സൊറോസ്ട്രിയൻ മതം
മതം From Wikipedia, the free encyclopedia
Remove ads
സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര[3] എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് സൊറോസ്ട്രിയൻ മതം അഥവാ പാർസി മതം. ഹഖാമനി കാലഘട്ടത്തിൽ[൧] വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്. ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനസാമ്രാജ്യമായിരുന്ന സസാനിയൻ സാമ്രാജ്യത്തിന്റെ കാലത്ത് സൊറോസ്ട്രിയൻ മതം സാമ്രാജ്യത്തിലെ ഔദ്യോഗികമതമായിരുന്നു. കൂടാതെ ഈ സമയത്ത് മതം സംഘടനാരൂപം കൈവരിക്കുകയും ചെയ്തു[4]. അവെസ്തയാണ് ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
അഹുറ മസ്സ്ദ എന്ന വിവേകത്തിന്റെ ദൈവത്തിൽ നിന്നും സറാത്തുസ്ട്രക്ക് ലഭിച്ച വെളിപാടുകളാണ് ഈ മതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. അഹൂറ മസ്ദയുടെ വിശ്വാസികൾ എന്ന അർത്ഥത്തിൽ ഈ മതത്തെ മസ്സ്ദ മതം അഥവാ മസ്സ്ദയിസം എന്നും അറിയപ്പെടാറുണ്ട്. ഇന്ന് ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിലായി രണ്ടരലക്ഷത്തോളം വിശ്വാസികളാണ് ഈ മതത്തിനുള്ളത്.
അഹൂറ മസ്ദയും മറ്റു ചില ദൈവങ്ങളുമാണ് ഈ മതത്തിൽ നന്മയുടെ പ്രതീകം. അംഗ്ര മൈന്യുവും കൂട്ടാളികളും ആണ് തിന്മയുടെ പ്രതീകമായി കണക്കാക്കുന്നത്. അംഗ്ര മൈന്യുവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു യുദ്ധക്കളമായാണ് അഹൂറ മസ്ദ ലോകം നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം. തിന്മയോട് പോരാടുന്നതിന് നന്മക്കൊപ്പം അണിനിരക്കാൻ മനുഷ്യരോട് ഈ മതം ആഹ്വാനം ചെയ്യുന്നു. ഈ പോരാട്ടത്തിലൂടെ ലോകത്തെ നിർമ്മലമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാൻ സാധിക്കുമെന്നും ഇവർ വിശ്വസിക്കുന്നു[3].
Remove ads
വിശ്വാസം
സൊറോസ്ട്രിയരുടെ വിശ്വാസപ്രകാരം, ഒരു ആദിമയാഗത്തിലൂടെ അഹൂറ മസ്ദ, പ്രപഞ്ചത്തിൽ ഒരു ക്രമമുണ്ടാക്കി, സൂര്യനെ ആകാശത്ത് സ്ഥാപിച്ചു, ഋതുക്കളെ നിയന്ത്രിച്ച് ജീവനും, ഭൂമിയുടെ ഫലഭൂയിഷ്ടതക്കും അടിസ്ഥാനമൊരുക്കി. എല്ലാജീവജാലങ്ങൾക്കും സന്തോഷവും സമാധാനവുമൊരുക്കി. പുരാതന അവെസ്തയിൽ അഹൂറ മസ്ദയുടെ ഈ സൃഷ്ടികർമ്മങ്ങൾ നിരവധി സ്ഥലങ്ങൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ പ്രപഞ്ചികദിനത്തിനു ശേഷം, ഇരുട്ടിന്റെ ശക്തികൾ, അഹൂറ മസ്ദയുടെ ഈ ക്രമീകൃതപ്രപഞ്ചത്തെ അട്ടിമറീച്ചു. അതിൽ നാശത്തേയ്യും മരണത്തേയ്യും കൊണ്ടുവന്നു. ക്രമമായ പ്രപഞ്ചത്തെ പുനഃസ്ഥാപിക്കുന്നതിന് അഹൂറ മസ്ദ മനുഷ്യരുടെ സഹായം തേടുന്നു. അവെസ്തയുടെ ഭാഗങ്ങളായ യസ്നയിലേയും, വിദേവ്ദാതിലേയും പൂജകളും ചടങ്ങുകളും അഹൂറ മസ്ദയുടെ പ്രപഞ്ചത്തെ പുനഃസ്ഥാപിക്കുന്നതിനും ഭേദപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.[5]
Remove ads
അവെസ്ത
സൊറോസ്ട്രിയൻ ആശയങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ് അവെസ്ത ഇത് ഒരു കൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്റെ പൊതുനാമമാണ്. 300-ആമാണ്ടിനും 600-ആമാണ്ടിനുമിടയിൽ ഇറാനിലെ സസാനിയൻ രാജാക്കന്മാരുടെ കാലത്താണ് ഇതിന്റെ ശേഖരണം നടന്നത്[3]. ഈ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണിത്. അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും വേദങ്ങളുമായി സാമ്യമുണ്ട്[6]. ചരിത്രപരമായും പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണിത്.
Remove ads
സറാത്തുസ്ത്ര
അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ (Gathas) പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ് സറാത്തുസ്ട്ര അഥവാ സൊറോസ്റ്റർ.[3] ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസ്ത്ര എന്നാണ് വിശ്വാസം.[5] സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്. ബി.സി.ഇ. രണ്ടാം സഹസ്രാബ്ദമാണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്നാണ് ഒരു മതം. എന്നാൽ ഏതാണ്ട് ബി.സി.ഇ. 600-നടുത്താണെന്നാണ് എന്നാണ് മറ്റൊരു വാദം.ഗാഥാകളിലെ ഭാഷയും, ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ള ഋഗ്വേദത്തിലെ ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്.
പരമ്പരാഗതമായി സറാത്തുസ്ട്ര, ബാക്‌ട്രിയയിലാണ് ജീവിച്ചിരുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ് ബാക്ട്രിയ. കിഴക്കൻ ഇറാനിലും ഇന്നത്തെ അഫ്ഘാനിസ്താനിലുമുള്ള നിരവധി പ്രദേശങ്ങൾ അവെസ്തയിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവെസ്തയുടെ പ്രസ്തുതഭാഗങ്ങളെല്ലാം പിൽക്കാലത്ത് രചിക്കപ്പെട്ടതിനാൽ സറാത്തുസ്ത്ര ഈ പ്രദേശത്തല്ല ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിലുള്ള അസർബയ്ജാനുമായും സറാത്തുസ്ട്രയുടെ പേര് ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.[3]
ഇന്തോ ആര്യന്മാരുടെ മതവിശ്വാസങ്ങളുമായുള്ള ബന്ധം
സറാത്തുസ്ട്രയുടെ മതം ഏതാണ്ട് ഏകദൈവത്തിലടിസ്ഥിതമായിരുന്നെങ്കിലും, മറ്റു മൂർത്തികളിലും ഇവർ വിശ്വസിച്ചിരുന്നു. സൊറോസ്ട്രിയൻ വിശ്വാസികളുടെ മിക്ക മൂർത്തികളേയും ഇന്തോ ആര്യന്മാരുടെ മതത്തിലും (ഹിന്ദുമതം) കാണാൻ സാധിക്കും.
- രണ്ടു മതങ്ങളിലും അഗ്നിയും ജലവും നിത്യപൂജകളിലും പ്രാർഥനകളിലും പ്രധാനപ്പെട്ടതാണ്. വലിയ പൂജകളിലെ സോമത്തിന്റെ സാന്നിധ്യവും എടുത്തുപറയത്തക്കതാണ്.
- സൊറോസ്ട്രിയൻ മതവും ഇന്തോ ആര്യന്മാരുടെ മതവും തമ്മിലുള്ള പ്രധാനവ്യത്യാസം ഇതാണ്: സൊറോസ്ട്രിയൻ വിശ്വാസങ്ങളിലെ തിന്മയുടെ അധിപനമായ അംഗ്ര മൈന്യുവിന്റെ കൂട്ടാളികളായ മൂർത്തികളെ ദേവ എന്നാണ് അറിയപ്പെടുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ഇന്ദ്രൻ, അത്തരത്തിൽ തിന്മയുടെ ഒരു ദേവനാണ്. ഇന്തോ-ആര്യന്മാരുടെ കാര്യത്തിൽ ഇന്ദ്രനടക്കമുള്ള ദേവന്മാർ ആരാധനാമൂർത്തികളാണ്.
ഇതിൽ നിന്നും സറാത്തുസ്ട്രയും അദ്ദേഹത്തിന്റെ വിശ്വാസികളും പുരാതന ഇന്തോ-ആര്യൻ ജനങ്ങളുടെ മതവിശ്വാസത്തെ എതിർത്തിരുന്നതായി കണക്കാക്കാം. അവെസ്തയുടെ പിൽക്കാലഭാഗങ്ങളിൽ ദേവന്മാരേയും അവരുടെ പ്രവൃത്തികളേയ്യും തികച്ചും അധമമായി ചിത്രീകരിക്കുന്നുണ്ട്[3].
Remove ads
ഇന്ത്യയിൽ
ഇറാനിൽ നിന്നും 7_ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സൊറോസ്ട്രിയൻ വിശ്വാസികൾ ഇന്നത്തെ ഗുജറാത്ത് -മഹാരാഷ്ട്ര ഭാഗങ്ങളിലെ കടലോരനഗരങ്ങളിൽ എത്തിച്ചേർന്നു. ഇന്ത്യയിൽ ഇവർ പാർസികൾ എന്നറിയപ്പെട്ടു.[6].
16 - 19_ആം നൂറ്റാണ്ടുകളിൽ കുടിയേറിയ ഇറാനികളാണ് ഇന്ത്യയിൽ സൊറോസ്ട്രിയൻ മതം പിന്തുടരുന്ന മറ്റൊരു കൂട്ടർ.
കുറിപ്പുകൾ
- ൧ ^ ദാരിയസിന്റെ ഭരണം മുതൽക്കാണ് ഹഖാമനി സാമ്രാജ്യത്തിൽ സൊറോസ്ട്രിയൻ മതം ഊട്ടിയുറപ്പിക്കപ്പെട്ടത്. ദാരിയസ് തന്റെ അധികാരം നിലനിർത്തുന്നതിന് മതത്തേയും അഹൂറ മസ്ദയേയും വിദഗ്ദ്ധമായി ഉപയോഗിക്കുകയായിരുന്നു എന്നു കരുതുന്നു. സ്വയം അഹൂറ മസ്ദയുടെ പ്രതിനിധിയായാണ് നക്ഷ് ഇ റോസ്തമിലേയും ബെഹിസ്തൂണീലേയും സൂസയിലേയും ലിഖിതങ്ങളിൽ ദാരിയസിനെ പരാമർശിക്കുന്നത്.[5]
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads