താണിക്കുടം പുഴ
ഇന്ത്യയിലെ നദി From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ വാഴാനി/പീച്ചിമലകളുടെ പടിഞ്ഞാറൻ താഴ്വരകളിൽ ഉത്ഭവിച്ച് നഗരത്തിന്റെ വടക്കൻപ്രദേശങ്ങളിലൂടെ പുഴയ്ക്കൽ പാടങ്ങളിലും പുല്ലഴി കോൾനിലങ്ങളിലുമായി ഒഴുകിയെത്തി ഏനാമ്മാവ് ബണ്ടിലൂടെ ചേറ്റുവാ കായലിൽ അവസാനിക്കുന്ന താരതമ്യേന വലിപ്പം കുറഞ്ഞ ഒരു പുഴയാണു് താണിക്കുടം പുഴ (പുഴയ്‌ക്കൽ പുഴ ).[1][2][3][4][5][6][7][8][9][10][11][12] നടുത്തോട് എന്നും വിയ്യൂർ പുഴ എന്നും പ്രാദേശികമായി അറിയപ്പെടുന്നുണ്ടു്. 29കി.മീറ്റർ നീളമുള്ള ഈ പുഴ ജില്ലയിലെ നെല്ലുത്പാദനത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ളതാണ്. ഗുരുതരമായ ജലമലിനീകരണം നേരിടുന്ന പുഴയാണിത്[13]. മച്ചാട് മലനിരകളിൽനിന്നുതന്നെ ഉത്ഭവിക്കുന്ന ഈ പുഴയുടെ പ്രധാനകൈവഴികൾ നടുത്തോട്, പൂമലത്തോട്, കട്ടച്ചിറത്തോട് എന്നിവയാണ്. ചേറ്റുവക്കായലിൽ ലയിക്കുന്ന ഈ പുഴ കേരളത്തിലെ നീളം കുറഞ്ഞപുഴകളിലൊന്നാണ്.
Remove ads
ഉത്ഭവവും ഗതിയും
തെക്കുവടക്കു് അനുസ്യൂതമായി തുടരുന്ന പശ്ചിമഘട്ടം പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് (പാലക്കാടൻ ചുരം) രണ്ടുഭാഗമായി വേർപെട്ടുകിടക്കുന്നു. ഏകദേശം ആ അഭാവത്തിനു പകരമായി പാലക്കാടിനും തൃശ്ശൂരിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഉയർന്ന പ്രദേശമാണു് പീച്ചി, വാഴാനി, വെള്ളാനി മലകൾ. ഇവയുടെ പടിഞ്ഞാറുള്ള ഭാഗങ്ങളിലെ നീരുവാർച്ച ചെറിയ അരുവികളായി ഒത്തുചേർന്ന് തെക്കോട്ടൊഴുകിയെത്തുന്നതാണു് താണിക്കുടം പുഴയായി രൂപാന്തരപ്പെടുന്നതു്.
വീരോലിപ്പാടം, കല്ലൻപാറ, കട്ടിലപ്പൂവം തുടങ്ങിയ മലയോരപ്രദേശങ്ങളിൽനിന്നു് ഏകദേശം പത്തുകിലോമീറ്ററുകളോളം പല കൈവഴികളായി വികസിക്കുന്ന ഈ തോട് കുണ്ടുകാടിനുസമീപം വെച്ച് ഒരുമിച്ചുചേരുന്നു. ആനക്കുഴിങ്ങര എന്നറിയപ്പെടുന്ന സ്ഥലത്തുവെച്ച് പുഴയുടെ മുകളിലൂടെ നിർമ്മിച്ചിട്ടുള്ള നീർപ്പാലത്തിലൂടെ (Aqueduct) പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാൽ താണിക്കുടം പുഴയെ മുറിച്ചുകടക്കുന്നു.
പത്തുകിലോമീറ്ററുകളോളം ഇടനാടുകളിലൂടെ ഒഴുകിയെത്തുന്ന നദി തൃശ്ശൂർ നഗരത്തിലെ പെരിങ്ങാവിലൂടെ പുഴയ്ക്കൽ പാടത്ത് എത്തിച്ചേരുന്നു. സമുദ്രനിരപ്പിൽനിന്നും ഏതാനും മീറ്റർ മാത്രം ഉയരമുള്ള ഈ താഴ്ന്ന സമതലപ്രദേശത്ത് പുഴ സാവധാനം പരന്ന് പുല്ലഴി കോൾപ്പാടങ്ങളിലും ഏനാമ്മാവ് ബണ്ട് മറിഞ്ഞ് ചേറ്റുവാ കായലിലും ലയിച്ചുചേരുന്നു. ഈ ഭാഗത്ത് ഏകദേശം ഒമ്പതുകിലോമീറ്ററുകളോളം പുഴയെ വ്യതിരിക്തമായ ജലപാതയായി കണക്കാക്കാം. എന്നിരുന്നാലും താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് ഈ ആറു് വെള്ളത്താൽ മൂടി പാടവുമായി മറഞ്ഞ് കിടക്കും.
Remove ads
ജലസമ്പത്തും വിഭവശേഷിയും
ഭൂപ്രകൃതിയനുസരിച്ച് തൃശ്ശൂർ നഗരത്തിന്റെ വടക്കുകിഴക്കൻ പ്രാന്തമേഖലകളിലെ നീരുവാർച്ച മിക്കവാറും പൂർണ്ണമായും ഈ പുഴയിലാണു് എത്തിച്ചേരുന്നതു്. ആണ്ടുതോറുമുള്ള സ്വാഭാവികവർഷപാതമാണു് പുഴയുടെ പ്രധാന ജലസ്രോതസ്സ്. മഴക്കാലം കഴിയുന്നതോടെ നീരുറവുകൾ വറ്റിപ്പോകുമെങ്കിലും കരുവന്നൂർ പുഴയിലുള്ള പീച്ചി ജലസേചനപദ്ധതിയുടെ വലതുകര മുഖ്യശാഖാകനാലിൽ വെള്ളം തുറന്നുവിടുന്ന മാസങ്ങളിൽ പുഴയിൽ നേരിയ തോതിലെങ്കിലും പ്രവാഹം തുടരും.
കള്ളായിച്ചിറ, അക്കരപ്പുറം ചിറ, പെരുംതാന്നിച്ചിറ എന്നിവയാണു് ഈ പുഴയിലെ സ്ഥിരനിർമ്മിതമായ അണക്കെട്ടുകൾ. ഇവയിൽ നിന്നും ലഭ്യമായിരുന്ന ജലം ഉപയോഗിച്ച് സമീപകാലംവരെ ഈ പ്രദേശങ്ങളിൽ വ്യാപകമായി ഇരുപ്പൂ (കന്നിക്കൊയ്ത്തും മകരക്കൊയ്ത്തുമായി ആണ്ടിൽ രണ്ടുതവണ) നെൽകൃഷി ചെയ്തിരുന്നു. നെൽകൃഷി ഏതാണ്ടു് പൂർണ്ണമായും ഇല്ലാതായെങ്കിലും വടക്കൻതൃശ്ശൂരിന്റെ പ്രധാന ഭൂഗർഭജലസ്രോതസ്സ് എന്ന നിലയിൽ ഈ ആറിനു് വളരെ പ്രാധാന്യമുണ്ടു്. പമ്പ് സെറ്റുകൾ ഉപയോഗിച്ച് പുഴയിൽനിന്നും വലിച്ചെടുക്കുന്ന വെള്ളം ഉപയോഗിച്ച് തീരപ്രദേശത്ത് ഉടനീളം നേന്ത്രവാഴ, പച്ചക്കറികൾ, നാളികേരം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നുണ്ട്.
വാഴ, കുരുമുളകു്, കശുമാവു്, മരച്ചീനി, അടയ്ക്ക, ഔഷധസസ്യങ്ങൾ, മലക്കറികൾ, അലങ്കാരച്ചെടികൾ തുടങ്ങിയ ഒട്ടനവധി കാർഷികവിഭവങ്ങൾ കൃഷിചെയ്യുന്ന ഗ്രാമങ്ങളാണു് ഈ പുഴയുടെ തീരപ്രദേശങ്ങൾ മിക്കതും. കുണ്ടുകാട്, മുട്ടിക്കൽ, താണിക്കുടം, മാടക്കത്ര, വില്ലടം, കുറ്റുമുക്ക് തുടങ്ങിയവ ഇത്തരം പ്രദേശങ്ങളാണു്.
നേരിട്ട് കുടിക്കാൻ ഉപയോഗിക്കുന്നില്ലെങ്കിലും സമീപത്തുള്ള കിണറുകളിലേയും കുളങ്ങളിലേയും ജലലഭ്യത ഒരു വലിയ പരിധിവരെ ഈ പുഴയിലെ ജലനിരപ്പിനേയും ഒഴുക്കിനേയും ആശ്രയിച്ചാണു് മാറിക്കൊണ്ടിരിക്കുന്നതു്. പുഴയിലെ ജലലഭ്യതയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വില്ലടത്തേയും മറ്റും പമ്പ് ഹൌസുകൾ അതതു നാടുകളിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുകളാണു്.
മേൽത്തരമായി കണക്കാക്കിയിരുന്ന താണിക്കുടം പുഴയിലെ മണൽ ഈ അടുത്ത കാലംവരേയ്ക്കും തൃശ്ശൂർ നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും കെട്ടിടനിർമ്മാണത്തിനു് ധാരാളമായി ഉപയോഗിച്ചിരുന്നു. അനിയന്ത്രിതമായ മണൽഖനനവും ഉപഭോഗവും ഒഴുക്കിന്റെ വാർഷികക്രമരാഹിത്യവും മൂലം പുഴയുടെ അടിത്തട്ടിന്റേയും വശങ്ങളുടേയും ഘടനയും സ്വഭാവവും കഴിഞ്ഞ ദശകങ്ങളിൽ ഗണ്യമായിമാറിയിട്ടുണ്ടു്.
മദ്ധ്യകേരളത്തിൽ കണ്ടുവരുന്ന മിക്കവാറും ശുദ്ധജലമത്സ്യഇനങ്ങളും കക്ക, ഞവിഞ്ഞി, പലയിനം തവളകൾ, ആമ, നീർപ്പാമ്പുകൾ തുടങ്ങിയ മറ്റുജലജീവികളും ഈ പുഴയിലും സുലഭമായിരുന്നു. ഇവയിൽ പലതും അമിതമായ മണൽ ഖനനം, ജലോപഭോഗം, വനനശീകരണം, മണ്ണൊലിപ്പ് തുടങ്ങിയവയുടെ ഫലമായി ഇപ്പോൾ അപൂർവ്വമായിവരുന്നു[14] . മുൻകാലങ്ങളിൽ കോരുവല, കുരുത്തി, ചൂണ്ട, ഒറ്റാൽ, നഞ്ച്, പന്നിപ്പടക്കം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്ഥലവാസികൾ വ്യാപകമായി മത്സ്യബന്ധനം നടത്തിയിരുന്നു. പരിസരമലിനീകരണവും ജീവിവംശനാശവും പരിഗണിച്ച് ഇത്തരം മീൻപിടുത്തരീതികളിൽ പലതും ഇപ്പോൾ നിയമം വഴി നിരോധിച്ചിട്ടുണ്ടു്.
Remove ads
വിനോദസഞ്ചാരം
വാഴാനി വന്യസംരക്ഷണകേന്ദ്രത്തിനു തൊട്ടടുത്തുള്ള വീരോലിപ്പാടം, കട്ടിലപ്പൂവം തുടങ്ങിയ പുഴയുടെ ഉത്ഭവപ്രദേശവും ആനക്കുഴിങ്ങര, കള്ളായിച്ചിറ, തീർത്ഥാനി എന്നീ സ്ഥലങ്ങളും ഹ്രസ്വവിനോദയാത്രകൾക്കു് അനുയോജ്യമായ വിധത്തിൽ വന്യഭംഗി നിറഞ്ഞതാണു്. ജൂൺ മുതൽ ജനുവരി വരെയുള്ള സമയമാണു് ഇത്തരം യാത്രകൾക്കു് സൌകര്യപ്രദം. ചെറിയ വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന കാടുകളുമുള്ള കള്ളായിച്ചിറ ഫോട്ടോഗ്രാഫർമാർക്കു് പ്രിയങ്കരമാണു്.
പുഴയുടെ ഗതിമാർഗ്ഗത്തിലാണു് താണിക്കുടം, കുറ്റുമുക്ക്, നെട്ടിശ്ശേരി, പുഴയ്ക്കൽ തുടങ്ങിയ ഹിന്ദുക്ഷേത്രങ്ങൾ.
ഈ പുഴയുടെ പ്രകൃതിഭംഗിയാണു് പുഴയ്ക്കൽ വികസിപ്പിച്ചുവരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും മറ്റും മുഖ്യപശ്ചാത്തലം.അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവിടെ ഈ പുഴയിലൂടെ ബോട്ടിങ്ങ് സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ടു്. പുഴയ്ക്കുസമീപത്തു് വിശാലമായ ഭവനപദ്ധതികളും സമ്മേളനനഗരിയും മറ്റും പുതുതായി വികസിച്ചുവരുന്നു.
മറ്റു വിവരങ്ങൾ
വീരോലിപ്പാടം, കുണ്ടുകാട്, താണിക്കുടം, വില്ലടം, കുറ്റുമുക്ക്, പെരിങ്ങാവു്, പുഴയ്ക്കൽ തുടങ്ങിയവയാണു് തീരത്തെ പ്രധാന ജനവാസകേന്ദ്രങ്ങൾ. തൃശ്ശൂരിലെ ഒരു പ്രധാന ഉപനഗരമായി വികസിക്കുന്ന ശോഭാ സിറ്റി ഈ പുഴയുടെ തീരത്താണു്.
അതിശക്തമായ മഴക്കാലത്ത് ഈ പുഴയിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിന്റെ അനന്തരഫലമാണു് താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാട്ട് എന്ന ചടങ്ങ്. എല്ലാ വർഷവും ഒന്നോ രണ്ടോ തവണ ഈ പ്രതിഭാസം പതിവുണ്ടു്.[15][16][17] [18][19]
പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം ഈ പുഴയുടെ ഓരത്താണു്.
തൃശ്ശൂർ-കുന്നംകുളം/ഗുരുവായൂർ, കൊടുങ്ങല്ലൂർ-ഷൊർണൂർ(സം.പാ.22)എന്നീ സംസ്ഥാനപാതകളും എറണാകുളം-ഷൊറണൂർ തീവണ്ടിപ്പാതയും തൃശ്ശൂർ - ഗുരുവായൂർ തീവണ്ടിപ്പാതയും താണിക്കുടം പുഴയ്ക്കു മീതെക്കൂടി കടന്നുപോകുന്നുണ്ട്.
Remove ads
ഇതും കാണുക
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
