തമിഴ്

ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷ From Wikipedia, the free encyclopedia

തമിഴ്
Remove ads

തമിഴ് (தமிழ்) ഒരു ഉദാത്ത ഭാഷയും ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ്. ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കുന്നത്. [8]മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ഉണ്ട്. 1996 ലെ കണക്കനുസരിച്ച് ലോകത്താകെ 7.4 കോടി ആളുകൾ സംസാരിക്കുന്ന ഈ ഭാഷയ്ക്ക്, സംസാരിക്കുന്നവരുടെ എണ്ണത്തിൽ 18-ആം സ്ഥാനമുണ്ട്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഇതൊരു അംഗീകൃത ഭാഷയാണ്.

വസ്തുതകൾ തമിഴ്, ഉച്ചാരണം ...
ഒരു തമിഴ് സംസാരിക്കുന്നയാൾ

ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ് [അവലംബം ആവശ്യമാണ്]. തമിഴ് പ്രദർശിപ്പിക്കുന്ന കുലീനത്വവും പഴയ തമിഴിനു (ശെന്തമിഴ്) കൊടുത്തിരിക്കുന്ന പ്രത്യേക പദവി മൂലവും അതിലെ പദസമ്പത്തും ശൈലികളും സാഹിത്യവും ഒക്കെ ആധുനിക തമിഴ് സാഹിത്യത്തിൽ സമൃദ്ധിയായി ഉപയോഗിക്കുന്നു. ഇന്നു തമിഴ് മാദ്ധ്യമമായുള്ള വിദ്യാലയങ്ങളിൽ 'ശെന്തമിഴ് ' പഠനത്തിന്റെ ഭാഗമാണ്. തിരുക്കുറലിൽ നിന്നും ഒക്കെ ഉള്ള പദ്യശകലങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. പക്ഷെ ആധുനിക തമിഴ് ശെന്തമിഴിൽ നിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആധുനിക തമിഴ് മാത്രം പഠിക്കുന്ന ഒരാൾക്ക് ശെന്തമിഴ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Remove ads

പേരിനു പിന്നിൽ

തമിഴ് എന്ന പദത്തിന്റെ ഉല്‌പത്തിയെപ്പറ്റി എം.ശ്രീനിവാസ അയ്യങ്കാർ നൽകിയിട്ടുള്ള വ്യാഖ്യാനം ഇപ്രകാരമാണ്. “ഇഴ്”(= മധുരം) എന്ന പദത്തിന്റെ മുമ്പിൽ “തം” എന്ന സർവ്വനാമം ചേർത്തിട്ടാണ് “തമിഴ്” (= മധുരമായത് = മധുരമായ ഭാഷ ഏതോ അത്) എന്ന പദം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.[9].

ചരിത്രം

മറ്റുള്ള ദ്രാവിഡ ഭാഷകളെ പോലെ തന്നെ തമിഴിന്റേയും ഉറവിടം അജ്ഞാതമാണ്. പക്ഷെ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നു വ്യത്യസ്തമായി തമിഴ്, സംസ്കൃതത്തിന്റെ സ്വാധീനത്തിൽ നിന്നു മുക്തമാണ്. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പ്രാചീനമായ സാഹിത്യം ഉള്ളതും തമിഴിനാണ് (ഹാർട്ട്, 1975). അതുകൊണ്ടുതന്നെ ഈ ഭാഷയുടേയും സാഹിത്യത്തിന്റേയും കാലം കൃത്യമായി നിർണ്ണയിക്കുക പ്രയാസമാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലേയും പ്രാചീന തമിഴ് സാഹിത്യം എഴുത്തോലകൾ വഴിയും (തുടർച്ചയായി പകർത്തിയെഴുതിട്ട്) വായ്‌മൊഴിയുമായാണ് ലഭിച്ചത് എന്നതിനാൽ കാലനിർണ്ണയം ബുദ്ധിമുട്ടാണ്. ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ആണ് ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ഉണ്ടായത് എന്ന് പുറത്തുനിന്നുള്ള കാലനിർണ്ണയ രേഖകളും ഭാഷാശാസ്ത്രപരമായ തെളിവുകളും സൂചിപ്പിക്കുന്നു.

ഇന്നും ലഭ്യമായ ഏറ്റവും പ്രാചീനമായ തമിഴ് സാഹിത്യം ക്രിസ്തുവിനു മുൻപ് ഏതാണ്ട് 200 BC യിൽ രചിച്ചു എന്നു കരുതന്നത് പദ്യത്തേയും വ്യാകരണത്തേയും കുറിച്ച് ശെന്തമിഴിൽ രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയായ തൊൽക്കാപ്പിയം ആണ്. ഇതിനു പുറമേ നമുക്ക് ഇന്നു ലഭ്യമായ ഏറ്റവും പുരാതനമായ ഉദാഹരണങ്ങൾ ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ പാറകളിൽ ഒക്കെ ചെയ്തു വെച്ചിരിക്കുന്ന കൊത്തുപണികൾ ആണ്. ഇത് ബ്രാഹ്മി ലിപിയിൽ ആണ് ചെയ്തിരിക്കുന്നത്. ഭാഷാശാസ്ത്രജ്ഞർ തമിഴ് സാഹിത്യത്തേയും ഭാഷയേയും മൂന്നു കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പ്രാചീനം(500 BC മുതൽ 700 AD വരെ), മദ്ധ്യകാലഘട്ടം (700 AD മുതൽ 1500 AD വരെ), ആധുനികം (1500 AD മുതൽ ഇന്നു വരെ). മദ്ധ്യകാലഘട്ടത്തിൽ വളരെയധികം സംസ്കൃത വാക്കുകൾ തമിഴ് അതിന്റെ പദസമ്പത്തിലേക്കു കടം കൊണ്ടു. പക്ഷെ 20 ആം നൂറ്റാണ്ടിൽ പരിതിമാർ കലൈഞ്ഞർ, മറൈമലൈ അഡിഗൽ തുടങ്ങിയ ശുദ്ധ തമിഴ് പ്രസ്ഥാനക്കാർ ഇത്തരം കടം കൊണ്ട വാക്കുകൾ ഭാഷയിൽ നിന്നു നീക്കണം എന്ന അഭിപ്രായക്കാരായിരുന്നു. ഈ ശുദ്ധ തമിഴ് പ്രസ്ഥാനത്തെ തനിന്ത് തമിഴ് ഇയക്കം എന്നാണ് തമിഴിൽ വിളിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം മൂലം ആധികാരിക പ്രമാണങ്ങളിലും, ശാസ്ത്ര പ്രബന്ധങ്ങളിലും, പൊതു പ്രസംഗങ്ങളിലും ഒക്കെ ഉപയോഗിക്കുന്ന തമിഴിൽ, സംസ്കൃതത്തിൽ നിന്നു കടം കൊണ്ട വാക്കുകൾ വളരെ കുറവാണ്.

Remove ads

തരംതിരിവ്

ഇരുള, കൈകടി, ബെട്ട കുറുമ്പ, ഷോലഗ, യെരുകുല എന്നിവ കൂടി അടങ്ങുന്ന തമിഴ് ഭാഷാ കുടുംബത്തിലെ ഒരംഗമാണ് തമിഴ്. തമിഴ്-കന്നഡ ഭാഷകളുടെ ഒരു ഉപവിഭാഗവും തമിഴ്-കൊഡഗ് ഭാഷകളുടെ ഒരു ഉപവിഭാഗവും തമിഴ്-മലയാളം ഭാഷകളുടെ ഒരു ഉപവിഭാഗവുമാണ് മേൽപ്പറഞ്ഞ ഭാ‍ഷാ കുടുംബം. ദ്രാവിഡ ഭാഷകളുടെ തെക്കൻ ശാഖയിൽ പെടുന്നവയാണ് തമിഴ്-കന്നഡ ഭാഷകൾ. തമിഴ്‌നാട് സംസ്ഥാനത്തിന്റെ അയൽ സംസ്ഥാനമായ കേരളത്തിൽ ഉപയോഗിക്കപ്പെടുന്ന മലയാളം ഭാഷയോടാണ് തമിഴ് ഭാഷയ്ക്ക് ഏറ്റവും സാമ്യം. ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയ്ക്ക്‌ മലയാളം തമിഴിൽ നിന്ന് വേർപെട്ടിരുന്നു.

ഭൂമിശാസ്ത്രപരമായ വിതരണം

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്‌, ശ്രീലങ്കയുടെ വടക്കും, കിഴക്കും, വടക്കുകിഴക്കുമുള്ള പ്രദേശങ്ങൾ, എന്നിവിടങ്ങളിലെ ഭൂരിഭാഗജനവിഭാഗങ്ങളുടെ പ്രാഥമിക ഭാഷയാണ് തമിഴ്. ഈ രണ്ട് രാജ്യങ്ങളിലേയും മറ്റു പ്രദേശങ്ങളിലെ ചെറിയ ചില ന്യൂനപക്ഷ ജനവിഭാഗങ്ങളും തമിഴ് സംസാരിക്കാറുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടകം, കേരളം, മഹാരാഷ്‌ട്ര, ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ, ശ്രീലങ്കൻ പ്രദേശമായ ഹിൽ കൺട്രി തുടങ്ങിയ ഇടങ്ങൾ ഇതിൽ പ്രമുഖമാണ്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും, വിശാലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന മറ്റു പല രാജ്യങ്ങളിലേക്കും വിഭിന്ന ഇന്ത്യൻ വംശീയരോടൊപ്പം , തമിഴ് കരാർ തൊഴിലാളികളേയും കൊണ്ടുപോയിരുന്നു. വലിയ ഇന്ത്യൻ സമൂഹങ്ങളോടൊപ്പം തന്നെ തമിഴ് ഭാഷയെ അടിസ്ഥാനമാക്കിയ കൂട്ടായ്മകളും ഇങ്ങനെ രൂപം കൊള്ളുകയുണ്ടായി. സിങ്കപ്പൂർ, മലേഷ്യ, തെക്കൻ ആഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിലൊക്കെ ഇത്തരം കൂട്ടായ്മകളിൽ നിന്നും ഉയിർക്കപ്പെട്ട താരതമ്യേന വലിയ തമിഴ് സമൂഹങ്ങളെ ഇന്നു കാണാൻ കഴിയും. ഗയാന, ഫിജി, സുറിനാം, ട്രിനിടാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിലും തമിഴ് വംശീയരായ ഒട്ടനവധി ആൾക്കാരുണ്ട്. എന്നാൽ തമിഴ് സംസാരിക്കുന്നവരുടെ എണ്ണം അവിടങ്ങളിൽ താരതമ്യേന കുറവാണ്.

ശ്രീലങ്കൻ ആഭ്യന്തര കലാപങ്ങളിൽ നിന്നുണ്ടായ അഭയാർത്ഥികൾ, എഞ്ചിനീയറിംഗ്, വിവര സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം, എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ദ്ധർ, അക്കാദമിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ സാമ്പത്തിക കാരണങ്ങളാൽ കുടിയേറുന്ന പുതിയ കുടിയേറ്റ സംഘങ്ങൾ കാനഡ(പ്രത്യേകിച്ച് ടൊറന്റൊ), ഓസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ, മിക്കവാറും പടിഞ്ഞാറൻ യൂറോപ്യൻ നാടുകൾ എന്നിവിടങ്ങളിൽ നില നില്ക്കുന്നുണ്ട് .

ഔദ്യോഗികാംഗീകാരം

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു തമിഴ്. തമിഴ്‌നാട് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ മൂന്ന് ഔദ്യോഗിക ഭാഷകളിലൊന്നുമാണിത്. ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും തമിഴിന് ഔദ്യോഗികഭാഷയെന്ന നൈയാമിക സാധുതയുണ്ട്. ദക്ഷിണാഫ്രിക്കൻ ഭരണഘടനയും തമിഴിനെ അംഗീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ പൗരാണിക ഭാഷകൾക്കു നിയമപരമായ അംഗീകാരം നൽകാനുള്ള 2004ലെ ഇന്ത്യാ ഗവൺ‌മെന്റിന്റെ പദ്ധതിയനുസരിച്ച് ഏറ്റവുമാദ്യം അംഗീകരിക്കപ്പെട്ട ഭാഷയാണു തമിഴ്. തമിഴ് സംഘടനകളുടെയും പണ്ഡിതന്മാരുടെയും നിരന്തരശ്രമഫലമായാണ് ഈ അംഗീകാരം നേടിയെടുത്തത്. അമേരിക്കയിലെ കാലിഫോർണിയ സർവകലാശാലയിൽ തമിഴ് പഠനവിഭാഗം അധ്യക്ഷനായ ജോർജ് എൽ. ഹാർട്ട് ഉൾപ്പെടെയുള്ളവർ ഈ പദവിക്കായി വാദിക്കുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റേത് ഭാഷയേക്കാളും പൗരാണികമായ സാഹിത്യരൂപങ്ങൾ തമിഴിൽ കണ്ടെത്തിയതായി തെളിയിക്കപ്പെട്ടതിനാലാണ് ആദ്യമായി ഈ പട്ടികയിൽ സ്ഥാനം പിടിക്കാനായത്. 2004 ജൂൺ 6നു ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഈ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാമൊഴി, വരമൊഴി അന്തരങ്ങൾ

നിരവധി പ്രാദേശികരൂപങ്ങൾക്കു പുറമേ തമിഴ് ഭാഷയുടെ പൗരാണിക രൂപമായ ശെന്തമിഴും വാമൊഴി രൂപമായ കൊടുന്തമിഴും തമ്മിൽ പ്രകടമായ അന്തരം പുലർത്തുന്നുണ്ട്. പുരാതനകാലം മുതൽ ഈ അന്തരം നിലനിൽക്കുന്നുണ്ടുതാനും. ഉദാഹരണമായി, പുരാതന കാലങ്ങളിൽ ക്ഷേത്രമുദ്രകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പൗരാണിക സാഹിത്യകൃതികളിലെ ഭാഷയിൽ നിന്നും പലവിധത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ ശെന്തമിഴിന്റെ മാതൃകാരൂപം തമിഴ് ഭാഷയുടെ ഏതെങ്കിലും പ്രാദേശിക രൂപത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഗ്രാമ്യരൂപങ്ങളിൽ വ്യത്യാസമുള്ളപ്പോൾതന്നെ തമിഴിന്റെ എഴുത്തുരൂപം ഏതാണ്ടെല്ലാ ദേശങ്ങളിലും സമാനമായിരിക്കുന്നതിന്റെ കാ‍രണവും ഇതുതന്നെയാണ്.

ആധുനിക കാലഘട്ടത്തിൽ പാഠപുസ്തകങ്ങളും തമിഴ് സാഹിത്യത്തിന്റെ നല്ലൊരു ഭാഗവും പൊതുസംവാദങ്ങളും ശെന്തമിഴാണ് വാമൊഴിയായും വരമൊഴിയായും സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി പരമ്പരാഗതമായി ശെന്തമിഴ് സ്വീകരിക്കപ്പെട്ടിരുന്ന പലമേഖലകളിലും കൊടുന്തമിഴ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സമകാലിക സിനിമകളും ടെലിവിഷൻ പരിപാടികളും റേഡിയോയും മറ്റും ശ്രോതാക്കൾക്കു കൂടുതൽ സ്വീകാര്യമാകാൻ കൊടുന്തമിഴ് ഉപയോഗിക്കുന്നു.

പല യൂറോപ്യൻ ഭാഷകളിൽനിന്നു ഭിന്നമായി തമിഴിന് ഒരു മാതൃകാ വാമൊഴി രൂപം ഒരിക്കലുമുണ്ടായിട്ടില്ല. ശെന്തമിഴിന്റെ വ്യാകരണ നിയമങ്ങൾ ദൈവങ്ങളുടെ സൃഷ്ടിയാണെന്ന വിശ്വാസമാണ് ഇതിനു പ്രധാനകാരണം. ദൈവങ്ങൾ സൃഷ്ടിച്ചു നൽകിയതിനാൽ ശെന്തമിഴാണ് ശരിയായ വാമൊഴിരൂപം എന്നൊരു വിശ്വാസം പരമ്പരാഗതമായി തമിഴരുടെ ഇടയിലുണ്ട്. ഏതായാലും ആധുനിക കാലത്ത് കൊടുന്തമിഴിന്റെ വ്യാപകമായ ഉപയോഗം‌മൂലം അതു തമിഴിന്റെ മാതൃകാ വാമൊഴിരൂപമായി ഏതാണ്ടംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കൊടുന്തമിഴിന്റെ മാതൃകാരൂപം ഏതെങ്കിലും പ്രാദേശികരൂപങ്ങളിൽ നിന്ന് എന്നതിനേക്കാൾ അഭ്യസ്തവിദ്യരായ അബ്രാഹ്മണരുടെ സംസാരഭാഷയിൽ നിന്നാണ് വേരുകൾ സ്വീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും കൊടുന്തമിഴിൽ തഞ്ചാവൂർ, മധുര എന്നീ പ്രാദേശികരൂപങ്ങളുടെ സ്വാധീനം കാണാം. ശ്രീലങ്കൻ തമിഴിലാകട്ടെ ജാഫ്നയിലെ ഗ്രാമ്യരൂപത്തിന്റെ സ്വാധീനമാണു കാണുന്നത്.

പ്രാദേശിക വകഭേദങ്ങൾ‍

ഉച്ചാരണത്തിൽ കാലാകാലങ്ങളായി വന്ന വ്യതിയാനങ്ങളാ‍ണ് തമിഴിന്റെ പ്രാദേശികവകഭേദങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണമായി ഇവിടെ എന്ന വാക്കിന്റെ തമിഴ് രൂപത്തിന് വിവിധ പ്രദേശങ്ങളിലുള്ള ഉച്ചാരണവ്യതിയാനം പരിശോധിക്കാം. പൗരാണിക രൂപമായ ശെന്തമിഴിലെ ഇംഗ് കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ കൊങ്ങ് ഗ്രാമ്യരൂപത്തിലെത്തുമ്പോൾ ഇംഗെ ആയിമാറി. തഞ്ചാവൂർ തമിഴിൽ ഇംഗ, തിരുനെൽ‌വേലി രൂപത്തിൽ ഇംഗനേ, രാമനാഥപുരം ഗ്രാമ്യരൂപത്തിൽ ഇംഗുട്ടു തമിഴ്‌നാടിന്റെ വടക്കൻ മേഖലകളിൽ ഇംഗലെ, ഇംഗടെ, ശ്രീലങ്കയിലെ ജാഫ്നമേഖലയിൽ ഇംഗൈ എന്നിങ്ങനെയാണ് ഈ വാക്കിന്റെ ഉച്ചാരണം വ്യത്യസ്തമാകുന്നത്.

തമിഴിന്റെ പ്രാദേശികരൂപങ്ങൾ പദസമ്പത്തിലും വാക്യാർത്ഥങ്ങളിലും കാര്യമായ വ്യത്യാസം പുലർത്തുന്നില്ലെങ്കിലും ചില അപവാദങ്ങൾ ഇവിടെയുമുണ്ട്. ശ്രീലങ്കൻ തമിഴിൽ ഇന്ത്യയിൽ ഉപയോഗത്തിലില്ലാത്ത ഒട്ടേറെ വാക്കുകളുണ്ട്. ചില പദങ്ങളുടെ അർത്ഥത്തിലും വ്യത്യാസങ്ങളുണ്ട്. പാലക്കാട്ടെ അയ്യർ വിഭാഗം ഉപയോഗിക്കുന്ന തമിഴിൽ മലയാളത്തിൽ നിന്നും കടംകൊണ്ട ഒട്ടേറെ വാക്കുകളുണ്ട്. പദവിന്യാസത്തിലും ഉച്ചാരണത്തിലും ഇവിടെ മലയാളത്തിന്റെ പ്രകടമായ സ്വാധീനം കാണാം. തമിഴ്‌നാടിന്റെ മറ്റൊരു അയൽ‌സംസ്ഥാനമായ കർണാടകത്തിൽ നിലവിലുള്ള സംഗെതി, ഹെബ്ബാർ, മാണ്ഡ്യം എന്നീ പ്രാദേശിക രൂപങ്ങളിലും ഇപ്രകാരം ഉച്ചാരണത്തിലും വാക്യാർത്ഥങ്ങളിലും പ്രകടമായ വ്യതിയാനങ്ങളുണ്ട്. കർണ്ണാടകത്തിലേക്ക് പതിനൊന്നാം നൂറ്റാണ്ടിൽ കുടിയേറിയ ഹിന്ദുമത വിഭാഗങ്ങളായ അയ്യർ, വൈഷ്ണവ സമുദായാംഗങ്ങളാണ് ഈ പ്രാദേശിക രൂപം ഉപയോഗിക്കുന്നത്. ഒൻപത്, പത്ത് നൂറ്റാണ്ടുകളിൽ വൈഷ്ണവരുടെ ഇടയിൽ അവരുടെ മതാചാരങ്ങൾ കൂടുതൽ സുവ്യക്തമാക്കാൻ ഉപയോഗത്തിലിരുന്ന വൈഷ്ണവ പരിഭാഷൈ എന്ന തമിഴ് രൂപത്തിന്റെ സ്വാധീനമാണ് മുൻപുപറഞ്ഞ മൂന്നു ഗ്രാമ്യരൂപങ്ങളിലും നിഴലിക്കുന്നത്.

ദേശങ്ങളും സമുദായങ്ങളുമനുസരിച്ച് തമിഴിന്റെ പ്രാദേശികരൂപങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഭാഷാരൂപങ്ങൾ എടുത്തുപറയേണ്ടതുണ്ട്. ജാതീയ വകഭേദങ്ങൾ ഏതുദേശത്തായിരുന്നാലും ഉപയോഗിക്കുവാൻ ഓരോ സമുദായാംഗങ്ങളും ശ്രദ്ധിക്കുന്നു. അടുത്തകാലത്ത് ജാതി-വിരുദ്ധ പ്രസ്ഥാനങ്ങളുടെ സ്വാധീനത്താൽ ജാതീയമായ ഭാഷാന്തരങ്ങൾ കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സ്വാധീനങ്ങൾ ഇപ്പോഴും തമിഴിൽ വ്യാപകമായുണ്ട്. തൽഫലമായി സംസാരഭാഷയിൽ നിന്നും ഒരാളുടെ ജാതി തിരിച്ചറിയാനും സാധിച്ചേക്കും.

ഭാഷാശാസ്ത്ര പ്രസിദ്ധീകരണമായ എത്‌നോലോഗിന്റെ പട്ടികപ്രകാരം ആദി ദ്രാവിഡ, അയ്യർ, അയ്യങ്കാർ, അരവ, ബർഗണ്ടി, കസുവ, കൊങ്കാർ, കൊറവ, കൊർച്ചി, മദ്രാസി, പരികല, പട്ടപു ഭാഷ, ശ്രീലങ്കൻ, മലയ, ബർമ്മ, ദക്ഷിണാഫ്രിക്കൻ, തിഗളു, ഹരിജൻ, സംഗെതി, ഹെബ്ബാർ, തിരുനെൽ‌വേലി, തമിഴ് മുസ്ലിം, മദുര എന്നിവയാണ് തമിഴിന്റെ പ്രാദേശികരൂപങ്ങൾ. മലയാളത്തിന്റെ സ്വാധീനമുള്ള കൊങ്ങ്, കുമരി എന്നീ വകഭേദങ്ങളും പല ഭാഷാശാസ്ത്രജ്ഞരും പരിഗണിക്കുന്നുണ്ട്. പ്രാദേശികരൂപമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ സംസാരിക്കപ്പെടുന്ന തമിഴിൽ ഇംഗ്ലീഷിന്റെ പ്രകടമായ സ്വാധീനം കാണാം. മദ്രാസ് ഭാഷൈ എന്നും ചെന്നൈ തമിഴ് അറിയപ്പെടുന്നു.

Remove ads

ലിപി

മുഖ്യ ലേഖനം: തമിഴ് ലിപി
Thumb
തമിഴ് ലിപിയുടെ ചരിത്രം

തമിഴ് സ്വരത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഭാഷയാണ്. സംസാരഭാഷയിലെ കൂട്ടിക്കുറക്കലുകൾക്കും പ്രാസത്തിനും ഈ ഭാഷയിൽ വ്യക്തമായ നിർവ്വചനങ്ങൾ ഉണ്ട്.

വർത്തമാനകാല തമിഴ് ലിപി അശോകചക്രവർത്തിയുടെ കാലഘട്ടത്തിലെ ബ്രാഹ്മി ലിപിയിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു. പിൽക്കാലത്ത് ബ്രാഹ്മിയിൽ നിന്നും രൂപപെട്ട, തെക്കൻ രൂപാന്തരമായ ഗ്രന്ഥ എന്ന ലിപി തമിഴ്, സംസ്കൃത കൃതികളിൽ ഉപയോഗിച്ചിരുന്നു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയ്ക്ക് വെട്ടെഴുത്ത് (വെട്ടിയ അക്ഷരങ്ങൾ എന്ന അർത്ഥത്തിൽ) എന്ന പേരിൽ പുതിയൊരു ലിപി രൂപപ്പെടുകയുണ്ടായി. കല്ലിൽ ഭാഷ കൊത്തുന്നത് എളുപ്പമാക്കുകയായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇതിനെ ചിലർ വട്ടെഴുത്ത് (വളഞ്ഞ വരികളാലുള്ള എഴുത്ത്) എന്നും വിളിച്ചു.

അക്ഷരങ്ങളുടെ മുകളിൽ ഇടുന്ന കുത്ത്(പുള്ളി) തൊൽക്കാപ്പിയം എന്ന പേരിൽ തമിഴ് വ്യാകരണത്തിൽ പ്രതിപാദിച്ചിരിക്കുന്നു, ഇത് സ്വരങ്ങളേയും വ്യഞ്ജനങ്ങളേയും വേർതിരിക്കാൻ ഉപയോഗിക്കുന്നു.

അച്ചടി വിപ്ലവത്തിന്റെ കാലഘട്ടത്തിൽ, വ്യഞ്ജനാക്ഷരങ്ങൾക്കിരുവശത്തും സ്വരാക്ഷരങ്ങൾ ചേർക്കുക മുതലായ മാറ്റങ്ങൾ വീരമാമുനിവർ നടത്തി. 1935 കാലഘട്ടത്തിൽ തമിഴ് ഭാഷയുടെ അച്ചടി കൂടുതൽ ആയാസരഹിതമാക്കാൻ പെരിയാർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ഈ നിർദ്ദേശങ്ങളിൽ ചിലത് 1975-ൽ എം.ജി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭാഷയിൽ ഉൾപ്പെടുത്തുകയുണ്ടായി.

തമിഴ് ലിപിയുടെ രൂപവത്കരണ കാലയളവിൽ, പല സംസ്കൃത വാക്കുകളും കടമെടുക്കപ്പെട്ടിരുന്നു. ഈ വാക്കുകളുടെ എഴുത്തിനായി ഗ്രന്ഥ ലിപി നിലനിർത്തപ്പെട്ടു. എന്നാൽ തമിഴിലേയ്ക്ക് കടമെടുക്കപ്പെട്ട ഈ വാക്കുകളുടെ ഉപയോഗം, വ്യക്തമായി നിർവ്വചിക്കപ്പെട്ട തൊൽക്കാപ്പിയത്തിന്റെ നിയമങ്ങൾ നിരത്തി ശുദ്ധത്വ വാദികൾ എതിർക്കുന്നു.

Remove ads

ഉച്ചാരണം

സ്വരാക്ഷരങ്ങൾ

തമിഴിൽ സ്വരാക്ഷരങ്ങളെ ഉയിരെഴുത്ത് (ഉയിർ - ജീവൻ, എഴുത്ത് - അക്ഷരം) എന്ന് പറയുന്നു. സ്വരാക്ഷരങ്ങളെ ഹ്രസ്വവും ദീർഘവും എന്ന് തരംതിരിച്ചിരിക്കുന്നു.

ദീർഘ ഉച്ചാരണമുള്ള സ്വരങ്ങളെ നെടിലെഴുത്ത് എന്നും ഹ്രസ്വ സ്വരങ്ങളെ കുറിലെഴുത്ത് എന്നും പറയുന്നു. കലർപ്പ് സ്വരങ്ങൾ, സ്വരങ്ങളുടെ ഒന്നര മടങ്ങ് ദൈർഘ്യം കൂടിയവയാണ്. കലർപ്പ് ഉള്ളതാണെങ്കിലും അവയെയും സ്വരങ്ങളുടെ കൂട്ടത്തിൽ തന്നെ കണക്കാക്കുന്നു.

തമിഴിൽ ഉപയോഗിക്കുന്ന കലർപ്പ് സ്വരങ്ങൾ- ഐ, ഔ എന്നിവയാണ്. ഇവ പ്രധാനമായും കടമെടുക്കപ്പെട്ട വാക്കുകളിലാണ് കൂടുതലായി കണ്ട് വരുന്നത്.

Remove ads

വ്യാകരണം

തമിഴ് ഭാഷയിൽ ലഭ്യമാ‍യ ഏറ്റവും പുരാതന വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയം തമിഴിലെ വ്യാകരണനിയമങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. തൊൾക്കാപ്പിയത്തിന്‌ ഒരു വ്യാഖ്യാനവും വിശദീകരണവും ചില കൂട്ടിച്ചേർക്കലുകളും പതിമൂന്നാം നൂറ്റാണ്ടിലെ നന്നൂൽ നടന്നിരുന്നു. ആധുനിക തമിഴ് വ്യാകരണം മിക്കവാറും ഈ പതിമൂന്നാം നൂറ്റാണ്ടിലെ വ്യാകരണനിയമങ്ങൾ അനുസരിച്ചാണ്. പരമ്പരാഗത തമിഴ് വ്യാകരണത്തിന് അഞ്ച് ഭാഗങ്ങളുണ്ട്‌ - എഴുത്ത് (எழுத்து eḻuttu), ചൊൽ, പൊരുൾ, യാപ്പ്‌, അണി (அணி aṇi). ഇതിൽ അവസാനത്തെ രണ്ടെണ്ണം കാവ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.

മറ്റു ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ തമിഴിലും വാക്കുകൾ കൂടിച്ചേർന്ന്‌ മറ്റു വാക്കുകൾ ഉണ്ടാവുന്നതും ഒരു വാക്ക് അതിന്റെ ഘടകങ്ങളായി പിരിയുന്നതും സാധാരണയാണ്. ഭാഷാശാസ്ത്രപരമായ ഒരു മൂലരൂപത്തിൽ ഒന്നോ അതിലധികമോ കൂട്ടിച്ചേർക്കലുകൾ നടത്തിയവയാണ് മിക്ക തമിഴ് വാക്കുകളും. മേൽ പ്രസ്താവിച്ച കൂട്ടിച്ചേർക്കലുകൾ മിക്കവാറും വാക്കിന്നവസാനമാണ് ചേർക്കാറ്.


  • வணக்கம் (വണക്കം) -നമസ്കാരം
  • நான் (നാൻ) -ഞാൻ
  • நீ (നീ) - നീ
  • நீங்கள் (നീങ്കൾ) - നിങ്ങൾ (മര്യാദ)
  • என்னுடைய (എന്നുടയ)- എൻറെ
  • அவளுடையது (അവളുടയതു)- അവളുടെ
  • பெயர் (പെയർ)- പേര്
  • நகரம் (നഗരം)- നഗരം
  • இல்லை (ഇല്ലൈ) - ഇല്ല, അല്ല
  • சிறுவன் (സിറുവൻ/ചിറുവൻ) - ആൺകുട്ടി
  • சிறுமி (സിറുമി/ചിറുമി) - പെൺകുട്ടി
  • ஆண் (ആൺ)- ആണ്
  • பெண் (പെൺ)- പെണ്ണ്
  • கிணறு (കിണറു)- കിണർ
  • பாலம் (പാലം)- പാലം
  • நாய் (നായ്)- നായ/പട്ടി
  • பூனை (പൂനൈ) - പൂച്ച
  • பசு പശു(மாடு(മാടു) - പശു
  • கை കൈ- കൈ
  • கால் കാൽ- കാൽ
  • முடி മുടി(மயிர் (മയിർ)) - മുടി
  • காதல் (കാതൽ)- പ്രേമം
  • நான் உன்னை காதலிக்கிறேன் (നാൻ ഉന്നൈ കാതലിക്കിറേൻ) -ഞാൻ നിന്നെ പ്രേമിക്കുന്നു
  • மலையாளம் கொஞ்சம் கொஞ்சம் தெரியும் (മലൈയാളം കൊഞ്ചം കൊഞ്ചം തെരിയും)- മലയാളം കുറച്ചു കുറച്ച് അറിയും
  • மலையாளம் புரியும் (മലൈയാളം പുരിയും)- മലയാളം മനസ്സിലാവും
  • நன்றி (നന്റ്രി) -നന്ദി
  • கயிறு (കയിറു) - കയർ
  • அறிவிப்பு (അറിവിപ്പു) - അറിയിപ്പ്
Remove ads

തമിഴ് സംഖ്യകൾ

കൂടുതൽ വിവരങ്ങൾ സംഖ്യകൾ, അക്ഷരങ്ങളിൽ ...
Remove ads

പദസമ്പത്ത്

ഇതും കാണുക: വിൿഷ്ണറിയിലെ തമിഴ് വാക്കുകളുടെ പട്ടികയും തമിഴിൽ ഉത്ഭവിച്ച വാക്കുകളുടെ പട്ടികയും

പഴയ തമിഴ് പദാവലിയിലുള്ള വാക്കുകൾ തന്നെയാണ് ഇപ്പോഴത്തെ തമിഴ് പദാവലിയിലും ഉള്ളത്. ഈ കാരണം കൊണ്ടും പഴയ തമിഴിലുള്ള തിരുക്കുറൾ പോലുള്ള വാക്കുകൾ പഠിക്കാനുള്ള ഊന്നലും കാരണം പഴയ തമിഴും പുതിയ തലമുറയ്ക്ക് എളുപ്പം ഗ്രഹിക്കാൻ സാധിക്കും. എന്നാൽ പുതിയ തമിഴിൽ ഒരുപാട് പ്രാകൃതവും(Prakrit) സംസ്കൃതവും വാക്കുകൾ പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ മറ്റു ദ്രവീഡിയൻ ഭാഷകളിലേതു പോലെയല്ലാതെ തമിഴിൽ ഈ വാക്കുകൾ മുഖ്യമായും മതപരമായ വാക്കുകളിലും abstract noun-ഇലും മാത്രമായി ഒതുങ്ങുന്നു.

സംസ്കൃതം കൂടാതെ പേർഷ്യനിൽ നിന്നും അറബിയിൽ നിന്നും ചില വാക്കുകൾ തമിഴിൽ വന്നിട്ടുള്ളത് പുരാതന കാലത്ത് അവരുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നത് കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ആംഗലേയ വാക്കുകളും തമിഴിൽ ധാരാളമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പുതിയ പല സാങ്കേതിക പദങ്ങളും അതിന്റെ യഥാർത്ഥ ആംഗലേയ വാക്കുകൾ തന്നെയാണ് തമിഴിൽ ഉപയോഗിച്ചു വരുന്നത്. ഇവ മാറ്റി തനി തമിഴ് വാക്കുകൾ കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനായി വ്യക്തികളും, ശ്രീലങ്കൻ ഭരണകൂടം, തമിഴ് വെർച്വൽ യൂണിവേർസിറ്റി, അണ്ണാമലൈ യൂണിവേർസിറ്റി എന്നിവയെപ്പോലെയുള്ള സ്ഥാപനങ്ങളും ചേർന്ന് തമിഴിനുവേണ്ടി സാങ്കേതിക പദങ്ങളുടെ നിഘണ്ടു പുറത്തിറക്കുകയുണ്ടായി. കോളനി വാഴ്ചക്കാലത്ത് പോർച്ചുഗീസ് ഭാഷയിൽ നിന്നും ഡച്ച് ഭാഷയിൽ നിന്നും ഒരുപാടു വാക്കുകൾ തമിഴ് സംസാരഭാഷയിലും എഴുത്ത്ഭാഷയിലും കടന്ന് വരികയുമുണ്ടായിട്ടുണ്ട്.

അതുപോലെ തമിഴിലെ വാക്കുകൾ മറ്റ് ഭാഷയിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ആംഗലേയത്തിൽ കടന്നുവന്ന ഏറ്റവും പ്രചാരമുള്ള വാക്കുകൾ ഇവയാണ്. ചുരുട്ട് (cheroot), മാങ്ഗോ(mango), മൊലിഗറ്റോനി (mulligatawny - കുരുമുളക് വെള്ളം എന്നർത്ഥം വരുന്ന മിളകു തണ്ണി എന്ന വാക്കിൽ നിന്ന്), കാറ്റമരൻ (catamaran - കൂട്ടിക്കെട്ടിയ മരത്തടികൾ എന്നർത്ഥം വരുന്ന കട്ടു മരം, கட்டு மரம் എന്ന വാക്കിൽ നിന്ന്). ഇതേപോലെ തമിഴ് ഭാഷ ദക്ഷിണേഷ്യൻ ഭാഷകൾക്കും ദക്ഷിണ-കിഴക്ക് ഏഷ്യൻ ഭാഷകൾക്കും സിംഹള, മലയ്, ഇന്തോനേഷ്യൻ എന്നീ ഭാഷകൾക്കും വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്.

ഉദാഹരണങ്ങൾ

ഒരു ചെറിയ തമിഴ് ഖണ്ഡികയും അതിന്റെ മലയാളം ‍പകർപ്പെഴുത്തും:

ஆசிரியர் வகுப்பறையுள் நுழைந்தார்.
அவர் உள்ளே நுழைந்தவுடன் மாணவர்கள் எழுந்தனர்.
வளவன் மட்டும் தன் அருகில் நின்றுகொண்டிருந்த மாணவி கனிமொழியுடன் பேசிக் கொண்டிருந்தான்.
நான் அவனை எச்சரித்தேன்.
ആസിറിയർ വകുപ്പറൈയുൾ‍ നുഴൈന്താർ. അവർ ഉള്ളേ നുഴൈന്തവുടൻ മാണവർകൾ‍ എഴുന്തനർ. വളവൻ മട്ടും തൻ അരുകിൽ നിന്രുകൊണ്ടിരുന്ത മാണവി കനിമൊഴിയുടൻ പേശിക് കൊണ്ടിരുന്താൻ. നാൻ അവനൈ എച്ചറിത്തേൻ.

ഇതിന്റെ മലയാളം പരിഭാഷ:

ഗുരുനാഥൻ ക്ലാസ്സ്  മുറിയിൽ പ്രവേശിച്ചു.
അദ്ദേഹം വന്നയുടൻ വിദ്യാർത്ഥികൾ എഴുന്നേറ്റു.
വളവൻ തന്റെ അരികിൽ നിന്നിരുന്ന കനിമൊഴിയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ അവന് താക്കീത് കൊടുത്തു.

കുറിപ്പുകൾ:

  1. തമിഴിൽ വ്യാകരണം ഇല്ല. മുകളിൽ കൊടുത്തിരിക്കുന്നത് പരിഭാഷയുടെ വെറും ഒരു artefact മാത്രം.
  2. വളവനെ എന്തിന് താക്കിത് നൽകി എന്ന് മനസ്സിലാക്കാൻ ഏഷ്യൻ സാമൂഹിക മര്യാദകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബഹുമാന്യരായ ഒരാൾ (ഇവിടെ ഗുരുനാഥൻ)വരുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിക്കുന്നത് മര്യാദകേടാണെന്നാണ് വയ്പ്പ്. ഇത് അവർക്ക് ഒരു അധിക്ഷേപമായി തോന്നിയേക്കാം.
കൂടുതൽ വിവരങ്ങൾ വാക്ക്(romanised), പരിഭാഷ ...



വസ്തുതകൾ
Remove ads

ഇതും കാണുക

അവലംബം

പുതിയത്

  • Kāṅkēyar (1840). Uriccol nikaṇṭurai. Putuvai, Kuveṟaṉmā Accukkūṭam.
  • ലേമാൻ, തോമസ്സ് (1989). ആധുനിക തമിഴിന്റെ വ്യാകരണം. പോണ്ടിച്ചേരി, പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിംഗ്യുസ്റ്റിക്സ് ആന്റ് കൾച്ചർ.
  • മഹാദേവൻ, Iravatham (2003). പുരാതനകാലം തൊട്ട് ആറാം നൂറ്റാണ്ട് വരെയുള്ള തമിഴ് എഴുത്തുകൾ (Epigraphy). കേംബ്രിഡ്ജ്, ഹാർവാർഡ് യൂനിവേർസിറ്റി പ്രസ്സ്. ISBN 0-674-01227-5.
  • നടരാജൻ, T. (1977), The language of Sangam literature and Tolkāppiyam. മധുരൈ, മധുരൈ പബ്ലിഷിങ്ങ് ഹൌസ്.
  • ഹാർട്ട്, ജോർജ്ജ് L. (1975), പുരാതന തമിഴിലെ കവിതകൾ : അവയുടെ ചുറ്റുപാടുകളും സംസ്കൃത ബന്ധങ്ങളും. യൂണിവേർസിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്, ബെർക്കലെ. ISBN 0-520-02672-1.
  • പോപ്പ്, GU (1862). തമിഴ് വ്യാകരണത്തിന്റെ ആദ്യ പ്രശ്നോത്തരി: Ilakkaṇa viṉaviṭai - mutaṟputtakam. മദ്രാസ്, പബ്ലിക്ക് ഇൻസ്റ്റ്രക്ഷൻ പ്രസ്സ്.
  • പോപ്പ്, GU (1868). ഒരു തമിഴ് കൈപുസ്തകം, അല്ലെങ്കിൽ, ആ ഭാഷയിലെ മുഴുവൻ പ്രയോഗങ്ങളുടേയും ആമുഖം. (3rd ed.). മദ്രാസ്, ഹിഗ്ഗിൻബോതം & Co.
  • രാജം, VS (1992). ശാസ്ത്രീയ തമിഴ് കവിതകളുടെ വ്യാകരണത്തിനൊരു സൂചിക. ഫിലാഡെൽഫിയ, ദ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി. ISBN 0-87169-199-X.
  • ഷിഫ്മാൻ (Schiffman), ഹാരോൾഡ് F. (1998). "ക്രമീകരണം അല്ലെങ്കിൽ പുനക്രമീകരണം: നിലവാരമുള്ള തമിഴ് സംസാരഭാഷയെ സംബന്ധിച്ചത്". സമൂഹത്തിലെ ഭാഷ 27, 359–385.
  • ഷിഫ്മാൻ (Schiffman), ഹാരോൾഡ് F. (1999). തമിഴ് സംസാരഭാഷയുടെ പ്രശ്നോത്തരി. കേംബ്രിഡ്ന്ജ്, കേംബ്രിഡ്ജ് യൂണിവേർസിറ്റി പ്രസ്സ്. ISBN 0-521-64074-1.
  • അഷർ, റോൺ, E. അണ്ണാമലൈ(2002) തമിഴ് വാമൊഴി: തുടക്കക്കാർക്ക് ഒരു മുഴുവൻ പഠനസഹായി റൌട്ട്‌ലെഡ്ജ്. ISBN 0-415-18788-5

പഴയത്

  • Pavaṇanti Muṉivar, Naṉṉūl Mūlamum Viruttiyuraiyum, (A. Tāmōtaraṉ; ed., 1999), International Institute of Tamil Studies, Chennai.
  • Pavaṇanti, Naṉṉūl mūlamum Kūḻaṅkaittampirāṉ uraiyum (A. Tāmōtaraṉ ed., 1980). Wiesbaden, Franz Steiner Verlag.
  • Taṇṭiyāciriyar, Taṇṭiyāciriyar iyaṟṟiya taṇṭiyalaṅkāram: Cuppiramaṇiya Tēcikar uraiyuṭaṉ. (Ku. Mutturācaṉ ed., 1994). Tarmapuri, Vacanta Celvi Patippakam.
  • Tolkāppiyar, Tolkāppiyam Iḷampūraṇar uraiyuṭaṉ (1967 reprint). Ceṉṉai, TTSS.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads