ആൻഗ്വില്ല
From Wikipedia, the free encyclopedia
Remove ads
ഒരു കരീബിയൻ ബ്രിട്ടീഷ് വിദേശ ഭരണ പ്രദേശമാണ് ആൻഗ്വില്ല.[4] പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും കിഴക്കായി, സെന്റ് മാർട്ടിന് നേരിട്ട് വടക്കായി, ലെസ്സർ ആന്റിലീസിലെ ലിവാർഡ് ദ്വീപുകളുടെ ഏറ്റവും വടക്കു ഭാഗത്തായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഏകദേശം 16 മൈൽ (26 കിലോമീറ്റർ) നീളവും ഏറ്റവും കൂടിയ വീതിയുള്ള ഭാഗത്ത് 3 മൈൽ (5 കിലോമീറ്റർ) വീതിയുമുള്ള പ്രധാന ദ്വീപായ ആൻഗ്വിലയും സ്ഥിരമായി ജനവാസമില്ലാത്ത നിരവധി ചെറു ദ്വീപുകളും കേകളും ഉൾപ്പെടുന്ന ഒരു പ്രദേശമാണിത്.[5] പ്രദേശത്തിന്റെ തലസ്ഥാന നഗരം വാലി ആണ്. ആകെ ഭൂവിസ്തൃതി 35 ചതുരശ്ര മൈൽ (91 ചതുരശ്ര കിലോമീറ്റർ) ഉള്ള ഈ പ്രദേശത്തെ ജനസംഖ്യ ഏകദേശം 17,400 (ജൂലൈ 2018ലെ കണക്ക്) ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Remove ads
പേരിന്റെ ഉത്ഭവം
"ഈൽ" എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന ഇറ്റാലിയൻ ഭാഷയിലെ പദമായ anguilla എന്ന പദത്തിൽനിന്നാണ് (യഥാർത്ഥത്തിൽ പാമ്പിനെ കുറിക്കുന്ന അന്ഗുഇസ് എന്ന ലാറ്റിൻ പദം) ആൻഗ്വില്ല എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. ദ്വീപിന്റെ രൂപമാണ് ഈ പേരിനു കാരണമായത്.[6][7] ഇറ്റാലിയൻ നാവികനായിരുന്ന ക്രിസ്റ്റഫർ കൊളംബസാണ് ദ്വീപിന് ഈ പേര് നൽകിയതെന്നാണ് മിക്ക സ്രോതസ്സുകളും വിശ്വസിക്കുന്നത്.[8] സമാനമായ കാരണങ്ങളാൽത്തന്നെ ഇതിനെ സ്‌നേക്ക് അല്ലെങ്കിൽ സ്‌നേക്ക് ഐലന്റ് എന്നും വിളിക്കാറുണ്ടായിരുന്നു.[6][9] [10]
Remove ads
ചരിത്രം

തെക്കേ അമേരിക്കയിൽ നിന്ന് കുടിയേറ്റം നടത്തിയ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ് ആൻഗ്വിലയിലെ ആദ്യത്തെ സ്ഥിര താമസമാക്കാർ.[5] ആൻഗ്വിലയിൽനിന്നു കണ്ടെടുത്ത ബിസി 1300 കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ആദ്യകാല അമേരിക്കൻ പുരാവസ്തുക്കൾ ഈ വിശ്വാസത്തെ ദൃഢീകരിക്കുന്നു. ഇവിടെനിന്നു കണ്ടെത്തിയ കുടിയേറ്റ കേന്ദ്രങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾ എ.ഡി. 600 മുതൽക്കുള്ളതാണ്.[11] [12] പ്രാദേശിക അരവാക്ക് ഭാഷയിൽ ദ്വീപിനു മല്ലിയോഹന എന്നായിരുന്നു പേര് .
ആൻഗ്വിലയെ ആദ്യമായി യൂറോപ്യൻമാർ ദർശിച്ചത് എന്നാണെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.1493-ൽ കൊളംബസ് തന്റെ രണ്ടാമത്തെ സമുദ്രയാത്രയിൽ ദ്വീപ് കണ്ടുവെന്ന് ചില ഉറവിടങ്ങൾ അവകാശപ്പെടുമ്പോൾത്തന്നെ മറ്റുചിലരുടെ അഭിപ്രായത്തിൽ, ഇവിടുത്തെ ആദ്യ യൂറോപ്യൻ പര്യവേക്ഷകൻ 1564-ൽ ഫ്രഞ്ച് ഹ്യൂഗനോട്ടും കുലീനനും വ്യാപാരിയുമായിരുന്ന റെനെ ഗൗലെയ്ൻ ഡി ലോഡോണിയർ ആയിരുന്നുവെന്നാണ്.[12] 1631 ൽ ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനി ദ്വീപിൽ ഒരു കോട്ട സ്ഥാപിച്ചു. എന്നിരുന്നാലും, 1633-ൽ സ്പെയിൻകാർ ഈ കോട്ട നശിപ്പിച്ചതിനെത്തുടർന്ന് കമ്പനി ഇവിടുത്തെ അവരുടെ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറി.[13]
1650 ന്റെ തുടക്കം മുതൽ സെന്റ് കിറ്റ്സിൽ നിന്നുള്ള ഇംഗ്ലീഷ് കുടിയേറ്റക്കാരാണ് ആൻഗ്വിലയെ ആദ്യമായി കോളനിവത്കരിച്ചതെന്ന് പരമ്പരാഗത വിവരണങ്ങൾ സൂചിപ്പിക്കുന്നു.[6][14][15] കുടിയേറ്റക്കാർ പുകയില നടുന്നതിലും ഒരു പരിധിവരെ പരുത്തിക്കൃഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.[16] 1666-ൽ ഫ്രഞ്ചുകാർ താൽക്കാലികമായി ദ്വീപ് ഏറ്റെടുക്കുന്നതിൽ വിജയിച്ചുവെങ്കിലും തൊട്ടടുത്ത വർഷം ബ്രെഡ ഉടമ്പടി പ്രകാരം ഇത് ഇംഗ്ലീഷ് നിയന്ത്രണത്തിലേക്കുതന്നെ തിരിച്ചുപോയി.[17] 1667 സെപ്റ്റംബറിൽ ഇവിടം സന്ദർശിച്ച മേജർ ജോൺ സ്കോട്ട് ദ്വീപ് നല്ല നിലയിലാണ എന്ന് കുറിക്കുകയും 1668 ജൂലൈയിൽ "യുദ്ധസമയത്ത് 200 അല്ലെങ്കിൽ 300 വരെ ആളുകൾ ഓടിപ്പോയി" എന്നും എഴുതിയിരുന്നു.[18] 1688, 1745, 1798 എന്നീ വർഷങ്ങളിൽ ഫ്രഞ്ചുകാർ നടത്തിയ വിവധ ആക്രമണങ്ങൾ വളരെയധികം നാശത്തിന് കാരണമായെങ്കിലും ദ്വീപ് പിടിച്ചെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു.[19][20]
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ അടിമകളായി ആഫ്രിക്കൻ വംശജരെ അവരോടൊപ്പം കൊണ്ടുവന്നതാകാമെന്നാണ് കരുതപ്പെടുന്നത്. സെനഗലിൽ നിന്നുള്ള അടിമകൾ 1600 കളുടെ മധ്യത്തിൽത്തന്നെ സെന്റ് കിറ്റ്സിൽ താമസിച്ചിരുന്നുവെന്നതുപോലെതന്നെ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കൻ അടിമകളും ഈ പ്രദേശത്ത് താമസിച്ചിരുന്നുവെന്നുള്ള വസ്തുത ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു.[21] 1672 ആയപ്പോഴേക്കും ലെവാർഡ് ദ്വീപുകളിലേയ്ക്കു സേവനം നിർവ്വഹിക്കുന്ന ഒരു അടിമ ഡിപ്പോ നെവിസ് ദ്വീപിൽ നിലവിലുണ്ടായിരുന്നു. ആഫ്രിക്കൻ വംശജർ ആൻഗ്വിലയിലെത്തുന്ന സമയം കൃത്യമായി സ്ഥാപിക്കാൻ പ്രയാസമാണെന്നിരിക്കെത്തന്നെ 1683 ഓടെ മധ്യ ആഫ്രിക്കയിൽ നിന്നും പശ്ചിമാഫ്രിക്കയിൽ നിന്നുമുള്ളതാണെന്ന് തോന്നുന്നതായ, കുറഞ്ഞത് 100 ആഫ്രിക്കൻ അടിമകളുടെയെങ്കിലും സാന്നിധ്യം ഇവിടെയുണ്ടായിരുന്നുവെന്ന് ചരിത്രരേഖകളിൽനിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നു.[22] പുകയിലയ്ക്കു പകരം ആൻഗ്വിലയുടെ പ്രധാന വിളയായി മാറാൻ തുടങ്ങിയ കരിമ്പിൻതോട്ടങ്ങളിൽ ജോലി ചെയ്യാൻ അടിമകൾ അക്കാലത്ത് നിർബന്ധിതരായിരുന്നു.[23] കാലക്രമേണ ആഫ്രിക്കൻ അടിമകളും അവരുടെ പിൻഗാമികളും വെളുത്ത കുടിയേറ്റക്കാരുടെ സംഖ്യയെ മറി കടക്കുന്ന നിലയിലെത്തി.[24] 1807-ൽ ആഫ്രിക്കൻ അടിമക്കച്ചവടം ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിൽ അവസാനിപ്പിക്കുകയും 1834-ൽ അടിമത്തം പൂർണ്ണമായിത്തന്നെ നിരോധിക്കുകയും ചെയ്തു.[25] പല തോട്ടം ഉടമകളും പിന്നീട് അവരടെ ഭൂമി വിൽക്കുകയോ ദ്വീപ് ഉപേക്ഷിച്ചു പോകുകയോ ചെയ്തു.[26]
കോളനി വാഴ്ച്ചയുടെ പ്രാരംഭത്തിൽ ആന്റിഗ്വയിലൂടെ ബ്രിട്ടീഷുകാർ ആൻഗ്വില ഭരിക്കുകയും 1825-ൽ ഇത് സമീപത്തുള്ള സെന്റ് കിറ്റ്സിന്റെ ഭരണ നിയന്ത്രണത്തിലാക്കുകയും ചെയ്തു.[27] 1882-ൽ പല ആൻഗ്വിലിയക്കാരുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായി സെന്റ് കിറ്റ്സ്, നെവിസ് എന്നിവയുമായി ആംഗുലയെ ഒരു സംയുക്ത ഭരണത്തിലാക്കി.[28] സാമ്പത്തിക സ്തംഭനാവസ്ഥയും 1890 കളിലെ വരൾച്ചയും പിന്നീട് 1930 കളിലുണ്ടായ മഹാമാന്ദ്യത്തിന്റെയുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ പല ആംഗുലിയക്കാരെയും മറ്റെവിടെയെങ്കിലും മികച്ച നേട്ടങ്ങൾക്കായി കുടിയേറാൻ പ്രേരിപ്പിച്ചു.[29]

മുതിർന്നവർക്കുള്ള വോട്ടവകാശം ആൻഗ്വില്ലയിൽ 1952 ൽ അവതരിപ്പിക്കപ്പെട്ടു.[5] വെസ്റ്റ് ഇൻഡീസ് ഫെഡറേഷന്റെ (1958–62) ഭാഗമായിരുന്ന ഒരു ചെറിയ കാലയളവിനുശേഷം, ആൻഗ്വില്ല ദ്വീപ് 1967 ൽ സമ്പൂർണ്ണ ആന്തരിക സ്വയംഭരണത്തോടെ സെന്റ് കിറ്റ്സ്-നെവിസ്-അംഗുയിലയുടെ അനുബന്ധ സംസ്ഥാനത്തിന്റെ ഭാഗമായി.[30] എന്നിരുന്നാലും നിരവധി ആൻഗ്വില്ല നിവാസികൾക്ക് ഈ യൂണിയന്റെ ഭാഗമാകാൻ ആഗ്രഹമില്ലായിരുന്നു, ഒപ്പം സെന്റ് കിറ്റ്സിന്റെ ആധിപത്യത്തെ അവർ എതിർക്കുകയും ചെയ്തു. 30 ന് മെയ് 1967 ആൻഗ്വില്ലക്കാർ ബലമായി ദ്വീപിൽ നിന്ന് സെന്റ് കിറ്റ്സ് പോലീസിനെ പുറത്താക്കിക്കൊണ്ട് സെന്റ് കിറ്റ്സ് സഖ്യത്തിൽ നിന്നും പുറത്തുപോകുന്നതായി പ്രഖ്യാപിച്ചു.[31][32] അറ്റ്ലിൻ ഹാരിഗൻ [33], റൊണാൾഡ് വെബ്സ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അംഗുലിയൻ വിപ്ലവം എന്നറിയപ്പെട്ട ഇതിന്റെ ലക്ഷ്യം സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് സെന്റ് കിറ്റ്സിൽ നിന്നും നെവിസിൽ നിന്നുമുള്ള സ്വാതന്ത്ര്യവും ബ്രിട്ടീഷ് കോളനിയായി മടങ്ങിയെത്തുകയെന്നതുമായിരുന്നു.
ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സെന്റ് കിറ്റ്സിൽ നിന്ന് വേർപെടാനുള്ള ആൻഗ്വിലിയൻമാരുടെ ആഗ്രഹം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ റഫറണ്ടം നടക്കുകയും ആൻഗ്വില റിപ്പബ്ലിക്ക് ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെടുകയും റൊണാൾഡ് വെബ്‌സ്റ്റർ പ്രസിഡന്റായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ് സ്ഥാനപതി വില്യം വിറ്റ്‌ലോക്കിന്റെ ഈ പ്രതിസന്ധി നേരിടുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനേത്തുടർന്ന് 1969 മാർച്ചിൽ 300 ബ്രിട്ടീഷ് സൈനികരെ ഇവിടേയ്ക്ക് അയച്ചു.[34] ബ്രിട്ടീഷ് അധികാരം പുനഃസ്ഥാപിക്കുകയും 1971 ജൂലൈയിലെ ആംഗ്വില ആക്റ്റ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.[35] 1980 ൽ, ആത്യന്തികമായി ആൻഗ്വില്ലയെ സെന്റ് കിറ്റ്സ് ആന്റ് നെവിസിൽനിന്ന് നിന്ന് ഔപചാരികമായി വേർപെടാൻ അനുവദിക്കുകയും ഒരു പ്രത്യേക ബ്രിട്ടീഷ് ക്രൗൺ കോളനിയായി (ഇപ്പോൾ ഒരു ബ്രിട്ടീഷ് ഓവർസീസ് ടെറിറ്ററി) മാറുകയും ചെയ്തു.[36][37][38][39][40] അതിനുശേഷം, ആൻഗ്വില രാഷ്ട്രീയമായി സ്ഥിരത പുലർത്തുകയും ടൂറിസം, ഓഫ്‌ഷോർ ഫിനാൻസിംഗ് മേഖലകളിൽ വലിയ വളർച്ച കൈവരിക്കുകയും ചെയ്തു.[41]
Remove ads
ഭൂമിശാസ്ത്രവും ഭൂഗർഭശാസ്ത്രവും

കരീബിയൻ കടലിലെ പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലുകളുമടങ്ങിയ ഏകദേശം 16 മൈൽ (26) കിലോമീറ്റർ) നീളവും 3.5 മൈലും (6 കിലോമീറ്റർ) വീതിയുമുള്ള നിരപ്പുള്ളതും താഴ്ന്നുകിടക്കുന്നതുമായ ഒരു ദ്വീപാണ് ആൻഗ്വില.[5] ഇത് പ്യൂർട്ടോ റിക്കോയുടേയും വിർജിൻ ദ്വീപുകളുടേയും കിഴക്കുവശത്തായി, സെന്റ് മാർട്ടിന് നേരിട്ട് വടക്ക്, ആ ദ്വീപിൽ നിന്ന് ആൻഗ്വില്ല ചാനലിനാൽ വേർതിരിക്കപ്പെട്ടാണ് സ്ഥിതിചെയ്യുന്നു.[7] ഇവിടുത്തെ മണ്ണ് പൊതുവെ നേർത്തതും ഫലപുഷ്‌ടി കുറഞ്ഞ കുറ്റിച്ചെടികളേയും ഉഷ്ണമേഖലാ, വന സസ്യങ്ങളെയും പിന്തുണയ്ക്കുന്നതുമാണ്.[42] പൊതുവെ താഴ്ന്ന പ്രദേശമായ ഇവിടുത്തെ ഏറ്റവും ഉയർന്ന ഭൂപ്രദേശം ദി വാലിയുടെ പരിസരത്ത് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലിൽ സ്ഥിതിചെയ്യുന്ന 240 അടി (73 മീറ്റർ) ഉയരമുള്ള ആൻഗ്വില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ക്രോക്കസ് ഹിൽ ആണ്.[43]
പാരിസ്ഥിതിക പ്രാധാന്യമുള്ള പവിഴപ്പുറ്റുകൾക്കും ബീച്ചുകൾക്കും പേരുകേട്ടതാണ് ആൻഗ്വില. പ്രധാന ദ്വീപായ ആൻഗ്വിലയ്‌ക്ക് പുറമെ, ചെറുതും ജനവാസമില്ലാത്തതുമായ നിരവധി ചെറു ദ്വീപുകളും കേകളും ഈ പ്രദേശത്ത് ഉൾപ്പെടുന്നു:
- അംഗുലിറ്റ
- ബ്ലോവിംഗ് റോക്ക്
- ഡോഗ് ദ്വീപ്
- ലിറ്റിൽ സ്‌ക്രബ് ദ്വീപ്
- പ്രിക്ലി പിയർ കേയ്സ്
- സ്‌ക്രബ് ദ്വീപ്
- സീൽ ദ്വീപ്
- സോംബ്രെറോ, ഹാറ്റ് ദ്വീപ് എന്നും അറിയപ്പെടുന്നു
- സാൻഡി ദ്വീപ്
ജിയോളജി
അഗ്നിപർവ്വതജന്യമായ ആംഗ്വില്ല[44] കാലാവസ്ഥാ വ്യതിയാനം കാരണം ആവർത്തിച്ച് വെള്ളത്തിൽ മുങ്ങിപ്പോകാറുണ്ട്.[45]
![]() |
![]() |
കാലാവസ്ഥ
താപനില
വടക്കുകിഴക്കൻ വ്യാപാര കാറ്റ് ഈ ഉഷ്ണമേഖലാ ദ്വീപിനെ താരതമ്യേന തണുത്തതും വരണ്ടതുമായി നിലനിർത്തുന്നു. ശരാശരി വാർഷിക താപനില 80 °F (27 °C). [46] ജൂലൈ-ഒക്ടോബർ അതിന്റെ ഏറ്റവും ചൂടേറിയ കാലയളവും ഡിസംബർ-ഫെബ്രുവരി, അതിന്റെ ഏറ്റവും തണുപ്പുള്ള കാലയളവുമാണ്.
മഴ
മഴയുടെ വർഷം തോറുമുള്ള ശരാശരി 35 ഇഞ്ച് (890 മി.മീ.) ആണ്.[46] ഇത് സീസൺ മുതൽ സീസൺ വരെയും വർഷം തോറും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും ഈ ദ്വീപ് വിധേയമാണ്. 1995 ൽ ലൂയിസ് ചുഴലിക്കാറ്റിൽ നിന്നും 5-തൊട്ട് 20 അടി (1.5-തൊട്ട് 6.1 മീറ്റർ) ലെന്നി ചുഴലിക്കാറ്റിൽ നിന്നും ദ്വീപിന് നാശനഷ്ടമുണ്ടായി.
Remove ads
ഭരണം
രാഷ്ട്രീയ സംവിധാനം
ഇംഗ്ലണ്ടിന്റെ ആന്തരികമായി സ്വയംഭരണം നടത്തുന്ന വിദേശ പ്രദേശമാണ് ആൻഗ്വില്ല.[7] അതിന്റെ ഭരണ ചട്ടക്കൂട് പാർലമെന്ററി ജനാധിപത്യ ആശ്രയത്വ ഭരണമാണ്. പ്രീമിയർ ആണ് സർക്കാർ തലവൻ, ഒരു ഒരു ബഹുകക്ഷി സംവിധാനം ഇവിടേയുണ്ട്
ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ആൻഗ്വില്ലയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ ഭരണഘടന 1982 ഏപ്രിൽ 1 (1990 ഭേദഗതി ചെയ്തത്) ആൻഗ്വില്ല ഭരണഘടനാ ഉത്തരവാണ്.[7] എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച്, സർക്കാർ ഭരിക്കുന്നു. നിയമസഭാ അസംബ്ലി നിയമനിർമ്മാണ സഭയാണ്. എക്സിക്യൂട്ടീവ്, നിയമസഭ എന്നിവയിൽ നിന്ന് ജുഡീഷ്യറി സ്വതന്ത്രമാണ്. [5]
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും (90.08%) കറുത്ത വർഗ്ഗക്കാരാണ്. അവരിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അടിമകളുടെ പിൻഗാമികളാണ്. [5] ന്യൂനപക്ഷങ്ങളിൽ വെള്ളക്കാർ 3.74 ശതമാനവും സമ്മിശ്ര വംശജരായ ആളുകൾ 4.65 ശതമാനവും ഉൾപ്പെടുന്നു.
മതം
ഇംഗ്ലീഷ് കോളനിവൽക്കരണത്തിന്റെ ആദ്യ കാലഘട്ടത്തിൽ ക്രിസ്ത്യൻ പള്ളികളുടെ സ്വാധീനം അത്ര പ്രകടമായിരുന്നില്ല; യൂറോപ്യന്മാരും ആഫ്രിക്കക്കാരും പുലർത്തിവന്ന ആത്മീയവും മതപരവുമായ ആചാരങ്ങൾ അവർ ഉത്ഭവിച്ച പ്രദേശങ്ങളുടെ സ്വഭാവത്തെ പ്രതിഫലിപ്പിച്ചിരുന്നു. 1813 ൽ തന്നെ ക്രിസ്ത്യൻ മന്ത്രിമാർ അടിമകളായ ആഫ്രിക്കക്കാരെ ശുശ്രൂഷിക്കുകയും മതപരിവർത്തനം നടത്തിയവർക്കിടയിൽ സാക്ഷരത വർദ്ധിപ്പിക്കുകയും ചെയ്തു.[47] വെസ്ലിയൻ (മെത്തഡിസ്റ്റ്) മിഷനറി സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് 1817 മുതൽ ഇവിടെ പള്ളികളും വിദ്യാലയങ്ങളും നിർമ്മിച്ചു.[48]
ഭാഷകൾ

ഇന്ന് ആൻഗ്വില്ലയിലെ ഭൂരിഭാഗം ജനങ്ങളും ബ്രിട്ടീഷ് സ്വാധീനമുള്ള സ്റ്റാൻഡേർഡ് ഇംഗ്ലീഷ്ഭാഷയാണ് സംസാരിക്കുന്നത്.[7] സ്പാനിഷ്, ചൈനീസ് ഭാഷാ ഭേദങ്ങളും മറ്റ് കുടിയേറ്റ സമൂഹങ്ങളുടേതായ ഭാഷകളും ഉൾപ്പെടെ മറ്റ് ഭാഷകളും ഈ ദ്വീപിൽ സംസാരിക്കപ്പെടുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ഒഴികെയുള്ള ഏറ്റവും സാധാരണമായ ഭാഷ ദ്വീപിന്റെ സ്വന്തം ഭാഷയായ ഇംഗ്ലീഷ്-ലെക്സിഫയർ ക്രിയോൾ ഭാഷതന്നെയാണ് (ഫ്രഞ്ച് ദ്വീപുകളായ മാർട്ടിനിക്, ഗ്വാഡലൂപ്പ് എന്നിവയിൽ സംസാരിക്കുന്ന ആന്റിലിയൻ ക്രിയോളുമായി ('ഫ്രഞ്ച് ക്രിയോൾ') തെറ്റിദ്ധരിക്കരുത്). പ്രാദേശികമായി ഇതിനെ "ഡയലക്റ്റ്", ആൻഗ്വില്ല ടോക്ക് അല്ലെങ്കിൽ "ആംഗുവിലിയൻ" എന്നീ പദങ്ങൾ ഉപയോഗിച്ച് പരാമർശിക്കുന്നു.[50] ആദ്യകാല ഇംഗ്ലീഷ്, പശ്ചിമാഫ്രിക്കൻ ഭാഷകളിൽ ഇതിന്റെ പ്രധാന വേരുകളുണ്ട്, കൂടാതെ കിഴക്കൻ കരീബിയൻ പ്രദേശങ്ങളിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ദ്വീപുകളിൽ അതിന്റെ ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്ന ഭാഷകൾക്ക് സമാനമാണിത്.[51]
ആൻഗ്വിലിയന്റെയും മറ്റ് കരീബിയൻ ക്രിയോൾസിന്റെയും ഉത്ഭവത്തിൽ താൽപ്പര്യമുള്ള ഭാഷാ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് അതിന്റെ ചില വ്യാകരണ സവിശേഷതകളുടെ വേരുകൾ ആഫ്രിക്കൻ ഭാഷകളിലേക്കും മറ്റുള്ളവ യൂറോപ്യൻ ഭാഷകളിലേക്കും കണ്ടെത്താൻ കഴിയുമെന്നാണ്. 1710 ന് മുമ്പ് എത്തിയ നിർബന്ധിത കുടിയേറ്റക്കാരുടെ ഭാഷാപരമായ ഉറവിടം തിരിച്ചറിയുന്നതിന് മൂന്ന് മേഖലകൾ പ്രാധാന്യമർഹിക്കുന്നു: ഗോൾഡ് കോസ്റ്റ്, സ്ലേവ് കോസ്റ്റ്, വിൻഡ്‌വാർഡ് കോസ്റ്റ്. [52]
Remove ads
ഗതാഗതം
ക്ലേട്ടൺ ജെ. ലോയ്ഡ് അന്താരാഷ്ട്ര വിമാനത്താവളമാണ് (2010 ജൂലൈ 4 ന് മുമ്പ് വാൾബ്ലേക്ക് എയർപോർട്ട് എന്നറിയപ്പെട്ടിരുന്നത്) ആൻഗ്വില്ലയിൽ വ്യോമ സേവനം നൽകുന്നത്. വിമാനത്താവളത്തിലെ പ്രാഥമിക റൺവേ 5,462 അടി (1,665 മീറ്റർ) നീളമുള്ളതും മിതമായ വലിപ്പത്തിലുള്ള വിമാനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതുമാണ്. പ്രാദേശിക ചാർട്ടർ വിമാനങ്ങളും മറ്റുമായി സേവനങ്ങൾ മറ്റ് കരീബിയൻ ദ്വീപുകളിലേക്കും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിലേയ്ക്കോ യൂറോപ്പിലേക്കോ നേരിട്ട് ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകളൊന്നുമില്ലെങ്കിൽക്കൂടി ട്രേഡ് വിൻഡ് ഏവിയേഷനും കേപ് എയറും സാൻ ജുവാൻ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിലേയ്ക്ക് നിശ്ചയിച്ച പ്രകാരമുള്ള വ്യോമ സേവനം നൽകുന്നു. ബോയിംഗ് 727, ബോയിംഗ് 737, എയർബസ് 220 പോലെയുള്ള വലിയ ഒതുങ്ങിയ ആകാരമുള്ള ജെറ്റുകളെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
റോഡ്
ടാക്സികളെ മാറ്റിനിർത്തിയാൽ ദ്വീപിൽ മറ്റു പൊതുഗതാഗത സൌകര്യങ്ങളൊന്നുംതന്നെ നിലവിലില്ല. കാറുകൾ റോഡിന്റെ ഇടതുവശത്തുകൂടി ഓടിക്കുന്നു.
ബോട്ട്
സെന്റ് മാർട്ടിൻ മുതൽ ആൻഗ്വില്ല വരെ സ്ഥിരമായി കടത്തുവള്ളങ്ങളുടെ സേവനമുണ്ട്. സെന്റ് മാർട്ടിനിലെ മാരിഗോട്ട്, മുതൽ ആൻഗ്വില്ലയിലെ ബ്ലോയിംഗ് പോയിൻറ് വരെ ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ജലയാത്രയുണ്ട്. പ്രഭാതത്തിൽ ഏഴുമണി മുതൽ ഫെറികളുടെ സർവീസ് ആരംഭിക്കുന്നു. യാത്ര സുഗമമാക്കുന്നതിന് ആൻഗ്വില്ലയിലെ ബ്ലോയിംഗ് പോയിൻറ് മുതൽ പ്രിൻസസ് ജൂലിയാന വിമാനത്താവളം വരെ ഒരു ചാർട്ടർ സേവനവും നൽകപ്പെടുന്നു. ആൻഗ്വില്ലയ്ക്കും സെൻറ് മാർട്ടിനുമിടയിലുള്ള ഏറ്റവും സാധാരണമായ ഒരു ഗതാഗത മാർഗ്ഗമാണ് ഇത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads