ടറന്റുല
From Wikipedia, the free encyclopedia
Remove ads
തെരാഫോസിഡേ കുടുംബത്തിലെ വലുതും പലപ്പോഴും രോമമുള്ളതുമായ ചിലന്തികളുടെ ഒരു കൂട്ടമാണ് ഊറാമ്പിലി എന്നറിയപ്പെടുന്നത്. അരാക്നിഡ് വർഗത്തിലെ അരാനെയ്ഡ് ഗോത്രത്തിൽപ്പെട്ട തെറാഫോസിഡേ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പട്ടുപോലെ മൃദുവായ ശരീരാവരണവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് മിക്ക ഇനങ്ങളും കാണപ്പെടുന്നതെങ്കിലും അപൂർവമായി തണുപ്പേറിയ പ്രദേശങ്ങളിലും കണ്ടുവരുന്നുണ്ട്. ലോകത്തിലെമ്പാടുമായി ആയിരത്തിലേറെ ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈക്കോസ ടറന്റുല (Lycosa tarantula) ആണ് കൂടുതലായി കാണപ്പെടുന്നയിനം. മരുഭൂമികളിൽ അഫോനോപെൽമ ഇനത്തിൽപ്പെട്ട ടറന്റുലകളാണുള്ളത്. ക്റ്റിനിസിഡേ (Ctenizidae), ഡിപ്ലൂറിഡേ (Dipluridae), ആറ്റിപ്പിഡേ (Atipidae) എന്നീ കുടുംബങ്ങളിൽപ്പെടുന്ന ചിലന്തിയിനങ്ങളും ഊറാമ്പിലിയുടെ അടുത്ത ബന്ധുക്കളാണ്.
ഊറാമ്പിലിയുടെ ഇനങ്ങൾ വലിപ്പത്തിൽ വ്യത്യസ്തത പുലർത്തുന്നു. അമേരിക്കയിൽ കാണപ്പെടുന്ന ഇനത്തിന് 3 മുതൽ 7 സെന്റിമീറ്റർ വരെ മാത്രമേ നീളമുള്ളു. പക്ഷേ ഇവയുടെ കാലുകൾക്ക് 13 സെന്റിമീറ്റർ വരെ നീളമുണ്ടാവും. എന്നാൽ 10 സെന്റിമീറ്റർ വരെ ശരീരനീളവും 25 സെന്റിമീറ്റർ വരെ കാലുകൾക്കു നീളവുമുള്ള വലിയ സ്പീഷീസ് തെക്കേ അമേരിക്കയിൽ കാണപ്പെടുന്നുണ്ട്.
ഊറാമ്പിലികളുടെ എല്ലാ ഇനത്തിലും വിഷഗ്രന്ഥികൾ കാണപ്പെടുന്നു. ഈ ഗ്രന്ഥികളിൽ നിന്നുള്ള സൂക്ഷ്മനാളികൾ പാദങ്ങളുടെ അഗ്രം വരെ എത്തിച്ചേരുന്നു. ഇരയെ മയക്കാനാണ് ഇവ വിഷം കുത്തിവയ്ക്കുന്നത്. മറ്റു ചിലന്തിയിനങ്ങളെപ്പോലെ വല കെട്ടിയല്ല ഊറാമ്പിലികൾ ഇരയെ പിടിക്കുന്നത് മറിച്ച് ഇരയെ ഓടിച്ചിട്ടുപിടിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്. ഊറാമ്പിലികൾ മാംസഭുക്കാണ്. ഇരയുടെ ശരീരദ്രാവകത്തെ ഇവ വലിച്ചുകുടിക്കുന്നു. ചെറിയ അകശേരുകികൾ, പല്ലികൾ, പാമ്പുകൾ, തവളകൾ, എലികൾ എന്നിവയെ ഒക്കെ ഇവ ഇരയാക്കാറുണ്ട്. പക്ഷേ ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല.
ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് ഊറാമ്പിലികളുടെ പ്രജനന കാലം തുടർന്ന് വേനൽക്കാലം എത്തുമ്പോൾ പെൺ ഊറാമ്പിലി ഒരു കൊക്കൂൺ ഉണ്ടാക്കുകയും അതിനുള്ളിൽ ആയിരത്തിലേറെ മുട്ടകൾ ഇടുകയും ചെയ്യുന്നു. ആറാഴ്ച്ചകൊണ്ടു മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. വർഷത്തിൽ നാലുപ്രാവശ്യം എന്ന കണക്കിന് ആദ്യത്തെ രണ്ടുവർഷം ഇവ പടംപൊഴിക്കും. തുടർന്നുള്ള നാലുവർഷങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം വീതം ഈ ശരീരാവരണമാറ്റൽ പ്രക്രിയ ആവർത്തിക്കുന്നു. നഷ്ടപ്പെടുന്ന ഉപാംഗങ്ങളെ പുനരുദ്ഭവിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
മറ്റു ചിലന്തിയിനങ്ങളെ അപേക്ഷിച്ച് ഊറാമ്പിലികൾക്ക് ആയുർ ദൈർഘ്യം കൂടുതലാണ്. പെൺ ഊറാമ്പിലികളാണ് കൂടുതൽ കാലം ജീവിച്ചിരിക്കാറുള്ളത്. 20 വർഷം വരെ ഇവയ്ക്ക് ആയുർദൈർഘ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടറന്റുല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads