ടാസ്മേനിയ
From Wikipedia, the free encyclopedia
Remove ads
ഓസ്ട്രേലിയയിലെ ഒരു പ്രധാന ദ്വീപും ഏറ്റവും ചെറിയ സംസ്ഥാനവുമാണു് ടാസ്മേനിയ. ടാസ്മേനിയ ദ്വീപിനു പുറമേ ഫർനോക്സ് ദ്വീപസമൂഹം ഉൾപ്പെടെ 50-ൽ അധികം ചെറുദ്വീപുകൾ ഇതിൽപ്പെടുന്നു. വിസ്തീർണം: ദീപുകൾ ഉൾപ്പെടെ, 68,114 ച. കി.മീ., ജനസംഖ്യ: 459659 (1996).
ഓസ്ട്രേലിയൻ വൻകരയുടെ തെക്കുകിഴക്കൻ തീരത്തുനിന്ന് 240 കി. മീ. അകലെ ടാസ്മൻ കടലിനും ഇന്ത്യൻ സമുദ്രത്തിനും മധ്യേയാണ് ടാസ്മേനിയയുടെ സ്ഥാനം. 225 കി. മീ. വീതിയുള്ള ബാസ് കടലിടുക്ക് ഇതിനെ പ്രധാന കരയിൽ നിന്ന് വേർതിരിക്കുന്നു. ആബെൽ യാൻസൂൺ ടാസ്മനാണ് 1642 ന. 24-ന് ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത്.

നിരനിരയായുള്ള ഹിമാവൃതകൊടുമുടികളും കുന്നുകളും ഹരിതാഭയാർന്ന താഴ്വരകളും ടാസ്മേനിയൻ ഭൂപ്രകൃതിയെ ആകർഷകമാക്കുന്നു. ഇവിടത്തെ സ്ഫടിക സദൃശങ്ങളായ തടാകങ്ങൾ, തീരപ്രദേശം, കൃഷിനിലങ്ങൾ, ഉദ്യാനങ്ങൾ, പഴത്തോട്ടങ്ങൾ എന്നിവയെല്ലാം അതിമനോഹരങ്ങളാണ്. ഓസ്ട്രേലിയയിലെ പൂർവ ഉന്നത തടങ്ങളിൽ നിന്നും വേറിട്ടുപോയ ഒരു ഭൂഭാഗമാണ് ടാസ്മേനിയ എന്നു കരുതപ്പെടുന്നു. ഓസ കൊടുമുടിയാണ് (1617 മീ.) ഏറ്റവും പൊക്കം കൂടിയ പ്രദേശം. മധ്യപീഠഭൂമി, പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഉന്നതതടങ്ങൾ, തെക്കൻ ഉന്നത തടങ്ങൾ, വടക്കൻ പീഠഭൂമി എന്നിവ പ്രധാന ഭൂവിഭാഗങ്ങളാകുന്നു.
വർഷം മുഴുവനും മിതമായ കാലാവസ്ഥയാണ് ടാസ്മേനിയയിലനുഭവപ്പെടുന്നത്. വർഷപാതം ഭൂപ്രകൃതിക്കനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
ജലസമ്പന്നമാണ് ടാസ്മേനിയ. താമർ, ഡെർവെന്റ്, ഹുവോൺ, ആർതർ എന്നിവയാണ് പ്രധാന നദികൾ. തലസ്ഥാന നഗരമായ ഹോബർട്ട്, ഡെർവന്റ് നദിയുടെ അഴിമുഖത്തായി സ്ഥിതി ചെയ്യുന്നു. ടാസ്മേനിയൻ നദികളിൽ നിന്നും ജലവൈദ്യുതി ധാരാളമായുത്പാദിപ്പിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ ജലവൈദ്യുതിയുടെ പകുതിയോളം ലഭിക്കുന്നത് ടാസ്മേനിയയിൽ നിന്നാണ്. ധാരാളം തടാകങ്ങൾ ടാസ്മേനിയയിലുണ്ട്. ഗ്രേറ്റ്ലേക് ആണ് ഇവയിൽ മുഖ്യം. സോറൽ, സെന്റ് ക്ലയർ, ആർതർ, എക്കെ എന്നിവ മറ്റു പ്രധാന തടാകങ്ങളാകുന്നു. മിക്ക പ്രധാന നദികളുടെയും ഉദ്ഭവസ്ഥാനങ്ങൾ തടാകങ്ങളാണ്.
കാലാവസ്ഥയ്ക്കനുസൃതമാണ് സസ്യജാലം. ഈർപ്പഭരിതപ്രദേശങ്ങളിൽ മിതോഷ്ണമഴക്കാടുകളും, മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ യൂക്കാലിപ്റ്റസ് വനങ്ങളും, വരണ്ട പ്രദേശങ്ങളിൽ താണയിനം യൂക്കാലിപ്റ്റസ് വനങ്ങളും, സാവന്നാ പുൽമേടുകളും കാണപ്പെടുന്നു. ടാസ്മാനിയൻ ഡെവിൾ, ടാസ്മാനിയൻ ടൈഗർ എന്നീ മൃഗങ്ങൾ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.
വൈവിധ്യമാർന്ന ഒരു സമ്പദ്ഘടനയാണ് ടാസ്മേനിയയുടേത്. രണ്ടാം ലോകയുദ്ധാനന്തരം ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങൾക്കൊപ്പം ഈ പ്രദേശവും സമൂലമായ സാമ്പത്തിക വികസനത്തിനു വിധേയമായി. ഉത്പാദനമേഖലയിൽ ഇലക്ട്രോ-മെറ്റലർജിക്കൽ, ഇലക്ട്രോ-കെമിക്കൽ വ്യവസായങ്ങൾക്കാണ് മുൻതൂക്കം. ഇവിടത്തെ കാർഷികമേഖലയിൽ പഴങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ ഉത്പാദനത്തിന് ഏറെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ആപ്പിളാണ് മുഖ്യപഴവർഗം. പെയർ, റാസ്ബെറീസ്, ബ്ലാക് കറന്റ്സ് എന്നിവ മറ്റു പ്രധാന പഴവർഗങ്ങളാകുന്നു. ബാർലി, ഓട്സ്, ഹോപ്, ഗോതമ്പ് എന്നിവയാണ് മറ്റു വിളകൾ. കാലാവസ്ഥയോടൊപ്പം ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം എന്നീ ഘടകങ്ങൾ കൂടിച്ചേർന്ന് ടാസ്മേനിയയ്ക്ക് വ്യത്യസ്തമായ ഉപജീവനശൈലി പ്രദാനം ചെയ്യുന്നു. വ. പ്രദേശങ്ങളിൽ കന്നുകാലി വളർത്തലും വെണ്ണയുത്പാദനവും, മധ്യഭൂപ്രദേശങ്ങളിൽ ആടുവളർത്തലും കമ്പിളിയുത്പാദനവവും, തെ. കി. താഴ്വാരങ്ങളിൽ പഴങ്ങൾ, ഹോപ്സ് എന്നിവയുടെ ഉത്പാദനവും മുഖ്യ ഉപജീവനമാർഗങ്ങളാണ്. ടാസ്മേനിയയുടെ മൊത്തം ഭൂവിസ്തൃതിയുടെ 46 ശ.മാ. വും വനങ്ങളാണ്. യൂക്കാലിപ്റ്റസും പൈൻ വർഗത്തിൽപ്പെട്ട മരങ്ങളുമാണ് പ്രധാന വൃക്ഷങ്ങൾ. വ്യാവസായിക-ഗാർഹിക ആവശ്യങ്ങൾക്ക് വനവിഭവങ്ങൾ ഉപയുക്തമാവുന്നു. മത്സ്യബന്ധനം പ്രധാനമായും തീരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. വളരെ വികാസം പ്രാപിച്ചതാണ് ടാസ്മേനിയയിലെ ഖനനവ്യവസായം. നിക്ഷേപങ്ങളിൽ ടിൻ, ടങ്സ്റ്റൻ, ചെമ്പ്, വെള്ളി, ലെഡ്, സിങ്ക് എന്നിവയ്ക്കാണ് മുൻതൂക്കം. ശുദ്ധീകരിച്ച ലോഹങ്ങൾ, ലോഹോത്പന്നങ്ങൾ, തുണിത്തരങ്ങൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, കടലാസ് (പ്രധാനമായും ന്യൂസ്പ്രിന്റ്) തുടങ്ങിയവ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു.
റിസ്ഡണിലെ ഇലക്ട്രോലിറ്റിക് സിങ്ക് റിഫൈനറി, ബെൽറ്റ് ബേയിലെ അലൂമിനിയം, ഫെറോ മാങ്ഗനീസ് വ്യവസായം, സ്നഗിലെ കാർബൈഡ് ഉത്പാദനം എന്നിവ പ്രധാന വ്യവസായങ്ങളാണ്. റിസ്ഡണിലെ സിങ്ക് റിഫൈനറി ലോകത്തിലെ ഏറ്റവും വലിപ്പമേറിയ റിഫൈനറികളിൽ ഒന്നാകുന്നു. ഓസ്ട്രേലിയയുടെ മൊത്തം ഉപയോഗത്തിന്റെ 40 ശ. മാ.-ത്തോളം ന്യൂസ്പ്രിന്റ് ടാസ്മേനിയയിലെ ബോയറിലാണ് ഉത്പാദിപ്പിക്കുന്നത്.
1998ൽ ഗതാഗതയോഗ്യമായ 24,000 കി. മീ. റോഡുകൾ ടാസ്മേനിയയിലുണ്ടായിരുന്നു. വേണ്ടുവോളം റെയിൽ പാതകളും ഈ പ്രദേശത്തുണ്ട്. അനേകം നൈസർഗിക തുറമുഖങ്ങളാൽ സമ്പന്നമാണ് ടാസ്മേനിയൻ തീരപ്രദേശം. ഹോബർട്ട്, ബർണി, ലാൻസെസ്റ്റൺ, ഡെവൺപോർട്ട് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന തുറമുഖങ്ങൾ. പ്രവർത്തനക്ഷമമായ വ്യോമഗതാഗത ശൃംഖല ടാസ്മേനിയയെ ഓസ്ട്രേലിയൻ വൻകരയുമായി ബന്ധിപ്പിക്കുന്നു.
ഓസ്ട്രേലിയയയിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് ടാസ്മേനിയ. ഓസ്ട്രേലിയയൻ വൻകരയിലേക്കുള്ള കുടിയേറ്റം ഇവിടത്തെ ജനസംഖ്യാവർധനവിനെ നിയന്ത്രിക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിന് പുറത്തുള്ള മേഖലകളിൽ നിന്നും ജനങ്ങൾ ടാസ്മേനിയയിലേക്കു കുടിയേറിയിട്ടുണ്ട്. 1856 വരെ ഈ പ്രദേശം 'വാൻ ഡീമെൻസ് ലാന്ഡ്' എന്നാണറിയപ്പെട്ടിരുന്നത്.
ഓസ്ട്രേലിയയയുടെ വിദ്യാഭ്യാസ വികസനത്തിന് ടാസ്മേനിയ നിർണായക പങ്കുവഹിക്കുന്നു. നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച ആദ്യത്തെ ബ്രിട്ടീഷ് കോളനി ടാസ്മേനിയയാണ് (1869). ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രായപരിധി 16 ആക്കി ഉയർത്തിയ ആദ്യത്തെ സംസ്ഥാനവും ടാസ്മേനിയയാകുന്നു. 6-16 വയസ്സുവരെ ഇവിടെ നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്നു.
ചരിത്രം. ഡച്ച് നാവികനായിരുന്ന ആബെൽ ടാസ്മനാണ് ടാസ്മേനിയ കണ്ടെത്തിയത് (1642 ന. 24). ടാസ്മന്റെ പര്യടനത്തിന് അനുമതി നൽകിയ ഈസ്റ്റിൻഡീസ് ഗവർണർ ജനറൽ അന്റോണിയോ വാൻ ഡീമെനിന്റെ (Antonio van Diemen) ബഹുമാനാർഥം ഈ ദ്വീപുകൾക്ക് വാൻ ഡീമെൻസ് ലാൻഡ് എന്ന് ഇദ്ദേഹം പേരു നൽകി. തുടർന്ന് ഫ്രഞ്ചുനാവികരും ഇംഗ്ലീഷ് നാവികരും ഇവിടെ പര്യടനം നടത്തുകയുണ്ടായി. 1777-ൽ ജെയിംസ് കുക്ക് ഈ പ്രദേശം സന്ദർശിച്ചു. ഗ്രേറ്റ് ബ്രിട്ടൻ 1803-ൽ ഈ ഭൂവിഭാഗം കൈവശപ്പെടുത്തി ഒരു പീനൽ കോളനി സ്ഥാപിച്ചു. ബ്രിട്ടിഷ് കുറ്റവാളികളെ താമസിപ്പിച്ചതിനോടൊപ്പം ഇവിടെ സ്വതന്ത്രപൗരന്മാർക്കുള്ള കുടിയേറ്റവും അനുവദിച്ചിരുന്നു. ആദ്യകാല ബ്രിട്ടിഷ് അധിവാസം 1804-ഓടെയാണ് ആരംഭിച്ചത്. ഈ ദ്വീപുകളുടെ ഭരണം 1825 വരെ നടത്തിയിരുന്നത് ന്യൂ സൌത്ത് വെയ്ല് സായിരുന്നു. പിന്നീട് പ്രത്യേക കോളനിയാക്കിയതിനെ തുടർന്ന് ഭരണ നടത്തിപ്പിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമനിർമ്മാണസഭയും കാര്യനിർവഹണ സമിതിയും ഉണ്ടായി. 1840-കളുടെ ഉത്തരാർദ്ധത്തിൽ ഇവിടെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു. പ്രാതിനിധ്യ ഗവൺമെന്റിനുവേണ്ടിയും ബ്രിട്ടനിലെ കുറ്റവാളികളെ നാടുകടത്തി പാർപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനുവേണ്ടിയും ജനങ്ങൾ ശബ്ദമുയർത്തി. നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നരീതി 1851-ൽ നിലവിൽ വന്നു; കുറ്റവാളികളെ നിവസിപ്പിക്കുന്നത് 1853-ൽ നിർത്തൽ ചെയ്തു. ഭരണഘടനയും ദ്വിമണ്ഡല നിയമസഭയും ഉത്തരവാദഭരണവും നിലവിൽവന്നത് 1856-ലാണ്. ദ്വീപിന് വാൻ ഡീമെൻസ് ലാൻഡ് എന്നതിനു പകരം 1856-ൽ ടാസ്മേനിയ എന്നു പേരു നൽകി. 1857 മുതൽ അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യം ദീർഘകാലം നീണ്ടുനിന്നു; രാഷ്ട്രീയ അസ്ഥിരതയും ഉണ്ടായി. 1880-നുശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കാർഷിക, വ്യാവസായിക മേഖലകളിൽ വികസനമുണ്ടായി. ഓസ്ട്രേലിയയൻ ഫെഡറേഷനുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചത് 1890-കളിലാണ്. 1901-ൽ ഓസ്ട്രേലിയയൻ കോമൺവെൽത്തിലെ ഒരു സംസ്ഥാനമായി ടാസ്മേനിയ മാറി.
ടാസ്മേനിയ സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാണെങ്കിലും പാർലമെന്റിനോടുത്തരവാദിത്വമുള്ള പ്രധാനമന്ത്രിയും ക്യാബിനറ്റുമാണ് യഥാർഥഭരണം നടത്തുന്നത്. സംസ്ഥാന നിയമസഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ട്; അധോമണ്ഡലം ഹൗസ് ഒഫ് അസംബ്ലിയും (35 അംഗങ്ങൾ), ഉപരിമണ്ഡലം ലെജിസ്ലേറ്റീവ് കൗൺസിലും (19 അംഗങ്ങൾ) ആണ്. ഓസ്ട്രേലിയയൻ പാർലമെന്റിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റിവിൽ സംസ്ഥാനത്തിന് 5 അംഗങ്ങളുടെയും സെനറ്റിൽ 10 അംഗങ്ങളുടെയും പ്രാതിനിധ്യമുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads