റ്റോസിസ് (കൺപോള)
From Wikipedia, the free encyclopedia
Remove ads
മുകളിലെ കൺപോളകൾ താഴേക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥ ആണ് ബ്ലിഫറോറ്റോസിസ്[1] എന്നും അറിയപ്പെടുന്ന റ്റോസിസ്. ഒരു വ്യക്തിയുടെ പേശികൾ തളർന്നിരിക്കുമ്പോൾ അല്ലെങ്കിൽ കൂടുതൽ സമയം ഉണർന്നിരിക്കുമ്പോൾ തൂങ്ങൽ കൂടുതൽ വഷളായേക്കാം. ഈ അവസ്ഥയെ ചിലപ്പോൾ "അലസമായ കണ്ണ്" എന്ന് വിളിക്കാറുണ്ട്, എന്നാൽ ആ പദം സാധാരണയായി ആംബ്ലിയോപ്പിയ എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, തൂങ്ങിക്കിടക്കുന്ന കൺപോളകൾ ആംബ്ലിയോപിയ അല്ലെങ്കിൽ അസ്റ്റിഗ്മാറ്റിസം പോലുള്ള മറ്റ് ഗുരുതര അവസ്ഥകൾക്ക് കാരണമാകും. കുട്ടികളിൽ കാഴ്ചയുടെ വികാസത്തെ തടസ്സപ്പെടുത്തുന്നതിന് മുമ്പ് ഈ അസുഖം ചികിത്സിക്കേണ്ടത് പ്രധാനമാണ്.
ഈ പദം വീഴുക എന്നർഥം വരുന്ന ഗ്രീക്ക് വാക്കായ πτῶσις ൽ നിന്നാണ് വന്നത്.
Remove ads
അടയാളങ്ങളും ലക്ഷണങ്ങളും

ഈ അവസ്ഥയിൽ സാധാരണയായി കാണപ്പെടുന്ന അടയാളങ്ങളും ലക്ഷണങ്ങളും താഴെക്കൊടുക്കുന്നു:[2]
- കൺപോളകൾ തൂങ്ങിക്കിടക്കുന്നതായി തോന്നാം.
- തൂങ്ങിക്കിടക്കുന്ന കൺപോളകൾ ക്ഷീണം തോന്നിപ്പിക്കാം.
- കൺപോളകൾ കണ്ണിനെ ഫലപ്രദമായി സംരക്ഷിക്കില്ല.
- മുകളിലെ കൺപോളകൾ തൂങ്ങുന്നത് വ്യക്തിയുടെ കാഴ്ച മണ്ഡലത്തെ ഭാഗികമായി തടയും.
- കാഴ്ച തടസ്സപ്പെടുന്നത് മൂലം ഒരു വ്യക്തി സംസാരിക്കാൻ തല പിന്നിലേക്ക് ചരിക്കാൻ സാധ്യതയുണ്ട്.
- കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങൾ ക്ഷീണിക്കുകയും വേദനിക്കുകയും ചെയ്യും.
- ശരിയായി കാണുന്നതിന് പുരികങ്ങൾ നിരന്തരം ഉയർത്തിയേക്കാം.
റ്റോസിസ് ഉണ്ടാകാനിടയുള്ള ചില അപകട ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- കണ്ണിന്റെ ട്യൂമർ.
- പ്രമേഹം.
- സ്ട്രോക്കിന്റെ ചരിത്രം.
- കാൻസർ.
- ന്യൂറോളജിക്കൽ ഡിസോർഡർ.
- വയസ്സ്. പ്രായമാകുമ്പോൾ കണ്ണിന്റെ പേശികൾ ദുർബലമാവുകയും കൺപോളകൾ തൂങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Remove ads
കാരണങ്ങൾ

കൺപോളകൾ ഉയർത്തുന്ന പേശികളുടെയോ അവയുടെ നാഡികളുടെയോ വൈകല്യം കാരണം റ്റോസിസ് സംഭവിക്കുന്നു. ഇത് ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ ബാധിക്കാം. പേശികളുടെ ബലക്ഷയം കാരണം, ഇത് പ്രായമായവരിൽ കൂടുതലായി കാണപ്പെടുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ ലിവേറ്റർ പേശിയുടെ തെറ്റായ വളർച്ച കാരണം ജന്മനായും ഇത് ഉണ്ടാകാം. പാരമ്പര്യമായുണ്ടാകുന്ന ജന്മനായുള്ള റ്റോസിസ് മൂന്ന് പ്രധാന രൂപങ്ങളിൽ ഉണ്ട്. [3] ജന്മനായുള്ള റ്റോസിസിന്റെ കാരണങ്ങൾ അജ്ഞാതമായി തുടരുന്നു. കൺപോളകൾ ഉയർത്തുന്ന പേശികൾക്കുണ്ടാകുന്ന ക്ഷതം, മുകളിലെ സെർവിക്കൽ സിമ്പതറ്റിക് ഗാംഗ്ലിയണിൻ്റെ കേടുപാടുകൾ അല്ലെങ്കിൽ ഈ പേശിയെ നിയന്ത്രിക്കുന്ന നാഡിക്ക് (മൂന്നാം ക്രേനിയൽ നാഡി (ഒക്കുലോമോട്ടർ നാഡി)) കേടുപാടുകൾ കാരണം റ്റോസിസ് ഉണ്ടാകാം. അത്തരം കേടുപാടുകൾ പ്രമേഹം, ബ്രെയിൻ ട്യൂമർ, പാൻകോസ്റ്റ് ട്യൂമർ (ശ്വാസകോശത്തിന്റെ അഗ്രം), പേശികളുടെ ബലഹീനത അല്ലെങ്കിൽ നാഡിക്ക് ക്ഷതം എന്നിവയ്ക്ക് കാരണമായേക്കാവുന്ന രോഗങ്ങളായ മയസ്തീനിയ ഗ്രാവിസ് അല്ലെങ്കിൽ ഒക്യുലോഫറിൻജിയൽ മസ്കുലർ ഡിസ്ട്രോഫി പോലുള്ള ഒരു അടിസ്ഥാന രോഗത്തിന്റെ അടയാളമോ ലക്ഷണമോ ആകാം. ബ്ലാക്ക് മാമ്പ പോലെയുള്ള ചില പാമ്പ് വിഷങ്ങളിലെ വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ഈ ഫലത്തിന് കാരണമായേക്കാം.
ലിവേറ്റർ പേശിയുടെ അപ്പോണ്യൂറോസിസ്, നാഡി തകരാറുകൾ, ആഘാതം, വീക്കം അല്ലെങ്കിൽ കൺപോള അല്ലെങ്കിൽ ഓർബിറ്റിലെ മുറിവുകൾ എന്നിവയാൽ റ്റോസിസ് ഉണ്ടാകാം. ഓട്ടോ ഇമ്യൂൺ ആന്റിബോഡികൾ ന്യൂറോ ട്രാൻസ്മിറ്ററിനെ ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഫലമായി ലെവേറ്ററുകളുടെ തകരാറുകൾ സംഭവിക്കാം. [4]
റ്റോസിസ് ഒരു മയോജനിക്, ന്യൂറോജെനിക്, അപ്പോണ്യൂറോട്ടിക്, മെക്കാനിക്കൽ അല്ലെങ്കിൽ ട്രോമാറ്റിക് കാരണങ്ങളാൽ സംഭവിക്കാം, ഇത് സാധാരണയായി ഒറ്റപ്പെട്ടാണ് സംഭവിക്കുന്നത്, അതുപോലെ ഇത് രോഗപ്രതിരോധ, ഡീജനറേറ്റീവ് അല്ലെങ്കിൽ പാരമ്പര്യ വൈകല്യങ്ങൾ, മുഴകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള മറ്റ് പല അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കാം.[5]
അക്വയർഡ് റ്റോസിസ് ഏറ്റവും സാധാരണയായി ഉണ്ടാകുന്നത് അപ്പോന്യൂറോട്ടിക് റ്റോസിസ് മൂലമാണ്. ലിവേറ്റർ അപ്പോന്യൂറോസിസ് ന്റെ വാർദ്ധക്യം, ശോഷണം അല്ലെങ്കിൽ ശിഥിലീകരണം എന്നിവയുടെ ഫലമായി ഇത് സംഭവിക്കാം. മാത്രമല്ല, വിട്ടുമാറാത്ത വീക്കം അല്ലെങ്കിൽ ഇൻട്രാഒക്യുലർ ശസ്ത്രക്രിയ എന്നിവയും ഇതേ ഫലത്തിലേക്ക് നയിച്ചേക്കാം. കൂടാതെ, ദീർഘനേരം കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് ഈ അവസ്ഥയുടെ വികാസത്തിൽ ഒരു നിശ്ചിത സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.
ജന്മനാ ഉണ്ടാകുന്ന കൺജനിറ്റൽ ന്യൂറോജെനിക് റ്റോസിസ് ഹോർണേഴ്‌സ് സിൻഡ്രോം മൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, മിതമായ റ്റോസിസ് ഇപ്‌സിലാറ്ററൽ റ്റോസിസ്, ഐറിസ് ആൻഡ് ഐയോല ഹൈപ്പോപിഗ്മെന്റേഷൻ, ഉയർന്ന ടാർസൽ പേശിയുടെ പാരെസിസ് മൂലമുണ്ടാകുന്ന അൻഹൈഡ്രോസിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. ആഘാതം, നിയോപ്ലാസ്റ്റിക് ഇൻസൽട് അല്ലെങ്കിൽ രക്തക്കുഴൽ രോഗം എന്നിവയ്ക്ക് ശേഷം അക്വയേഡ് ഹോർണർ സിൻഡ്രോം ഉണ്ടാകാം.
കൺപോളകളുടെ മുറിവിന് ശേഷം ആഘാതം മൂലമുള്ള റ്റോസിസ് ഉണ്ടാകാം.
കൺപോളകളുടെ നിയോപ്ലാസങ്ങൾ, ന്യൂറോഫിബ്രോമകൾ അല്ലെങ്കിൽ വീക്കം അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സികാട്രൈസേഷൻ എന്നിവയാണ് റ്റോസിസിന്റെ മറ്റ് കാരണങ്ങൾ. പ്രായമാകുമ്പോൾ നേരിയ തോതിലുള്ള റ്റോസിസ് ഉണ്ടാകാം. ഒരു സെറിബ്രൽ അനൂറിസം മൂലമുണ്ടാകുന്ന തേഡ് നേർവ് പാൽസിയുടെ ആദ്യ സിഗ്നലുകളിൽ ഒന്നായിരിക്കാം കൺപോളകൾ തൂങ്ങിക്കിടക്കുന്നത്, അല്ലാത്തപക്ഷം അത് ലക്ഷണമില്ലാത്തതും ഒക്യുലോമോട്ടർ നേർവ് പാൽസി എന്ന് വിളിക്കപ്പെടുന്നതുമാണ്.
മരുന്നുകൾ
മോർഫിൻ, ഓക്‌സികോഡോൺ, ഹെറോയിൻ, ഹൈഡ്രോകോഡോൺ തുടങ്ങിയ ഒപിയോയിഡ് മരുന്നുകളുടെ ഉയർന്ന ഡോസുകൾ ഉപയോഗിക്കുന്നത് റ്റോസിസിന് കാരണമാകും.[6] പ്രെഗബാലിൻ എന്ന ആൻറികൺവൾസന്റ് മരുന്നും നേരിയ തോതിലുള്ള റ്റോസിസിന് കാരണമാകുമെന്ന് അറിയപ്പെടുന്നു.[7]
Remove ads
മെക്കാനിസം
വ്യത്യസ്‌ത ആഘാതങ്ങൾ വ്യത്യസ്‌ത തരത്തിൽ റ്റോസിസ് ഉണ്ടാക്കും. ഉദാഹരണത്തിന്, മയോജെനിക് റ്റോസിസ്, ലെവേറ്റർ പേശിക്കും കൂടാതെ/അല്ലെങ്കിൽ മുള്ളർ പേശിക്കും ഏൽക്കുന്ന നേരിട്ടുള്ള പരിക്കിന്റെ ഫലമായാണ് ഉണ്ടാകുന്നത്. മറുവശത്ത്, ന്യൂറോജെനിക് റ്റോസിസ് സംഭവിക്കുന്നത് തലയ്ക്ക് ഏൽക്കുന്ന പരിക്കുകൾ, ന്യൂറോടോക്സിൻ (വാസ്പ്/തേനീച്ച/പാമ്പ് വിഷം), ബോട്ടുലിനം ടോക്‌സിൻ എന്നിവ പോലെയുള്ള സാഹചര്യങ്ങളിലാണ്. രോഗിയുടെ കൺപോളകളുടെ ചലനം പരിമിതപ്പെടുത്തുന്നതോ, കൺപോളയുടെ ഭാരം കൂടുന്നതോ കാരണം മെക്കാനിക്കൽ റ്റോസിസ് സംഭവിക്കാം.[8] മറ്റൊരു സംവിധാനം ഒക്യുലോമോട്ടർ നാഡിയുടെ അസ്വസ്ഥതയാണ്, ഇത് ലെവേറ്റർ പാൽപെബ്രയെ ദുർബലപ്പെടുത്തി കൺപോളകൾ താഴേയ്ക്ക് തൂങ്ങുന്നതിന് കാരണമാകുന്നു. മൂന്നാം ക്രേനിയൽ ഞരമ്പിലെ സമ്മർദ്ദം മൂലം മസ്തിഷ്ക ട്യൂമർ ഉള്ള ഒരു രോഗിയിലും റ്റോസിസ് സംഭവിക്കാം.
പതോളജി
മയസ്തീനിയ ഗ്രാവിസ് ഒരു സാധാരണ ന്യൂറോജെനിക് റ്റോസിസ് ആണ്, ഇത് ഒരു തരം ന്യൂറോ മസ്കുലർ റ്റോസിസ് ആണ്, കാരണം പാത്തോളജിയുടെ സ്ഥലം ന്യൂറോ മസ്കുലർ ജംഗ്ഷനിലാണ്. മയസ്തീനിയ ഗ്രാവിസ് രോഗികളിൽ 70% ആളുകള്ക്ക് റ്റോസിസ് ഉള്ളതായി പഠനങ്ങൾ കാണിക്കുന്നു, ഈ രോഗികളിൽ 90% പേർക്ക് ഒടുവിൽ റ്റോസിസ് വികസിക്കും.[9] ഈ സാഹചര്യത്തിൽ, റ്റോസിസ് ഒരു കണ്ണിനെ മാത്രം ബാധിക്കുന്നതോ രണ്ടു കണ്ണുകളെയും ബാധിക്കുന്നതോ ആകാം, ക്ഷീണം അല്ലെങ്കിൽ മരുന്ന് പ്രഭാവം പോലുള്ള ഘടകങ്ങൾ കാരണം അതിന്റെ തീവ്രത പകൽ സമയത്ത് മാറിക്കൊണ്ടിരിക്കുന്നു. ഒരു ടെൻസിലോൺ പരിശോധനയുടെയും രക്തപരിശോധനയുടെയും സഹായത്തോടെ ഈ പ്രത്യേക തരം റ്റോസിസ് മറ്റുള്ളവയിൽ നിന്ന് വേർതിരിച്ചറിയാം. കൂടാതെ, മയസ്തീനിയ ഗ്രാവിസിൽ, കോളിൻസ്റ്ററേസിന്റെ പ്രവർത്തനത്തെ തണുപ്പ് തടയുന്നതിനാൽ കൺപോളകളിൽ ഐസ് പുരട്ടുന്നതിലൂടെ ഇത്തരത്തിലുള്ള റ്റോസിസിനെ വേർതിരിക്കുന്നത് സാധ്യമാക്കുന്നു. മയസ്‌തെനിക് റ്റോസിസ് ഉള്ള രോഗികൾക്ക് ദിവസത്തിന്റെ വിവിധ സമയങ്ങളിൽ കൺപോളകൾ തൂങ്ങിക്കിടക്കുന്നതിന്റെ അളവ് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
ഒക്യുലോമോട്ടോർ പാൾസി മൂലമുണ്ടാകുന്ന റ്റോസിസ് ഒരു കണ്ണിനെ മാത്രം ബാധിക്കുന്നതോ രണ്ടു കണ്ണുകളെയും ബാധിക്കുന്നതോ ആകാം. ട്യൂമർ അല്ലെങ്കിൽ അനൂറിസം വഴി ഞരമ്പിന്റെ കംപ്രഷൻ മൂലമാണ് പക്ഷാഘാതം ഉണ്ടാകുന്നത് എങ്കിൽ, ഇത് അസാധാരണമായ ഇപ്സിലാറ്ററൽ പ്യൂപ്പില്ലറി പ്രതികരണത്തിനും ഒരു വലിയ പ്യൂപ്പിളിനും കാരണമാകും. സർജിക്കൽ തേഡ് നേർവ് പാൽസി ഏകപക്ഷീയമായ റ്റോസിസിനും വലിയ വെളിച്ചത്തോട് പതിയെ പ്രതികരിക്കുന്ന പ്യൂപ്പിളിനും കാരണമാകും. ഈ സാഹചര്യത്തിൽ, സിടി അല്ലെങ്കിൽ എംആർഐ പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ പരിഗണിക്കണം. സർജിക്കൽ തേഡ് നേർവ് പാൽസിക്ക് വിപരീതമായി മെഡിക്കൽ തേർഡ് നാഡി പാൽസി സാധാരണയായി പ്യൂപ്പിളിനെ ബാധിക്കില്ല, ഇത് ആഴ്ചകൾക്കുള്ളിൽ മെല്ലെ മെച്ചപ്പെടും. മെഡിക്കൽ തേഡ് നേർവ് പാൽസി മൂലമുണ്ടാകുന്ന റ്റോസിസ് ശരിയാക്കുന്നതിനുള്ള ശസ്ത്രക്രിയ സാധാരണയായി നേത്ര ചലനത്തിന്റെയും റ്റോസിസിന്റെയും പുരോഗതി അര വർഷത്തിനു ശേഷം തൃപ്തികരമല്ലെങ്കിൽ മാത്രമാണ് പരിഗണിക്കുന്നത്. തേഡ് നേർവ് പാൽസി ഉള്ള രോഗികൾക്ക് ലെവേറ്ററിന്റെ പ്രവർത്തനം കുറയുകയോ ഇല്ലാതിരിക്കുകയോ ചെയ്യും.
ഹോർണേഴ്‌സ് സിൻഡ്രോം മൂലമുണ്ടാകുന്ന റ്റോസിസ് സാധാരണയായി മയോസിസ്, അൻഹൈഡ്രോസിസ് എന്നിവയ്‌ക്കൊപ്പമാണ് കാണുന്നത്. കൺപോളയുടെ സ്ഥാനവും കൃഷ്ണമണിയുടെ വലിപ്പവും സാധാരണയായി ഈ അവസ്ഥയെ ബാധിക്കുന്നു. രോഗം ബാധിച്ച ഭാഗത്ത് കൃഷ്ണമണി ചെറുതായിരിക്കാം. 4% കൊക്കെയ്ൻ കണ്ണുകളിൽ കുത്തിവച്ചാൽ ഹോർണേഴ്‌സ് സിൻഡ്രോം രോഗനിർണയം സ്ഥിരീകരിക്കാൻ കഴിയും, ഹൈഡ്രോക്‌സിയാംഫെറ്റാമൈൻ ഐ ഡ്രോപ്പുകൾക്ക് ലീഷ്യൻ എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയും.[9]
ക്രോണിക് പ്രോഗ്രസീവ് എക്സ്റ്റേണൽ ഒഫ്താൽമോപ്ലീജിയ എന്നത് കൺപോളയുടെ സ്ഥാനത്തെയും ബാഹ്യ കണ്ണിന്റെ ചലനത്തെയും മാത്രം ബാധിക്കുന്നു. മയോജനിക് റ്റോസിസ് കേസുകളിൽ 45% ഈ അവസ്ഥയാണ്. മിക്ക രോഗികളും അവരുടെ പ്രായപൂർത്തിയായപ്പോൾ ഈ രോഗം മൂലം റ്റോസിസ് വികസിപ്പിക്കുന്നു. ഈ അവസ്ഥ മൂലമുണ്ടാകുന്ന റ്റോസിസ് ന്റെ സവിശേഷത, കൺപോളകൾ അടഞ്ഞിരിക്കുമ്പോൾ ഐബോളിന്റെ സംരക്ഷണം ശരിയായി നടക്കില്ല എന്നതാണ്.
Remove ads
രോഗനിർണയം
ഈ അവസ്ഥ പാരമ്പര്യമാണോ എന്ന് വേർതിരിച്ചറിയാൻ, രോഗിയുടെ മെഡിക്കൽ ചരിത്രത്തെക്കുറിച്ചു ചോദിക്കും. രോഗിയുടെ കണ്ണുകളെ അടുത്തറിയാൻ അനുവദിക്കുന്ന ഉയർന്ന തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ചാണ് സ്ലിറ്റ് ലാമ്പ് പരിശോധന നടത്തുന്നത്. ഒരു സിരയിലേക്ക് എഡ്രോഫോണിയം കുത്തിവയ്ക്കുകയും കൺപോളകൾ നിരീക്ഷിക്കുകയും ചെയ്യുന്ന പരിശോധനയും ഡോക്ടർക്ക് നടത്താം.
റ്റോസിസ് കാഴ്ചയെ എത്രത്തോളം ബാധിക്കുന്നു എന്ന് വിലയിരുത്തുന്നതിനു ഒരു വിഷ്വൽ ഫീൽഡ് ടെസ്റ്റ് നടത്താം. നാഡി ക്ഷതം റ്റോസിസ് ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നായതിനാൽ, നേത്രരോഗവിദഗ്ദ്ധൻ രോഗിയുടെ പ്യൂപ്പിളിൻ്റെ അസാധാരണതകൾ പരിശോധിക്കും. കണ്ണുമായി ബന്ധപ്പെട്ട പേശികളുടെ പ്രവർത്തനവും ഡോക്ടർ പരിശോധിക്കും.
കൃഷ്ണമണിയുടെ മധ്യഭാഗവും മുകളിലെ ലിഡിന്റെ അരികും തമ്മിലുള്ള ദൂരമായ മാർജിനൽ റിഫ്ലെക്സ് ദൂരവും, രോഗിയുടെ ലിവേറ്റർ പേശിയുടെ ശക്തിയും പ്രവർത്തനവും അളക്കുന്നതുവഴി നേത്രരോഗവിദഗ്ദ്ധന് കൺപോളകൾ താഴേയ്ക്ക് തൂങ്ങുന്നതിന്റെ അളവ് അളക്കാൻ കഴിയും. രോഗി താഴേക്ക് നോക്കുമ്പോൾ കൺപോള എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന് അളക്കാൻ ഫ്രണ്ടാലിസ് പേശി പിടിക്കുന്നത് ഈ പരിശോധനയിൽ ഉൾപ്പെടുന്നു.
ഈ പരിശോധനകളിലൂടെ, റ്റോസിസ് ശരിയായി നിർണ്ണയിക്കാനും അതിന്റെ വർഗ്ഗീകരണം നടത്താനും കഴിയും, കൂടാതെ ശസ്ത്രക്രിയ ഉൾപ്പെടുന്ന ചികിത്സയുടെ ഗതി സംബന്ധിച്ചും വിവരങ്ങൾ ഇതിലൂടെ കിട്ടും.[10]
വർഗ്ഗീകരണം
കാരണത്തെ ആശ്രയിച്ച്, റ്റോസിസ് ഇനിപ്പറയുന്നവയായി തരംതിരിക്കാം:
- ഒക്യുലോമോട്ടർ നാഡി പക്ഷാഘാതം, ഹോർണേഴ്‌സ് സിൻഡ്രോം, മാർക്കസ് ഗൺ ജാവ് വിങ്കിംഗ് സിൻഡ്രോം, മൂന്നാം ക്രേനിയൽ നാഡി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ന്യൂറോജെനിക് റ്റോസിസ്.
- ഒക്യുലോഫറിൻജിയൽ മസ്കുലർ ഡിസ്ട്രോഫി, മയസ്തീനിയ ഗ്രാവിസ്, മയോട്ടോണിക് ഡിസ്ട്രോഫി, ഒക്കുലാർ മയോപ്പതി, സിമ്പിൾ കൺജെനിറ്റൽ പ്‌റ്റോസിസ്, ബ്ലെഫറോഫിമോസിസ് സിൻഡ്രോം എന്നിവ ഉൾപ്പെടുന്ന 'ന്യൂമയോജെനിക് റ്റോസിസ്.
- അപ്പോന്യൂറോട്ടിക് റ്റോസിസ്, ഇത് ഇൻവലൂഷണൽ അല്ലെങ്കിൽ പോസ്റ്റ് ഓപ്പറേറ്റീവ് ആയിരിക്കാം.
- മെക്കാനിക്കൽ റ്റോസിസ്, ഇത് അപ്പർ ലിഡിലെ എഡിമ അല്ലെങ്കിൽ മുഴകളുടെ ഫലമായാണ് ഉണ്ടാകുന്നത്.
- മൂർഖൻ,[11] ക്രെയ്റ്റുകൾ,[12][13] മാമ്പകൾ, തായ്പാനുകൾ തുടങ്ങിയ ഇലാപ്പിഡ് പാമ്പുകളുടെ വിഷബാധയുടെ ഒരു ക്ലാസിക് ലക്ഷണമാണ് ന്യൂറോടോക്സിക് റ്റോസിസ്. ഇത് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ ഉടനടി ചികിത്സ ആവശ്യമാണ്. അതുപോലെ, ബോട്ടുലിസത്തിന്റെ ഇരകളിൽ (ബോട്ടുലിനം ടോക്സിൻ മൂലമുണ്ടാകുന്ന) റ്റോസിസ് സംഭവിക്കാം, ഇത് ജീവന് ഭീഷണിയായ ഒരു ലക്ഷണമായും കണക്കാക്കപ്പെടുന്നു.
- കൺപോളകൾക്കുള്ള പിന്തുണയുടെ അഭാവം (ശൂന്യമായ സോക്കറ്റ് അല്ലെങ്കിൽ അട്രോഫിക് ഗ്ലോബ്) അല്ലെങ്കിൽ മറുവശത്ത് ഉയർന്ന ലിഡ് സ്ഥാനം എന്നിവ മൂലമുണ്ടാകുന്ന സ്യൂഡോപ്റ്റോസിസ് ആണ് മറ്റൊരു തരം.

Remove ads
ചികിത്സ
അപ്പോന്യൂറോട്ടിക്, കൺജെനിറ്റൽ റ്റോസിസ് എന്നിവ കാഴ്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെയുള്ള തിരുത്തൽ ആവശ്യമായി വന്നേക്കാം. ചികിത്സ റ്റോസിസ് തരത്തെ ആശ്രയിച്ചിരിക്കുന്നു, സാധാരണയായി ഒരു നേത്രസംബന്ധിയായ ശസ്ത്രക്രിയകൾ നടത്തുന്ന പ്ലാസ്റ്റിക് സർജനോ അല്ലെങ്കിൽ കൺപോളകളുടെ രോഗങ്ങളിലും പ്രശ്നങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരു പുനർനിർമ്മാണ ശസ്ത്രക്രിയാ വിദഗ്ദ്ധനോ ആണ് ഇത് നടത്തുന്നത്.
റ്റോസിസ് ചികിത്സിച്ചില്ലെങ്കിൽ, രോഗികൾക്ക് ആംബ്ലിയോപ്പിയ അനുഭവപ്പെടാം, ഇത് രോഗിയുടെ കാഴ്ചയെ ശാശ്വതമായി നശിപ്പിക്കും.[14] സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള സൂക്ഷ്മമായ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷം, റ്റോസിസ് വിജയകരമായി ചികിത്സിക്കാൻ കഴിയും. ശസ്ത്രക്രിയ പോലെയുള്ള ചികിത്സ രോഗിക്ക് കാഴ്ചയിൽ പുരോഗതിയും സൗന്ദര്യവർദ്ധക ഫലങ്ങളും നലകും. മുമ്പ് റ്റോസിസ് ചികിത്സിച്ച രോഗികളിൽ നടത്തിയ പഠനത്തിൽ, ആദ്യ ശസ്ത്രക്രിയയുടെ 8 മുതൽ 10 വർഷത്തിനുള്ളിൽ പകുതി പേർക്ക് അധിക ശസ്ത്രക്രിയ ആവശ്യമായി വന്നു. പ്രധാന ആരോഗ്യപ്രശ്നങ്ങളുമായി (അർബുദ മുഴകൾ അല്ലെങ്കിൽ ആഘാതകരമായ പരിക്കുകൾ പോലുള്ളവ) റ്റോസിസ് ബന്ധപ്പെട്ടിട്ടില്ലെങ്കിൽ, ഈ അവസ്ഥ രോഗിയുടെ ആയുർദൈർഘ്യം കുറയ്ക്കില്ല.[15]
ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ലെവേറ്റർ റെസെക്ഷൻ
- മുള്ളർ പേശി റേസേഷൻ
- ഫ്രോണ്ടാലിസ് സ്ലിംഗ് ഓപ്പറേഷൻ (ഒക്യുലോഫറിൻജിയൽ മസ്കുലർ ഡിസ്ട്രോഫിക്ക് മുൻഗണനയുള്ള ഓപ്ഷൻ)
- വിറ്റ്നാൽ സ്ലിംഗ്
രോഗിയുടെ റ്റോസിസ് അവസ്ഥ രോഗബാധിതമായതോ വലിച്ചിലുള്ളതോ ആയ പേശികൾ മൂലമാണെങ്കിൽ മാത്രമേ ഫ്രണ്ടാലിസ് സ്ലിംഗ് സർജറി ചെയ്യാൻ കഴിയൂ. പ്രായാധിക്യം മൂലമാണ് പേശികൾക്ക് വലിച്ചിൽ ഉണ്ടാകുന്നത്. ഫ്രണ്ടാലിസ് സ്ലിംഗ് സർജറി ചെയ്യുന്നത് ഒന്നുകിൽ ബാധിത പേശികളെ മുറുക്കുകയോ ചെറുതാക്കുകയോ ചെയ്യുന്നു. സ്ലിംഗ് ഉപയോഗിച്ച് മെറ്റീരിയൽ ലൂപ്പ് ചെയ്യുക, തുടർന്ന് അത് രോഗിയുടെ പുരികങ്ങൾക്ക് താഴെയും കൺപീലികൾക്ക് മുകളിലും ത്രെഡ് ചെയ്യുക എന്നതാണ് ഈ നടപടിക്രമം.[16] സ്ലിംഗ് മുറുക്കിക്കഴിഞ്ഞാൽ, ഇത് രോഗിയുടെ നെറ്റിയിലെ പേശികളെ കൺപോളകളെ ഉയർത്തുന്നതിൽ സഹായിക്കുന്നു. സ്ലിംഗ് ഒരു പെന്റഗൺ ആകൃതിയിലും ത്രികോണാകൃതിയിലും (ഏക അല്ലെങ്കിൽ ഇരട്ട) ലൂപ്പ് ചെയ്യാം. മോണോഫിലമെന്റ് നൈലോൺ, സിലിക്കൺ തണ്ടുകൾ, പോളിസ്റ്റർ, സിൽക്ക്, കൊളാജൻ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ പോളിപ്രൊഫൈലിൻ എന്നിവ ഇന്ന് വിപണിയിലുള്ള വിവിധ തരം സ്ലിംഗുകളിൽ ഉൾപ്പെടുന്നു.[17]
മിതമായതും കഠിനവുമായ ജന്മനായുള്ള റ്റോസിസിന് ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയാ ചികിത്സയായി ഫ്രണ്ടാലിസ് സ്ലിംഗ് സർജറി കണക്കാക്കപ്പെടുന്നു.[18] ഏത് മെറ്റീരിയലാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ളതെന്ന് നിലവിൽ വ്യക്തമല്ല.
5- മി.മീറ്ററിൽ താഴെയോ അതിന് തുല്യമോ ആയ ലെവേറ്റർ പ്രവർത്തനം അനുഭവിക്കുന്ന രോഗികൾക്ക് മാത്രമേ ലെവേറ്റർ റിസക്ഷനും അഡ്വാൻസ്‌മെന്റ് സർജറിയും പരിഗണിക്കാവൂ.[17] മുൻവശത്തെ പേശികളെ ചലിപ്പിക്കാതെ ഡൗൺഗേസിലേക്ക് നീങ്ങുമ്പോൾ കൺപോളകൾ സഞ്ചരിക്കുന്ന ദൂരത്തിന്റെ അളവാണ് ലെവേറ്റർ ഫംഗ്ഷൻ.[19] ആന്തരികവും ബാഹ്യവുമായ രണ്ട് വ്യത്യസ്ത സമീപനങ്ങളിലൂടെ ഈ നടപടിക്രമം പൂർത്തിയാക്കാനാകുമെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ സൈറ്റിന്റെ മികച്ച കാഴ്ച ലഭിക്കാൻ ബാഹ്യ സമീപനം ശസ്ത്രക്രിയാ വിദഗ്ധരെ അനുവദിക്കുന്നു. കൺപോളയിൽ മുറിവുണ്ടാക്കി ശസ്ത്രക്രിയ ആരംഭിക്കും. ലെവേറ്റർ തുറന്നുകഴിഞ്ഞാൽ, ശസ്ത്രക്രിയാ വിദഗ്ധൻ ഒന്നുകിൽ അത് മടക്കിക്കളയുകയോ അല്ലെങ്കിൽ ടാർസൽ പ്ലേറ്റിലേക്ക് തുന്നിക്കെട്ടുന്നതിന് മുമ്പ് മുറിക്കുകയോ ചെയ്യും. ഈ പ്രക്രിയയ്ക്കിടെ, രോഗിയുടെ ഇൻപുട്ട് ഉപയോഗിച്ച്, രോഗിയുടെ കൺപോളയുടെ ഉയരവും രൂപരേഖയും തീരുമാനിക്കേണ്ടത് ശസ്ത്രക്രിയാ വിദഗ്ധനാണ്.
ലെവേറ്ററിൽ നിന്ന് വിറ്റ്നാൽ ലിഗമെന്റിലേക്കുള്ള ഒരു മുറിവോടുകൂടിയാണ് വിറ്റ്നാൽ സ്ലിംഗ് നടപടിക്രമം നടത്തുന്നത്. തുടർന്ന് ശസ്ത്രക്രിയാ വിദഗ്ധൻ വിറ്റ്നാൽ ലിഗമെന്റ് അതിനെ മുകളിലെ ടാർസൽ അരികുമായി ബന്ധിപ്പിക്കും. രോഗികൾക്ക് സൗന്ദര്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ഈ നടപടിക്രമം മിക്കവാറും ചെയ്യപ്പെടും. വിറ്റ്‌നാൽ സ്ലിംഗ് നടപടിക്രമത്തിന് മികച്ച സൗന്ദര്യവർദ്ധക ഫലം നൽകാൻ കഴിയും, കാരണം വിറ്റ്‌നാൽസ് ലിഗമെന്റ് കേടുകൂടാതെ സൂക്ഷിക്കാൻ ഈ നടപടിക്രമത്തിന് കഴിയും. ഇത് ലാക്രിമൽ ഗ്രന്ഥിയുടെയും ടെമ്പറൽ കൺപോളയുടെയും പിന്തുണ നിലനിർത്താൻ അനുവദിക്കുന്നു.[20]
ശസ്ത്രക്രിയകളിൽ നിന്ന് രോഗിക്ക് നേട്ടങ്ങൾക്കൊപ്പം അപകടസാധ്യത ഘടകങ്ങളുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം, രോഗിയുടെ കൺപോളകൾ അസമമാവാം. ശസ്ത്രക്രിയ ശ്രദ്ധാപൂർവം ചെയ്തില്ലെങ്കിൽ, കണ്ണ് പൂർണമായി അടയാത്തതിനാൽ രോഗിക്ക് വരണ്ട കണ്ണുകൾ അനുഭവപ്പെടാം. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം, ശസ്‌ത്രക്രിയാസ്ഥലം ശരിയായി പരിപാലിച്ചില്ലെങ്കിൽ ശസ്‌ത്രക്രിയയ്‌ക്ക് അണുബാധയോ രക്തസ്രാവമോ അനുഭവപ്പെടാം.[14] അപൂർവ സന്ദർഭങ്ങളിൽ, രോഗിക്ക് കൺപോളകളുടെ ചലനം നഷ്ടപ്പെടും.[21]
"ക്രച്ച്" ഗ്ലാസുകൾ അല്ലെങ്കിൽ റ്റോസിസ് ക്രച്ചസ് അല്ലെങ്കിൽ കൺപോളയെ പിന്തുണയ്ക്കാൻ പ്രത്യേക സ്ക്ലെറൽ കോൺടാക്റ്റ് ലെൻസുകൾ പോലുള്ള ശസ്ത്രക്രിയേതര രീതികളും റ്റോസിസ് രോഗികളിൽ ഉപയോഗിക്കാം.
രോഗം വിജയകരമായി ചികിത്സിച്ചാൽ ഒരു രോഗം മൂലമുണ്ടാകുന്ന റ്റോസിസ് മെച്ചപ്പെട്ടേക്കാം.
Remove ads
പ്രോഗ്നോസിസ്
റ്റോസിസ് ചികിത്സിച്ചില്ലെങ്കിൽ, രോഗികൾക്ക് ആംബ്ലിയോപിയ സംഭവിക്കാം, ഇത് രോഗിയുടെ കാഴ്ചയെ ശാശ്വതമായി നശിപ്പിക്കും.[14] സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള സൂക്ഷ്മമായ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷം, റ്റോസിസ് വിജയകരമായി ചികിത്സിക്കാൻ കഴിയും. ശസ്ത്രക്രിയ പോലെയുള്ള ചികിത്സ രോഗിക്ക് കാഴ്ചയിൽ പുരോഗതിയും സൗന്ദര്യവർദ്ധക ഫലങ്ങളും നല്കും. മുമ്പ് റ്റോസിസ് ചികിത്സിച്ച രോഗികളിൽ നടത്തിയ പഠനത്തിൽ, ആദ്യ ശസ്ത്രക്രിയയുടെ 8 മുതൽ 10 വർഷത്തിനുള്ളിൽ പകുതി പേർക്ക് അധിക ശസ്ത്രക്രിയ ആവശ്യമായിരുന്നു. പ്രധാന ആരോഗ്യപ്രശ്നങ്ങളുമായി (അർബുദ മുഴകൾ അല്ലെങ്കിൽ ആഘാതകരമായ പരിക്കുകൾ പോലുള്ളവ) റ്റോസിസ് ബന്ധപ്പെട്ടിട്ടില്ലെങ്കിൽ, ഈ അവസ്ഥ രോഗിയുടെ ആയുർദൈർഘ്യം കുറയ്ക്കില്ല.[22]
Remove ads
എപ്പിഡെമിയോളജി
റ്റോസിസ് രോഗികളിൽ നടത്തിയ ഒഫ്താൽമോളജി പഠനങ്ങൾ അനുസരിച്ച്, റ്റോസിസ് നിരക്ക് താഴെപ്പറയുന്നവയാണ്. അപ്പോന്യൂറോട്ടിക് റ്റോസിസ് അനുഭവിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം 67.83 വയസ്സും പുരുഷന്റെ ശരാശരി പ്രായം 68.19 വയസ്സുമാണ്. സ്ത്രീകളിൽ 12.27 വയസ്സും പുരുഷന്മാരിൽ 8.57 വയസ്സുമാണ് ജന്മനായുള്ള റ്റോസിസിൻ്റെ ശരാശരി പ്രായം. മെക്കാനിക്കൽ റ്റോസിസിന്റെ ശരാശരി പ്രായം സ്ത്രീകളിൽ 49.41 വയസ്സും പുരുഷന്മാരിൽ 43.30 വയസ്സുമാണ്. മയോജെനിക് റ്റോസിസിൻ്റെ ശരാശരി പ്രായം സ്ത്രീകൾക്ക് 53.45 ഉം പുരുഷന്മാരിൽ 43.30 ഉം ആണ്. ന്യൂറോജെനിക് റ്റോസിസിൻ്റെ ശരാശരി പ്രായം സ്ത്രീകളിൽ 43.6 വയസ്സും പുരുഷന്മാരിൽ 32.62 വയസ്സുമാണ്. അവസാനമായി, സ്ത്രീകളിൽ 35.12 വയസ്സും പുരുഷന്മാരിൽ 33.4 വയസ്സുമാണ് ട്രോമാറ്റിക് റ്റോസിസിൻ്റെ ശരാശരി പ്രായം.[23] റ്റോസിസിന് മൊത്തത്തിലുള്ള ലിംഗഭേദമോ വംശീയമോ ആയ മുൻഗണനകളൊന്നും കണ്ടെത്തിയില്ല.[24]
Remove ads
ഗവേഷണ ദിശകൾ
ഒക്ലൂഷൻ തെറാപ്പി, ശസ്ത്രക്രിയ തുടങ്ങിയ മുൻകാല രീതികൾ ഈ അവസ്ഥയെ ചികിത്സിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒപ്റ്റിമൽ ശസ്ത്രക്രിയാ സൂചനകൾ നിർണ്ണയിക്കാൻ കൂടുതൽ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. വരണ്ട കണ്ണുമായി ബന്ധപ്പെട്ട സമീപനങ്ങളെക്കുറിച്ചുള്ള ഏതൊരു കണ്ടെത്തലും ഒക്യുലോപ്ലാസ്റ്റിക് ശസ്ത്രക്രിയകളെ കൂടുതൽ സഹായിക്കും.[25]
പദോൽപ്പത്തി
റ്റോസിസ് എന്നത് വീഴ്ച എന്ന അർഥം വരുന്ന ഗ്രീക്ക് പദമായ πτῶσις (ptōsis) ൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ഇത് "ഒരു അവയവത്തിന്റെയോ ശരീരഭാഗത്തിന്റെയോ അസാധാരണമായ താഴൽ അല്ലെങ്കിൽ പ്രോലാപ്സ്" ആണ്.
ഇതും കാണുക
- അപ്രാക്സിയ ഓഫ് ലിഡ് ഓപ്പണിങ്ങ്
- ബ്ലെഫറോഫൈമോസിസ്
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads