാമിനെ വിവാഹം കഴിച്ചു.[14] ആദ്യം കൊൽക്കത്തയിൽ താമസിച്ച ദമ്പതികൾ 1963 ൽ മുംബൈയിലേക്ക് താമസം മാറി.[15] ശാരംഗ് ദേവ് പണ്ഡിറ്റ് എന്ന പേരിൽ ഒരു പുത്രനും, ദുർഗ്ഗ ജസ്രാജ് എന്ന പേരിൽ ഒരു പുത്രിയുമായി അവർക്ക് രണ്ട് മക്കളുണ്ടാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പത്നി മധുര ശാന്താറാം 2009 ൽ സംഗീത മാർത്താണ്ഡ പണ്ഡിറ്റ് ജസ്രാജ് എന്ന ചിത്രം നിർമ്മിക്കുകയും[16] 2010 ൽ അവരുടെ ആദ്യത്തെ മറാത്തി ചിത്രമായ അയി തുസാ ആഷിർവാദിന്റെ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ഇതിൽ അവരുടെ ഭർത്താവിനോടൊപ്പം ലതാ മങ്കേഷ്കറും മറാത്തിയിൽ പാടിയിരുന്നു.[17][18]
Remove ads
കച്ചേരികൾ

അപൂർവ്വ ശബ്ദ സൗകുമാര്യത്തിനുടമയായ ജസ്‌രാജ് ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിന്റെ പക്കൽ ഹവേലി സംഗീതത്തിലും ഗവേഷണം നടത്തി. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്‌രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ - പെൺ ഗായകർ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു. പൂനയിലെ സംഗീതാരാധകർ ഇതിനെ ജസ്‌രംഗി എന്നു പേരിട്ട് വിളിക്കുന്നു.
രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരിൽ എല്ലാ വർഷവും സംഗീതാഘോഷങ്ങൾ നടത്താറുണ്ട്.
പുരസ്കാരങ്ങൾ
- പത്മഭൂഷൺ 1990[19]
- പത്മവിഭൂഷൺ - 2000[19]
- പത്മശ്രീ - 1975[19]
- സംഗീത നാടക അക്കാദമി അവാർഡ് 1987[20]
- സംഗീത് കലാ രത്ന[21]
- മാസ്റ്റർ ദീനാനാഥ് മംഗേഷ്കർ അവാർഡ്[20]
- ലതാ മംഗേഷ്കർ പുരസ്കാരം
- മഹാരാഷ്ട്രാ ഗൗരവ് പുരസ്കാർ[22]
- സ്വാതി സംഗീത പുരസ്‌കാരം 2008[23][24]
- സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്[25] (2010)
- ഭാരത രത്ന ഭീംസെൻ ജോഷി ക്ലാസ്സിക്കൽ മ്യൂസിക് ലൈഫ് അച്ചീവ്മെന്റ് അവാർഡ് (2013)[26]
- മർവാർ സംഗീത് രത്ന അവാർഡ് 2014[27]
- ഭാരത് മുനി സമ്മാൻ (2010) [28][29]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads