ജോൺ ആഡംസ്

From Wikipedia, the free encyclopedia

ജോൺ ആഡംസ്
Remove ads

ജോൺ ആഡംസ് യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 ഒക്ടോബർ 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി ജനിച്ചു. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു നിയമപഠനം തുടരുകയും ചെയ്തു. 1758-ൽ ബോസ്റ്റണിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ അബിഗെയിൽ സ്മിത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.

വസ്തുതകൾ ജോൺ ആഡംസ്, 2nd President of the United States ...
Remove ads

മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി

1765 ആഗസ്റ്റിൽ സ്റ്റാമ്പുനികുതിക്കെതിരായി ജോൺ ആഡംസ് നാല് ലേഖനങ്ങൾ പേരുവയ്ക്കാതെ ബോസ്റ്റൺ ഗസറ്റിൽ എഴുതിയത് സാരമായ രാഷ്ട്രീയ ചലനങ്ങൾക്ക് ഇടയാക്കി. 1768-ൽ ഇദ്ദേഹം താമസം ബോസ്റ്റണിലേക്കു മാറ്റി. 1769-ൽ ഇദ്ദേഹം മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1774 മുതൽ '78 വരെ കോണ്ടിനെന്റൽ കോൺഗ്രസ് അംഗമായിരുന്ന ആഡംസ് 1775 ജൂണിൽ ജോർജ് വാഷിങ്ടനെ യു.എസ്. സർവസൈന്യാധിപനാക്കുന്നതിൽ മുൻകൈയെടുത്തു.

റിച്ചേർഡ് ഹെന്റി ലീ (1756-1818) കോളനികൾക്കു സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെ പിന്താങ്ങിയത് (1776 ജൂൺ 7) ആഡംസായിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ജെഫേഴ്സൺ (1743-1826), ഫ്രാങ്ക്ളിൻ (1706-90), ലിവിംഗ്സ്റ്റൺ (1746-1813), ഷെർമാൻ (1820-91) എന്നിവരോടൊപ്പം ആഡംസും അംഗമായിരുന്നു. ബോർഡ് ഒഫ് വാർ ആൻഡ് ഓർഡ്നൻസിന്റെ തലവനായിരുന്ന ഇദ്ദേഹം പല വിദഗ്ദ്ധ കമ്മിറ്റികളിലും അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. സൈലാസ്ഡീൻ കമ്മിഷനെ മറികടക്കാൻ 1778-ൽ ആഡംസ് ഫ്രാൻസിലെത്തി. പക്ഷേ, ഇദ്ദേഹം എത്തുമ്പോഴേക്കും സന്ധി നടന്നുകഴിഞ്ഞിരുന്നു. മാസാച്ചുസെറ്റ്സ് ഭരണഘടന (1780) നിലവിൽ വരാൻ പ്രേരകമായ കൺവെൻഷനിൽ ആഡംസും അംഗമായിരുന്നു. ബ്രിട്ടനുമായി ഒരു സമാധാനസന്ധിയും വാണിജ്യക്കരാറും ഉണ്ടാക്കാൻ 1776 സെപ്റ്റംബർ 27-നു ആഡംസ് പ്രത്യേക പ്രതിനിധിയായി യൂറോപ്പിലേക്കു പോയി. ബ്രിട്ടീഷ് അമേരിക്കൻ തീരങ്ങളിൽ മത്സ്യം പിടിക്കാനുള്ള അവകാശം യു.എസ്സിനാണെന്ന് ആഡംസ് വാദിച്ചു. ബ്രിട്ടനിലെ രാഷ്ട്രീയ സ്ഥിതിഗതികൾമൂലം യു.എസ്സിന് അനുകൂലമായ സന്ധിയുണ്ടാക്കാൻ ആഡംസിനു കഴിഞ്ഞു (1782 ഏപ്രിൽ 19). യു.എസ്സിനെ പരമാധികാരരാജ്യമാക്കി അംഗീകരിപ്പിക്കാൻ ഹേഗിൽ നടത്തിയ ഇദ്ദേഹത്തിന്റെ ശ്രമങ്ങളും വിജയിച്ചു; ഫ്രാൻസുമായി യു.എസ്സിന് അനുകൂലമായ ഒരു സന്ധിയിലൊപ്പുവയ്പിക്കാനും ആഡംസിനു സാധിച്ചു.

Remove ads

വൈസ്പ്രസിഡന്റും തുടർന്നു പ്രസിഡന്റുമായി

1785-ൽ ബ്രിട്ടനിലെ ആദ്യത്തെ യു.എസ്. സ്ഥാനപതിയായി ആഡംസ് നിയമിതനായി. ലണ്ടനിൽവച്ച് 1787-ൽ ഇദ്ദേഹം യു.എസ്. ഭരണഘടനയെപ്പറ്റി എ ഡിഫൻസ് ഒഫ് ദ് കോൺസ്റ്റിറ്റ്യൂഷൻസ് ഒഫ് ദ് ഗവൺമെന്റ് ഒഫ് ദ് യുനൈറ്റഡ് സ്റ്റെയ്റ്റ്സ് എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. യു.എസ്സിലെ സ്റ്റേറ്റ് ഗവൺമെന്റുകളെ പലരും വിമർശിച്ചുകൊണ്ടെഴുതിയതിന് ഒരു മറുപടിയായിരുന്നു അത്. 1789-ൽ യു.എസ്. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആഡംസ് 1796 വരെ ആ പദവിയിലിരുന്നു. ഗവൺമെന്റിന്റെ നയങ്ങളിലുണ്ടായ ഭിന്നതമൂലം പാർട്ടി ഭിന്നിക്കുകയും ഫെഡറലിസ്റ്റുകൾ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കൻമാർ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ നിലവിൽ വരികയും ചെയ്തു. ഫെഡറലിസ്റ്റ് നേതാക്കൻമാരിൽ ഒരാളായിരുന്നു ആഡംസ്. വീണ്ടും പ്രസിഡന്റാകാൻ ജോർജ് വാഷിങ്ടൺ വിസമ്മതിച്ചതിനെത്തുടർന്ന് 1796-ൽ ആഡംസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1800 വരെ തത്സ്ഥാനത്ത് തുടർന്നു. ആ വർഷം നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജെഫേഴ്സൻ ആഡംസിനെ പരാജയപ്പെടുത്തി. ഈ പരാജയംമൂലം ജോൺ ആഡംസ് പൊതുജീവിതത്തിൽനിന്നും വിരമിച്ചു. ക്വിൻസിയിൽ 1826 ജൂലൈ 4-ന് ജോൺ ആഡംസ് അന്തരിച്ചു. യു.എസ്സിലെ 6-ആമത്തെ പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസ് (1767-1848) ഇദ്ദേഹത്തിന്റെ മൂത്തപുത്രനാണ്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads