ഡാലിയൻ
ചൈനയിലെ ലിയാവോനിങ് പ്രവിശ്യയിലുളള ഒരു നഗരം From Wikipedia, the free encyclopedia
Remove ads
ചൈനയിലെ ലിയാവോനിങ് (Liaoning) പ്രവിശ്യയിലുളള ഒരു നഗരമാണ് ഡാലിയൻ (ലഘൂകരിച്ച ചൈനീസ്: 大连; പരമ്പരാഗത ചൈനീസ്: 大連; പിൻയിൻ: Dàlián; Mandarin pronunciation: [ta˥˩ljɛn˧˥]). പശ്ചിമ കൊറിയൻ ഉൾക്കടലിലെ ഒരു തുറമുഖം കൂടിയായ ഈ നഗരം ലിയാവോദോങ് (Liaodong) ഉപദ്വീപിൽ സ്ഥിതിചെയ്യുന്നു. ഡാലിയനും അടുത്തുള്ള ലൂഷൻ നഗരവും ചില പ്രദേശങ്ങളും ചേർന്നതാണ് ലൂടാ(Luda) മുനിസിപ്പാലിറ്റി. ഒരു പ്രധാന വ്യാവസായിക കേന്ദ്രവും ഡാക്വിങ് (Daqing) എണ്ണപ്പാടത്തിലെ മുഖ്യ പെട്രോളിയം കയറ്റുമതി കേന്ദ്രവും കൂടിയാണ് ഡാലിയൻ. ഡാലീൻ (Dalien) എന്നും ടാലീൻ (Talien) എന്നും ഡയ്റെൻ (Dairen) എന്നും ഈ നഗരം അറിയപ്പെടുന്നുണ്ട്. ജനസംഖ്യ : 2.55 ദശലക്ഷം (1995)
Remove ads
ബഹുമുഖനഗരം
വലിയ കപ്പൽ നിർമ്മാണ കേന്ദ്രങ്ങളുള്ള ഡാലിയൻ തുറമുഖത്തിന് നിരവധി സൂപ്പർ ടാങ്കറുകളെ ഉൾക്കൊളളുവാൻ ശേഷിയുണ്ട്. ഹിമവിമുക്തവും ആഴമേറിയതുമായ തുറമുഖം, തെക്കൻ മഞ്ചൂറിയൻ റെയിൽപ്പാതയുടെ ടെർമിനസ് എന്നീ പ്രത്യേകതകളും ഡാലിയനുണ്ട്. മഞ്ചൂറിയൻ ഉത്പന്നങ്ങളുടെ പുറത്തേക്കുള്ള കവാടമാണ് ഈ തുറമുഖ നഗരം. ധാന്യങ്ങൾ, സോയാബീൻ എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. എണ്ണ, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ, പുകയില തുടങ്ങിയവ വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. 1992-ൽ 62 ദശലക്ഷം ടൺ ചരക്ക് ഡാലിയൻ തുറമുഖം കൈകാര്യം ചെയ്തു.
Remove ads
പ്രധാന ഉത്പാദന കേന്ദ്രം
ഒരു പ്രധാന ഉത്പാദന കേന്ദ്രമാണ് ഡാലിയൻ. ശുദ്ധീകരിച്ച പെട്രോളിയം, രാസവസ്തുക്കൾ, തുണിത്തരങ്ങൾ, വളങ്ങൾ, യന്ത്രസാമഗ്രികൾ, ഇരുമ്പുരുക്ക് ഉത്പന്നങ്ങൾ, ഗതാഗതോപകരണങ്ങൾ തുടങ്ങിയവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. യന്ത്രസാമഗ്രികളുടെ ഒരു മുഖ്യ ഉത്പാദക കേന്ദ്രം കൂടിയാണിത്. വിശാലമായ കപ്പൽ നിർമ്മാണകേന്ദ്രങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. വിദേശ മുതൽമുടക്കിനേയും സങ്കേതികതയേയും ആകർഷിക്കുവാനായി 1984-ൽ ഒരു പ്രത്യേക സാമ്പത്തിക മേഖലയ്ക്കും രൂപം നൽകിയിട്ടുണ്ട്.
Remove ads
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ
ഡാലിയൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും, ഡോങ്ബി സാമ്പത്തിക സർവകലാശാലയും ഇവിടത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ധാരാളം കായിക വിനോദ കേന്ദ്രങ്ങളും നഗരത്തിലുണ്ട്. ഇവിടത്തെ ലാവോദോങ് പാർക്ക് വളരെ പ്രശസ്തമാണ്.
ആധുനിക തുറമുഖനഗരം
ഒരു ചെറുമത്സ്യബന്ധന തുറമുഖമായിരുന്ന ഡാലിയൻ റഷ്യാക്കാരുടെ ആധിപത്യത്തിൻ കീഴിലാണ് ഒരു ആധുനിക വാണിജ്യ തുറമുഖമായി വികസിച്ചത്. റഷ്യാക്കാർ ഇതിന് ഡാൽനി (Dalny) എന്നു പേരു നൽകി. 1904-05-ലെ റൂസോ-ജാപ്പനീസ് യുദ്ധം അവസാനിക്കുന്നതിന് കാരണമായിത്തീർന്ന പോർട്സ്മത് ഉടമ്പടി പ്രകാരം ഈ പ്രദേശം ജപ്പാന്റെ അധീനതയിലായി. തുടർന്നു ഇത് ക്വാങ്തങ് (Kwangtung) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഡയ്റെൻ (Dairen) എന്ന നാമം സ്വീകരിച്ച ഡാലിയൻ നഗരം വൻതോതിലുളള വികസനത്തിനും ആധുനികവത്കരണത്തിനും വിധേയമായതും ഈ കാലഘട്ടത്തിൽ തന്നെയാണ്.
Remove ads
ചരിത്രം
1937-ൽ ക്വാങ്തങിന്റെ തലസ്ഥാനം ലൂഷനിൽ നിന്നും ഡാലിയനിലേക്കു മാറ്റി. തുടർന്നുളള വർഷങ്ങളിൽ ത്വരിത വികാസം നേടിയ ഈ പ്രദേശം 40-കളിൽ ജപ്പാന്റെ നിയന്ത്രണത്തിൻ കീഴിലുളള മഞ്ചൂറിയയിലെ ഒരു മുഖ്യ തുറമുഖമായി മാറി. 1945-1955 കാലഘട്ടത്തിൽ ഡയ്റെനും, ലൂഷനും (പോർട്ട് ആതർ) ഏകോപിച്ചു കൊണ്ടുള്ള ഒരു സിനോ-സോവിയറ്റ് നാവികത്താവളം രൂപം പൂണ്ടു.
രണ്ടാം ലോകയുദ്ധത്തിലെ ജപ്പാന്റെ പരാജയത്തെ തുടർന്ന് ഈ തുറമുഖങ്ങൾ സോവിയറ്റ് -ചൈനീസ് രാജ്യങ്ങളുടെ നിയന്ത്രണത്തിലായി (1945). 1955-ൽ ഇവ പൂർണമായും ചൈനക്ക് കൈമാറി. തുടർന്ന് ലൂഷൻ ചൈനീസ് നാവികത്താവളമായും, ഡയ്റെൻ ഘനവ്യവസായ കേന്ദ്രമായും വികസിച്ചു. എഴുപതുകളോടെ ചൈനയുടെ മുഖ്യ പെട്രോളിയം തുറമുഖം എന്ന ബഹുമതി ഡാലിയന് ലഭിച്ചു.
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads