ടെഗൂസിഗാൽപ
From Wikipedia, the free encyclopedia
Remove ads
മധ്യ അമേരിക്കൻ റിപ്പബ്ളിക്കായ ഹോണ്ടുറാസിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് തെഗുസികല്പ . സെൻട്രൽ ഡിസ്ട്രിക്ടിൽപ്പെട്ട ഈ നഗരം ചോലുതേക നദിക്കരയിൽ സ്ഥിതിചെയ്യുന്നു. മൂന്നു വശങ്ങളും മലനിരകളാൽ ചുറ്റപ്പെട്ട ഒരു അന്തർ പർവ്വത തടത്തിൽ (Inter mountain basin) ഏകദേശം 975 മീ. ഉയരത്തിലാണ് ടെഗൂസിഗാൽപയുടെ സ്ഥാനം. ജനസംഖ്യ: 775300 (1994)
ഹോൺഡുറാസിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ടെഗൂസിഗാൽപ. തുണിത്തരങ്ങൾ, പഞ്ചസാര, പുകയിലയുത്പ്പന്നങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ, സോപ്പ് എന്നിവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പ്പന്നങ്ങളിൽപ്പെടുന്നു.
ടെഗൂസിഗാൽപയെയും കോമായാഗീല (Comayaguela) നഗരത്തെയും ചോലുതേക നദിയാണ് വേർതിരിക്കുന്നത്. രണ്ടു നഗരങ്ങൾക്കും പ്രത്യേകം മുനിസിപ്പൽ കൌൺസിലുകൾ ഉണ്ടെങ്കിലും ഇവ രണ്ടും ഭരണാവശ്യത്തിലേക്കായി ഏകീകരിച്ച് 'സെൻട്രൽ ഡിസ്ട്രിക്ട് ' എന്ന ഒറ്റ പ്രദേശമായി കണക്കാക്കപ്പെടുന്നു.
ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ ഇവിടെ വരണ്ട കാലാവസ്ഥയനുഭവപ്പെടുന്നു. ഇക്കാലത്ത് താപനില 10°- 32° സെന്റീഗ്രേഡ് വരെ ആകാറുണ്ട്. എന്നാൽ മഴക്കാലത്ത് മിതോഷ്ണ മേഖലാ കാലാവസ്ഥയാണുള്ളത്.
1847-ൽ സ്ഥാപിതമായ ദേശീയ സ്വയംഭരണ സർവകലാശാല, കാർഷിക-സംഗീത കോളജുകൾ, ഹോൺഡുറാസ് അക്കാദമി, നാഷണൽ ലൈബ്രറി ആന്റ് ആർക്കൈവ്സ് എന്നിവ ടെഗൂസിഗാൽപയിലാണ്. പ്രകൃതി ചരിത്ര-പുരാതനാവശിഷ്ട-പ്രദർശന വസ്തുക്കൾ ഉൾക്കൊള്ളുന്ന ദേശീയ മ്യൂസിയം, കത്തീഡ്രൽ (18-ാം ശ.) പ്രസിഡന്റിന്റെ കൊട്ടാരം, ആധുനിക ദേശീയ അസംബ്ളി മന്ദിരം മുതലായവ ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽപ്പെടുന്നു.
1578-ൽ സ്പെയിൻകാരാണ് നഗരം സ്ഥാപിച്ചത്. പിന്നീട് നഗരം ചെറിയ തോതിൽ ആധുനികവത്ക്കരിക്കപ്പെട്ടുവെങ്കിലും ഇന്നും പുരാതന നഗരം ഏറെ മാറ്റങ്ങളൊന്നുംകൂടാതെ നിലനിൽക്കുന്നു. ഈ പ്രദേശത്തും ഇതിനുചുറ്റിലുമായി വികസിച്ച സ്വർണ-വെള്ളി ഖനന വ്യവസായങ്ങൾ ഒരു വാണിജ്യകേന്ദ്രമെന്ന നിലയിലേക്കു തെഗുസികല്പയെ വളർത്തിയിട്ടുണ്ട്. 1880-ൽ തെഗുസികല്പ സ്ഥിരം തലസ്ഥാനമായി. 1930 കളുടെ അവസാനത്തിൽ ഈ നഗരം കോമായാഗീല പട്ടണവുമായി ലയിക്കപ്പെട്ടു.
ലോകത്തിലെ റെയിൽപ്പാതകളില്ലാത്ത വിരളമായ തലസ്ഥാനങ്ങളിലൊന്നാണ് തെഗുസികല്പ. എന്നാൽ ഇവിടത്തെ വ്യോമ-റോഡു ഗതാഗത മാർഗങ്ങൾ താരതമ്യേന മെച്ചപ്പെട്ടവയാണ്. നഗരത്തിൽനിന്നും 6 കി.മീ. ദൂരെ മാറിയാണ് ടോൺകോൻടിൻ (Toncontin) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം. ഹോൺഡുറാസിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്ന് ടെഗൂസിഗാൽപയിൽ സ്ഥിതിചെയ്യുന്നു.
Remove ads
അവലംബം
കുറിപ്പുകൾ
അധിക വായനക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads