ഷിൻഇചിറോ ടോമോനാഗ
From Wikipedia, the free encyclopedia
Remove ads
1965-ലെ നോബൽ സമ്മാന ജേതാവാണ് ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞനായ് ഷിൻഇചിറോ ടോമോനാഗ (ജനനം: 1906 മാർച്ച് 31 - മരണം: 1979 ജൂലൈ 08). ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങൾക്ക് 1965-ലെ നോബൽസമ്മാനം പങ്കിട്ടു. ടോമോനാഗ 1906 മാ. 31-ന് ടോക്യോയിൽ ജനിച്ചു. ക്യോട്ടോ സർവകലാശാലയിൽനിന്ന് 1929-ൽ ബിരുദം നേടി. ടോക്യോയിലെ ഫിസിക്കൽ ആൻഡ് കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ യോഷിയൊ നിഷിനയുടെയും ലെയ്പ്സിഗിൽ വെർനർ ഹെയ്സൻബർഗിന്റെയും കീഴിൽ ഇലക്ട്രോഡൈനമിക്സിൽ ഗവേഷണം നടത്തി. ഇലക്ട്രോൺ പോലുള്ള ചാർജിത കണങ്ങൾക്ക് മറ്റു ചാർജിത കണങ്ങളോടോ പ്രകാശ ക്വാണ്ടങ്ങളായ ഫോട്ടോണുകളോടോ ഉള്ള പ്രതിപ്രവർത്തനത്തെ ഗണിതീയമായി വിശദീകരിക്കുന്നതാണ് ഈ ശാസ്ത്രശാഖ. 1940-കളിൽ ഇദ്ദേഹം രൂപംനൽകിയ സിദ്ധാന്തങ്ങൾ അത്യന്തം കൃത്യതയുള്ളവയായിരുന്നു. ക്വാണ്ടം ഫീൽഡ് സിദ്ധാന്തത്തിൽ അവതരിപ്പിച്ച കോവേരിയന്റ് ഫോർമലിസവും പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ ഘടനാവിശദീകരണാർഥം ആവിഷ്ക്കരിച്ച ഇന്റർമീഡിയറ്റ് കപ്ലിങ് തിയറിയും സമന്വയിപ്പിച്ച് ഡൈവേർജൻസ് പ്രശ്നം നിർധാരണം ചെയ്യാൻ ടോമോനാഗയ്ക്കു കഴിഞ്ഞു. ഇത് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തവുമായി പൊരുത്തപ്പെടുകയും ചെയ്തു. ഫെർമിയോൺ വ്യൂഹമാതൃക, മൈക്രോവേവ് സിസ്റ്റം, മാഗ്നട്രോൺ ദോലന ക്രിയാവിധി തുടങ്ങിയ ഇതര മേഖലകളിലും ഇദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടവയാണ്.
രണ്ടാം ലോകയുദ്ധകാലത്ത് സ്വന്തം ഗവേഷണങ്ങളിലൂടെ ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ വികസിപ്പിച്ചെടുത്ത നിരീക്ഷണഫലങ്ങൾ 1943-ൽ ജാപ്പനീസ് ഭാഷയിലാണ് ടോമോനാഗ പ്രസിദ്ധീകരിച്ചത്. യുദ്ധാനന്തരം 1947-ൽ മാത്രമാണ് പാശ്ചാത്യർ ഇതറിയുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽത്തന്നെ അമേരിക്കക്കാരായ റിച്ചാർഡ് ഫിലിപ്സ് ഫെയ് ൻമാൻ, ജൂലിയൻ ഷ്വിൻഗെർ എന്നിവരും ഇതേ രംഗത്ത് വ്യത്യസ്ത സമീപനങ്ങളോടെ നടത്തിയ സ്വതന്ത്ര ഗവേഷണങ്ങളും ടോമോനാഗയുടെ കുപിടിത്തങ്ങളോടു സമാനസ്വഭാവമുള്ളവയായിരുന്നു. 1965-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം മൂവരും ചേർന്നു പങ്കുവയ്ക്കുകയും ചെയ്തു. ടോമോനാഗയുടെ അക്കാദമിക പ്രവർത്തനരംഗം മുഴുവനും ടോക്യോയിലെ ക്യോയ്കു സർവകലാശാലയിൽ ആയിരുന്നു. 1941 മുതൽ അവിടത്തെ ഫിസിക്സ് പ്രൊഫസറും 1956 മുതൽ '62 വരെ യൂണിവേഴ്സിറ്റി പ്രസിഡന്റുമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഓപ്റ്റിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ, സയൻസ് കൗൺസിൽ ഒഫ് ജപ്പാന്റെ പ്രസിഡന്റ് എന്നീ പദവികൾക്കുശേഷം 1969-ൽ സർവീസിൽനിന്നു വിരമിച്ചു. നോബൽ സമ്മാനത്തിനുപുറമേ, ജപ്പാൻ അക്കാദമി പ്രൈസ് (1948), ദി ഓർഡർ ഒഫ് കൾച്ചർ ഒഫ് ജപ്പാൻ (1952), ലൊമൊനൊസോവ് മെഡൽ ഒഫ് ദ് യു.എസ്.എസ്.ആർ. പ്രസിഡിയം ഒഫ് ദി അക്കാദമി ഒഫ് സയൻസസ് (1964) എന്നീ ബഹുമതികൾക്കും ടോമോനാഗ അർഹനായി. 1962-66 വർഷങ്ങളിലായി ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ കൃതിയാണ് രണ്ടു വാല്യങ്ങളിലായുള്ള ക്വാണ്ടം മെക്കാനിക്സ്. 1979 ജൂല. 8-ന് ടോക്യോയിൽ ഇദ്ദേഹം അന്തരിച്ചു.
Remove ads
അവലംബം
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഷിൻഇചിറോ ടോമോനാഗ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads