ടാട്ടർസ്താൻ
From Wikipedia, the free encyclopedia
Remove ads
മുൻ റഷ്യൻ ഫെഡറേഷനിലുൾപ്പെട്ടിരുന്ന 21 റിപ്പബ്ലിക്കുകളിൽ ഒന്നാണ് ടാട്ടർസ്താൻ. മുമ്പ് യു. എസ്. എസ്. ആർ.-ൽ ഉണ്ടായിരുന്ന ജനവർഗാടിസ്ഥാന-രാഷ്ട്രീയ ഭൂവിഭാഗമായിരുന്നു ഇത് (ethnic political division). വംശീയാടിസ്ഥാനത്തിൽ സോവിയറ്റ് യൂണിയനിൽ രൂപം കൊണ്ട ആദ്യ സ്വയംഭരണ പ്രദേശങ്ങളിലൊന്നാണ് ടാട്ടർസ്താൻ.
- വിസ്തീർണം: 68,000 ച. കി. മീ.
- ജനസംഖ്യ: 37,55,000 (1995 ജനുവരി)
- തലസ്ഥാനം: കസൻ
- തലസ്ഥാന ജനസംഖ്യ: 11 ലക്ഷം.
Remove ads
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി ഒരു നിമ്നതടത്തിലാണ് ടാട്ടർസ്താന്റെ സ്ഥാനം. വോൾഗാനദിയുടെ മധ്യഭാഗവും (Middle Volga), കാമാനദിയുടെ അവസാനഭാഗവും (Lower Kama) ഇതിനെ മുറിച്ചു കടക്കുന്നു. മൂന്നു നൈസർഗിക ഭൂഭാഗങ്ങളാണ് ടാട്ടർ പ്രദേശത്തുള്ളത്. ഇതിലാദ്യത്തേത് വോൾഗയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഉന്നത തടങ്ങളാണ്. ചെറുനദികളുണ്ടാക്കുന്ന ഉയർന്ന തോതിലുള്ള ചാലുകീറൽ അപരദനം (gully erosin), കരിമണ്ണ്, ഇല പൊഴിയും കാടുകൾ എന്നിവ ഈ ഭൂഭാഗത്തിന്റെ പ്രത്യേകതകളാണ്. കാമാ നദിയുടെ ഉത്തരതീരത്തെ നിമ്നതടമാണ് രണ്ടാമത്തേത്. പോഡ്-സോളിക് മണ്ണും, സ്തൂപികാഗ്രിത വനങ്ങളും, ചതുപ്പു നിലങ്ങളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ. മൂന്നാമത്തെ ഭൂഭാഗം കാമാനദിയുടെ തെക്കേ തീരത്തു സ്ഥിതി ചെയ്യുന്നു. സ്റ്റെപ്പി പുൽമേടുകൾ നിറഞ്ഞ ഈ നിമ്ന ഭൂഭാഗം കരിമണ്ണിനാൽ സമ്പുഷ്ടമാണ്. ടാട്ടർസ്താന്റെ ഉത്തരഭാഗങ്ങളിൽ ഇല പൊഴിയും വനങ്ങളും ദക്ഷിണ ഭാഗങ്ങളിൽ സ്റ്റെപ്പി സസ്യജാലവും കാണപ്പെടുന്നു.
Remove ads
കൃഷി
ഈർപ്പം നിറഞ്ഞ വടക്കു പടിഞ്ഞാറൻ മേഖലയിലെ കൃഷിയിടങ്ങളിൽ കാലിത്തീറ്റ വിളകൾക്കും, ഉരുളക്കിഴങ്ങ്, ചണച്ചെടി, കരിമ്പ് എന്നീ വിളകൾക്കുമാണ് മുൻതൂക്കം. കോഴി-കന്നുകാലി-പന്നിവളർത്തലും മുഖ്യ ഉപജീവന മാർഗങ്ങൾ തന്നെ. വരണ്ട വടക്കു കിഴക്കൻ മേഖലകളിൽ ഗോതമ്പ്, സൂര്യകാന്തി എന്നിവയുടെ കൃഷിക്കും ഇറച്ചിക്കാവശ്യമായ കന്നുകാലി വളർത്തലിനുമാണ് പ്രാമുഖ്യം.
വ്യവസായം





രാഷ്ട്ര തലസ്ഥാനമായ കസനു (Kazan) ചുറ്റുമായാണ് ഉല്പ്പാദന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. രാസ വസ്തുക്കൾ, തുകൽ, രോമചർമ്മ വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇവിടെത്തെ പ്രധാന ഉത്പ്പന്നങ്ങൾ. സെലനോഡോൾസ്കിൽ (Zelenodolsk), തടിയുത്പന്നങ്ങൾ, സ്ഫടികം തുടങ്ങിയവയുടെ വ്യവസായവും ചിസ്റ്റോപോളിൽ (chistopol) ക്ലോക്കുകൾ, വാച്ചുകൾ എന്നിവയുടെ ഉത്പ്പാദനവും കേന്ദ്രീകരിച്ചിരിക്കുന്നു. ഇവിടെത്തെ സുലഭമായ എണ്ണ നിക്ഷേപങ്ങൾ എണ്ണ ശുദ്ധീകരണ വ്യവസായശാലകളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്. എൻജിനീയറിങ് വ്യവസായവും ടാട്ടർസ്താനിൽ നിർണായകമായ വളർച്ച നേടിയിരിക്കുന്നു.
ട്രക്കുനിർമ്മാണ കേന്ദ്രം
റഷ്യയിലെ ഏറ്റവും വലിയ ട്രക്ക് നിർമ്മാണകേന്ദ്രങ്ങളിൽ ഒന്നാണ് ടാട്ടർസ്താൻ. കാമാ നദീതീരത്തെ പുതിയ ജലവൈദ്യുതോല്പ്പാദന കേന്ദ്രത്തിനടുത്താണ് ട്രക്കു വ്യവസായം കേന്ദ്രീകരിച്ചിട്ടുള്ളത്. എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ, 1950-കളിൽ സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രമുഖ എണ്ണ ഉത്പ്പാദകരാജ്യമായി ടാട്ടർ മാറി. ഇവിടത്തെ ആൽമേറ്റിവ്സ്ക് (Almetievsk) നഗരത്തിനു ചുറ്റുമുള്ള എണ്ണപ്പാടങ്ങളിൽ നിന്ന് മറ്റ് അയൽരാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ടാട്ടർസ്താനിലെ എണ്ണ വ്യവസായം നിഷ്നെകാംസ്ക് (Nizhnekamsk) നഗരത്തെ ഒരു പെട്രോകെമിക്കൽ കേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു. കാമാ നദിക്കരയിൽ ആൽമേറ്റിവ്സ്കിനു വടക്കാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
Remove ads
പ്രധാന നഗരങ്ങൾ
തലസ്ഥാന നഗരമായ കസൻ കഴിഞ്ഞാൽ
- ചിസ്റ്റോപോൾ (Chistopol)
- നാബെറീഷ്നിയെ (Naberezhniye)
- ചെൽനി (Chelny)
- അൽമേറ്റൈവ്സ്ക് (Almetyevsk)
- ബഗുൽമെ (Bugulme)
എന്നിവയാണ് ടാട്ടർസ്താനിലെ മറ്റു പ്രധാന നഗരങ്ങൾ.
ജനവിഭാഗങ്ങൾ
1989-ലെ സെൻസസു പ്രകാരം ജനസംഖ്യയുടെ
- 48.5 ശ. മാ. ടാട്ടർ വംശജരാകുന്നു.
- റഷ്യർ (43.3 ശ. മാ.)
- ചൂവാഷ് (3.7 ശ. മാ.)
- ഉക്രേനിയർ (0.9 ശ. മാ.)
- മൊർഡോവിയർ (0.8 ശ. മാ.)
എന്നിവരാണ് ഇതര ജനവിഭാഗങ്ങൾ.
ചരിത്രം
10-ആം നൂറ്റാണ്ട് മുതൽ 13-ആം നൂറ്റാണ്ടു വരെ മംഗോൾ അധീനതയിലുള്ള വോൾഗാ-കാമാ-ബൾഗാർ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു പ്രദേശമായിരുന്നു ടാട്ടർസ്താൻ. 15-ആം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് ഇതു കസൻ (ടാട്ടർ) ഖാൻമാരുടെ ആസ്ഥാനമായി. 1552-ൽ വീണ്ടും റഷ്യൻ അധീനതയിലായ ഈ പ്രദേശം 1920-ൽ ഒരു സ്വയംഭരണ റിപ്പബ്ലിക്കായിത്തീർന്നു. 1991-ലെ സുപ്രീം സോവിയറ്റ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്ന് 1992 മാർച്ച്|മാർച്ചിൽ]] ഇവിടെ നടന്ന ജനഹിത പരിശോധനയിൽ 61.4 ശ. മാ. ജനങ്ങളും ടാട്ടർസ്താന്റെ സ്വയംഭരണത്തിന് അനുകൂലമായി വോട്ടു ചെയ്തു. തുടർന്ന് 1992 ഏപ്രിലിൽ പുതിയ ഭരണഘടന നിലവിൽ വന്നു. ഇതിൻ പ്രകാരം ടാട്ടർസ്താൻ ഒരു പരമാധികാര രാഷ്ട്രമായി. 1994 ഒക്ടോബറിൽ റഷ്യയുടെയും ടാട്ടർസ്താന്റെയും പ്രസിഡന്റുമാർ ടാട്ടർസ്താൻ റഷ്യയോടു ചേർന്നുള്ള ഒരു സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഉടമ്പടിയിൽ ഒപ്പുവച്ചെങ്കിലും റഷ്യൻ പാർലമെന്റ് ഇതുവരെയും ഇതിനെ സാധുവാക്കിയിട്ടില്ല.
യു. എസ്. എസ്. ആർ. അക്കാദമി ഒഫ് സയൻസിന്റെ ഒരു ശാഖ ടാട്ടർസ്താനിലുണ്ട്. അഞ്ചു സ്ഥാപനങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads