വി.ആർ. കൃഷ്ണയ്യർ

ഇന്ത്യൻ സുപ്രീം കോടതി മുൻ ന്യായാധിപൻ From Wikipedia, the free encyclopedia

വി.ആർ. കൃഷ്ണയ്യർ
Remove ads

ഇന്ത്യയിലെ അതിപ്രഗല്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യർ കൃഷ്ണയ്യർ എന്ന വി.ആർ. കൃഷ്ണയ്യർ . (1914 നവംബർ 15 - 2014 ഡിസംബർ 4) പാലക്കാടിനടുത്ത് വൈദ്യനാഥപുരം ഗ്രാമത്തിൽ ജനിച്ച്, കൊയിലാണ്ടിയിൽ വളർന്ന്, അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ച് അഭിഭാഷകനായ അദ്ദേഹം 1952-ൽ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവുമായി. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. സർക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം) പ്രവർത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.

വസ്തുതകൾ വി.ആർ. കൃഷ്ണയ്യർ, കേരളത്തിലെ നിയമം, ജലവിഭവ മന്ത്രി ...

നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യർ രചിച്ച ഗ്രന്ഥങ്ങൾ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.

വാർദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബർ 4-ന് തന്റെ 100-ആം വയസ്സിൽ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1] 100-ആം ജന്മദിനം ആഘോഷിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Remove ads

ബാല്യകാലം

1914 നവംബർ 15-ന് തുലാമാസത്തിലെ പൂയം നക്ഷത്രത്തിൽ പാലക്കാടിനടുത്ത് വൈദ്യനാഥപുരത്ത് അഡ്വ. വി.കെ. രാമചന്ദ്രയ്യരുടെയും നാരായണി അമ്മാളുടെയും മകനായി ജനിച്ച കൃഷ്ണയ്യർ തന്റെ ബാല്യകാലം ചിലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. രാമചന്ദ്രയ്യർ-നാരായണി അമ്മാൾ ദമ്പതികളുടെ ഏഴുമക്കളിൽ മൂത്തയാളായിരുന്നു അദ്ദേഹം. തമിഴ്നാട് പോലീസ് മേധാവിയായിരുന്ന വി.ആർ. ലക്ഷ്മീനാരായണൻ അദ്ദേഹത്തിന്റെ അനുജനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാമചന്ദ്രയ്യർ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കൊയിലാണ്ടിയിലെ കോതമംഗലത്തെ അദ്ദേഹത്തിന്റെ വസതി ഈ അടുത്തകാലം വരെ നിലനിന്നിരുന്നു. കോതമംഗലം എൽ. പി സ്കൂളിലാണ്‌ ശ്രീ കൃഷ്ണയ്യർ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Remove ads

കുടുംബം

1974-ൽ അന്തരിച്ച കൃഷ്ണയ്യരുടെ ഭാര്യ ശാരദ പൊതുപ്രവർത്തകയും സംഗീതജ്ഞയുമായിരുന്നു. ഇവർക്ക് രമേശ്, പരമേശ് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. ഒരാൾ മദിരാശിയിലും മറ്റൊരാൾ അമേരിക്കയിലുമാണ്.

പുരസ്കാരങ്ങൾ

Thumb
വി.ആർ. കൃഷ്ണയ്യർ

സോവിയറ്റ് ലാന്റ് നെഹ്റു അവാർഡും ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റർനാഷണൽ ബാർ കൌൺസിൽ (International Bar Council) കൃഷ്ണയ്യർക്ക് “ലിവിങ്ങ് ലജൻഡ് ഓഫ് ലോ” (Living Legend Of Law) എന്ന ബഹുമതി നൽകി ആദരിച്ചു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും പത്മ വിഭൂഷൺ ബഹുമതിയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ "ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്" നൽകിയും ആദരിച്ചിട്ടുണ്ട്.

കൃതികൾ

എഴുപതിൽപരം പുസ്തകങ്ങൾ എഴുതി. കൂടുതലും നീതിന്യായം, നിയമം എന്നീമേഖലയിലേതാണ്. ചില യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

  • 'ലൈഫ് ആഫ്‌റ്റെർ ഡെത്ത് '
  • 'വാണ്ടറിങ് ഇൻ മെനി വേൾഡ്‌സ്' (ആത്മകഥ)

വിമർശനം

നരേന്ദ്ര മോദിയുടെ ശിവഗിരി സന്ദർശനം വിഷയമാക്കികൊണ്ട് സാഹിത്യകാരൻ സക്കറിയ എഴുതിയ ഒരു ലേഖനത്തിൽ കൃഷ്ണയ്യർ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ട്:"കണ്ണടച്ചുകൊണ്ട് വർഗീയതയുടെ പാൽകുടിച്ചാസ്വദിക്കുന്ന മറ്റൊരു "ഇടതുപക്ഷ"ക്കാരനായ വി.ആർ. കൃഷ്ണയ്യരോട് ഒരു വാക്ക് ഉരിയാടാതെ നരേന്ദ്ര മോദി കേരള മണ്ണ് വിട്ടുപിരിഞ്ഞില്ല എന്നതും രസകരമാണ്. മോഡിയുടെ കേരളത്തിലെ ഭാവി ബ്രഹ്മസ്ഥനാധിപതികളിലൊരാൾ സ്വാമിയാവാനാണ് വഴി"[2]

നൂറാം ജന്മദിനവും മരണവും

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുദ്ധിമുട്ടിയിരുന്നെങ്കിലും കർമ്മരംഗത്ത് കൃഷ്ണയ്യർ സജീവമായിരുന്നു. 2014 നവംബർ 15-ന് അദ്ദേഹം തന്റെ 100-ആം ജന്മദിനം ആഘോഷിച്ചു. അദ്ദേഹത്തിന്റെ ജന്മശതാബ്ദി എറണാകുളത്തുകാർ വൻ ആഘോഷമാക്കി നടത്തി. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്ന് നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം ഗുരുതരമായ ശ്വാസകോശരോഗത്തെത്തുടർന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി വന്നു. ഒടുവിൽ ഡിസംബർ 4-ന് വൈകീട്ട് 3:30-ഓടെ ആ ഹൃദയതാളം നിലച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഈ ലോകത്തോട് വിടപറഞ്ഞു. മൃതദേഹം വീട്ടിലും രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും പൊതുദർശനത്തിനുവച്ചപ്പോൾ ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചത്. പിറ്റേ ദിവസം വൈകീട്ട് ആറുമണിയോടെ രവിപുരം പൊതുശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads