ടൂണിസ്സ്

From Wikipedia, the free encyclopedia

Remove ads

ടുണീഷ്യയുടെ തലസ്ഥാനമാണ് ടൂണിസ്സ്. ജനസംഖ്യ: 674100 (1994). ടുണീഷ്യയുടെ വടക്കുകിഴക്കൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തെ ഇടുങ്ങിയ ഒരു കനാൽ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്നു. 'ടൂണിസ്സ് തടാകം' എന്ന പേരിൽ അറിയപ്പെടുന്ന ആഴംകുറഞ്ഞ തീരദേശ തടാകത്തിന്റെ അഗ്രത്തിലാണ് ടൂണിസ്സ് നഗരത്തിന്റെ ആസ്ഥാനം. പുരാതന കാർത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങൾ ടൂണിസ്സിന്റെ പാർശ്വങ്ങളിലാകമാനം ചിതറിക്കിടക്കുന്നുണ്ട്. ടുണീഷ്യയിലെ പ്രധാന വ്യാവസായിക - വാണിജ്യ-ഗതാഗത കേന്ദ്രം കൂടിയാണ് ടൂണിസ്സ്.ടുണീഷ്യൻ, യൂറോപ്യൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രവിശ്യകൾ ഉൾപ്പെടുന്നതാണ് ടൂണിസ്സ്.

വസ്തുതകൾ ടൂണിസ്സ് Tunis, Tunisie تونس Tunis, Tunisie, Country ...

മധ്യകാലഘട്ടത്തിന്റെ ചരിത്രസ്മൃതികൾ ഉൾക്കൊള്ളുന്ന മെഡിന (Medina)യും പാർശ്വങ്ങളിലായി ബാബൽ ജസിറയും (Babal-Djazira), ബാബ് അസ് സൗയ്ക(Bab-as-Souika)യും ഉൾപ്പെടുന്നതാണ് ടുണീഷ്യൻ പരിച്ഛേദം. ഇതിൽ മെഡിനയാണ് ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്നത്. നഗരത്തിലെ മുസ്ലിം ജനസംഖ്യയുടെ 3/5 ഭാഗവും നിവസിക്കുന്നത് ഇവിടെയാണ്. വൈദേശികാധിപത്യത്തിന്റെ അവശിഷ്ടമായി ഇവിടെ നിലനിന്നിരുന്ന കസ്ബാബ് (Casbab) കോട്ട സ്വാതന്ത്ര്യാനന്തരം തകർക്കപ്പെട്ടു. ഫ്രാൻസിന്റെ ആധിപത്യകാലഘട്ടത്തിൽ (1881-1956) ടുണീഷ്യൻ ദേശീയവാദികളെ തടവിൽ പാർപ്പിച്ചത് ഇവിടെയായിരുന്നു. തടാകത്തിനും മെഡിനയ്ക്കും മധ്യേയുള്ള വിസ്തൃതഭാഗമാണ് യൂറോപ്യൻ പ്രവിശ്യ.

സുക്സ് (Suqs) എന്നു വിളിക്കുന്ന കമ്പോളങ്ങളാണ് മെഡിന തെരുവുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ഡർ ബെൻ അബ്ദല്ലായിൽ (Dar Ben Abdallah) ടുണീഷ്യൻ കരകൗശല വസ്തുക്കളുടെ പ്രദർശനശാലയുണ്ട്. സിറ്റൗന (Zitouna) പള്ളി, മൂറിഷ് ശില്പചാരുതയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന മുസ്ലീം കൗബെ (Koube) എന്നിവയും പ്രധാനംതന്നെ. ടൂണിസ്സിന്റെ പ. ഭാഗത്ത് ഉത്തരാഫ്രിക്കയിലെ മുഖ്യ പുരാവസ്തു മ്യൂസിയമായ ബർഡോ (Bardo) സ്ഥിതിചെയ്യുന്നു. പൗരാണിക മൊസൈക്കുക്കളുടെ വിപുലവും ആകർഷകവുമായ ശേഖരം മ്യൂസിയത്തിന്റെ സവിശേഷതയാണ്. ട്യുണീഷ്യൻ, റോമൻ, ബൈസാന്തിയൻ സംസ്കൃതികളുടെ സ്മരണകൾ ഉണർത്തുന്ന പുരാതന കാർത്തേജ് നഗരാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്.

പുരാതനകാലത്ത് കാർത്തേജ് എന്ന നഗരരാഷ്ട്രത്താൽ ചുറ്റപ്പെട്ടിരുന്ന ടൂണിസ്സ് അറബികളുടെ കടന്നാക്രമണത്തോടെയാണ് (ഏ. ഡി 600) ചരിത്രത്തിൽ സ്ഥാനം നേടുന്നത്. തുടർന്ന് അഗ്ലബിദ് (Aghlabid), ഫാത്തിമിദ് (Fatimid) രാജവംശങ്ങളുടെ ആസ്ഥാനമായി ഇവിടം മാറി. ഹഫ്സിദ് (Hafsid) രാജവംശത്തിന്റെ കാലഘട്ടത്തിൽ ടൂണിസ്സ്, ടുണീഷ്യയിലെ പ്രമുഖ നഗരവും ഇസ്ലാമിക സംസ്കൃതിയുടെ ആസ്ഥാനവുമായി വികസിച്ചു. 16-ാം ശ.-ലെ ടർക്കോ - സ്പാനിഷ് യുദ്ധാനന്തരം 1574 വരെ ടൂണിസ്സ് സ്പെയിനിന്റെ അധീനതയിലായിരുന്നു.

1881-ൽ ടുണീഷ്യ ഫ്രാൻസിന്റെ അധീനതയിലായതോടെയാണ് ടൂണിസ്സ് ഒരു പ്രമുഖ വ്യാവസായിക-വാണിജ്യ-ഭരണ സിരാകേന്ദ്രമായി വികസിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ ജർമൻ പട്ടാളം ടൂണിസ്സ് പിടിച്ചെടുത്തു (1449 ന. 9). 1953 മേയ് 7-ന് ബ്രിട്ടൻ ടൂണിസ്സിനെ മോചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ടൂണിസ്സ് ദ്രുതഗതിയിലുള്ള നഗരവത്ക്കരണത്തിനും വികസന പ്രവർത്തനങ്ങൾക്കും വിധേയമായി. ചേരിപ്രദേശങ്ങളെ നിർമാർജ്ജനം ചെയ്ത നഗരവത്ക്കരണം ശ്മശാനങ്ങളെ പാർക്കുകളായി പുനഃസംഘടിപ്പിച്ചു.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads