കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ

വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രം From Wikipedia, the free encyclopedia

കൊട്ടിയൂർ ശിവക്ഷേത്രങ്ങൾmap
Remove ads

വടക്കേ മലബാറിലെ പ്രസിദ്ധമായ രണ്ട് മഹാദേവ ക്ഷേത്രങ്ങളാണ്‌ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്‘. ഇങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ആണ് ഇവിടെ ഉള്ളത്. പരമശിവനും പാർവതിയുമാണ് പ്രധാന ആരാധനാമൂർത്തികൾ. പുരളിമലയിലെ കട്ടൻ രാജവംശം ഈ ക്ഷേത്രവുമായി ചരിത്രപരമായ ബന്ധം പുലർത്തുന്നു. അതിനാൽ ഈ സ്ഥലത്തിന് ആദിമത്തിൽ "കട്ടിയൂർ" എന്ന് പേരായിരുന്നു. കാലക്രമേണ ഈ പേര് "കൊട്ടിയൂർ" എന്നായി ഭാഷാ പരിണാമത്തിലൂടെ മാറിയതാണ്.

വസ്തുതകൾ കൊട്ടിയൂർ വടക്കേശ്വരം ക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...

27 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. ലക്ഷകണക്കിന് ഭക്തർ പങ്കെടുക്കുന്ന ഒരു ഉത്സവം കൂടിയാണിത്. കട്ടൻ രാജവംശംക്കാർക്ക് ക്ഷേത്രത്തിൽ പാരമ്പര്യ അധികാരമുള്ളവരായതിനാൽ ഈ വാർഷിക മഹോത്സവം അവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് പ്രസിദ്ധമായ‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു.

ചരിത്രപരമായി, മഹോത്സവത്തിന്റെ ഭാഗമായി ഇക്കരെകൊട്ടിയൂരിൽ നിന്ന് അക്കരെകൊട്ടിയൂരിലേക്കുള്ള കടന്ന് പോകൽ ചടങ്ങുകൾ നടത്തുന്നതിന് കട്ടൻ രാജാവിന്റെ അനുമതി ആവശ്യമുണ്ടായിരുന്നു. കട്ടൻ വംശത്തിലെ മൂത്തവനും ഇളയവനും യഥാക്രമം വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ എന്നറിയപ്പെടുന്നു. അവരുടെ താമസം സ്വതന്ത്രമായിരിക്കുകയും ചെയ്യുന്നു. കുടുംബത്തിൽ ജനനമോ മരണമോ മൂലം ഉണ്ടാകുന്ന പുലവാലായ്മ ഒഴിവാക്കുന്നതിനായാണ് ഈ രീതികൾ നിലനിറുത്തുന്നത്. ഇത് കൊട്ടിയൂർ പെരുമാളിന്റെ അനവധിയായ ആരാധന ഉറപ്പാക്കുന്നു.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. ഇളനീർ (കരിക്ക്) എന്നിവകൊണ്ടാണ് അഭിഷേകം. തിരുവഞ്ചിറ എന്നുപേരുള്ള വലിയൊരു തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ആദിപരാശക്തിയായ ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്.[2] തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മലവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌. കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്. മൃജ്യുഞ്ജയമൂർത്തി, ഉമാമഹേശ്വരൻ, ഓംകാരമൂർത്തി, പരബ്രഹ്മമൂർത്തി തുടങ്ങിയവ എല്ലാ ഭാവങ്ങളിലും ഭഗവാൻ ഇവിടെ ആരാധിക്കപ്പെടുന്നു.[3] [4]


Thumb
ഓടപ്പൂവ്
Remove ads

ഐതിഹ്യം

പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്.

പ്രജാപതികളിൽ പ്രധാനിയായ ദക്ഷന് സർവേശ്വരിയായ ആദിപരാശക്തിയുടെ അനുഗ്രഹത്താൽ സതി എന്നൊരു മകളുണ്ടായി. സാക്ഷാൽ ഭഗവതിയുടെ അംശം തന്നെ ആയിരുന്നു സതി. സതിക്ക് പരമേശ്വരനായ ശിവനോട് അതിയായ ഭക്തിയും സ്നേഹവുമുണ്ടായി. എന്നാൽ, ദക്ഷന് ശിവനെ ഇഷ്ടമായിരുന്നില്ല. ശിവൻ ഒരു സന്യാസിയെപ്പോലെ ശ്മശാനത്തിൽ വസിക്കുന്നതും, ഭസ്മം പൂശുന്നതും, അപരിഷ്കൃതരെപ്പോലെ കപാല മാലയും പുലിത്തോലും ധരിക്കുന്നതും, സാധാരണ വസ്ത്രങ്ങൾ ധരിക്കാത്തതും, ഒരു പർവതത്തിൽ താമസിക്കുന്നതും ദക്ഷന് തീരെ ഇഷ്ടപ്പെട്ടില്ല.

സതി ശിവനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒടുവിൽ ദക്ഷന്റെ ഇഷ്ടമില്ലാതെ സതി സ്വയംവരത്തിൽ ശിവനെ വരിച്ചു. ഇത് ദക്ഷന്റെ കോപം വർദ്ധിപ്പിച്ചു. ശിവനോടുള്ള ദേഷ്യം കാരണം, ദക്ഷൻ ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. ഈ യാഗത്തിലേക്ക് എല്ലാ ദേവന്മാരെയും മഹർഷിമാരെയും ക്ഷണിച്ചു, എന്നാൽ ശിവനെയും സതിയെയും മാത്രം ക്ഷണിച്ചില്ല.

യാഗത്തിൽ പങ്കെടുക്കാൻ എല്ലാവരും പോകുന്നത് കണ്ടപ്പോൾ സതിക്ക് അതിയായ ദുഃഖമുണ്ടായി. അവൾ ശിവനോട് യാഗത്തിന് പോകണമെന്ന് ആവശ്യപ്പെട്ടു. ശിവൻ സതിയോട് യാഗത്തിന് പോകരുതെന്ന് ഉപദേശിച്ചു. ക്ഷണിക്കാതെ ഒരു സ്ഥലത്ത് പോകുന്നത് ശരിയല്ല, അവിടെ അപമാനം നേരിടേണ്ടിവരും എന്ന്‌ ശിവൻ പറഞ്ഞു. എന്നാൽ പിതാവിനെ കാണാനുള്ള ആഗ്രഹം കാരണം സതി ശിവന്റെ അനുവാദമില്ലാതെ യാഗശാലയിലേക്ക് പോയി.

യാഗശാലയിൽ എത്തിയ സതിയെ ദക്ഷൻ പൂർണ്ണമായും അവഗണിച്ചു. ശിവനെക്കുറിച്ച് ദക്ഷൻ എല്ലാവരുടെയും മുന്നിൽ വച്ചു വളരെ മോശമായി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തു. തന്റെ ഭർത്താവിനെ അപമാനിക്കുന്നത് കണ്ടപ്പോൾ സതിക്ക് വളരെയധികം ദുഃഖമുണ്ടായി. ഒടുവിൽ പിതാവിന്റെ ഈ പ്രവൃത്തിയിൽ മനംനൊന്ത്, സതി യാഗാഗ്നിയിൽ സ്വയം ദേഹം വെടിഞ്ഞു.

സതിയുടെ മരണവാർത്ത അറിഞ്ഞ ശിവന് അതിയായ ദുഖവും കോപവുമുണ്ടായി. ശിവന്റെ കോപം ലോകം മുഴുവൻ പ്രകമ്പനം കൊണ്ടു. തന്റെ ജട പിഴുതെടുത്ത് നിലത്തടിച്ചപ്പോൾ, അതിൽ നിന്ന് ഭീകരരൂപിയായ വീരഭദ്രൻ ഉത്ഭവിച്ചു. ശിവൻ വീരഭദ്രനോട് ദക്ഷയാഗം നശിപ്പിക്കാനും ദക്ഷനെ വധിക്കാനും കൽപ്പിച്ചു. വീരഭദ്രനെ സഹായിക്കാൻ ഭദ്രകാളിയേയും ശിവഗണങ്ങളെയും നിയോഗിച്ചു.

വീരഭദ്രൻ ഭദ്രകാളിയോടും ശിവഗണങ്ങളോടുമൊപ്പം യാഗശാലയിലേക്ക് പാഞ്ഞെത്തി. തുടർന്ന് ഭയങ്കരമായ യുദ്ധം നടന്നു. വീരഭദ്രനും ഭദ്രകാളിയും ദക്ഷന്റെ യാഗം നശിപ്പിക്കുകയും, യാഗത്തിൽ പങ്കെടുത്ത ദേവന്മാരെയും മഹർഷിമാരെയും ആക്രമിക്കുകയും ചെയ്തു. ഒടുവിൽ, വീരഭദ്രൻ ദക്ഷന്റെ തലയറുത്തു. യാഗശാല രക്തക്കളമായി മാറി.

ശിവൻ യാഗശാലയിലെത്തി സതിയുടെ ശരീരം കണ്ട് വിലപിച്ചു. ദേവന്മാർ ശിവനോട് മാപ്പ് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ എല്ലാവരുടെയും അഭ്യർത്ഥനയാൽ മഹാദേവൻ ഒരു ആടിന്റെ തലവെച്ച് ദക്ഷനെ പുനർജീവിപ്പിച്ചു. ദക്ഷൻ തന്റെ തെറ്റ് മനസ്സിലാക്കി ശിവനോട് മാപ്പ് ചോദിച്ചു. ശിവൻ ദക്ഷനെ അനുഗ്രഹിച്ചു.

ഏറെ ദുഖിതനായ ശിവൻ സതിയുടെ ശരീരവുമായി കണ്ണീരോടെ അലയാൻ തുടങ്ങി. ശിവനെ ഈ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ മഹാവിഷ്ണു തന്റെ സുദർശന ചക്രത്താൽ സതിയുടെ ശരീരം 51 കഷണങ്ങളാക്കി ചിതറിപ്പിച്ചു. അവ ചെന്ന് പതിച്ച സ്ഥലങ്ങൾ എല്ലാം ഭഗവതിയുടെ സാന്നിധ്യമുള്ള 51 ശക്തിപീഠ ക്ഷേത്രങ്ങളായി മാറി. ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ പരാശക്തി വിവിധ ഭാവങ്ങളിൽ അവിടെ കുടികൊണ്ടു. തുടർന്ന് വൈരാഗിയായ ശിവൻ കൊടുംതപസ്സ് അനുഷ്ഠിക്കാൻ കൈലാസത്തിലേക്ക് പോയി.

പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.

Remove ads

ഉത്സവം

Thumb

മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. ഇളനീരാട്ടത്തോടെ കൂടെ ആണ് ഉത്സവം തുടങ്ങുക. ആദ്യം കണ്ടെത്തിയ ശിവലിംഗം അടങ്ങിയത് ആദ്യത്തെ ഇളനീർ അഭിഷേകം നടത്തിയതിനു ശേഷം ആണ് , അതുകൊണ്ടാണ് ആണ് കൊട്ടിയൂരിലെ പ്രധാന അഭിഷേക ചടങ്ങ് ഇളനീരാട്ടം ആയി മാറിയത്. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയർ വിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം ചാലിയ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർത്ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. എടവത്തിലെ ചോതിനാളിൽ വയനാട് ജില്ലയിലെ തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് വീരഭദ്രൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക

Remove ads

എത്തിച്ചേരാനുള്ള വഴി

*തലശേരിയിൽ നിന്ന് 58 കിലോമീറ്റർ. ഒന്നേകാൽ മണിക്കൂർ യാത്ര. ദൂരദേശങ്ങളിൽ നിന്നും റെയിൽ മാർഗ്ഗം എത്തിച്ചേരുന്നവർക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കാവുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും തൊട്ടടുത്തുള്ള ബസ്റ്റാൻഡിൽ നിന്ന് കൊട്ടിയൂർ അമ്പലത്തിലേക്കുള്ള ബസ് സർവീസ് ഉപയോഗിക്കുകയും ചെയ്യാം. ഉത്സവ സമയങ്ങളിൽ പ്രത്യേക ബസ് സർവ്വീസുകൾ തലശ്ശേരിയിൽ നിന്നും ഉണ്ടാവും

*മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നിന്നും 24.8 കിലോമീറ്റർ, 35 മിനിറ്റ് യാത്ര, മലയോര ഹൈവേ വഴി.

*മാനന്തവാടിയിൽ നിന്ന് - 25.6 കിലോമീറ്റർ, 50 മിനിറ്റ്, മാനന്തവാടി മുതിരരി റോഡ്, മലയോര ഹൈവേ വഴി.

*തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് - 46.8 കിലോമീറ്റർ, ഒരു മണിക്കൂർ 21 മിനിറ്റ് യാത്ര, മലയോര ഹൈവേ വഴി

*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തലശ്ശേരി

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads