മൂന്നാമത് പ്ലേഗ് പാൻഡെമിക്
From Wikipedia, the free encyclopedia
Remove ads
1855-ൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ ആരംഭിച്ച ഒരു പ്രധാന ബ്യൂബോണിക് പ്ലേഗ് പാൻഡെമിക് ആണ് മൂന്നാമത് പാൻഡെമിക് എന്ന പേരിൽ അറിയപ്പെടുന്നത്. [1] ബ്യൂബോണിക് പ്ലേഗിന്റെ ഈ പകർച്ചവ്യാധി മനുഷ്യവാസമുള്ള എല്ലാ ഭൂഘണ്ഡങ്ങളിലേയ്ക്കും പടർന്നുപിടിച്ചു. ഇന്ത്യയിൽ മാത്രം ഒരു കോടി ആൾക്കാർ പ്ലേഗ് ബാധ മൂലം മരണമടഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു. [2] 1900-1909 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പ്ലേഗ് ബാധയുണ്ടായി[3] 1959 വരെ ഇടയ്ക്കിടെ മനുഷ്യരെ ഈ പാൻഡെമിക്കിന്റെ ഭാഗമായി പ്ലേഗ് ബാധിക്കാറുണ്ടായിരുന്നു. [4] ഇപ്പോൾ ഒരു വർഷം 200 എന്ന നിലയിലേയ്ക്ക് മരണസംഖ്യ ചുരുങ്ങിയിട്ടുണ്ട്.
ഇതിനു മുൻപുള്ള രണ്ട് പ്രധാന പ്ലേഗുകളായ പ്ലേഗ് ഓഫ് ജസ്റ്റീനിയൻ, ബ്ലാക്ക് ഡെത്ത് എന്നിവയും ബ്യൂബോണിക് പ്ലേഗ് കാരണമാണുണ്ടായത്.[5]
പത്തൊൻപതാം നൂറ്റാണ്ടിൽ പടർന്നുപിടിച്ച പ്ലേഗ് പ്രധാനമായും കപ്പലുകൾ വഴിയായിരുന്നു പടർന്നിരുന്നത്. ഇത് പ്രധാനമായും ബ്യൂബോണിക് പ്ലേഗ് ആയിരുന്നു. രണ്ടാമത്തെ വിഭാഗം പ്രധാനമായും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നതും കൂടുതൽ മാരകവുമായിരുന്നുവത്രേ. ഇത് ഏഷ്യയിൽ മാത്രമായി (മഞ്ചൂറിയ, മംഗോളിയ എന്നിവിടങ്ങൾ) ഒതുങ്ങിനിന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
Remove ads
പാൻഡെമിക്കിന്റെ സവിശേഷതകൾ
മദ്ധ്യ ഏഷ്യയിലെ എലിവർഗ്ഗത്തിൽ പെട്ട തുരന്നു ജീവിക്കുന്ന ജീവികളിൽ ബ്യൂബോണിക് പ്ലേഗ് നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്നു. ഇത് ഇടയ്ക്കിടെ മനുഷ്യരിലേയ്ക്ക് പടർന്ന് അസുഖമുണ്ടാക്കുമായിരുന്നു. ലോക വ്യാപാരത്തിലെ വർദ്ധനയാണത്രേ ഈ അസുഖം ലോകമാസകലം പടരാനുണ്ടായ കാരണം.
ചൈനയിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു

1850 കളിൽ ചൈനയിലെ യൂനാൻ പ്രവിശ്യയിലാണ് പ്ലേഗ് ആരംഭിച്ചത്.[1] ഈ പകർച്ചവ്യാധി പ്രവിശ്യയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കുമായിരുന്നുവെങ്കിലും ഒരു മുസ്ലീം കലാപത്തെത്തുടർന്ന് ഇത് പുറത്തേയ്ക്ക് പടരുകയായിരുന്നുവത്രേ. പ്രാദേശിക ഗോത്രവർഗ്ഗക്കാർ കലാപത്തെത്തുടർന്ന് നാടുവിട്ടു. മൃഗങ്ങളെ വളർത്തുന്ന രീതിയും മാറി. ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു. കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി. ഇത് ചൈനയിലെ ഉയർന്ന ജനസംഖ്യയുള്ള പ്രവിശ്യകളിലേയ്ക്ക് അസുഖം പടരാനിടയാക്കി. കാന്റൺ പട്ടണത്തിൽ 1894 മാർച്ച് മുതൽ ഏതാനം ആഴ്ച്ച കൊണ്ട് 60,000 ആൾക്കാർ മരണപ്പെട്ടു. ഹോങ്ക് കോങിലേയ്ക്ക് അസുഖം പടർന്നു. രണ്ടുമാസത്തിനുള്ളിൽ 100,000 ആൾക്കാർ മരിക്കുകയുണ്ടായി. ഹോങ്ക് കോങിൽ 1929 വരെ ഈ അസുഖം നിലവിലുണ്ടായിരുന്നു.[6]
കൊളോണിയൽ ഇന്ത്യയിലെ രാഷ്ട്രീയത്തിൽ പ്ലേഗ് ചെലുത്തിയ സ്വാധീനം

പ്ലേഗ് 1896-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി. അടുത്ത മുപ്പത് വർഷം കൊണ്ട് രാജ്യത്തെ ഒരുകോടി ഇരുപത്തഞ്ച് ലക്ഷം ആൾക്കാർ ഈ അസുഖം മൂലം മരണമടഞ്ഞു. ഏകദേശം എല്ലാ കേസുകളും ബ്യൂബോണിൽ പ്ലേഗ് ബാധയായിരുന്നു. വളരെക്കുറച്ചു കേസുകളേ കൂടുതൽ മാരകമായ ന്യൂമോണിക് പ്ലേഗ് എന്ന അവസ്ഥയിലേയ്ക്ക് മാറിയിരുന്നുള്ളൂ. ബോംബെ പോലുള്ള തുറമുഖനഗരങ്ങളിലാണ് ആദ്യം പ്ലേഗ് കാണപ്പെട്ടതെങ്കിലും പിന്നീട് പൂനെ, കൽക്കട്ട, കറാച്ചി എന്നിവിടങ്ങളിലേയ്ക്കും പടർന്നുപിടിച്ചു. 1899-ഓടെ ഗ്രാമപ്രദേശങ്ങളിലേയ്ക്കും രോഗം പടർന്നുപിടിച്ചു. പശ്ചിമ ഇന്ത്യയിലും ഉത്തരേന്ത്യയിലുമായിരുന്നു കൂടുതൽ മരണങ്ങളുണ്ടായത്.
ക്വാറണ്ടൈൻ, ഒറ്റപ്പെട്ട ക്യാമ്പുകൾ എന്നിവയായിരുന്നു കൊളോണിയൽ സർക്കാരിന്റെ പ്രധാന പ്രതിരോധനടപടികൾ. ബ്രിട്ടീഷ് സൈന്യമായിരുന്നു തീരപ്രദേശങ്ങളിൽ ക്വാറണ്ടൈൻ നടപ്പാക്കിയിരുന്നത്. ഈ നടപടികൾ അടിച്ചമർത്തലായാണ് ഇന്ത്യക്കാർ കണ്ടത്. 1898–1899-ഓടെ സർക്കാർ നടപടികളിൽ കാതലായ മാറ്റം വന്നു. ബലമുപയോഗിച്ച് പ്ലേഗ് പരക്കുന്നതു തടയുന്നത് ഫലപ്രദമാവില്ല എന്ന് ആ സമയത്തോടെ സർക്കാരിന് ബോദ്ധ്യമായി. കഠിനമായ നടപടികളെടുത്തുവെങ്കിലും ഈ സമയം കൊണ്ട് അസുഖം ഗ്രാമപ്രദേശങ്ങളിലേയ്ക്കും ഉൾനാടുകളിലേയ്ക്കും പടർന്നിരുന്നു. പ്രതിരോധക്കുത്തിവയ്പ്പുകൾ നടത്താൻ ഈ സമയത്തോടെ ബ്രിട്ടീഷ് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ തീരുമാനമെടുത്തിരുന്നു. വാൾഡ്മാർ ഹാഫ്കൈൻ പ്ലേഗ് വാക്സിനായിരുന്നു ഇതിനുപയോഗിച്ചത്. കുത്തിവയ്പ്പ് നിർബന്ധമല്ല എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നാട്ടുവൈദ്യന്മാരെയും പ്രതിരോധപരിപാടികളിൽ ഉൾപ്പെടുത്തുവാനും സർക്കാർ തീരുമാനിച്ചു.
പൂനെയിലെ ദേശീയവാദികൾക്ക് സർക്കാർ നയത്തെ എതിർക്കാനുള്ള അവസരമാണ് ഗവണ്മെന്റിന്റെ അടിച്ചമർത്തലിലൂടെ ലഭിച്ചത്. 1897 ജൂൺ 22-ന് ചപേക്കർ സഹോദരന്മാർ ഡബ്ല്യൂ. സി. റാൻഡ് എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ സൈനിക സഹായിയെയും വെടിവച്ചുകൊന്നു. റാൻഡ് പ്രത്യേക പ്ലേഗ് കമ്മിറ്റി ചെയർമാനായി ജോലി ചെയ്യുകയായിരുന്നു. പ്ലേഗ് പാൻഡെമിക് സമയത്ത് ലോകത്ത് ഉദ്യോഗസ്ഥർക്കെതിരേ നടന്ന ഏറ്റവും കഠിനമായ പ്രവൃത്തിയാണത്രേ ഇത്. ദേശീയവാദികളായ മാദ്ധ്യമങ്ങളും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്നു എന്നായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ. ബാല ഗംഗാധര തിലകനെ കേസരി പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റമാരോപിച്ച് പതിനെട്ട് മാസം കഠിനതടവിന് ശിക്ഷിക്കുകയുണ്ടായി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads