അഷ്ടമുടിക്കായൽ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള ഈ കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ് (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര് കായൽ പരന്നുകിടക്കുന്ന സ്ഥലത്തിൻറെ ഒരു ദൃശ്യരൂപം വരച്ചുകാട്ടുന്നു. എട്ടു പ്രധാന ശാഖാകാലാണ് കായലിനുള്ളത്. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.[1][2][3] നീർത്തടങ്ങളുടെ സംരക്ഷത്തെയും അവയുടെ സന്തുലിത ഉപയോഗത്തെക്കുറിച്ചുമുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി നീർത്തടം.[4]



കായലിന്റെ തെക്കുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി ഈ കായൽ പാതയിലൂടെ കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്.[1][5][6] കായലും അതിന്റെ തീരത്തുള്ള കൊല്ലം നഗരവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.[6] കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

കായൽപ്പരപ്പിനെ തഴുകിയെത്തുന്ന കാറ്റും കായലോളങ്ങളും കായൽക്കരയിലെ ജീവിതത്തുടിപ്പും നിരവധി കലാസാഹിത്യ പ്രതിഭകൾക്ക് പ്രചോദനമായിട്ടുണ്ട്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, കുരീപ്പുഴ ശ്രീകുമാർ, വി.സാംബശിവൻ,അഴകത്ത് പത്മനാഭക്കുറുപ്പ്, ഷാജി എൻ. കരുൺ, ഡി. വിനയചന്ദ്രൻ,പഴവിള രമേശൻ, എന്നിവരുൾപ്പെടുന്ന പ്രതിഭകൾ ഈ തീരത്ത് ജനിച്ചവരാണ്. തിരുനല്ലൂർ കരുണാകരന്റെ പല കവിതകളുടേയും പശ്ചാത്തലമായി അഷ്ടമുടിക്കായൽ കാണാം. അതിൽ പ്രധാനം റാണി എന്ന ഖണ്ഡകാവ്യമാണ്. ഒ.എൻ.വി.കുറുപ്പിൻ്റെ പല കവിതകളിലും ഈ കായൽ ഇടം പിടിച്ചിട്ടുണ്ട്. കുരീപ്പുഴ ശ്രീകുമാറിൻ്റെ ഇഷ്ടമുടിിക്കായൽ എന്ന കവിത കായലിനെ ജൈവികമായും സാംംസ്കാരികമായും അടയാളപ്പെടുത്തുന്നതാണ്.
കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമൺ ദുരന്തം നടന്നത് അഷ്ടമുടിക്കായലിലാണ്. 1988 ജൂലൈ 8-ന് നടന്ന ഈ ദുരന്തത്തിൽ 107 പേരാണ് മരിച്ചത്.
Remove ads
ചരിത്രം

ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു.[7]
എട്ടു മുടികൾ
- തേവള്ളിക്കായൽ
- കണ്ടച്ചിറക്കായൽ
- പ്രാക്കുളം കായൽ
- കുമ്പളം കായൽ
- വെള്ളിമൺ കായൽ
കല്ലടയാർ അഷ്ടമുടിയിൽ വന്നു പതിക്കുന്ന ഭാഗം. മൺറോ തുരുത്ത്, പട്ടംതുരുത്ത്, നീട്ടുംതുരുത്ത് എന്നിവ ഇതിലാണു്.
- പെരുമൺ കായൽ
പെരുമണ്ണിനും പള്ളിയാംതുരുത്തിനും ഇടയിലുള്ള ഭാഗം. പെരുമൺ ദുരന്തം നടന്നത് ഇതിലാണ്.
- മുക്കാട് കായൽ
- കാഞ്ഞിരോട്ട് കായൽ
കായലിന്റെ ഏറ്റവും ആഴമുള്ള ഭാഗം. കുണ്ടറയ്ക്ക് പടിഞ്ഞാറുള്ള ഭാഗം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads