കിഴക്കിന്റെ സഭ

മെസൊപ്പൊട്ടാമിയയിലെയും ഇന്ത്യയിലെയും പരമ്പരാഗത ക്രൈസ്തവ സഭ From Wikipedia, the free encyclopedia

കിഴക്കിന്റെ സഭ
Remove ads

മെസപ്പൊട്ടാമിയ കേന്ദ്രമായ ഒരു പരമ്പരാഗത ക്രിസ്തീയ വിഭാഗമാണ് കിഴക്കിന്റെ സഭ (സുറിയാനി: ܥܕܬܐ ܕܡܕܢܚܐ) അഥവാ പൗരസ്ത്യ സുറിയാനി സഭ.[6] ക്രി. വ. 5, 6 നൂറ്റാണ്ടുകളിലെ നിഖ്യൻ ക്രൈസ്തവ സഭയിൽ ഉടലെടുത്ത ക്രിസ്തുശാസ്ത്ര വിവാദങ്ങളേത്തുടർന്ന് ഉരുത്തിരിഞ്ഞ് ഉണ്ടായ ഐക്യസ്വഭാവവാദി സഭകൾക്കും കൽക്കിദോനിയൻ സഭയ്ക്കും (പിൽക്കാലത്ത് ഇതിന്റെ പൗരസ്ത്യ വിഭാഗം കിഴക്കൻ ഓർത്തഡോക്സ് സഭയായും പാശ്ചാത്യ വിഭാഗം റോമൻ കത്തോലിക്കാ സഭയായും മാറി) സമാന്തരമായി നിലകൊണ്ട ഒരു ക്രിസ്തീയ സഭയാണിത്.[7][8] ഇതേത്തുടർന്ന് പിശകായും അവഹേളനപരമായും നെസ്തോറിയൻ സഭ എന്നും ഈ സഭ വിളിക്കപ്പെട്ടു.[9] സസ്സാനിയപൂർവ്വിക മെസപ്പൊട്ടാമിയയയിൽ രൂപപ്പെട്ട ഈ സഭ റോമൻ സാമ്രാജ്യത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് വ്യതിരിക്തമായ ഒരു സഭാസംവിധാനവും ക്രൈസ്തവ ദൈവശാസ്ത്രവും പൗരസ്ത്യ സുറിയാനി ആരാധനാക്രമവും വികസിപ്പിച്ചു. തൻമൂലം പേർഷ്യൻ സഭ എന്ന പേരിലും ഈ സഭ അറിയപ്പെട്ടു.[10][7][8]

വസ്തുതകൾ കിഴക്കിന്റെ സഭ, വർഗം ...

410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിലൂടെ സംഘടിതരൂപം പ്രാപിച്ച കിഴക്കിന്റെ സഭ സസ്സാനിദ് സാമ്രാജ്യത്തിന്റെ ദേശീയ ക്രൈസ്തവ സഭയായി അംഗീകരിക്കപ്പെടുകയും സഭയ്ക്ക് ഒരു കേന്ദ്രീകൃത അധികാര ശ്രേണി സ്ഥാപിതമാവുകയും ചെയ്തു.[11] പൗരസ്ത്യ കാതോലിക്കോസ് എന്ന പേരിൽ അറിയപ്പെട്ട ഈ സഭയുടെ പരമാദ്ധ്യക്ഷൻ, സെലൂക്യാ-ക്ടെസിഫോൺ എന്ന സസ്സാനിയൻ തലസ്ഥാനനഗരം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. സഭയുടെ പാരമ്പര്യപ്രകാരം ശ്ലൈഹിക കാലഘട്ടത്തിലേക്ക്, പ്രത്യേകിച്ച് തോമാ ശ്ലീഹായുടെയും അദ്ദായി, മാറി എന്നിവരുടെയും പ്രവർത്തനകാലത്തേക്ക്, നീണ്ടുകിടക്കുന്ന ഒരു പിന്തുടർച്ച കാതോലിക്കോസ് അവകാശപ്പെടുന്നു.[12] പൗരസ്ത്യ സുറിയാനി ആചാരക്രമത്തിലെ ദിവ്യബലിക്രമം അദ്ദായി, മാറി ആരാധനാക്രമം എന്നാണ് അറിയപ്പെടുന്നത്.

14ആം നൂറ്റാണ്ടിനുശേഷം ഈ സഭയിലുണ്ടായ ഭിന്നതകളുടെ ഒരു പരമ്പര, ചിലപ്പോൾ രണ്ടോ, മറ്റുചിലപ്പോൾ മൂന്നോ എന്നനിലയിൽ, സമാന്തര പാത്രിയർക്കാസനങ്ങൾ ഉയരുന്നതിന്, കാരണമായി.[13] അവശേഷിച്ച തനത് സഭ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ, കിഴക്കിന്റെ അസ്സീറിയൻ സഭ എന്നും കിഴക്കിന്റെ പുരാതന സഭ എന്നും, രണ്ട് സമാന്തര സഭകളായി ഭിന്നിച്ചാണ് നിലകൊള്ളുന്നത്. ഈ രണ്ട് സഭകളും മാതൃസഭയുടെ പരമ്പരാഗത ദൈവശാസ്ത്രവും ആരാധനാക്രമവും പിന്തുടർന്നുപോവുന്നു.[14] ഇറാഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന കൽദായ കത്തോലിക്കാ സഭയും ഇന്ത്യയിലെ സിറോ-മലബാർ സഭയും കിഴക്കിന്റെ സഭയുടെ പൈതൃകം അവകാശപ്പെടുന്ന രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളാണ്.[15][16][17]

Remove ads

പശ്ചാത്തലം

325ലെ നിഖ്യാ സൂനഹദോസിന്റെയും 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെയും തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ട് സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ സമൂഹത്തിന് ഒരു വ്യവസ്ഥാപിത സഭാസംവിധാനം ഉണ്ടാവുന്നത് 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിലൂടെയാണ്. സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്ത ആയിരുന്ന ഇസഹാഖിന്റെ നേതൃത്തിൽ നടന്ന ഈ സഭാസമ്മേളനം യാസ്ദെഗെർദ് ചക്രവർത്തിയാണ് വിളിച്ചുചേർത്തത്.

നിഖ്യാ സൂനഹദോസിൽ ക്രൈസ്തവരുടെ വിശ്വാസത്തെക്കുറിച്ചും സഭാ സംവിധാനത്തെക്കുറിച്ചും എടുത്ത തീരുമാനങ്ങൾ കിഴക്കിന്റെ സഭയിൽ ആധികാരികമായി നടപ്പാക്കിയത് 410ൽ സെലൂക്യാ-ക്ടെസിഫോണിൽ ചേർന്ന സൂനഹദോസിലൂടെയാണ്. സാമ്രാജ്യ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയെ സാമ്രാജ്യത്തിലെ മുഴുവൻ ബിഷപ്പുമാരുടെയും മേലധികാരിയായി പ്രഖ്യാപിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത എന്ന പദവി സൂനഹദോസ് അദ്ദേഹത്തിന് അനുവദിച്ചു. 315ൽ നടന്ന ആദ്യ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിൽ ഇതേ ആവശ്യം അന്നത്തെ അവിടത്തെ ബിഷപ്പായിരുന്ന പാപ്പാ ബർ അഗ്ഗായി ഉന്നയിച്ചപ്പോൾ മറ്റു മെത്രാന്മാർ അതിന് അനുവദിച്ചിരുന്നില്ല. എന്നാൽ 410 ആയപ്പോഴേക്കും സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തമാർ സഭയിൽ ചോദ്യം ചെയ്യാനാവാത്ത അധികാരികളായി വളർന്നു കഴിഞ്ഞിരുന്നു.

അക്കാലത്ത് സസ്സാനിദ് സാമ്രാജ്യവും റോമാ സാമ്രാജ്യവും സമാധാനം നിലനിന്നിരുന്നതും ക്രൈസ്തവ സഭയ്ക്ക് സസ്സാനിദ് ചക്രവർത്തിയുടെ അംഗീകാരം ലഭിക്കുന്നതിന് കാരണമായി. സമാധാന കാലഘട്ടം അധികം നീണ്ടുനിന്നില്ല. റോമാ സാമ്രാജ്യത്തിലെ ദേശീയ ക്രൈസ്തവ സഭയുമായി സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭ ഭരണപരമായ ബന്ധങ്ങളിൽ ഏർപ്പെടുന്നത് സസ്സാനിദ് സാമ്രാജ്യത്തിലെ രാഷ്ട്രീയ നേതൃത്വം എതിർത്തു. ഇതിനെത്തുടർന്ന് റോമൻ സഭയുമായി ഭരണപരമായ അകലം പാലിക്കാൻ പേർഷ്യൻ ക്രൈസ്തവ സഭ നിർബന്ധിതമായി. 424ൽ മർകബ്തായിൽ ചേർന്ന സസ്സാനിയൻ ക്രൈസ്തവ സഭയുടെ സൂനഹദോസ്, 'കിഴക്കിന്റെ സഭ' എന്ന പേരിൽ തങ്ങളെത്തന്നെ വിശേഷിപ്പിക്കുകയും റോമാസാമ്രാജ്യത്തിലെ സഭയിൽ നിന്ന്, അഥവാ 'പടിഞ്ഞാറിന്റെ സഭ'യിൽ നിന്ന്, തങ്ങൾ ഭരണപരമായി സമ്പൂർണ്ണ സ്വാതന്ത്രരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.[18]

431 വരെ നിഖ്യൻ ക്രൈസ്തവ സഭയുടെ ഭാഗമായി റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുമായുള്ള കൂട്ടായ്മ നിലനിർത്തിയ കിഴക്കിന്റെ സഭ, റോമാ സാമ്രാജ്യത്തിലെ സഭയിൽ നെസ്തോറിയസ്, കുറില്ലോസ് എന്നിവർ തമ്മിൽ രൂപപ്പെട്ട കലഹത്തിനും നെസ്തോറിയസിന്റെ പുറത്താക്കപ്പെടലിനും ശേഷം അവരുമായി അകന്നു.[1] നെസ്തോറിയസിനെ അപലപിക്കാനോ തള്ളിപ്പറയാനോ കിഴക്കിന്റെ സഭ തയ്യാറായില്ല. സസ്സാനിദ് സാമ്രാജ്യത്തിലേക്ക് റോമാ സാമ്രാജ്യത്തിൽ നിന്നുള്ള നെസ്തോറിയൻ അനുഭാവികൾ അഭയാർത്ഥികളായി ചെക്കേറിയതോടെ മറ്റ് സഭകൾ കിഴക്കിന്റെ സഭയെയും നെസ്തോറിയൻ എന്ന് ആക്ഷേപിക്കാൻ ആരംഭിച്ചു. രാഷ്ട്രീയപരമായി സസ്സാനിദ്, റോമൻ സാമ്രാജ്യങ്ങൾ തമ്മിൽ കലഹവും യുദ്ധങ്ങളും പതിവായിരുന്നതിനാലും അവിടങ്ങളിലെ സഭകൾ തമ്മിലുള്ള ഈ അകൽച്ച കൂടുതൽ വളർന്നു.[19][20][21] അതേസമയം നെസ്തോറിയൻ എന്ന പേര് സഭയുടെ സാമൂഹിക വ്യക്തിത്വത്തിന്റെ ഭാഗമായി സഭ സ്വയം ഏറ്റെടുക്കുകയും എഫേസൂസ് സൂനഹദോസിനെയും അതിന്റെ തീരുമാനങ്ങളെയും എതിർക്കുകയും നെസ്തോറിയസിനെ ഒരു പുണ്യവാനായി പരിഗണിക്കുകയും ചെയ്തുവന്നു.[22][23] 544ൽ സഭയുടെ കാതോലിക്കോസ് ആയിരുന്ന ആബാ 1ാമൻ, താൻ വിളിച്ചുചേർത്ത സൂനഹദോസിലൂടെ, കൽക്കിദോനിയാ സൂനഹദോസിന്റെ തീരുമാനങ്ങളെ ശരിവെച്ചിട്ടുമുണ്ട്.[24][2]

431ലെ എഫേസൂസ് സൂനഹദോസിന് ഏഴു വർഷം മുമ്പേ, 424ൽ തന്നെ കിഴക്കിന്റെ സഭ റോമാസാമ്രാജ്യ സഭയിൽ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി കഴിഞ്ഞിരുന്നു. പൊതുവേ അംഗീകരിക്കപ്പെടുന്ന രണ്ട് സൂനഹദോസുകൾ അതിനു മുൻപേ നടന്നവയാണ്: പേർഷ്യക്കാരൻ ആയ മെത്രാൻ പങ്കെടുത്ത 325ലെ നിഖ്യാ സൂനഹദോസും 381ൽ നടന്ന കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസും. തത്ഫലമായി, കിഴക്കിന്റെ സഭ ഈ രണ്ടു സൂനഹദോസകളുടെയും തീരുമാനങ്ങളെ അംഗീകരിക്കുകയും 431ൽ നടന്ന സൂനഹദോസിനെയും അതിനുശേഷം നടന്ന മറ്റു സൂനഹദോസുകളെയും റോമാസാമ്രാജ്യത്തിലെ സഭയിലെ പാത്രിയാർക്കാസനങ്ങളെ (റോം, കോൺസ്റ്റാന്റിനോപ്പിൾ, അലക്സാണ്ഡ്രിയ, അന്ത്യോഖ്യാ, ജെറുസലേം എന്നിവയെ) മാത്രം ബാധിക്കുന്നവയായി കണക്കാക്കി അവഗണിക്കുകയും ചെയ്തു.[18]

ദൈവശാസ്ത്രപരമായി, യേശുക്രിസ്തുവിന്റെ ദൈവ-മനുഷ്യ സ്വഭാവങ്ങൾ തമ്മിലുള്ള വ്യതിരിക്തതയ്ക്ക് ഊന്നൽ നൽകുന്ന മോപ്സുവേസ്ത്യായിലെ തിയദോറിന്റെ ദ്വൈതസ്വഭാവ ക്രിസ്തുവിജ്ഞാനീയം ആണ് കിഴക്കിന്റെ സഭ സ്വീകരിച്ചത്.[25] ഇക്കാരണത്താലാണ് ഈ സഭയുടെ എതിരാളികൾ ഇവരെ' നെസ്തോറിയർ' എന്നും 'നെസ്തോറിയൻ സഭ' എന്നും തെറ്റിദ്ധാരണാജനകമായി വിശേഷിപ്പിക്കാൻ തുടങ്ങി.[25] ആധുനിക കാലത്ത്, നെസ്തോറിയൻ എന്ന ആക്ഷേപം "വിലാപകരമായ ഒരു പിശകും",[26][27] ദൈവശാസ്ത്രപരമായി അടിസ്ഥാനമില്ലാത്തതും ആണെന്ന് പണ്ഡിതർ വിലയിരുത്തുന്നു.[8]

പേർഷ്യയിലെ അറബ് അധിനിവേശത്തിനും സസ്സാനിദ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കും (633–654) ശേഷം, മുസ്ലിം ഖിലാഫത്തിന് കീഴിലെ, ഒരു ധിമ്മി സമൂഹമായി മാറിയ കിഴക്കിന്റെ സഭ ഏഷ്യയിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തിൽ പ്രധാന പങ്ക് വഹിച്ചു. 9, 14 നൂറ്റാണ്ടുകൾക്ക് ഇടയിൽ, ഭൂമിശാസ്ത്രപരമായ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായിരുന്ന ഈ സഭ മദ്ധ്യ കാലഘട്ടത്തിൽ ലത്തീൻ കത്തോലിക്കാ സഭയ്ക്കും ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്കും ഒപ്പം മൂന്ന് പ്രധാന ക്രൈസ്തവ ശക്തിസ്രോതസ്സുകളിൽ ഒന്നായി നിലകൊള്ളുകയും ചെയ്തു.[28] മദ്ധ്യധരണ്യാഴി, ആധുനിക ഇറാഖ്, ഇറാൻ രാജ്യങ്ങളുടെ ഭൂപ്രദേശം എന്നിവ മുതൽ ഇന്ത്യയിലെ മാർത്തോമാ നസ്രാണികളിലേക്കും മധ്യേഷ്യയിലെ മംഗോൾ, തുർക്കിക് ഗോത്രങ്ങളിലേക്കും താങ് രാജവംശകാലത്തെ ചൈനയിലേക്കും (7–9 നൂറ്റാണ്ടുകൾ) വ്യാപിച്ചുകിടക്കുന്ന നിരവധി രൂപതകൾ ഈ സഭ സ്ഥാപിച്ചു. 13, 14 നൂറ്റാണ്ടുകളിൽ മംഗോൾ സാമ്രാജ്യത്തിന്റെ കീഴിൽ സഭ അതിൻറെ വളർച്ചയുടെ പാരമ്യത്തിൽ എത്തുകയും അതിലെ പുരോഹിതർ മംഗോൾ കച്ചേരിയിലെ ഉന്നത പദവികൾ അലങ്കരിക്കുകയും ചെയ്തു.

Thumb
കിഴക്കിന്റെ സഭയുടെ മെത്രാസനങ്ങൾ.
  മെസപ്പൊട്ടാമിയ
  പേർഷ്യ
  സസ്സാനിയൻ സാമ്രാജ്യത്തിന് പുറത്ത്
  സഭാസാന്നിധ്യം

വളർച്ചയുടെ ഈ പാരമ്യത്തിൽ നിന്ന്, 14ാം നൂറ്റാണ്ടോടെ ആരംഭിച്ച ദ്രുതഗതിയിലുള്ള തകർച്ചയുടെ കാലഘട്ടത്തിലേക്ക് സഭ പ്രവേശിച്ചു. ഇതിനുമുമ്പുതന്നെ അതിന്റെ ഹൃദയ ഭൂമിയിലും സഭയുടെ ശക്തി ക്ഷയിച്ചു കഴിഞ്ഞിരുന്നു. പ്രധാനമായും ബാഹ്യ സ്വാധീനങ്ങളും രാഷ്ട്രീയ കാരണങ്ങളുമാണ് ഇതിന് കാരണമായത്. മംഗോൾ സാമ്രാജ്യത്തിന്റെ വിഭജനത്തിന് ശേഷം വളർന്നുകൊണ്ടിരുന്ന ബൗദ്ധ, ഇസ്ലാമിക സ്വാധീനങ്ങൾ കിഴക്കിന്റെ സഭയ്ക്കെതിരെ മതമർദ്ദനങ്ങൾ വ്യാപകമാക്കുകയും സഭയുടെ വിശ്വാസീസമൂഹങ്ങളെ മദ്ധ്യേഷ്യയിൽ ഏതാണ്ട് പൂർണ്ണമായും ഇല്ലായ്മ ചെയ്യുകയും ചെയ്തു. 1368ൽ ചൈനയിലെ മംഗോളുകളെ അട്ടിമറിച്ച് ഭരണം നേടിയ മിങ് രാജവംശം ചൈനയിൽ നിന്ന് ക്രിസ്തുമതത്തെയും മറ്റ് വൈദേശിക സ്വാധീനങ്ങളെയും ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചു. മദ്ധ്യേഷ്യയിലെ മംഗോളുകളിൽ പലരും ഇക്കാലത്തോടടുത്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. തുർക്കി, മംഗോൾ സങ്കര വംശകനായ മുസ്ലിം യുദ്ധപ്രഭു തിമൂർ ലെങ് (1336–1405) മധ്യപൂർവ ദേശത്തെ അവശേഷിക്കുന്ന ക്രിസ്ത്യാനികളെയും ഏതാണ്ട് ഉന്മൂലനം ചെയ്തു. സജീവമായ രൂപതകളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഈ തകർച്ചയെ വെളിവാക്കുന്നതാണ്. 1000ാമാണ്ടിൽ സഭയ്ക്ക് 60 രൂപതകളിൽ അധികം ഉണ്ടായിരുന്നിടത്ത് 13ാം നൂറ്റാണ്ടിന്റെ പകുതി എത്തിയപ്പോഴേക്കും അവ 20 ആയും തിമൂറിന്റെ അധിനിവേശത്തിന് ശേഷം 7ായും കുത്തനെ ഇടിഞ്ഞു. ഇതിനുശേഷം പൗരസ്ത്യ സുറിയാനി സഭയുടെ സ്വാധീനം മെസപ്പൊട്ടാമിയൻ മലകളിലേക്കും ഇന്ത്യയിലെ മലബാർ തീരത്തേക്കും മാത്രമായി ഒതുങ്ങി.[29]

Thumb
2005ൽ അവശേഷിച്ച മാർ ഏലിയായുടെ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ (ഇറാഖ്) . 2014ൽ ഇത് ഐ. എസ്. (ഇസ്ലാമിക സ്റ്റേറ്റ്) തീവ്രവാദികൾ ബോംബിട്ട് തകർത്തു

1552ൽ ജൂലിയസ് 3ാമൻ മാർപ്പാപ്പ അന്നത്തെ കാതോലിക്കോസ്-പാത്രിയാർക്കീസ് ആയിരുന്ന ശീമൂൻ 7ാമന് ബദലായി യോഹന്നാൻ സുലാഖാ എന്ന റമ്പാനെ പാത്രിയർക്കീസ് ആയി വാഴിച്ചതോടെ കിഴക്കിന്റെ സഭയിൽ ആഭ്യന്തരമായ വലിയ ഒരു ശീശ്മ ഉടലെടുക്കുകയും അതിലൂടെ കൽദായ കത്തോലിക്കാ സഭ എന്ന പൗരസ്ത്യ കത്തോലിക്കാ വിഭാഗം രൂപപ്പെടുകയും ചെയ്തു. ഇന്ത്യയിലെ നസ്രാണികളുടെ മേലുള്ള ആത്മീയ അധികാരത്തിനായി തനത്, കൽദായ കത്തോലിക്കാ വിഭാഗങ്ങൾ പരസ്പരം മത്സരിച്ചെങ്കിലും 1599ൽ മലബാറിൽ പോർച്ചുഗീസ് പദ്രുവാദോ അധികൃതരുടെ നേതൃത്വത്തിൽ നടന്ന ഉദയംപേരൂർ സൂനഹദോസോടെ ഇന്ത്യൻ സമൂഹത്തിന്റെ മേലുള്ള നിയന്ത്രണം ഇരുവിഭാഗത്തിനും നഷ്ടമായി. ഇരുവിഭാഗത്തിലും ആഭ്യന്തര ഭിന്നതകൾ തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ 1830 ഓടെ രണ്ട് വ്യതിരിക്ത പാത്രിയർക്കാസനങ്ങളായി ഇവ വ്യവസ്ഥാപിതമായി നിലവിൽവന്നു: തനത് പാരമ്പര്യവാദി സഭ കിഴക്കിന്റെ അസ്സീറിയൻ സഭ എന്നും പൗരസ്ത്യ കത്തോലിക്കാ വിഭാഗം കൽദായ കത്തോലിക്കാ സഭ എന്നും അറിയപ്പെട്ടു. 1968ൽ പാരമ്പര്യവാദി വിഭാഗത്തിൽ നിന്ന് തോമാ ധർമ്മോയുടെ നേതൃത്വത്തിൽ വേർപെട്ട വിഭാഗം കിഴക്കിന്റെ പുരാതന സഭ എന്ന പേരിൽ അറിയപ്പെടുന്നു.[30][31][32]

നെസ്തോറിയൻ എന്ന വിശേഷണം

Thumb
5-7 നൂറ്റാണ്ടുകളിലെ ക്രിസ്തുവിജ്ഞാനീയ ധാരകളും കിഴക്കിന്റെ സഭയുടെ സ്ഥാനവും (ഇളം നീല)
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads