ജിമ്മി കാർട്ടർ

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് From Wikipedia, the free encyclopedia

ജിമ്മി കാർട്ടർ
Remove ads

ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയർ (ജനനം: ഒക്ടോബർ 1, 1924-മരണം :ഡിസംബർ 29,2024) 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്നു. 2002-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം രണ്ടു കാലാവധികൾ ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതൽ 1975 വരെ ആ സംസ്ഥാനത്തെ ഗവർണ്ണറുമായിരുന്നു.[1]

വസ്തുതകൾ ജിമ്മി കാർട്ടർ, അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയൊൻപാതാമത്തെ രാഷ്ട്രപതി ...
Remove ads

ആദ്യകാലജീവിതം

ബാല്യം

Thumb
1937-ൽ 13വസ്സുള്ള ജിമ്മി ജിമ്മി കാർട്ടർ വളർത്തുനായ ബോസോയോടൊത്ത്

അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജിയ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞറുള്ള പ്ലെയിൻസ് എന്ന ചെറിയ ഗ്രാമത്തിലാണ് കാർട്ടർ ജനിച്ചതും വളർന്നതും. കാർട്ടർ കുടുംബം അനേകം തലമുറകളായി ജോർജ്ജിയക്കാരായിരുന്നു. കാർട്ടറുടെ മുതുമുത്തച്ഛൻ എൽ.ബി.വാക്കർ കാർട്ടർ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ, വിഘടിച്ചുനിന്ന തെക്കൻ സംസ്ഥാനങ്ങളുടെ കോൺഫെഡറേറ്റ് സൈന്യത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ജെയിംസ് ഏൾ കാർട്ടറുടേയും ലില്ലിയൻ ഗോർഡി കാർട്ടറുടേയും നാലു മക്കളിൽ മൂത്തയാളായിരുന്നു ജിമ്മി. ജെയിംസ് കാർട്ടർ ഒരു വ്യാപാരപ്രമുഖനും അമ്മ നഴ്സുമായിരുന്നു.

വിദ്യാഭ്യാസം

തുടക്കത്തിൽ തന്നെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്ന കാർട്ടർ വായനയിൽ പ്രത്യേകം താത്പര്യം കാട്ടി. ഹൈസ്കൂളിലെത്തിയപ്പോൾ അദ്ദേഹം ബാസ്ക്കറ്റ് ബോൾ കളിക്കാരനെന്ന നിലയിലും തിളങ്ങി. ജൂലിയ കോൾമാൻ എന്ന അദ്ധ്യാപിക കാർട്ടറെ ഏറെ സ്വാധീനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം അമിക്കസ് നഗരത്തിലെ ജോർജ്ജിയ സൗത്ത് വെസ്റ്റേൺ കോളജിൽ ചേർന്നു. ജോർജ്ജിയ ടെക്കിൽ ഗണിതശാസ്ത്രത്തിൽ ഒരു പഠനപദ്ധതികൂടി പൂർത്തിയാക്കിയ അദ്ദേഹം 1943-ൽ അമേരിക്കൻ നാവിക അക്കാദമിയിൽ ചേർന്നു. അക്കാദമിയിലെ പരിശീനലകാലത്ത് പ്രാഗല്ഭ്യം തെളിയിച്ച കാർട്ടർ മിഡ്ഷിപ്പ്‌മാൻ സ്ഥാനത്തേക്ക് പരിശീലനം ലഭിച്ച 820 പേരിൽ 59-ആമനായി പരിശീലനം പൂർ‍ത്തിയാക്കി.[2]

നാവികസേനയിൽ

ഐക്യനാടുകളുടെ അറ്റ്ലാന്റിക്, പസഫിക് നാവികവ്യൂഹങ്ങളിലെ ഉപരിതല കപ്പലുകളിലും ഡീസൽ-വൈദ്യുത അന്തർവാഹിനികളിലും സേവനമനുഷ്ടിച്ച കാർട്ടർ, ജൂനിയർ ഓഫീസറായിരിക്കെ ഡീസൽ-വൈദ്യുത അന്തർവാഹിനി നയിക്കാനുള്ള യോഗ്യത നേടി. അക്കാലത്ത് ആരംഭദശയിലായിരുന്ന ആണവ-അന്തർവാഹിനി പരിപാടിയിലേക്ക് കാർട്ടർ സമർപ്പിച്ച അപേക്ഷ സ്വീകരിക്കപ്പെട്ടു. അതിന് നേതൃത്വം കൊടുത്തിരുന്ന കാപ്റ്റൻ റിക്കോവർ വലിയ കണിശക്കാരനെന്ന നിലയിൽ പേരെടുത്തിരുന്നു. മാതാപിതാക്കൾ കഴിഞ്ഞാൽ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി റിക്കോവർ ആണെന്ന് കാർട്ടർ പിന്നീട് പറഞ്ഞിട്ടുണ്ട്.

താൻ നാവികസേനയെ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും നാവികനായി തന്നെ തുടരാൻ കരുതിയിരുന്നെന്നും കാർട്ടർ പറഞ്ഞിട്ടുണ്ട്. നാവിക സന്നാഹങ്ങളുടെ തലവൻ(Chief of Naval Operations) ആയിത്തീരനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ 1953-ൽ പിതാവിന്റെ മരണം നാവികസേനയിലെ നിയുക്തിയിൽ നിന്ന് വിരമിക്കാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കി. ആ വർഷം ഒൿടൊബർ 9-ന് അദ്ദേഹം സേവന നിവൃത്തി നേടി.[3][4]

കൃഷി, അദ്ധ്യാപനം

തുടർന്ന് അദ്ദേഹം പ്ലെയിൻസിലെ കുടുംബവ്യാപാരം ഏറ്റെടുത്ത് വികസിപ്പിച്ചു. നിലക്കടലക്കൃഷിയിൽ ശ്രദ്ധയൂന്നിയ കാർട്ടർ ആ രംഗത്ത് അഭിവൃദ്ധി നേടി. 1970-ൽ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിച്ച അവസരത്തിൽ കാർട്ടർ സമ്പന്നനായ ഒരു നിലക്കടല കൃഷിക്കാരനായി കണക്കാക്കപ്പെട്ടു.[5]

ചെറുപ്രായത്തിൽ തന്നെ ക്രിസ്തുമതത്തോട് അഗാധമായ പ്രതിബദ്ധത കാട്ടിയ കാർട്ടർ, ജീവിതകാലമത്രയും ഞായറാഴ്ചകളിൽ വേദപാഠക്ലാസ്സുകളിൽ പഠിപ്പിച്ചു. രാഷ്ട്രപതിയായിരിക്കുമ്പോഴും അദ്ദേഹം ദിവസവും പലവട്ടം പ്രാർത്ഥിച്ചിരുന്നു. യുവപ്രായത്തിൽ ശ്രവിച്ച ഒരു മതപ്രഭാഷണം കാർട്ടറെ ഏറെ സ്വാധീനിച്ചു. "ക്രിസ്ത്യാനിയാണെന്ന കുറ്റത്തിന് നിന്നെ അറസ്റ്റുചെയ്താൽ ശിക്ഷിക്കാൻ മാത്രം തെളിവുണ്ടാകുമോ?" എന്നായിരുന്നു ആ പ്രഭാഷണത്തിന്റെ ശീർഷകം."[6]

Remove ads

സംസ്ഥാനരാഷ്ട്രീയത്തിൽ

Thumb
ജൊർജ്ജിയ സംസ്ഥാനം, ഐക്യനാടുകളുടെ ഭൂപടത്തിൽ

സാമാജികൻ

1960-കളിൽ കാർട്ടർ രണ്ടു വട്ടം ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റിലെ വിദ്യാഭ്യാസസമിതിയിൽ അദ്ദേഹം കുറേക്കാലം അംഗമായിരുന്നു.[7] 1966-ൽ, ഗർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച കാർട്ടർ സെനറ്റിലേക്ക് വീണ്ടും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. സെനറ്റിലെ കാർട്ടറുടെ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ ബന്ധു, ഹ്യൂഗ് കാർട്ടർ തെരഞ്ഞെടുക്കപ്പെട്ടു.

ഗവർണ്ണർ

1966-ൽ ജോർജ്ജിയ സെനറ്റിലെ രണ്ടാം കാലാവധി തീരാറായപ്പോൾ, ദേശീയതലത്തിൽ, ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാൻ കാർട്ടർ പദ്ധതിയിട്ടു. അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പ്രതിയോഗി അതോടെ മത്സരത്തിൽ നിന്ന് പിന്മാറി, സംസ്ഥാനത്തെ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു. റിപ്പബ്ലിക്കൻ കക്ഷിയിൽ നിന്നൊരാൾ സംസ്ഥാനഗവർണ്ണർ ആകുന്നത് ഇഷ്ടപ്പെടാതിരുന്നു കാർട്ടർ അതോടെ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആ മത്സരത്തിൽ കാർട്ടർ പ്രൈമറിയിൽ തന്നെ പരാജയപ്പെട്ടെങ്കിലും ഏറെ അറിയപ്പെടാതിരുന്ന ഒരു സെനറ്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ ശക്തികൾ ഈ മത്സരം വെളിവാക്കി.


തുടർന്ന് കൃഷിയിലെക്കും കുടുംബവ്യാപാരത്തിലേക്കും മടങ്ങിയ കാർട്ടർ, നാലു വർ‍ഷക്കാലം അടുത്ത ഗവർണ്ണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ശ്രദ്ധാപൂർവം ഒരുങ്ങി. 1970-ലെ മത്സരത്തിൽ ഡെമോക്രറ്റിക് പാർട്ടി സ്ഥാർത്ഥിത്വത്തിന് അദ്ദേഹത്തിന്റെ എതിരാളിയായിരുന്നത് കാൾ സാൻഡേഴ്സ് ആണ്. സാൻഡേഴ്സ് ആഫ്രിക്കൻ അമേരിക്കക്കാരേയും വെളുത്തവരേയും വേർപെടുത്തിനിർത്തുന്നതിൽ വിശ്വസിച്ച 'സെഗ്രഗേഷനിസ്റ്റ്' നിലപാടിന്റെ അനുഭാവിയായിരുന്നു. കാർട്ടർ ഈ നിലപാടിന്റെ വിരോധിയായിരുന്നു. "വെളുത്ത പൗരന്മാരുടെ സമിതി" എന്ന 'സെഗ്രഗേഷനിസ്റ്റ്' കൂട്ടായ്മയിൽ ചേരാൻ അദ്ദേഹം വിസമ്മതിച്ചു. കാർട്ടറുടെ നിലക്കടല സംഭരണശാലയുടെ ബഹിഷ്കരണത്തിന് വരെ ഇത് കാരണമായി. പ്ലെയിൻസിലെ ബാപ്റ്റിസ്റ്റ് ഇടവകയിൽ ആഫ്രിക്കൻ അമേരിക്കർക്ക് പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച രണ്ടു കുടുംബങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റേതായിരുന്നു.[8] ഡെമോക്രറ്റി കഷി സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയുള്ള പ്രൈമറിയിൽ സാൻഡേഴ്സിനെ നേരിയ ഭൂരിപക്ഷത്തിനാണ് തോല്പിച്ചതെങ്കിലും റിപ്പബ്ലിക്കൻ കക്ഷിക്കാരൻ ഹാൽ സ്യൂട്ടിനെ തോല്പിച്ച് കാർട്ടർ ജോർജ്ജിയ ഗവർണ്ണറായി.

ഗവർണ്ണറായുള്ള സ്ഥാനാരോഹണ പ്രസംഗത്തിൽ കാർട്ടർ വർഗ്ഗവേർതിരിവിന്റെ കാലം കഴിഞ്ഞെന്നും സംസ്ഥാനത്തിന്റെ ഭാവിയിൽ ആ നയത്തിന് ഒരു പ്രസക്തിയുമില്ലെന്നും അഭിപ്രായപ്പെട്ടു. തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന ഒരാൾ പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആദ്യമായിരുന്നു. ആഫ്രിക്കൻ അമേരിക്കക്കാരെ കാർട്ടർ ഉത്തരവാദിത്തപ്പെട്ട പല തസ്തികകളിലും നിയമിച്ചു. സംസ്ഥാന ഗവർണ്ണർമാരിൽ, വർണ്ണവേർതിരിവ്, കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങളുടെ വിപുലീകരണം എന്നീ വിഷയങ്ങളിൽ പുരോഗമനാത്മകമായ അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരിൽ ഒരാളായി അദ്ദേഹം കണക്കക്കപ്പെട്ടു.

Remove ads

രാഷ്ട്രപതി

തെരഞ്ഞെടുപ്പുവിജയം(1976)

1976-ൽ ഡെമോക്രറ്റിക് കക്ഷിയുടെ സ്ഥാനാർത്ഥിയായ രാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരവേദിയിൽ പ്രവേശിച്ച കാർട്ടറെ ആരും ഗൗരവമായെടുത്തില്ല. ദേശീയതലത്തിൽ രണ്ടു ശതമാനം ആളുകൾക്ക് മാത്രമാണ് അദ്ദേഹത്തെ അറിയാമായിരുന്നത്. മത്സരിക്കാനുള്ള മകന്റെ തീരുമാനം കേട്ട അമ്മ ലില്ലിയൻ ചോദിച്ചത്, "എന്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കാണ്"(President of What?) മത്സരിക്കുന്നതെന്നാണ്. എന്നാൽ വാട്ടർഗേറ്റ് വിവാദത്തിന്റെ സ്മരണ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നതിനാൽ വാഷിങ്ടൺ ഡി.സി.-യിലെ സ്ഥാപനവൽക്കരിക്കപ്പെട്ട നേതൃത്വത്തിൽ നിന്ന് അകന്നുനിന്ന സ്ഥാനാർത്ഥിയെന്ന സ്ഥിതി കാർട്ടർക്ക് മുതൽക്കൂട്ടായി. അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ഊന്നൽ ഭരണവ്യവസ്ഥയുടെ പുന:സംഘടന എന്ന ആശയത്തിലായിരുന്നു. ഡെമോക്രറ്റിക് കക്ഷിയുടെ സ്ഥാനാർത്ഥിത്വത്തിനുവേണ്ടിയുള്ള അയോവ കോക്കസും, ന്യൂഹാമ്പ്‌ഷയർ പ്രൈമറിയും വിജയിച്ചതോടെ കാർട്ടർ മുൻനിരയിലുള്ള സ്ഥാനാർത്ഥിയായി.

Thumb
1976-ലെ അമേരിക്കൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനങ്ങൾ തിരിച്ച് - നീലനിറത്തിൽ കാണുന്ന സംസ്ഥാനങ്ങളാണ് കാർട്ടറെ പിന്തുണച്ചത്

ദേശീയരാഷ്ട്രീയത്തിലെ പുതിയ 'കണ്ടെത്തലായ' കാർട്ടറെ മാധ്യമലോകം പൊതുവേ പിന്തുണച്ച് പ്രോത്സാഹിപ്പിച്ചു. "കാർട്ടറുടെ രാഷ്ട്രപതി സ്ഥാനവും അതിനപ്പുറവും" എന്ന 1980-ലെ പുസ്തകത്തിൽ ലോറൻസ് ഷൂപ്പ് ഇക്കാര്യം ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട്:

"മാധ്യമരംഗത്തെ മുമ്പന്മാരുടെ സ്വീകരണവും പിന്തുണയാണ് കാർട്ടർക്കുണ്ടായിരുന്നതും മറ്റുള്ളവർക്കില്ലാതിരുന്നതും. കാർട്ടറുടേയും അദ്ദേഹത്തിന്റെ പ്രചാരണത്തിന്റേയും നേർക്കുള്ള മാധ്യമങ്ങളുടെ അനുകൂലനിലപാടുമൂലമാണ് ദേശീയതലത്തിലുള്ള അഭിപ്രായവോട്ടെടുപ്പുകളിൽ കുതിച്ചുയരാൻ കാർട്ടർക്ക് കഴിഞ്ഞത്. 9 മാസത്തെ കൊണ്ട്, ഏറെയൊന്നും അറിയപ്പെടാത്തെ പൊതുപ്രവർത്തകനെന്ന നിലയിൽ നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്കുള്ള കാർട്ടറുടെ മുന്നേറ്റം സാധ്യമായത് അങ്ങനെയാണ്."

1976 ജനുവരി 26-ലെ ഒരു ഗാല്ലപ്പ് വോട്ടെടുപ്പിലും നാലു ശതമാനം ഡെമോക്രറ്റിക് സമ്മതിദായകർ മാത്രമാണ് കാർട്ടറെ തങ്ങളുടെ സ്ഥാനാർത്ഥിയായി കണ്ടത്. എന്നാൽ മാർച്ച് പകുതിയായപ്പോൾ കാർട്ടർ ഡെമോക്രറ്റിക് കക്ഷിയുടെ സ്ഥാനാർത്ഥിപദകാംക്ഷികളിൽ മുമ്പനായതിനു പുറമേ, അഭിപ്രായവോട്ടെടുപ്പുകളിൽ രാഷ്ട്രപതി ഫോർഡിനും മുമ്പിലായെന്ന് ഷൂപ്പ് പറയുന്നു.

സെനറ്റർ വാൾട്ടർ മോണ്ഡേലിനെ തന്റെ സഹസ്ഥാനാർത്ഥിയായി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പ്രചാരണപ്രസംങ്ങളിൽ, വാഷിങ്ടണിലെ സ്ഥാപനവത്കരിക്കപ്പെട്ട നേതൃത്വത്തെ വിമർശിച്ച കാർട്ടർ വിയറ്റ്നാം യുദ്ധവും വാട്ടർഗേറ്റും അമേരിക്കക്ക് ഏല്പ്പിച്ച മുറിവുകൾക്ക് ധാർമ്മികമായ പരിഹാരം നിർദ്ദേശിച്ചു.[9]

പ്രൈമറികൾക്കുശേഷം ഫോർഡിനേക്കാൾ ഏറെ മുമ്പിലായിരുന്നു കാർട്ടർ. പ്രചാരണം മുന്നേറിയതോടെ അവർ തമ്മിലുള്ള വ്യത്യാസം കുറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ കാർട്ടർ ഫോർഡിനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.

നേട്ടങ്ങൾ

Thumb
കാർട്ടർ ഈജിപ്തിലെ രാഷ്ട്രപതി അൻവർ സാദത്തിനൊപ്പം 1978-ൽ: ഈജിപ്തും ഇസ്രായേലുമായുള്ള ക്യാമ്പ് ഡേവിഡ് ഒത്തുതീർപ്പിനു വഴിതെളിച്ചത് കാർട്ടറാണ്.

രാഷ്ട്രപതിയെന്ന നിലയിൽ കാർട്ടർ വിദ്യാഭ്യാസം, ഊർജ്ജം എന്നിവക്ക് പുതിയ വകുപ്പുകൾ കാബിനറ്റ് തലത്തിൽ സൃഷ്ടിക്കുകയും പരിരക്ഷണം, വിലനിയന്ത്രണം, പുതിയ സാങ്കേതികവിദ്യ എന്നിവയിലൂന്നിയ ഒരു പുതിയ ദേശീയ ഊർജ്ജനയത്തിന് അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. വിദേശനയരംഗത്ത്, ഈജിപ്തും-ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന് വിരാമമിട്ട 1979-ലെ ക്യാമ്പ് ഡേവിഡ് ഒത്തുതീർപ്പ്, തന്ത്രപ്രധാനമായ ആയുധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായുള്ള ചർച്ചകളുടെ രണ്ടാം പരമ്പര(SALT-2) എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാൻ കാർട്ടർ ശ്രമിച്ചു. പനാമ തോട് മേഖലയുടെ നിയന്ത്രണം പനാമക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്റെ ഭരണകാലത്തെ ഒരു മുഖ്യസംഭവമായിരുന്നു. എന്നാൽ ലത്തീൻ അമേരിക്കയിലെ മേധാവിത്വത്തിന്റെ കാര്യത്തിൽ ഐക്യനാടുകൾ നടത്തിയ വലിയ വിട്ടുവീഴ്ചയായി ഇതിനെ കണക്കാക്കിയവർ കാർട്ടറുടെ ഈ തീരുമാനത്തെ വിമർശിച്ചു.

പ്രതിസന്ധികൾ

ഭരണത്തിന്റെ അവസാനവർ‍ഷങ്ങൾ കാർ‍ട്ടർക്ക് പല വലിയ പ്രതിസന്ധികളും നേരിടേണ്ടിവന്നു. 1979-ൽ ഇറാനിലെ അമേരിക്കൻ സ്ഥാനപതികാര്യാലയം അവിടത്തെ വിപ്ലവഭരണത്തോട് അനുഭാവം പുലർത്തിയ ഒരു വിഭാഗം വിദ്യാർത്ഥികൾ പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയായിരുന്നു അവയിൽ പ്രധാനം. ബന്ദികളായിത്തീർന്ന എംബസി ഉദ്യോഗസ്ഥന്മാരെ രക്ഷപെടുത്താൻ "ഓപ്പറേഷൻ കഴുകൻ നഖം" (Operation Eagle Claw) എന്ന രഹസ്യപ്പേരിൽ നടത്തിയ ശ്രമം പരാജയത്തിൽ കലാശിച്ചു. 1979-ലെ ഊർജ്ജ-ക്ഷാമം, അഫ്ഘാനിസ്ഥാനിലേക്കുള്ള സോവിയറ്റ് സേനയുടെ കടന്നുകയറ്റം എന്നിവ കാർട്ടർഭരണം നേരിട്ട മറ്റു പ്രതിസന്ധികളിൽ ചിലതായിരുന്നു.

തോൽവി(1980), സ്ഥാനമുക്തി

Thumb
ജിമ്മി കാർട്ടർ, ജീവിച്ചിരിക്കുന്ന മറ്റു മുൻരാഷ്ട്രപതിമാർക്കും പുതിയ രാഷ്ട്രപതി ഒബാമാക്കുമൊപ്പം 2009-ൽ

1980 ആയപ്പോൾ അദ്ദേഹത്തിന്റെ ജനസമ്മതി വലിയ കുറവു രേഖപ്പെടുത്തി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും രാഷ്ട്രപതി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥാനാർത്ഥിയായത് കാർട്ടർ തന്നെയാണ്. എന്നാൽ ടെഡ് കെന്നഡിയെ പാർട്ടി സ്ഥാനാർത്ഥിത്വത്തിനുവേണ്ടിയുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയ കാർട്ടറെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ കക്ഷി സ്ഥാനാർത്ഥി റോണാഡ് റീഗൻ പരാജയപ്പെടുത്തി. 1981 ജനുവരിയിൽ കാർട്ടർ സ്ഥാനമുക്തനായി.

Remove ads

സ്ഥാനമുക്തിക്കുശേഷം

Thumb
ജോർജ്ജിയയിലെ പ്ലെയിൻസിൽ സൈക്കിൾ സവാരി ചെയ്യുന്ന കാർട്ടർ 2008-ൽ

സ്ഥാനമുക്തിക്കുശേഷം കാർട്ടർ ജോർജ്ജിയായിലെ നിലക്കടല കൃഷിയിടത്തിലേക്ക് മടങ്ങി. രാഷ്ട്രപതിയായിരിക്കെ, അദ്ദേഹം കൃഷിയുടെ ചുമതല ഒരു ട്രസ്റ്റിനെ ഏല്പിച്ചിരുന്നു. എന്നാൽ ട്രസ്റ്റികളുടെ കെടുകാര്യസ്ഥതമൂലം, പത്തുലക്ഷം ഡോളർ കടത്തിലാണ് കൃഷിയിടം തിരികെ കിട്ടിയത്. കർമ്മനിരതമായ ജീവിതമാണ് മുൻരാഷ്ട്രപതിയെന്ന നിലയിൽ കാർട്ടർ നയിക്കുന്നത്. ജോർജ്ജിയയിൽ അറ്റ്ലാന്റയിലെ എമോറി സർവകലാശാലയിൽ അദ്ധ്യാപനം, ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചന എന്നിവയിൽ അദ്ദേഹം മുഴുകി.[9] പത്നി റോസലിനുമായി ചേർന്ന് അദ്ദേഹം മനുഷ്യാവകാശങ്ങളുടെ സം‌രക്ഷണം ലക്‌ഷ്യമാക്കി കാർട്ടർ കേന്ദ്രം സ്ഥാപിച്ചു. രാഷ്ട്രാന്തരരംഗത്തെ സംഘർഷ വിഷയങ്ങളെ സംബന്ധിച്ച സമാധാനചർച്ചകൾ, തിരഞ്ഞെടുപ്പ് നിരീക്ഷണം, വികസ്വരരാഷ്ട്രങ്ങളിൽ പകർച്ചവ്യാധികളുടെ നിവാരണം എന്നിവയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, അദ്ദേഹം ഒട്ടേറെ സഞ്ചരിച്ചു. മനുഷ്യവംശത്തിന് ആവാസസ്ഥാനം(ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി) എന്ന പദ്ധതിയുടെ പ്രധാനപ്രവർത്തകരിലൊരാളാണ് കാർട്ടർ.[10] അറബി-ഇസ്രായേലി സംഘർഷത്തിന്റെ വിഷയത്തിൽ ശ്രദ്ധിക്കപ്പെടുന്ന ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതാണ്.


പണ്ഡിതന്മാരും ചരിത്രകാരന്മാരും കാർ‍ട്ടറുടെ ഭരണകാലത്തെ സമ്മിശ്രമായ രീതിയിലാണ് വിലയിരുത്തുന്നത്. അമേരിക്കൻ രാഷ്ട്രപതിമാരിൽ ഒൻപതാം സ്ഥാനം മുതൽ 34-ആം സ്ഥാനം വരെ അദ്ദേഹത്തിന് കല്പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലോകസമാധാനം, മനുഷ്യാവകാശസംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളുടെ പേരിൽ ചരിത്രത്തിലെ ഏറ്റവും പേരെടുത്ത മുൻരാഷ്ട്രപതിമാരിൽ ഒരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.[11][12]

മുൻ രാഷ്ട്രപതി ജോർജ്ജ് എച്ച്. ഡബ്ലിയൂ. ബുഷിനേക്കൾ മൂന്നുമാസം പത്തൊൻപത് ദിവസം പ്രായക്കുറവുള്ള കാർട്ടർ, അമേരിക്കൻ രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ച് ഇപ്പോൾ (2009) ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെയാളാണ്.

അമേരിക്കൻ നയത്തിനെതിരെ കാർട്ടർ

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെതിരെയും അദ്ദേഹത്തിന്റെ ഇറാഖ് യുദ്ധത്തേയും കാർട്ടർ വിമർശിച്ചിരുന്നു. 2003 ൽ ന്യൂയോർക്ക് ടൈംസിലെ എഡിറ്റോറിയലിലൂടെ ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതത്തിനെതിരെ കാർട്ടർ മുന്നറിയിപ്പ് നൽകുകയും അവിടെ സൈനിക നടപടി സ്വീകരിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു[13]. 2004 ൽ "അസത്യത്തിന്റെയും ദുർ‌വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തിൽ" ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ പുറത്താകുന്നതിനായി യുദ്ധപ്രഖ്യാപനം നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെയും ബ്രിട്ടൻ പ്രധാനമന്ത്രി ടോണി ബ്ലയറേയും കാർട്ടർ അപലപിക്കുകയുണ്ടായി[14]. 2006 ൽ, ബുഷിന്റെ ഇറാഖ് നയത്തിന്‌ നിരുപാധിക പിന്തുണകൊടുക്കുന്ന ടോണി ബ്ലയറെ അമേരിക്കയുടേ അനുസരണയുള്ള കുഞ്ഞാടെന്നാണ്‌ കാർട്ടർ വിശേഷിപ്പിച്ചത്. 2007 മെയ് 19 ന്‌ ടോണി ബ്ലയർ, തന്റെ പ്രധാനമന്ത്രിപദം ഒഴിയുന്നതിന്‌ മുമ്പായി അവസാന വട്ട ഇറാഖ് സന്ദർശനം നടത്തി. ഈ അവസരത്തിലും കാർട്ടർ ടോണി ബ്ലയറെ വിമർശിക്കുയുണ്ടായി[15]. അദ്ദേഹം പറഞ്ഞു: "2003 ലെ ഇറാഖ് അധിനിവേശത്തിനായി പുറപ്പെട്ട ബുഷ് ഭരണക്കൂടത്തിൽ നിന്ന് ടോണി ബ്ലയർ ഒരകലം പാലിച്ചിരുന്നങ്കിൽ അത് അമേരിക്കൻ രാഷ്ട്രീയത്തിലും പൊതു അഭിപ്രായരൂപവത്കരണത്തിലും നിർണ്ണായക വ്യത്യാസങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നു മാത്രമല്ല ഇറാഖ് അധിനിവേശം മുന്നോട്ടുപോകുമായിരുന്നുമില്ല"

2005 ജൂൺ 5 ന്‌ തടവുകാരെ പീഡിപ്പിക്കുന്നതിൽ കുപ്രസിദ്ധമായ അമേരിക്കൻ നിയന്ത്രണത്തിലുള്ള ക്യൂബയിലെ ഗോണ്ടാനാമോ ബെ അടച്ചുപൂട്ടാനും ജിമ്മി കാർട്ടർ ആവശ്യപ്പെടുകയുണ്ടായി[16].

2006 സെപ്റ്റംബറിൽ ബി.ബി.സിയുടെ "ന്യൂസ്നൈറ്റ്" എന്ന പരിപാടിയിലെ അഭിമുഖത്തിൽ, അമേരിക്കൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചു വരുന്ന ക്രിസ്തീയവലതുപക്ഷ സ്വാധീനത്തെ കാർട്ടർ ആശങ്കയോടെയാണ്‌ കണ്ടത്[17].

രാഷ്ട്രപതി ബുഷിനെകുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നതെന്താണ് എന്ന സിറിയയിലെ ഒരു ഇംഗ്ലീഷ് ആനുകാലികമായ ഫോർ‌വാർഡ് മാസികയുടെ ചോദ്യത്തിന്‌ കാർട്ടർ ഇങ്ങനെ മറുപടി പറഞ്ഞു:"വളരെ നിരാശാജനകമായ ഒരു ഭരണത്തിന്റെ അന്ത്യം"[18].

അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും നടക്കുന്ന വധശിക്ഷക്കെതിരെയും കാർട്ടർ ശക്തിയായി നിലകൊള്ളുന്നു[19].

ഗ്രന്ഥകാരൻ

സ്ഥാനമുക്തിക്കുശേഷം കാർട്ടർ പുസ്തകരചനയിലും മുഴുകി. മികച്ചൊരു എഴുത്തുകാരനാണ്‌ കാർട്ടർ. അദ്ദേഹത്തിന്റെ 23 ഗ്രന്ഥങ്ങളിൽ 21 ഉം എഴുതിയത് പ്രസിഡന്റ്പദവി ഒഴിഞ്ഞതിന്‌ ശേഷമാണ്‌. ഇതിൽ ഒരു പുസ്തകം തന്റെ ഭ്യാര്യ റോസ്‌ലിനുമായി ചേർന്നെഴുതിയതാണ്‌. കുട്ടികൾക്കായി എഴുതിയ ഗ്രന്ഥങ്ങൾക്ക് വേണ്ടി വരകൾ ചെയ്തത് കാർട്ടറുടെ മകൾ അമിയായിരുന്നു. മാനുഷിക സേവനങ്ങൾ,മനുഷ്യാവകാശങ്ങൾ,പ്രയാധിക്യം,മതം,കവിത എന്നീ വൈവിധ്യമാർന്ന വിഷയങ്ങളാണ്‌ ഈ പുസ്തകങ്ങൾ ഉൾകൊള്ളുന്നത്.

'പലസ്തീൻ: വിവേചനമല്ല,സമാധാനം'

2006 നവംബറിൽ പ്രസിദ്ധീകരിച്ച കാർട്ടറുടെ 'പലസ്തീൻ: വിവേചനമല്ല,സമാധാനം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു:"പലസ്തീൻ രാജ്യത്തിന്മേൽ ഇസ്രായേൽ തുടരുന്ന നിയന്ത്രണവും കോളനിവൽകരണവുമാണ്‌ "വിശുദ്ധ ഭൂമിയിൽ" സമഗ്രമായ ഒരു സമാധാന ഉടമ്പടിക്കുള്ള പ്രഥമ പ്രതിബന്ധം"[20]. അറബികളായ ഇസ്രയേലികൾക്കും തുല്യാവകാശമുണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം[21] തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു പലസ്തീൻ മേഖലയിലുള്ള നിലവിലെ ഇസ്രയേലിന്റെ നയങ്ങൾ അവിടെ ഒരു വർഗ്ഗവിവേചനത്തിന്റെ അവസ്ഥ സൃഷ്ടിച്ചിരിക്കയാണ്‌. രണ്ട് വിഭാഗം ജനങ്ങൾ ഒരുമിച്ച് ഉൾകൊള്ളുന്ന സ്ഥലത്ത് അവരെ പരസ്പരം വേർപ്പെടുത്തി നിർത്തിയിരിക്കയാണ്‌. അവിടെ ഇസ്രയേലിന്റെ ആധിപത്യവും അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ട് പലസ്തീനിളെ ‍ അടിച്ചമർത്തപ്പെടുന്നതുമാണ്‌ നടക്കുന്നത്[20]. "ലോസ് ആഞ്ചൽസ് ടൈംസിലെ" എഡിറ്റ് താളിലെഴുതിയ ലേഖനത്തിൽ കാർട്ടർ പറയുന്നു: "എന്റെ ഈ ഗ്രന്ഥത്തിന്റെ ആത്യന്തിക ലക്ഷ്യം മധ്യേഷ്യയെ കുറിച്ച് അമേരിക്കക്ക് അജ്ഞാതമായ സത്യങ്ങൾ അവതരിപ്പിക്കുകയും ചർച്ചകളിൽ പങ്കാളിയായിക്കൊണ്ട് ഇസ്രയേലിനും അതിന്റെ അയൽ രാജ്യങ്ങൾക്കും ശ്വാശതമായ സാമാധാനം നൽകുന്ന ചർച്ചകൾ പുനരാരംഭിക്കാൻ സഹായമൊരുക്കുക എന്നതുമാണ്‌. മറ്റൊരു ലക്ഷ്യം സമാനചിന്താഗതി പുലർത്തുന്ന ജൂതന്മാർക്കും മറ്റു അമേരിക്കക്കാർക്കും തങ്ങളുടെ കാഴ്ച്ചപ്പാടുകൾ പരസ്യമായി അവതരിപ്പിക്കാനുള്ള പ്രേരണ നൽകുക എന്നതാണ്‌. ഈ പ്രയത്നത്തെ സഹായിക്കാൻ കഴിയുകയാണങ്കിൽ ഞാൻ കൃതാർഥനായിരിക്കും"[22].

ഈസ്രയേൽ നിയന്ത്രണത്തിലുള്ള പലസ്തീനികളുടെ അവസ്ഥയെ കുറിച്ചുള്ള കാർട്ടറുടെ ഈ വീക്ഷണത്തെ ഒരു വിഭാഗം പുകഴ്ത്തുമ്പോൾ മറ്റു ചിലർ അദ്ദേഹത്തെ ജൂത വിരുദ്ധനായ പക്ഷപാതിയായി ചിത്രീകരിക്കുന്നു[23]. ഈ ഗ്രന്ഥത്തോടുള്ള എതിർപ്പ് കാരണം 2008 ഏപ്രിൽ മാസത്തിൽ കാർട്ടറുടെ ഇസ്രയേൽ-പലസ്തീൻ സന്ദർശനസമയത്ത് ഇസ്രയേൽ സുരക്ഷാ സൈന്യം അദ്ദേഹത്തിനു് സം‌രക്ഷണം നൽകുകയുണ്ടായില്ല

Remove ads

മരണം

2024 ഡിസംബർ 29ന് 100 വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

നുറുങ്ങുകൾ

Thumb
രാഷ്ട്രപതി കാർട്ടർ അമ്മ, ലില്ലിയൻ കാർട്ടറോടൊത്ത് 1977-ൽ
  • ആശുപത്രിയിൽ ജനിച്ച ആദ്യത്തെ അമേരിക്കൻ രാഷ്ട്രപതിയാണ് കാർട്ടർ[24]
  • 1976-ൽ, 'പ്ലേബോയ്' മാസികയുടെ നവംബർ ലക്കത്തിനുവേണ്ടി റോബർട്ട് ഷീർ, കാർട്ടറുമായി ഒരു അഭിമുഖസംഭാഷണം നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് രണ്ടാഴ്ചക്കുമുൻപാണ് ആ ലക്കം ഇറങ്ങിയത്. ഈ അഭിമുഖത്തിലാണ്,അഹംഭാവത്തിനുനേർക്കുള്ള മതത്തിന്റെ നിലപാടിനെ സംബന്ധിച്ച ചർച്ചക്കിടെ കാർട്ടർ "ഞാൻ ഒട്ടേറെ സ്ത്രീകളെ ആസക്തിയോടെ നോക്കിയിട്ടുണ്ട്; പലവട്ടം മനസ്സുകൊണ്ട് ഞാൻ വ്യഭിചാരം ചെയ്തിട്ടുണ്ട്" എന്ന കൗതുകമുണർത്തുന്ന വെളിപ്പെടുത്തൽ നടത്തിയത്.[25] പ്ലേബോയ് മാസികക്ക് അഭിമുഖം നൽകിയിട്ടുള്ള ഒരേയൊരു അമേരിക്കൻ രാഷ്ട്രപതി എന്ന സ്ഥാനം കാർട്ടർ ഇന്നും നിലനിർത്തുന്നു.
  • സ്ഥാനവിമുക്തിക്കുശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ച രാഷ്ട്രപതി-ഉപരാഷ്ട്രപതി ജോഡിയാണ് കാർട്ടറും അദ്ദേഹത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന വാൾട്ടർ മൊണ്ഡേയ്‌ലും. ഇക്കാര്യത്തിൽ അവർ, ഒരേദിവസം (1826 ജൂലൈ 4)മരിച്ച ജോൺ ആഡംസും തോമസ് ജെഫേഴ്സണും സ്ഥാപിച്ച റെക്കോർഡിനെ മറികടന്നു.
  • കാർട്ടറുടെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം മരിച്ചത് പാൻക്രിയാറ്റിക് കാൻസർ വന്നിട്ടാണ്. ഈ അസുഖം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുടുംബത്തിലെ ഏക വ്യക്തി കാർട്ടറാണ്. പാൻക്രിയാറ്റിക് കാൻസറിനെതിരെ ഒരുപാട് ബോധവത്കരണ പരിപാടികൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads