നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി From Wikipedia, the free encyclopedia
Remove ads
ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ മൂകാംബികാക്ഷേത്ര ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

Remove ads
വിവിധ നവരാത്രികൾ
യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.
ശരത് നവരാത്രി
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്. കേരളത്തിൽ ഇത് സരസ്വതീ പ്രധാനമാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു.
വസന്ത നവരാത്രി
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. രാമനവമിയോടനുബന്ധിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്.
അശാത നവരാത്രി
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. ഭഗവതി വരാഹിയുടെ ഉപാസകന്മാർക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃക്കളിൽ ഒരാളാണ് വരാഹി. ഇത് പരാശക്തി തന്നെയാണ്. ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.
Remove ads
നവരാത്രിയും ബൊമ്മക്കൊലുവും
ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ.
നവരാത്രി വ്രതം
കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് പ്രാധാന്യം. കേരളത്തിൽ മൂന്നു ദിവസമാണ് നവരാത്രി ആചരിക്കുന്നത്.
ദുർഗ്ഗാഷ്ടമി
ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.
മഹാനവമി
പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ ഐശ്വര്യദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.
വിജയ ദശമി
കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദുർഗ്ഗയുടെ വിജയ സൂചകമായ ഈ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു. അന്ന് പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
