താണിക്കുടം ഭഗവതി ക്ഷേത്രം

From Wikipedia, the free encyclopedia

Remove ads

10.5739637°N 76.2595797°E / 10.5739637; 76.2595797

വസ്തുതകൾ Thanikkudam Bhagavathi Temple, സ്ഥാനം ...

തൃശ്ശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ താണിക്കുടം ദേശത്ത് പുഴയ്ക്കൽപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണു് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം. മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണു് ഇവിടത്തെ പ്രത്യേകത. ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി. ശാക്തേയ സമ്പ്രദായത്തിൽ അടിസ്ഥാനമായ ആദിദ്രാവിഡ ആചാരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ പൊതുവേ അനുഷ്ഠിക്കപ്പെടുന്നത്.

Remove ads

ഐതിഹ്യം

സമീപം പൊതുവേ നിബിഢവനമായിരുന്ന ഈ പ്രദേശത്ത് ക്രൂരന്മാരും ലുബ്ധന്മാരുമായിരുന്ന കുറേ ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നതത്രേ. ഒരു രാത്രി ജ്ഞാനിയായ ഒരു ഭിക്ഷു ഗ്രാമത്തിൽ എത്തിപ്പെട്ടു. പ്രായാധിക്യവും യാത്രാക്ഷീണാവും കൊണ്ട് അവശനായ അദ്ദേഹം വിശപ്പകറ്റാനും രാത്രി തങ്ങാനുമായി ഓരോന്നായി 41 വീടുകളിലും ചെന്നു. എന്നാൽ എല്ലാ വീട്ടുകാരും അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞു. അവസാനത്തെ വീട്ടുകാർ അദ്ദേഹത്തെ വിഡ്ഢിയാക്കാനായി അകലെയുള്ള താണിമരം കാണിച്ചുകൊടുത്ത് അതിനുതാഴെ കാളി എന്നുപേരായ ഒരു വാരസ്യാർ താമസിക്കുന്നുണ്ടെന്നും അവിടെച്ചെന്നാൽ അവൾ ഭക്ഷണവും മറ്റു സൌകര്യങ്ങളും നൽകുമെന്നും പറഞ്ഞറിയിച്ചു. ഇതനുസരിച്ച് മരത്തിനു കീഴെയെത്തിയ ഭിക്ഷു യഥാർത്ഥത്തിൽ അവിടെ നല്ലൊരു വീടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാനായി തേജോമയിയായ ഒരു യുവതിയേയും കണ്ടുമുട്ടി. അവർ അദ്ദേഹത്തിനുവേണ്ട ഭക്ഷണവും താമസിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്തു. രാത്രി എന്തെങ്കിലും വാദ്യഘോഷങ്ങളോ നിലവിളികളോ മറ്റ് അസാധാരണ ശബ്ദങ്ങളോ കേട്ടാലും ഗൌനിക്കരുതെന്നും സ്വന്തം കിടക്ക വിട്ടൊഴിഞ്ഞ് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ച് കാളി വാരസ്യാർ പിൻ‌വാങ്ങിയത്രേ.

പിറ്റേന്നുരാവിലെ ഉണർന്നെണീറ്റ ഭിക്ഷുവിനു് കാളിയേയോ മറ്റാരെയുമോ പരിസരത്തൊന്നും കാണുവാൻ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന ബ്രാഹ്മണഗൃഹങ്ങളെല്ലാം അഗ്നിക്കിരയായി മുച്ചൂടും മുടിഞ്ഞും പോയിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് ലോകമാതാവായ സാക്ഷാൽ ദുർഗ്ഗാഭഗവതി ആണെന്ന് ബോദ്ധ്യമായ ഭിക്ഷു സ്വയം മുൻ‌കയ്യെടുത്ത് ഉടനെത്തന്നെ തത്സ്ഥാനത്ത് പരാശക്തിക്കായി ഒരു ക്ഷേത്രം പണികഴിച്ചു എന്നാണു് തലമുറകളായി കൈമാറിവരുന്ന ഐതിഹ്യം.

ഈ ഐതിഹ്യത്തിനകത്ത് ചരിത്രാവശിഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. താണിക്കുടം എന്ന സ്ഥലത്തോ സമീപപ്രദേശത്തോ ഇപ്പോഴും ബ്രാഹ്മണകുടുംബങ്ങൾ തീരെയില്ല. പട്ടികജാതിക്കാരുൾപ്പെടെ മറ്റു പല ദ്രാവിഡ സമുദായങ്ങളും ധാരാളമുണ്ടുതാനും. ക്ഷേത്രത്തിലെ വിഷുവേലാഘോഷങ്ങളിൽ ഈ ഓരോ ദ്രാവിഡ സമുദായങ്ങൾ വകയായും പ്രത്യേക ‘വേല’കളും കളികളും ഇപ്പോഴും പതിവുണ്ടു്. ഒരു കാലത്ത് സംഭവിച്ചിട്ടുണ്ടാകാവുന്ന, ബ്രാഹ്മണാധിപത്യവും അതിനെതിരേ മറ്റു സമുദായക്കാർ സംഘടിപ്പിച്ച പ്രതിരോധവും ഉൾപ്പെട്ട സാമൂഹ്യപരിവർത്തന സംഭവമാകാം ഈ ഐതിഹ്യത്തിന്റെ മൂലതന്തു. കേരളത്തിന്റെ പ്രാചീനചരിത്രത്തിന്റെ ഭാഗമായ ആദി ദ്രാവിഡ ശാക്തേയ-ബൌദ്ധ-ജൈന-ഹൈന്ദവപരിണാമങ്ങളിലേക്കും ഈ ഐതിഹ്യത്തിനു് കണ്ണികൾ ഉണ്ടാകാം.

Remove ads

ചരിത്രം

മറ്റു പല കേരളക്ഷേത്രങ്ങളേയും പോലെ താണിക്കുടം ക്ഷേത്രത്തിനെക്കുറിച്ചും നിയതമായ ലിഖിതചരിത്രരേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ‘കുളങ്ങരെ’ എന്നറിയപ്പെടുന്ന നായർ കുടുംബത്താവഴിയായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാർ. ഇപ്പോഴും ഈ കുടുംബത്തിന്റെ പ്രതിനിധികൾ ക്ഷേത്രച്ചടങ്ങുകളുടെ അവിഭാജ്യഘടകമാണു്. ഏകദേശം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങൾ മുതലുള്ള സർവ്വേ രേഖകളിലും കൊച്ചി രാജവംശത്തിന്റെ ഭരണരേഖകളിലും മറ്റും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു് ഏകദേശം ഒരു കിലോമീറ്റർ അകലെയുണ്ടായിരുന്ന അതിപുരാതനമായ കോൺക്രീറ്റ് രണ്ടടിപ്പാലം ‘നേത്യാരമ്മപ്പാലം’ എന്നാണറിയപ്പെട്ടിരുന്നതു്. കൊച്ചി രാജവംശവും തൃശ്ശൂർ കൊട്ടാരവുമായി ഈ ഗ്രാമത്തിനും ക്ഷേത്രത്തിനും ദൃഢമായ ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കാവുന്ന ഇത്തരം മറ്റു ചരിത്രാംശങ്ങളും സുലഭമാണു്. പുത്തേഴത്തു രാമമേനോൻ അദ്ദേഹത്തിന്റെ ചില കൃതികളിൽ ഈ പ്രദേശത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഒരിക്കൽ ക്ഷേത്രത്തിൽ നടന്ന ആറാട്ടു തൊഴാൻ നഗരത്തിൽനിന്നും പത്നി ഭാനുമതിയമ്മയുമൊത്ത് കാൽനടയായി എത്തിയതിനെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ പതിവുസന്ദർശകനായിരുന്ന അദ്ദേഹത്തിന്റെ കൃതികളിലെ പല ഗ്രാമസങ്കൽ‌പ്പങ്ങളും ഈ ഗ്രാമപ്രകൃതിയുമായി ഒത്തുപോവുന്നുമുണ്ട്.

ഈ ക്ഷേത്രത്തെക്കുറിച്ച് ലഭ്യമായതിൽ സാമാന്യം വിശദമായ ഏറ്റവും പഴക്കമുള്ള രേഖ വില്വമംഗലത്തു സ്വാമിയാർ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കേരളാചാരദീപിക എന്ന കേരളക്ഷേത്രമാഹാത്മ്യകൃതിയാണു്. "കലിദ്രുമഘടം" എന്ന പേരിലാണു് ഈ ക്ഷേത്രത്തെ അതിലെ എട്ടാമദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്നതു്.

അഥാതഃ സമ്പ്രവക്ഷ്യാമി സമാസേന കഥാന്തരം
"കലിദ്രുമഘട"ന്നാമ ക്ഷേത്രം ത്രൈലോക്യവിശ്രുതം
യത്രാസ്തേഭ്യർച്ചിതാ ദേവീ ഭദ്രകാളീ ഭയങ്കരീ
അരാളകരവാളാഞ്ചൽകരാഞ്ചിതവരാഞ്ചിതാ.
ഘോരാട്ടഹാസിനീ നിത്യമത്രാഷേഭ്യർച്ചിതാ സതീ
ദക്ഷിണാശാമുഖീ തത്ര വാഹിനീ വഹിനീ യഥാ.
മഹാപ്രവാഹിനീ ഭാതി വിസ്തൃതാ ഘോരനിസ്വനാ
നദ്യാഃ പശ്ചിമതീരേ സാ ഭദ്രകാളീ മഹേശ്വരീ.
ശാഖിമൂലാശ്രിതാ നിത്യം ശാഖിമൂലാ പ്രകാശതേ
ഭൂകല്പലതികാകല്പാ കാളാഞ്ജനചയോപമാ.
സഹസ്രഭുജശീർഷോരു കന്ധരാ ഭുവനപ്രസൂ:
ഭൂതപ്രേതപിശാചാഢ്യാ ഹത്വാ ദാരികമാഹവേ.
തച്ഛിരഃ കന്ദുകക്രീഢാം കുർവ്വന്തീ സാത്ര തിഷ്ഠതി
ഇന്ദ്രാദിഭിഃ സേവ്യമാനാ മനുജൈരപി സന്തതാം
ദിവ്യാഭരണദീപ്താംഗീ കാളീ സാ തത്ര ശോഭതേ.
സകലേശകലാ നിത്യം സകലേശാമരാർച്ചിതാ
ദൈത്യപ്രമാഥിനീ ഭാതി ഘോരാകാരാ ഭയങ്കരീ
മസൂരികാദിശമനീ ദാരിദ്ര്യഭയനാശിനീ.
ഭുക്തിമുക്തിപ്രദാ നിത്യ മദ്ധ്യാസ്തേ തത്ര ചണ്ഡികാ
മഹാഭിചാരശമനീ സർവ്വശത്രുനിബർഹണാ.
രക്തമാല്യാംബരധരാ ലോകമാതാ വിരാജതേ
നിത്യം ശാല്യന്നനൈവേദ്യം കേരക്ഷീരഗുളാശ്രിതാ
അപൂപകദളീലാജമധുപായസരാശിഭിഃ
നിശാമിളിതശാല്യന്നം നിശായാം ഹി നിവേദ്യതേ.

- (കേരളാചാരദീപിക[1] - വില്വമംഗലത്തു സ്വാമിയാർ)

കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായതിനുശേഷം ക്ഷേത്രഭരണം ബോർഡ് ഏറ്റെടുത്തു. ബോർഡിനു കീഴിലെ പ്രധാനപ്പെട്ട ഒരു ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനമാണു് ഇപ്പോൾ താണിക്കുടം ദേവസ്വം. അമ്പലത്തിനു തെല്ലുമാറി, ദേവസ്വത്തിനു് സ്വന്തമായി ഓഫീസ് കെട്ടിടവും കലവറയും ഉണ്ട്.

  • 1973-മുതൽ സ്ഥലത്തെ ഭക്തജനങ്ങൾ ക്ഷേത്രക്ഷേമകാര്യങ്ങളിൽ മുന്നിട്ടിറങ്ങാൻ തുടങ്ങി.ആ വർഷം രൂപീകരിച്ച ക്ഷേത്രോദ്ധാരണസമിതി മുൻ‌കയ്യെടുത്ത് അമ്പലം പുതുക്കിപ്പണിയുകയും ലക്ഷാർച്ചന, പ്രത്യേക നവീകരണപൂജ തുടങ്ങിയ ചടങ്ങുകൾ നടത്തി ക്ഷേത്രത്തിന്റെ നിത്യനിദാങ്ങൾ കൂടുതൽ ആകർഷകവും സജീവവുമാക്കി.
  • മുഖ്യക്ഷേത്രത്തിൽനിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തുണ്ടായിരുന്ന ജീർണ്ണിച്ച് നാശപ്രായമായിരുന്ന ധർമ്മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടേയും അമ്പലങ്ങൾ 1978-80 കാലഘട്ടത്തിൽ യഥാവിധി തന്ത്രാചാരങ്ങളോടെ സ്ഥാനം മാറ്റി പുതുതായി മുഖ്യക്ഷേത്രത്തിനും അമ്പലക്കുളത്തിനും തെക്കുഭാഗത്തായി പ്രതിഷ്ഠിച്ചു.
  • 1987-ൽ ക്ഷേത്രത്തിൽ വ്യാപകമായ അറ്റകുറ്റപ്പണികൾ നടത്തി. പ്രത്യേകം നവീകരണകലശം ചെയ്ത് പൂജാവിഗ്രഹം പുനർനിർമ്മിച്ചു പുനഃപ്രതിഷ്ഠ നിർവ്വഹിച്ചു. ഇതോടെ ആണ്ടുതോറും ആഘോഷിക്കാറുള്ള പ്രതിഷ്ഠാദിനവും മാറി. വിഷുസംക്രമത്തിനു നടത്താറുണ്ടായിരുന്ന വേല ആഘോഷം ഇതോടനുബന്ധിച്ചുതന്നെ പുനഃസംവിധാനം ചെയ്തെങ്കിലും രണ്ടുമൂന്നുവർഷത്തിനകം പ്രശ്നവിധിപ്രകാരം വിഷുസംക്രമത്തിനുതന്നെയാക്കി മാറ്റി.
  • 2008-ൽ വീണ്ടും നവീകരണകലശവും ക്ഷേത്രപുനർ‌നിർമ്മാണവും നടത്തി. ക്ഷേത്രാങ്കണാത്തിലെ മിക്കവാറും കെട്ടിടങ്ങളും ശ്രീകോവിൽ, ചുറ്റമ്പലം എന്നിവയും പൊളിച്ച് കോൺക്രീറ്റിൽ വാർത്തെടുത്തു.
Remove ads

പ്രതിഷ്ഠ

സാധാരണ ഹിന്ദുക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി, മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണു് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ശ്രീ ഭദ്രകാളിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘വനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നു് ഭക്തർ വിശ്വസിക്കുന്ന ഭദ്രാഭഗവതിയുടെ ഒരു വലിയ ശിലാഫലകമാണു്. നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണു് പൂജാബിംബമായി ആരാധിക്കപ്പെടുന്നതു്. കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഉഗ്രരൂപിണിയായ മഹാകാളി ഭഗവതിയുടെ ഉഗ്രഭാവം കുറയ്ക്കാനെന്ന സങ്കല്പത്തിൽ പുഴ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്നു.

പേരിന്റെ ഉത്ഭവം

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണു് ക്ഷേത്രത്തിനു് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണു് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നതു്.

ആറാട്ട്

താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണു് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു. മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം. പണ്ട് ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിച്ചിരുന്ന ഈ പ്രതിഭാസം കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വന്ന വ്യത്യാസം കൊണ്ട് (കൂടിയ വർഷപാതനിരക്കും മണ്ണൊലിപ്പും മറ്റും മൂലം) കഴിഞ്ഞ വർഷങ്ങളിൽ മിക്കവാറും രണ്ടോ മൂന്നോ തവണ സ്ഥിരമായി സംഭവിക്കുന്നുണ്ടു്. ആറാട്ട് നടക്കുന്ന വിവരം കേട്ടറിഞ്ഞ് വിശ്വാസികൾ സമീപജില്ലകളിൽനിന്നുപോലും വന്നുചേർന്ന് ഇങ്ങനെ മുങ്ങിത്തൊഴാറുണ്ട്.

Remove ads

ഉത്സവം

താണിക്കുടം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത അവിടത്തെ വിഷുസംക്രമവേലയാണു്. സാധാരണ പതിവുള്ള ആനപ്പൂരത്തിനുപുറമേ അപൂർവ്വമായ മറ്റു ചില വേലകൾ കൂടി ഇവിടെ നടത്തിവരുന്നുണ്ടു്. ഓരോ വേലയും തൊഴിലധിഷ്ഠിതമായ ഓരോ സമുദായങ്ങൾ വകയാണു് ആചരിക്കുന്നതു്. കൃഷിത്തൊഴിലാളികളായിരുന്ന ദളിത് ജനങ്ങളുടേതാണു് കാളവേല. പനമ്പ്, വട്ടി, മുറം, കരി, കലപ്പ, മുട്ടി, വിരി, അരിവാൾ, കൈക്കോട്ട്, മഴു തുടങ്ങിയ കൃഷിസാമഗ്രികളുണ്ടാക്കിയിരുന്ന സമുദായങ്ങൾ യഥാക്രമം പറയൻ‌വേല, ആശാരിവേല(തട്ടുകളി), കരുവാൻ‌വേല തുടങ്ങിയവ ആചരിച്ചിരുന്നു. ജന്മിക്കുടിയാന്മാരായിരുന്നവർ മുൻ‌കയ്യെടുത്തുനടത്തിയിരുന്ന കുതിരവേലയ്ക്ക് ദേശം തിരിച്ച് മത്സരം ഉണ്ടായിരുന്നു. ആദിമ-പ്രാക്തന കാർഷിക സംസ്കാരങ്ങളുടെ പ്രതിവർഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുനരാവിഷ്കരണങ്ങളാണു് പലതരത്തിലും വൈവിധ്യമുള്ള താണിക്കുടം വിഷുവേലകൾ എന്നു നിസ്സംശയം പറയാം. സമൂഹത്തിൽ വന്നുചേർന്ന മാറ്റങ്ങൾക്കനുസരിച്ച് ഈയിടെയായി ഇതിൽ പല ചടങ്ങുകളും പേരിനുമാത്രമായി നടത്തുകയോ നിശ്ശേഷം കുറ്റിയറ്റു പോവുകയോ ഉണ്ടായി. തട്ടാൻ‌വേല, മണ്ണാൻ‌വേല തുടങ്ങി പല വാക്കുകളും ഈയിടങ്ങളിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഒരുപക്ഷേ ഇവയും ഇതിലുമെത്രയോ കൂടുതൽ മറ്റിനങ്ങളും പണ്ട് വിഷുവേലയുടെ ഭാഗമായി ഉണ്ടായിരുന്നിരിക്കാം എന്നു് പ്രായം ചെന്ന പല സ്ഥലവാസികളും അഭിപ്രായപ്പെടുന്നു.

ആനപ്പൂരം

ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള ആനപ്പൂരം ഈ അമ്പലത്തെ സംബന്ധിച്ചേടത്തോളം പ്രായേണ ആധുനികമാണു്. 1960കളിലാണു് “തെക്കുമ്പുറം” ദേശക്കാർ ആനപ്പൂരം തുടങ്ങിവെച്ചതു്. ആദ്യകാലങ്ങളിൽ മൂന്നാനകളെ മാത്രം എഴുന്നള്ളിച്ചിരുന്ന വിഷുപ്പൂരത്തിനു് 1987 മുതൽ അഞ്ച് ആനകൾ പതിവായി. ഉച്ചതിരിഞ്ഞ് നാലുമണിമുതൽ ആറുവരെ പകൽ‌പ്പൂരവും രാത്രി പതിനൊന്നുമുതൽ പുലർച്ചേ ഒന്നുവരെ രാത്രിപ്പൂരവുമാണു് പതിവു്. ആനപ്പൂരം തുടങ്ങിവെച്ച ആദ്യവർഷങ്ങളിൽ ഒരിക്കൽ ഒരു ആന ഇടഞ്ഞ് അപകടമുണ്ടാവുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായിട്ടുണ്ട്.

കുതിരവേല

വളരെപ്പണ്ടുമുതൽക്കേ നിലനിന്നുപോന്ന ഒരു അനുഷ്ഠാനാഘോഷരീതിയായിരുന്നു കുതിരവേല. താണിക്കുടം കൂടാതെ, മച്ചാട് തുടങ്ങി അപൂർവ്വമായി ചില ക്ഷേത്രങ്ങളിലും കുതിരവേല ഇപ്പോഴും നടന്നുവരുന്നുണ്ട്. ജീവനുള്ള കുതിരക്കു പകരം വയ്ക്കോലും മരച്ചട്ടവും തുണിയും ഉപയോഗിച്ച് നാലു മരക്കാലുകളിൽ ആളുകൾ ഉയർത്തിപ്പിടിച്ച് എഴുന്നള്ളിക്കുന്ന പൊയ്ക്കുതിരകളാണു് ഈ അനുഷ്ഠാനകലയുടെ മുഖ്യാംശം. അകമ്പടിക്കായി പാണ്ടിമേളമോ പഞ്ചാരിമേളമോ പതിവുണ്ടു്. “ചക്കടെ മടലും ചങ്കുണ്ണ്യാരും പെപ്പര പേ” എന്നു് പാണ്ടിമേളത്തേയും “നിക്കട നിക്കട ചേരപ്പേ, കൈതവളപ്പു കടന്നോട്ടെ” എന്നു് പാഞ്ചാരിമേളത്തിനേയും അനുകരിച്ചുള്ള വായ്ത്താരികൾ മദ്ധ്യകേരളത്തിൽ ഒരുകാലത്ത് പ്രശസ്തമായിരുന്നു. മുൻപേ പണിതുവെച്ചിട്ടുള്ള മരച്ചട്ടം ഉപയോഗിച്ച് ആഴ്ച്ചകൾക്കു മുൻപുതന്നെ വയ്ക്കോലും തുണിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന ‘കുതിര‘കളെ വേല സമാപിക്കുന്നതോടെ മരച്ചട്ടം മാത്രം മാറ്റിവെച്ച് തീയിട്ട് നശിപ്പിച്ചുകളയാറുണ്ട്.

പുഴയ്ക്കക്കരേയും ഇക്കരെയും ആയി വടക്കും‌പുറം, തെക്കും‌പുറം എന്നിങ്ങനെ രണ്ടു ദേശങ്ങളായാണു് കുതിരവേല നടത്താറുണ്ടായിരുന്നതു്. തങ്ങളുടേതായി ആനപ്പൂരം തുടങ്ങിവെച്ചതിനുശേഷം തെക്കും‌പുറക്കാർക്ക് കുതിരവേലയിലുള്ള ശ്രദ്ധ സാവധാനം കുറഞ്ഞുവന്നിട്ടുണ്ട്. ആദ്യകാലത്ത് വാശിയേറിയ മത്സരമായി നടന്നുപോന്നിരുന്ന കുതിരവേല ഇപ്പോൾ രണ്ടു ദേശക്കാരും പേരിനൊരു ചടങ്ങുമാത്രമാക്കി മാറ്റിയിട്ടുണ്ട്.

കാളവേല

മരത്തിൽ കൊത്തിയുണ്ടാക്കി ചായം തേച്ച് അലങ്കരിച്ച കാളയുടെ വലിപ്പം കുറഞ്ഞ ഒരു മാതൃകയാണു് കാളവേലയിലെ പ്രധാന സാമഗ്രി. ഏകദേശം മൂന്നടി മാത്രം നീളവും അതിനൊത്ത ഉയരവും മാത്രമുള്ള ‘കാള’യെ അതു ഘടിപ്പിച്ചിരിക്കുന്ന മരച്ചാട്ടിൽ മുന്നിലും പിന്നിലുമായി രണ്ടുപേർ ഉയർത്തിപ്പിടിച്ച് പ്രത്യേകിച്ച് താളവിധികളൊന്നുമില്ലാതെ നാടൻ‌പാട്ട്, കുറുംകുഴൽ, തോൽച്ചെണ്ട തുടങ്ങിയ വാദ്യങ്ങളോടെ തുള്ളിയാടുന്നതാണു് കാളവേല. പെരുമ്പറ, ചെട്ടിമേളം, ശിങ്കാരിമേളം തുടങ്ങിയ അനുബന്ധവാദ്യങ്ങളും പതിവുണ്ട്. പ്രകടനത്തിൽ യാതൊരുതരത്തിലുള്ള ക്ലാസ്സിൿ നൃത്ത-സംഗീത ശൈലികളും കണ്ടെടുക്കാനാവാത്ത കാളവേല യഥാർത്ഥത്തിൽ വളരെ പ്രാചീനവും ലളിതവുമായിരുന്ന ഒരു നാടൻ‌ അനുഷ്ഠാനകലയുടെ ജീവിച്ചിരിക്കുന്ന ഏക അവതരണരൂപമായിരിക്കാം. കാളവേലയ്ക്ക് ചൊല്ലിയാടുന്ന നാടൻപാട്ടുകളെപ്പറ്റിയും അവയിലെ പദസമ്പത്തിനെക്കുരിച്ചും കൂടുതൽ ഗവേഷണം ആവശ്യമുണ്ട്.

പറയൻ‌വേല (പറയൻ‌കളി)

വടക്കൻ‌കേരളത്തിലെ തെയ്യങ്ങളുടെ ചെറിയ പതിപ്പ് എന്നുവിശേഷിപ്പിക്കാവുന്നതാണു് അപൂർവ്വമായി മാത്രം മദ്ധ്യകേരളക്ഷേത്രങ്ങളിൽ കണ്ടുവരുന്ന പറയൻ‌വേലയും. പ്രത്യേകം ഉണ്ടാക്കിയെടുത്ത പൊയ്‌മുഖവും പ്രകൃതിലഭ്യമായ ഓല, മുള, കൈത, സസ്യജന്യമായ ചായങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള മെയ്യലങ്കാരങ്ങളും വസ്ത്രവിധാനങ്ങളുമാണു് പറയൻവേലയുടെ പ്രധാന ആകർഷണഘടകം. അകമ്പടിക്ക് കുറുംകുഴൽ, തോൽച്ചെണ്ട എന്നിവ പതിവുണ്ട്. വായ്പ്പാട്ട് ഇതിന്റെ ഭാഗമല്ല. പതിവായി കെട്ടിയാടാനും കൊട്ടിപ്പാടാനും പരിശീലനം ലഭിച്ച ആളുകൾ ആചരണസമുദായത്തിൽ ഉണ്ടായിരിക്കും. വിഷുസംക്രാന്തിദിനം വൈകീട്ട് അഞ്ചരമണിമുതൽ ആറരമണിവരെയാണു് സാധാരണ കാളവേലയും പറയൻ‌വേലയും എഴുന്നള്ളിവരുന്നതു്.

കരുവാൻ‌വേല

ആശാരിവേല

വാദ്യാഘോഷങ്ങൾ

വെടിക്കെട്ട്

Remove ads

മറ്റ് ആഘോഷങ്ങൾ

മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച (മുപ്പട്ടുചൊവ്വാഴ്ച) മറ്റു ഭദ്രകാളീ ക്ഷേത്രങ്ങളിൽ എന്നപോലെ താണിക്കുടത്തും പ്രധാനമാണു്. തൃശ്ശൂർ ജില്ലയിലെത്തന്നെ പ്രമുഖ പാനപ്പറയായ താണിക്കുടം പറ പുറപ്പെടുന്ന ദിവസവും മകരച്ചൊവ്വ തന്നെ.

പ്രാചീനകാലം മുതൽ നടന്നുവന്നിരുന്ന വിളവെടുപ്പുത്സവങ്ങളുടെ ഭാഗമായിക്കരുതാവുന്ന പാനപ്പറ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വരുമാനമാർഗ്ഗം കൂടിയാണു്. തൃശ്ശൂർ താലൂക്കിന്റെ വടക്കും കിഴക്കുമായി മിക്കവാറും മുഴുവൻ വ്യാപിച്ചുകിടക്കുന്ന 18 ‘ദേശങ്ങൾ‘ തുടർന്നുള്ള ഒരു മാസംകൊണ്ട് പറക്കാർ നടന്നെത്തുന്നു. ഭദ്രാ ഭഗവതിയുടെ കോമരം, വാളും അരമണിയും ചിലമ്പും വഹിക്കുന്ന സഹായി, ചെണ്ടക്കാർ, കൊമ്പുകുഴൽക്കാർ, വിളക്കുകാരൻ, എഴുത്തുകാരൻ, ചുമട്ടുകാർ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമായിരുന്നു അടുത്ത കാലം വരെ പറയെടുപ്പുസംഘത്തിലെ അംഗങ്ങൾ. കടന്നുപോവുന്ന ഓരോ ഗ്രാമത്തിലേയും നെൽകൃഷി സ്വന്തമായുള്ള ഭക്തകുടുംബങ്ങളായിരുന്നു വഴിപാടായി സാധാരണ പറ നിറച്ചിരുന്നതു്. നെല്ല്, പൂവു്, ശർക്കര, അവിൽ, മലർ, മഞ്ഞൾ, എള്ളു് തുടങ്ങി പല സാമഗ്രികളും ഇത്തരത്തിൽ വഴിപാടു ചെയ്തിരുന്നു. മിക്കവാറും സ്ഥലങ്ങളിൽ നെൽകൃഷി നാമാവശേഷമായത്തോടുകൂടി നെല്ലിനുപകരം തുല്യവില പണമായി അടയ്ക്കുന്ന പതിവും വ്യാപകമായിട്ടുണ്ടു്.

ഓരോ വർഷവും ആ തവണത്തെ മുണ്ടകൻ വിളവെടുപ്പിനു് നാട്ടിൽ ആദ്യം വിളഞ്ഞ നെൽ‌പ്പാടത്തുനിന്നും ആദ്യം ഇറുത്തെടുക്കുന്ന കതിർക്കുലകൾ പ്രത്യേക ആകൃതിയിൽ ഒപ്പംചേർത്തുകെട്ടി അമ്പലത്തിൽ വഴിപാടായി കൊടുക്കുന്ന ചടങ്ങായിരുന്നു ഇല്ലംനിറ.

  • പ്രതിഷ്ഠാദിനം
  • ദേശ‌വിളക്ക്
  • പത്താമുദയം
  • മണ്ഡലകാലം
  • കർക്കിടകസംക്രാന്തി
Remove ads

ഭരണം

ഉപദേവതകളും തട്ടകവും

ഉപദേവതാപ്രതിഷ്ഠകൾ

  • ക്ഷേത്രപാലൻ
  • അയ്യപ്പൻ (ധർമ്മശാസ്താ)
  • മാളികപ്പുറത്തമ്മ
  • ഗുരുക്കന്മാർ
  • ബ്രഹ്മരക്ഷസ്സ്
  • ഗണപതി
  • സർപ്പം

തട്ടകം

  • കുറ്റുമുക്ക് മഹാദേവക്ഷേത്രം
  • ചേറുമുക്ക് ശ്രീകൃഷ്ണക്ഷേത്രം
  • നവരംതൃക്കോവ് ശിവക്ഷേത്രം
  • ഇരുമ്പനാട് അയ്യപ്പക്ഷേത്രം
  • കൊട്ടാരപ്പടി
  • വെള്ളാനിശ്ശേരി

പുറം കണ്ണികൾ

  1. ആറാട്ടിനെക്കുറിച്ചുള്ള ഒരു വെബ് വാർത്ത (2009)[പ്രവർത്തിക്കാത്ത കണ്ണി]
  2. ‘ആറാട്ട്‘ ഹിന്ദു പത്രത്തിൽ Archived 2012-11-07 at the Wayback Machine

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads