ഒറ്റ കൈമാറ്റ വോട്ട്
From Wikipedia, the free encyclopedia
Remove ads
ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലുള്ള തെരഞ്ഞെടുപ്പ് രീതിയിൽ ഒന്നാണ് കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു സമ്പ്രദായം (single transferable vote). ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് ഒരേസമയം, മുൻഗണനാ ക്രമം അനുസരിച്ച് വോട്ട് ചെയ്യുന്ന രീതിയാണിത്. ഇന്ത്യയിൽ പ്രധാനമായും രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഈ രീതി ഉപയോഗിക്കുന്നു.

പ്രവർത്തന രീതി
കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു പദ്ധതിയനുസരിച്ച് രാജ്യത്തെ ബഹ്വംഗനിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും ചുരുങ്ങിയത് മൂന്ന് സീറ്റുകളെങ്കിലും ഉണ്ടായിരിക്കണം. സീറ്റുകളുടെ എണ്ണം വേണ്ടിവന്നാൽ പത്തോ പതിനഞ്ചോവരെ ഉയർത്താവുന്നതാണ്. തെരഞ്ഞെടുപ്പു തുടങ്ങിയാൽ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും, ബെൽജിയംകാരനായ എച്ച്.ആർ. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള 'ഡ്രൂപ്പ് ക്വോട്ടാ' (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തിൽ പോൾചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേർത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേർത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.[1]
ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകൾ = 33,000
അവിടത്തെ മൊത്തം സീറ്റുകൾ = 4
ക്വോട്ടാ=((33000)/(4+1))+1
ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാർഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.
വോട്ടുകൾ എണ്ണുമ്പോൾ ഒന്നാം മുൻഗണനാ വോട്ടുകൾ (First Preference Votes) ആയിരിക്കും ആദ്യം എണ്ണി തിട്ടപ്പെടുത്തുക. ചിലപ്പോൾ ഒന്നാം വട്ടത്തിൽ ആർക്കുംതന്നെ ക്വോട്ടാ ലഭിച്ചില്ലെന്നു വരാം. എന്നാൽ ഏതെങ്കിലും സ്ഥാനാർഥിക്ക് ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ആദ്യറൌണ്ടിൽ തന്നെ ലഭിക്കുകയാണെങ്കിൽ അയാൾ ജയിച്ചതായി പ്രഖ്യാപിക്കുകയും, അയാളുടെ അധിക വോട്ടുകൾ (surplus votes) ഉണ്ടെങ്കിൽ അവയിലെ മുൻഗണനാക്രമമനുസരിച്ച് മറ്റു സ്ഥാനാർഥികൾക്കായി വിഭജിക്കുകയും ചെയ്യുന്നു; അതുപോലെ തന്നെ ഏറ്റവും കുറച്ചു വോട്ടുകൾ ലഭിച്ചിട്ടുള്ള സ്ഥാനാർഥിയുടെ വോട്ടുകളും, അയാളെ ലിസ്റ്റിൽനിന്നും നീക്കിയശേഷം, മുൻഗണനാക്രമത്തിൽ, മറ്റു സ്ഥാനാർഥികൾക്കായി വീതിച്ചുകൊടുക്കുന്നു. ഇപ്രകാരം കൈമാറ്റം ചെയ്തതിനുശേഷം വോട്ടുകൾ വീണ്ടും എണ്ണുകയും, അപ്പോൾ ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥികൾ വിജയികളാവുകയും, അവർക്കും മിച്ച വോട്ടുകൾ വരികയാണെങ്കിൽ, അവയും ഇനി തെരഞ്ഞെടുക്കുവാനിരിക്കുന്ന സ്ഥാനാർഥികൾക്കായി മാറ്റപ്പെടുകയും, വീണ്ടും വോട്ടെണ്ണിയശേഷം, അവരിൽ ക്വോട്ടാ കിട്ടിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആകെ പൂരിപ്പിക്കേണ്ട സീറ്റുകൾ തികയുന്നതുവരെ ആവർത്തിക്കപ്പെടും.
Remove ads
ചരിത്രം
ഇംഗ്ലണ്ടിൽ അഭിഭാഷകനായിരുന്ന തോമസ് റൈറ്റ് ഹില്ലാണ് ഈ വോട്ടിംഗ് രീതിയുടെ ഉപജ്ഞാതാവ്. 1821 - ലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. എന്നാൽ ആദ്യമായി ഇത് പരീക്ഷിച്ചത് 1855 -ൽ ഡെൻമാർക്കിലാണ്.[2]
തോമസ് റൈറ്റ് ഹിൽ അവതരിപ്പിച്ചത് "കൈമാറ്റ വോട്ട്" ആയിരുന്നു. എന്നാൽ മറ്റൊരു ഇംഗ്ലീഷ് അഭിഭാഷകൻ തോമസ് ഹെയർ 1857 -ൽ ഇത് "ഒറ്റ കൈമാറ്റ വോട്ട്" ആയി പരിഷ്കരിച്ചു. അതിനാൽ ഈ രീതി ഹെയർ സമ്പ്രദായം എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി ലോകത്ത് പലയിടുങ്ങളിലും ഈ സമ്പ്രാദായം വ്യാപിക്കുകയും അതുവഴി ഇതിന് "ബ്രിട്ടീഷ് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം" എന്ന് പേര് സിദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത രഷ്ട്രീയ ചിന്തകൻ ജെയിംസ് സ്റ്റുവർട്ട് മിൽ ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.
ആൻഡ്രൂ ഇംഗ്ലിസ് ക്ലർക്ക് എന്നയാൾ ചില പരിഷ്കരണങ്ങൾ നടത്തി 1897 -ൽ ടാസ്മാനിയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സമ്പദായം നടപ്പിലാക്കിയതോടെയാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തി പാർലമെന്റ് ഉണ്ടായത്. അതിനുശേഷം ഈ പദ്ധതിയെ ഹെയർ - ക്ലർക്ക് സമ്പ്രദായം എന്നും വിളിക്കാറുണ്ട്. മേൽ വിവരിച്ച ഹെയർ പദ്ധതി അല്പം ചില വ്യത്യാസങ്ങളോടുകൂടി അയർലണ്ട്, ടാസ്മേനിയ, മാൾട്ട, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലെ നിയമസഭകളിലേക്ക്-പ്രത്യേകിച്ച് അവയുടെ ഉപരിസഭകളിലേക്ക്-വേണ്ടിയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രായോഗികമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ, ചില സർവകലാശാലകളിൽനിന്നും കോമൺസ് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ സമ്പ്രദായത്തിലൂടെയാണ് നടത്താറുള്ളത്. ഇന്ത്യയിലാകട്ടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, രാജ്യസഭയിലേക്കും ഏതാനും സംസ്ഥാനനിയമസഭകളുടെ ഉപരിമണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഹെയർ പദ്ധതിയാണ് നിലവിലുള്ളത്.
Remove ads
രാജ്യസഭാ തെരഞ്ഞെടുപ്പ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads