അപവർത്തന ദോഷം

From Wikipedia, the free encyclopedia

അപവർത്തന ദോഷം
Remove ads

കണ്ണിലെ റിഫ്രാക്റ്റീവ് പ്രതലങ്ങളായ കോർണിയയുടെയോ ലെൻസിൻറെയോ വക്രതയിലുള്ള വ്യത്യാസം മൂലമോ, ലെൻസിൻറെയും മറ്റും അപവർത്തനാങ്കത്തിൽ വ്യത്യാസം വരുന്നത് മൂലമോ (ഉദാ: തിമിരത്തിൻ്റെ ആദ്യ ഘട്ടങ്ങൾ) റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാതിരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളെയാണ് അപവർത്തന ദോഷം അല്ലെങ്കിൽ റിഫ്രാക്റ്റീവ് പിശക് എന്ന് വിളിക്കുന്നത്.[1] ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, വെള്ളെഴുത്ത് എന്നിവയാണ് സാധാരണയുണ്ടാകുന്ന റിഫ്രാക്റ്റീവ് പിശകുകൾ. ഹ്രസ്വദൃഷ്ടിയിലും, കൂടിയ അളവിലുള്ള ദീർഘദൃഷ്ടിയിലും, അസ്റ്റിഗ്മാറ്റിസത്തിലും ദൂരക്കാഴ്ചയ്ക്ക് മങ്ങലുണ്ടാകും. വെള്ളെഴുത്തിൽ അടുത്തു കാഴ്ചയാണ് മങ്ങുന്നത്. റിഫ്രാക്റ്റീവ് പിശകുകളിൽ ഇരട്ട കാഴ്ച, തലവേദന, കണ്ണിന്റെ ബുദ്ധിമുട്ട്, ക്ഷീണം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

വസ്തുതകൾ അപവർത്തന ദോഷം, സ്പെഷ്യാലിറ്റി ...

കണ്ണിന്റെ നീളം കൂടിയാലും കോർണ്ണിയയുടെയും മറ്റും വക്രത കൂടിയാലും ഹ്രസ്വദൃഷ്ടി ഉണ്ടാകുന്നു, അതേപോലെ കണ്ണിന്റെ നീളം കുറയുകയോ, കോർണ്ണിയയുടെ വക്രത കുറയുകയോ ചെയ്താൽ ദീർഘദൃഷ്ടി ഉണ്ടാകുന്നു. പല മെറിഡിയനുകളിൽ വക്രത വ്യത്യാസപ്പെട്ടാൽ അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നു. വെള്ളെഴുത്ത്, പ്രായം കൂടുന്നത് മൂലം കണ്ണിന് സംഭവിക്കുന്ന മാറ്റമാണ്.[1] റിഫ്രാക്റ്റീവ് പിശകുകൾ പാരമ്പര്യമായും സംഭവിക്കാറുണ്ട്. കാഴ്ച ശക്തി പരിശോധനയിലൂടെ റിഫ്രാക്റ്റീവ് പിശക് കണ്ടെത്താനാവും.

കണ്ണട, കോണ്ടാക്ട് ലെൻസുകൾ അല്ലെങ്കിൽ ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് റിഫ്രാക്റ്റീവ് പിശകുകൾ ശരിയാക്കാനാവും.[1] തിരുത്താനുള്ള ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗ്ഗമാണ് കണ്ണട. കോൺടാക്റ്റ് ലെൻസുകൾക്ക് വിശാലമായ കാഴ്ച മണ്ഡലം നൽകാൻ കഴിയും; എന്നിരുന്നാലും അവ അണുബാധയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണടയോ, കോൺടാക്റ്റ് ലെൻസോ ഒഴിവാക്കി നല്ല കാഴ്ച കിട്ടാൻ സഹായിക്കുന്ന റിഫ്രാക്റ്റീവ് ശസ്ത്രക്രിയ കോർണിയയുടെ ആകൃതി സ്ഥിരമായി മാറ്റുകയാണ് ചെയ്യുന്നത്.

ആഗോളതലത്തിൽ റിഫ്രാക്റ്റീവ് പിശകുകളുള്ള ആളുകളുടെ എണ്ണം ഏകദേശം ഒന്ന് മുതൽ രണ്ട് ബില്യൺ വരെയാണ്. ലോകത്തിലെ വിവിധ പ്രദേശങ്ങൾക്കിടയിൽ നിരക്ക് വ്യത്യാസപ്പെടുന്നു.[4] വെള്ളെഴുത്ത് ആണ് ഏറ്റവും സാധാരണമായ രോഗം.[5] മുതിർന്നവരിൽ നിരക്ക് 15-49% വരെയും കുട്ടികൾക്കിടയിലുള്ള നിരക്ക് 1.2-42% വരെയുമാണ്.[6] ദീർഘദൃഷ്ടി സാധാരണയായി ചെറിയ കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്നു.[7] [8] 35 വയസ്സിനു മുകളിലുള്ള മിക്ക ആളുകളെയും വെള്ളെഴുത്ത് ബാധിക്കുന്നു.[1] ശരിയാക്കാത്ത റിഫ്രാക്റ്റീവ് പിശകുകളുള്ള ആളുകളുടെ എണ്ണം 2013 ൽ 660 ദശലക്ഷം (100 പേർക്ക് 10) ആയി കണക്കാക്കപ്പെടുന്നു.[9] ഇതിൽ 9.5 ദശലക്ഷം പേർ റിഫ്രാക്റ്റീവ് പിശക് കാരണം അന്ധരാണ്. തിമിരം, മാക്യുലർ ഡീജനറേഷൻ, വിറ്റാമിൻ എ അപര്യാപ്തത എന്നിവയാണ് കാഴ്ച നഷ്ടപ്പെടാനുള്ള മറ്റ് പ്രധാന കാരണങ്ങൾ.[10]

Remove ads

വർഗ്ഗീകരണം

Thumb
റിഫ്രാക്റ്റീവ് പിശകുകൾ ലെൻസ് ഉപയോഗിച്ച് ശരിയാക്കുന്നതിൻറെ ഡയഗ്രം

റെറ്റിനയിൽ തന്നെ വെളിച്ചം ഫോക്കസ് ചെയ്യുന്ന, വിദൂര വസ്തുക്കൾ കാണുമ്പോൾ യാതൊരു പ്രശ്നവും ഇല്ലാത്ത, സാധാരണ കാഴ്ചയുള്ള അവസ്ഥയെ ഇമ്മെട്രോപ്പിയ എന്നും വിളിക്കുന്നു. മനുഷ്യന്റെ കാഴ്ചശക്തിയുടെ പരിമിതികളും അക്കൊമഡേഷനും പരിഗണിക്കുമ്പോൾ ഒരു വിദൂര വസ്തുവിനെ കണ്ണിൽ നിന്ന് 6 മീറ്ററിലോ 20 അടിയിലോ അകലെയുള്ള ഒരു വസ്തുവായി നിർവചിച്ചിരിക്കുന്നു.[11]

റിഫ്രാക്റ്റീവ് പിശകുള്ള കണ്ണ് വിശേഷിപ്പിക്കാൻ അമേട്രോപിയ അല്ലെങ്കിൽ അമേട്രോപിക് എന്ന പദങ്ങൾ ഉപയോഗിക്കുന്നു. ഈ കണ്ണിലെ റെറ്റിനയിൽ സമാന്തര പ്രകാശകിരണങ്ങൾ (വിദൂര വസ്തുക്കളിൽ നിന്നുള്ള പ്രകാശം) ഫോക്കസ് ചെയ്യാൻ കഴിയില്ല, അല്ലെങ്കിൽ അതിനായി അക്കൊമഡേഷൻ ആവശ്യമാണ് എന്ന് വരും.

കണ്ണിന്റെ ഒപ്റ്റിക്കൽ പവർ കൂടുകയോ കുറയുകയോ ചെയ്യുന്നത് മൂലം റെറ്റിനയിൽ വെളിച്ചം കേന്ദ്രീകരിക്കാൻ കഴിയാതെ വരുമ്പോൾ സ്ഫെറിക്കൽ പിശകുകൾ സംഭവിക്കുന്നു. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി എന്നിവ സ്ഫെറിക്കൽ പിശകുകളാണ്, ഇവ തിരുത്താൻ സ്ഫെറിക്കൽ അഥവാ ഗോളീയ ലെൻസുകൾ ഉപയോഗിക്കുന്നു. കണ്ണിൻ്റെ ഒരു മെറിഡിയനിലെ ഒപ്റ്റിക്കൽ പവർ മറ്റേ മെറിഡിയനെക്കാളും വളരെ ശക്തമോ ദുർബലമോ ആയിരിക്കുമ്പോൾ അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നു. അസ്റ്റിഗ്മാറ്റിസം സിലിണ്ട്രിക്കൽ പിശകാണ്, ഇത് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിച്ച് ആണ് തിരുത്തുന്നത്.

  • ഹ്രസ്വദൃഷ്ടി: കണ്ണിൻ്റെ വക്രതയോ, നീളമോ കൂടിയ ഒരാൾക്ക് മയോപിയ അല്ലെങ്കിൽ ഹ്രസ്വദൃഷ്ടി ഉണ്ട് എന്ന് പറയുന്നു. കൂടിയ വക്രത മൂലമുള്ള പിശക് റിഫ്രാക്റ്റീവ് മയോപിയ എന്ന് അറിയപ്പെടുന്നു. വളരെ നീളമുള്ള ഒരു നേത്ര ഗോളം ആക്സിയൽ മയോപിയ ഉണ്ടാക്കുന്നു. ലെൻസിൻ്റെ അപവർത്തനാങ്കം വ്യത്യാസപ്പെട്ടാലും ഹ്രസ്വദൃഷ്ടി ഉണ്ടാകും (ഇൻഡക്സ് മയോപ്പിയ). മയോപിയ ഒരു കോൺകേവ് ലെൻസ് ഉപയോഗിച്ച് ശരിയാക്കാം.
  • ദീർഘദൃഷ്ടി: നേത്ര ഗോളത്തിൻ്റെ നീളം കുറഞ്ഞാലോ, കണ്ണിന് ആവശ്യത്തിന് വക്രത ഇല്ലാതിരുന്നാലോ ദീർഘദൃഷ്ടി അഥവാ ഹൈപർമെട്രോപ്പിയ ഉണ്ടാകും. ആവശ്യത്തിന് വക്രത ഇല്ലാത്തത് മൂലമുള്ള പിശക് റിഫ്രാക്റ്റീവ് ഹൈപ്പർമെട്രോപ്പിയ (അല്ലെങ്കിൽ റിഫ്രാക്റ്റീവ് ഹൈപറോപിയ) എന്നും, നീളം കുറഞ്ഞ കണ്ണുകൾ മൂലമുള്ള പിശക് ആക്സിയൽ ഹൈപെർമെട്രോപ്പിയ എന്നും അറിയപ്പെടുന്നു. അപവർത്തനാങ്കം വ്യത്യാസപ്പെട്ടാലും ഹൈപെർമെട്രോപ്പിയ ഉണ്ടാകും (ഇൻഡക്സ് ഹൈപെർമെട്രോപ്പിയ). കോൺവെക്സ് ലെൻസുകൾ ഉപയോഗിച്ച് ദീർഘദൃഷ്ടി ശരിയാക്കാം.
  • വെള്ളെഴുത്ത്: സാധാരണയായി പ്രായം കാരണം ലെൻസിന്റെ വഴക്കം കുറയുമ്പോൾ അടുത്തുള്ള കാഴ്ചയിൽ വ്യക്തിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും, ഇതിനെ വെള്ളെഴുത്ത് എന്ന് വിളിക്കുന്നു. ബൈഫോക്കൽ അല്ലെങ്കിൽ പ്രോഗ്രസ്സീവ് ലെൻസുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് പരിഹരിക്കാനാവും.
  • അസ്റ്റിഗ്മാറ്റിസം: ഒരു മെറിഡിയനിൽ മറ്റൊന്നിനേക്കാൾ കൂടുതൽ പ്രകാശം റിഫ്രാക്റ്റ് ചെയ്യുന്നതിലൂടെ ഈ വൈകല്യം ഉണ്ടാകുന്നു. സിലിണ്ട്രിക്കൽ ലെൻസുകൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാവും.
Remove ads

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads